
ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള പാകിസ്താന്റെ സൈനിക-നയതന്ത്ര മാർഗങ്ങൾ നോക്കിയാൽ പ്രതിരോധരംഗത്തെ അവരുടെ ന്യൂനതകൾ വ്യക്തമാകും. പാകിസ്താന്റെ ആണവശക്തിയെന്ന അഹങ്കാരത്തിനേറ്റ തിരിച്ചടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. അവരുടെ പരമ്പരാഗത പ്രതിരോധ തന്ത്രങ്ങളുടെയും ആയുധ സംവിധാനങ്ങളുടെയും ദൗർബല്യം ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടതിന്റെ നാണക്കേട് മറയ്ക്കുന്നതിന് വേണ്ടി ഓടിനടന്ന് പ്രതിരോധ സഖ്യങ്ങളോ സഹകരണ കരാറുകളോ ഉണ്ടാക്കാനുള്ള തിരക്കിലാണ് ഇപ്പോൾ പാകിസ്താൻ.
2025 ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 സിവിലിയന്മാർ കൊല്ലപ്പെട്ടതിന് മറുപടിയായി 2025 മെയ് 7 മുതൽ 10 വരെ ഇന്ത്യ നടപ്പിലാക്കിയ സൈനിക നടപടിയാണ് ഓപ്പറേഷൻ സിന്ദൂർ. പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും ഒമ്പതോളം പ്രധാന ഭീകര പരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ വ്യോമ-മിസൈൽ ആക്രമണങ്ങൾ ദക്ഷിണേഷ്യൻ സൈനിക തന്ത്രങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി. മുൻകാല സംഘർഷങ്ങളിൽനിന്ന് വ്യത്യസ്തമായി, ഡ്രോൺ യുദ്ധമുറകളും കര അധിഷ്ഠിത വ്യോമ പ്രതിരോധ സംവിധാനങ്ങളും (GBAD) അത്യാധുനിക മിസൈലുകളും പ്രധാന പങ്കുവഹിച്ച പോരാട്ടമായിരുന്നു ഇത്.
ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന്റെ മൂന്ന് പ്രധാന സുരക്ഷാ ദൗർബല്യങ്ങളാണ് പുറത്തുവന്നത്. ഒന്നാമതായി, ഇന്ത്യൻ നാവികസേന തങ്ങളുടെ 'കാരിയർ ബാറ്റിൽ ഗ്രൂപ്പ്' പാകിസ്താൻ തീരത്തിനടുത്ത് വിന്യസിച്ചതോടെ പാക് നാവികസേന പൂർണ്ണമായും തുറമുഖങ്ങളിൽ തളയ്ക്കപ്പെടുകയും രാജ്യത്തിന്റെ കടൽമാർഗ്ഗമുള്ള വ്യാപാരം ഉപരോധ ഭീഷണിയിലാവുകയും ചെയ്തു. രണ്ടാമതായി, പാകിസ്താൻ തൊടുത്തുവിട്ട 300 മുതൽ 400 വരെയുള്ള ഡ്രോണുകളെയും മിസൈലുകളെയും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൃത്യമായി ചെറുത്തുതോൽപ്പിച്ചു. മൂന്നാമതായി, രഹസ്യാന്വേഷണത്തിനും നിരീക്ഷണത്തിനുമായി (ISR) തുർക്കി നിർമ്മിത സാങ്കേതികവിദ്യകളെ പാകിസ്താൻ അമിതമായി ആശ്രയിച്ചിരുന്നുവെങ്കിലും ഇന്ത്യയുടെ സാങ്കേതിക മികവിന് മുന്നിൽ അത് പരാജയപ്പെട്ടു.
ഇന്ത്യയുമായുള്ള സൈനിക അസമത്വം രൂക്ഷമായതോടെ, മെയ് 10-ന് വെടിനിർത്തലിനായി പാകിസ്താന്റെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസിന് (DGMO) ഇന്ത്യൻ അധികാരികളെ സമീപിക്കേണ്ടി വന്നു. ഈ നാണക്കേട് ഭാവിയിൽ ഒഴിവാക്കാനാണ് ചൈനയ്ക്കപ്പുറത്ത് പുതിയ സഖ്യങ്ങൾക്കും സാമ്പത്തിക സ്രോതസ്സുകൾക്കുമായി പാകിസ്താൻ ശ്രമങ്ങൾ ശക്തമാക്കുന്നത്.
മക്ക കരാറും ബദർ ഉടമ്പടിയും
ഇന്ത്യയുമായുള്ള സൈനിക പോരാട്ടത്തിലേറ്റ തിരിച്ചടിയെ തുടർന്ന് തങ്ങളുടെ പരമ്പരാഗത ദൗർബല്യങ്ങൾ നികത്തുന്നതിനായി ഇസ്ലാമാബാദ് പശ്ചിമേഷ്യൻ, ഇസ്ലാമിക രാജ്യങ്ങളുമായി ചേർന്ന് പുതിയ ബഹുരാഷ്ട്ര സഖ്യങ്ങൾ രൂപീകരിക്കാൻ ഊർജ്ജിത നീക്കങ്ങൾ ആരംഭിച്ചു. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള പാകിസ്താന്റെ നയതന്ത്ര നീക്കങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് 2026 ഓഗസ്റ്റ് 7-ന് സൗദി അറേബ്യ, തുർക്കി എന്നിവരുമായി ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാറും (Mecca Joint Defence Agreement), 2026 ഒക്ടോബർ 21-ന് ഒപ്പുവെച്ച ബദർ ധാരണാപത്രവുമാണ് (Badr Pact).
സൗദി അറേബ്യയിലെ മക്കയിൽവെച്ച് ഒപ്പുവെച്ച തന്ത്രപ്രധാനമായ മക്ക കരാറിൽ ഒരംഗത്തിന് നേരെ ഉണ്ടാകുന്ന ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരേയുള്ള ആക്രമണമായി കണക്കാക്കുമെന്ന വ്യവസ്ഥ (Collective Security Clause) ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സഖ്യത്തിൽ സൗദി അറേബ്യ സാമ്പത്തിക ശേഷിയും ഭൗമരാഷ്ട്രീയ സ്വാധീനവും നൽകുമ്പോൾ, തുർക്കി തങ്ങളുടെ പ്രതിരോധ വ്യവസായ ശേഷിയും നാറ്റോ (NATO) പരിചയസമ്പത്തും ലഭ്യമാക്കും. പകരം പാകിസ്താൻ തങ്ങളുടെ കരസേനാ ബലവും ആണവശേഷിയുമാണ് വാഗ്ദാനം ചെയ്യുന്നത്.
അതേസമയം, ഖത്തറിലെ ദോഹയിൽ വെച്ച് പാകിസ്താൻ, തുർക്കി, ഇന്തോനേഷ്യ, ഖത്തർ എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച ബദർ കരാർ ഒരു സൈനിക കൂട്ടായ്മ എന്നതിനേക്കാൾ പാശ്ചാത്യ-പൗരസ്ത്യ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിടുന്ന പ്രതിരോധ വ്യവസായിക സഖ്യമാണ്. തുർക്കിയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ 'കാൻ' (KAAN), ബാബർ ഗണത്തിൽപ്പെട്ട യുദ്ധക്കപ്പലുകൾ, ഡ്രോൺ സാങ്കേതികവിദ്യകൾ എന്നിവ സംയുക്തമായി വികസിപ്പിച്ച് ഒരു 'ഇസ്ലാമിക് മിലിട്ടറി-ഇൻഡസ്ട്രിയൽ കോംപ്ലക്സ്' രൂപീകരിക്കുകയാണ് ഇതിന്റെ പ്രഖ്യാപിത ലക്ഷ്യം.
എന്നാൽ, പാകിസ്താന്റെ നയതന്ത്ര വിപുലീകരണത്തിന് ഇരട്ട ലക്ഷ്യങ്ങളുണ്ട്. ഒരു വശത്ത്, ഓപ്പറേഷൻ സിന്ദൂറിലൂടെ സ്വന്തം രാജ്യത്തും അന്താരാഷ്ട്ര തലത്തിലും വെളിപ്പെട്ട സൈനിക-സാങ്കേതിക ദൗർബല്യം മറച്ചുവെക്കാനും പ്രതിരോധശേഷി വീണ്ടെടുത്തതായി സ്വന്തം ജനതയെ വിശ്വസിപ്പിക്കാനുമുള്ള ശ്രമമാണിത്. പാക് അധീന കാശ്മീരിലും ബലൂചിസ്താനിലും വർദ്ധിച്ചുവരുന്ന ജനകീയ പ്രക്ഷോഭങ്ങളിൽ നിന്നും രാഷ്ട്രീയ അസ്ഥിരതയിൽനിന്നു ജനശ്രദ്ധ തിരിക്കാൻ ഭരണകൂടത്തിന് ഇത്തരം വലിയ കരാറുകൾ ആവശ്യമാണ്. മറുവശത്ത്, ഇന്ത്യയുടെ പരമ്പരാഗത സൈനിക മേൽക്കോയ്മയെ നേരിടാൻ ഒരു ബഹുരാഷ്ട്ര കവചം തീർക്കുക എന്ന തന്ത്രവും ഇതിന് പിന്നിലുണ്ട്. എന്നിരുന്നാലും, ഈ കരാറുകൾ പൂർണ്ണമായും ഒരു ഇന്ത്യാ വിരുദ്ധ സൈനിക മുന്നണിയാണെന്ന വിചാരം തന്ത്രപരമായി ശരിയല്ല.
മക്ക കരാറിന്റെ പ്രാഥമിക തന്ത്രപരമായ ലക്ഷ്യം പശ്ചിമേഷ്യയിൽ ഇറാന്റെ സ്വാധീനത്തെ നേരിടുന്നതും ഗൾഫ് മേഖലയിലെ എണ്ണ-ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതുമാണ്. ഇന്ത്യയുമായി സൗദി അറേബ്യ ശക്തമായ വാണിജ്യ-തന്ത്രപ്രധാന ബന്ധങ്ങൾ പുലർത്തുന്ന സാഹചര്യത്തിൽ, ഇന്ത്യയുമായി പാകിസ്താൻ നടത്തുന്ന പോരാട്ടങ്ങളിൽ സൗദിയോ തുർക്കിയോ നേരിട്ട് സൈനികമായി ഇടപെടാൻ സാധ്യതയില്ല. കൂടാതെ, നാറ്റോ മാതൃകയിലുള്ള ഒരു സൈനിക കമാൻഡോ ആസ്ഥാനമോ സംയുക്ത സേനയോ മക്ക കരാറിന് കീഴിൽ നിലവിലില്ല.
പാകിസ്താൻ തങ്ങളുടെ ആഭ്യന്തര രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇതിനെ ഇന്ത്യയ്ക്കെതിരെയുള്ള കൂട്ടായ്മയായി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, തങ്ങളുടെ ഭൂപ്രദേശത്തിന് നേരെ ഇന്ത്യ നടത്തുന്ന പരിമിത സൈനിക നടപടികളിൽ മറ്റ് വിദേശ രാജ്യങ്ങളുടെ നേരിട്ടുള്ള സൈനിക സഹായം ലഭ്യമാക്കാൻ ഇസ്ലാമാബാദിന് സാധിക്കില്ല. എന്നാൽ, ചൈനയുടെ ആയുധ സാങ്കേതികവിദ്യയ്ക്ക് പുറമെ തുർക്കിയുടെ ഡ്രോണുകളും സൗദി ധനസഹായവും ഏകോപിപ്പിക്കാൻ കഴിയുന്നത് ഇന്ത്യക്കെതിരെയുള്ള പാകിസ്താന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നുണ്ട്.
ഇന്ത്യയുമായുള്ള തർക്കം സൃഷ്ടിക്കുന്ന സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങൾ
ഇന്ത്യയുമായി നിരന്തരം പുലർത്തുന്ന സൈനികമത്സരവും അതിർത്തിയിലെ സംഘർഷങ്ങളും പാകിസ്താന്റെ ആഭ്യന്തര സാമ്പത്തികരംഗത്തെ പൂർണ്ണ തകർച്ചയിലേക്കാണ് നയിച്ചിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് തൊട്ടുപിന്നാലെ അവതരിപ്പിച്ച ബജറ്റിൽ പാകിസ്താൻ തങ്ങളുടെ പ്രതിരോധ വിഹിതം 20 ശതമാനം വർദ്ധിപ്പിച്ച് 2.55 ട്രില്യൺ പാകിസ്താനി രൂപയായി (മൊത്തം ജിഡിപിയുടെ 2.5%) ഉയർത്തി. ഇതിൽ പാക് കരസേനയ്ക്ക് മാത്രം 1.17 ട്രില്യൺ രൂപ (മൊത്തം പ്രതിരോധ ബജറ്റിന്റെ 46%) വകയിരുത്തേണ്ടി വന്നു. അടിയന്തര സൈനിക നവീകരണത്തിനായി നടത്തുന്ന ഈ ഭീമമായ ചെലവഴിക്കലുകൾ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ തകർക്കുകയാണ്.
പാകിസ്താന്റെ കടവും ജിഡിപിയും തമ്മിലുള്ള അനുപാതം 70% മുതൽ 80% വരെ ഉയർന്നുനിൽക്കുന്നു, രാജ്യത്തിന്റെ മൊത്തം വിദേശകടം 125.7 ബില്യൺ ഡോളറായി പെരുകി. വൻതോതിലുള്ള വിദേശ കടബാധ്യത കാരണം സർക്കാറിന്റെ മൊത്തം വരുമാനത്തിന്റെ 47 ശതമാനത്തോളം (ഏകദേശം 8.2 ട്രില്യൺ പാകിസ്താനി രൂപ) വായ്പകളുടെ പലിശ തിരിച്ചടവിനായി മാത്രം ചെലവഴിക്കേണ്ടി വരുന്നു. ഈ അവസ്ഥ അന്താരാഷ്ട്ര നാണ്യ നിധി (IMF) നൽകുന്ന വായ്പകളുടെ കടുപ്പമേറിയ നിബന്ധനകൾ പാലിക്കാൻ പാകിസ്താനെ നിർബന്ധിതമാക്കുന്നു. തൽഫലമായി, വികസന പദ്ധതികൾക്കുള്ള ഫണ്ടുകൾ വലിയ തോതിൽ വെട്ടിക്കുറയ്ക്കപ്പെടുകയും പെട്രോളിയം ലെവി, ജിഎസ്ടി എന്നിവ വഴി സാധാരണക്കാരായ ജനങ്ങളുടെ മേൽ കനത്ത നികുതിഭാരം അടിച്ചേൽപ്പിക്കപ്പെടുകയും ചെയ്തു.
സമൂഹത്തിന്റെ നല്ലൊരു ശതമാനം ജനങ്ങൾ (21.9% മുതൽ 25.1% വരെ) കടുത്ത ദാരിദ്ര്യത്തിൽ കഴിയുമ്പോൾ തുക പ്രതിരോധത്തിനായി ദുർവ്യയം ചെയ്യുന്നത് രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ പിന്നോട്ടടിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ മാനവ വികസന സൂചികയിൽ 168-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ട പാകിസ്താനിൽ, സൈനിക മേഖലയ്ക്കുള്ള ഈ അമിത പ്രാധാന്യം കൂടുതൽ ആഭ്യന്തര പ്രക്ഷോഭങ്ങൾക്കും പ്രതിസന്ധികൾക്കും കാരണമാകുന്നുണ്ട്.
ഇതൊക്കെയാണെങ്കിലും പാകിസ്താന്റെ നീക്കങ്ങളെ വെറുമൊരു മുഖംമിനുക്കലായി മാത്രം കാണാനാകില്ല. പാകിസ്താന്റെ പുതിയ സഖ്യ രൂപീകരണങ്ങൾ ദക്ഷിണേഷ്യൻ പ്രാദേശിക സുരക്ഷയിലും പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയത്തിലും ദൂരവ്യാപകമായ ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ദക്ഷിണേഷ്യൻ മേഖലയിൽ, ഇന്ത്യയുടെ സ്വാധീനം ചെറുക്കുന്നതിനായി അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, മാലദ്വീപ് തുടങ്ങിയ അയൽരാജ്യങ്ങളുമായി ചേർന്ന് ത്രികക്ഷി-ബഹുരാഷ്ട്ര ചർച്ചകൾ സംഘടിപ്പിക്കാനും, ഇന്ത്യയെ ഒഴിവാക്കിക്കൊണ്ട് ഒരു പുതിയ പ്രാദേശിക കൂട്ടായ്മ രൂപീകരിക്കാനും ഇസ്ലാമാബാദ് ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇതിനോട് നിലവിൽ അഫ്ഗാനിസ്ഥാന് അത്ര മമതയില്ല. പ്രത്യേകിച്ച് അതിർത്തിയിൽ പാക് സൈന്യം നിരന്തരം ആക്രമണം തുടരുന്ന സാഹചര്യത്തിൽ. സാർക് (SAARC) സംവിധാനം പുനരുജ്ജീവിപ്പിക്കാനും പാകിസ്താൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഇന്ത്യ തങ്ങളുടെ സാമ്പത്തിക ശേഷിയും 'നെയ്ബർഹുഡ് ഫസ്റ്റ്' നയവും മുൻനിർത്തി നടത്തുന്ന നയതന്ത്ര ഇടപെടലുകൾ പാകിസ്താന്റെ ഈ നീക്കങ്ങൾക്ക് തടയിടുന്നു.
പശ്ചിമേഷ്യയിൽ, അമേരിക്ക നൽകിയിരുന്ന പരമ്പരാഗത സുരക്ഷാ ഉറപ്പുകൾ തകർന്നതോടെ ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ പ്രതിരോധ സഹകരണങ്ങൾ വികേന്ദ്രീകരിക്കാൻ തുടങ്ങിയതിന്റെ സൂചനയാണ് മക്ക കരാർ. എങ്കിലും, ഈ കരാർ പ്രാദേശിക തലത്തിൽ പുതിയ തർക്കങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. സഖ്യത്തിൽ സൗദി അറേബ്യയ്ക്ക് അമിത പ്രാധാന്യം ലഭിക്കുന്നത് തങ്ങളുടെ തന്ത്രപരമായ നിലപാടിന് ഭീഷണിയാണെന്ന് കണ്ട് യു.എ.ഇ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈജിപ്ത് തുർക്കിയുമായുള്ള നയതന്ത്ര അഭിപ്രായവ്യത്യാസങ്ങൾ കാരണം കരാറിൽനിന്ന് വിട്ടുനിൽക്കുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, പാകിസ്താൻ തങ്ങളുടെ പ്രതിരോധ പങ്കാളിത്തങ്ങൾ വ്യാപിപ്പിക്കുന്നത് അതിർത്തിയിൽ കൂടുതൽ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെങ്കിലും, തന്ത്രപരമായ നയതന്ത്രത്തിലൂടെ ന്യൂഡൽഹി ഇതിനെ ചെറുക്കുന്നുണ്ട്. ഗ്രീസ്, സൈപ്രസ്, അർമേനിയ എന്നീ രാജ്യങ്ങളുമായി പ്രതിരോധ ബന്ധങ്ങൾ ശക്തമാക്കിക്കൊണ്ടും, ജി.സി.സി (GCC) രാജ്യങ്ങളുമായുള്ള സാമ്പത്തിക പങ്കാളിത്തം തകരാതെ കാത്തുസൂക്ഷിച്ചുകൊണ്ടും ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാന താൽപ്പര്യങ്ങൾ സുരക്ഷിതമാക്കുന്നുണ്ട്. ഇത് എത്രത്തോളം ഫലപ്രദമാകുമെന്നത് മക്ക കരാറിന്റെ വിപുലീകരണത്തെ ആശ്രയിച്ചിരിക്കും. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയിലെ രാജ്യങ്ങളെ കരാറിലേക്ക് എത്തിക്കാൻ പാകിസ്താൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ഇന്ത്യാവിരുദ്ധ മനോഭാവമുള്ള നിലവിലെ മാലദ്വീപ്, ബംഗ്ലാദേശ് ഭരണകൂടങ്ങൾ തത്വത്തിൽ കരാറിന് അനുകൂലമാണ്. എന്നാൽ, പരസ്യമായി കരാറിലേർപ്പെടുന്നതിൽനിന്ന് മാറിനിൽക്കുകയും ചെയ്യുന്നു. ഒ.ഐ.സിയിലെ മിക്കരാജ്യങ്ങളുമായും സാമ്പത്തിക- പ്രതിരോധ സഹകരണമുള്ള ഇന്ത്യയെ പിണക്കാൻ അംഗരാജ്യങ്ങളും തത്കാലം തയ്യാറാകുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് കൂട്ടായ്മയിലെ വൻശക്തി രാജ്യങ്ങൾക്ക് ഇന്ത്യയുമായുള്ള ബന്ധം അത്രപെട്ടെന്ന് മുറിച്ചുമാറ്റാനാകുന്ന ഒന്നല്ല.
ഓടിനടന്ന് പ്രതിരോധ കൂട്ടായ്മകളുണ്ടാക്കുന്നുണ്ടെങ്കിലും ഈ കൂട്ടായ്മകൾ ഇന്ത്യക്കെതിരായ ഒരു പൂർണ്ണ സൈനിക അച്ചുതണ്ടായി മാറ്റിയെടുക്കുക എന്നത് പാകിസ്താനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. സാമ്പത്തിക-ഭൗമരാഷ്ട്രീയ പരിമിതികൾ മൂലം പൂർണവിജയത്തിലേക്ക് എത്തിയില്ലെങ്കിലും നീക്കങ്ങൾ ദക്ഷിണേഷ്യയിലെയും പശ്ചിമേഷ്യയിലെയും സുരക്ഷാ തന്ത്രങ്ങളിൽ പുതിയ സങ്കീർണ്ണതകൾ സൃഷ്ടിക്കാൻ ഇടയാക്കും.
Content Highlights: Post-Operation Sindoor, Pakistan seeks new alliances to counter India's military edge, signing key defense pacts with Saudi Arabia and Turkey.
Published: 31 Oct 2026, 01:15 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented