തിരുവനന്തപുരം: രാജ്യത്ത് പ്രതിരോധ വ്യോമയാനചരിത്രത്തിലാദ്യമായി യുദ്ധവിമാനനിർമാണം സ്വകാര്യമേഖലയിലേക്ക്. അഞ്ചാംതലമുറ യുദ്ധവിമാനം അഡ്വാൻസ്ഡ് മീഡിയം കോമ്പാറ്റ് എയർക്രാഫ്റ്റിന്റെ (എ.എം.സി.എ.) പ്രോട്ടോടൈപ്പ് വികസിപ്പിക്കാനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട മൂന്നു കമ്പനികൾ പ്രതിരോധമന്ത്രാലയത്തിന് അന്തിമ ടെൻഡർ നൽകി. ഡിസംബറോടെ കമ്പനിയെ തിരഞ്ഞെടുക്കും. 15,000 കോടിയുടെ പദ്ധതിക്ക് ഡി.ആർ.ഡി.ഒ.ക്കു കീഴിലെ ബെംഗളൂരു എയ്‌റോനോട്ടിക്കൽ ഡിവലപ്‌മെന്റ് ഏജൻസി (എ.ഡി.എ) മേൽനോട്ടം വഹിക്കും. ‌പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്.എ.എൽ.) ഒഴിവാക്കി യുദ്ധവിമാന നിർമാണം ആഭ്യന്തര സ്വകാര്യ കമ്പനികൾക്ക് നൽകുന്നത് ഇതാദ്യം.

To advertise here,

എൽ ആൻഡ് ടി നേതൃത്വംനൽകുന്ന ബി.ഇ.എൽ., ഡൈനാമാറ്റിക് ലിമിറ്റഡ് എന്നിവരടങ്ങുന്ന കൺസോർഷ്യം, ഭാരത് ഫോർജ് നേതൃത്വംനൽകുന്ന ബെമൽ, ഡേറ്റാ പാറ്റേൺസ് എന്നിവരടങ്ങുന്ന കൺസോർഷ്യം, ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് എന്നിവരാണ് ടെൻഡർ നൽകിയത്. ഇതിൽ ടാറ്റാ അഡ്വാൻസഡ് സിസ്റ്റംസ് വ്യേമസേനയ്ക്കുള്ള ചരക്കുവിമാന നിർമാണത്തിൽ എയർബസുമായിച്ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. കരാർ കിട്ടിയാൽ രണ്ടുവർഷത്തിനുള്ളിൽ ആദ്യ പ്രൊട്ടോടൈപ്പും 2031-ഓടെ അഞ്ച് പ്രൊട്ടോടൈപ്പുകളും നിർമിക്കണം. പ്രോട്ടോടൈപ്പ് നിർമിക്കാൻ ആന്ധ്രപ്രദേശിലെ പുട്ടപർത്തിയിൽ നിർമാണകേന്ദ്രം സ്ഥാപിക്കണം. 2035-ഓടെ വിമാനം വ്യോമസേനയുടെ ഭാഗമാകും.

എച്ച്.എ.എല്ലിന് വൈകൽ വിനയായി

ലഘുയുദ്ധവിമാനമായ തേജസ്, ലഘുയുദ്ധ ഹെലികോപ്റ്റർ (എൽ.സി.എച്ച്) എന്നിവയുടെ നിർമാണവും സുഖോയ്-30 യുദ്ധവിമാനങ്ങളുടെ നവീകരണവും നടത്തുന്ന എച്ച്.എ.എൽ. പുറത്തായത് തേജസിന്റെ കൈമാറ്റം വൈകുന്നതുകൊണ്ടാണെന്നാണ് വിലയിരുത്തൽ‌. അതേസമയം, യു.എസ്. ആസ്ഥാനമായുള്ള ജി.ഇ. കമ്പനിയുമായുള്ള കരാർ ഉറപ്പിച്ചാൽ എ.എം.സി.എ.യുടെ എൻജിൻ നിർമാണച്ചുമതല എച്ച്.എ.എല്ലിന് ലഭിക്കും.