
ഇന്ത്യയിൽ നിന്ന് കൂടുതൽ ബ്രഹ്‌മോസ് മിസൈലുകൾ വാങ്ങാൻ തയ്യാറെടുത്ത് ഫിലിപ്പീൻസ്. ഇതുമായി ബന്ധപ്പെട്ട അന്തിമഘട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. 2022-ൽ ഒപ്പുവെച്ച കരാറനുസരിച്ചുള്ള ബ്രഹ്‌മോസ് മിസൈൽ സംവിധാനങ്ങളുടെ വിതരണം പൂർത്തിയാകാനിരിക്കെയാണ് ഈ പുതിയ നീക്കം. ഏകദേശം 70 കോടി മുതൽ 80 കോടി ഡോളർ വരെ ( ഏകദേശം 6,611 കോടിരൂപ മുതൽ 7,551 കോടി രൂപവരെ) മൂല്യം വരുന്ന കരാറിലൂടെ അഞ്ച് ബ്രഹ്‌മോസ് സിസ്റ്റങ്ങളും, ആകെ 60-ഓളം മിസൈലുകളും സ്വന്തമാക്കാനാണ് ഫിലിപ്പീൻസ് ലക്ഷ്യമിടുന്നത്. ഇന്ത്യയെ വളരെ വിശ്വസനീയമായ പങ്കാളിയായാണ് ഫിലിപ്പീൻസ് കാണുന്നത്.
ദക്ഷിണ ചൈനാ കടലിൽ ചൈനയുമായി തർക്കങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ, സൈന്യത്തെ ആധുനീകരികരിക്കുന്നതിനും തീരദേശ പ്രതിരോധം ശക്തമാക്കുന്നതിനുമാണ് ഫിലിപ്പീൻസ് ഇവ വാങ്ങുന്നത്. നാവികസേനയ്ക്കായി മുൻപ് ഒപ്പുവെച്ച 37.5 കോടി ഡോളറിന്റെ കരാറിനേക്കാൾ ഉയർന്ന തുകയാണ് പുതിയ കരാറിനായി പ്രതീക്ഷിക്കുന്നത്.
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്‌മോസ്, ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂയിസ് മിസൈലുകളിൽ ഒന്നാണ്. കര, കടൽ, വ്യോമ മാർഗ്ഗങ്ങളിലൂടെ ഇത് പ്രയോഗിക്കാൻ സാധിക്കും. കൂടുതൽ ബ്രഹ്‌മോസ് മിസൈലുകൾ സ്വന്തമാക്കാൻ ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ താല്പര്യം പ്രകടിപ്പിച്ചതായി ഫിലിപ്പീൻസ് പ്രതിരോധ മന്ത്രാലയ വക്താവ് അർസെനിയോ ആൻഡോലോങ് സ്ഥിരീകരിച്ചു.
ഡൽഹി ഡിഫൻസ് 2016 ഡയലോഗിൽ ഫിലിപ്പീൻസ് പ്രതിരോധ സെക്രട്ടറി ഗിൽബെർട്ടോ തിയോഡോറോ പങ്കെടുക്കുകയും, ഫിലിപ്പീൻസിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ മിസൈൽ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള നിർദ്ദേശങ്ങൾ ഇന്ത്യൻ അധികൃതരുമായി പങ്കുവെച്ചതായി അറിയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ നാല് ദിവസത്തെ സംഘർഷത്തിൽ ബ്രഹ്‌മോസ് ആദ്യമായി യുദ്ധരംഗത്ത് ഉപയോഗിച്ചതിനു ശേഷമാണ് ഈ മിസൈൽ സംവിധാനത്തിനായുള്ള അന്താരാഷ്ട്ര താല്പര്യം വൻതോതിൽ വർദ്ധിച്ചത്. എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ ഇന്ത്യയുടെ പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളും ബ്രഹ്‌മോസ് എയറോസ്‌പേസും തയ്യാറായിട്ടില്ല.
Content Highlights: Philippines plans to purchase additional BrahMos missiles from India, enhancing coastal defense amid South China Sea tensions with China.
Published: 05 Nov 2026, 04:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented