ഒഡീഷ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കരയിൽനിന്ന് കരയിലേക്ക് തൊടുക്കാവുന്ന 'പ്രളയ്' (Pralay) ക്വാസി-ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. നവംബർ 3-ന് ഒഡീഷ തീരത്തെ ചാന്ദിപ്പൂരിന് സമീപമാണ് പ്രതിരോധ ഗവേഷണ സംഘടനയായ DRDO ഈ പരീക്ഷണം നടത്തിയത്. 150 മുതൽ 500 കിലോമീറ്റർവരെ ദൂരത്തിലുള്ള ശത്രുലക്ഷ്യങ്ങളെ കൃത്യമായി തകർക്കാൻ ഈ മിസൈലിന് ശേഷിയുണ്ട്. സാധാരണ ബാലിസ്റ്റിക് മിസൈലുകൾ നിശ്ചിതപാതയിലൂടെ സഞ്ചരിക്കുമ്പോൾ, പ്രളയ് മിസൈലിന് പറക്കലിനിടയിൽ തത്സമയം ദിശയും സഞ്ചാരപഥവും മാറ്റാൻ കഴിയും. അതിനാൽ ശത്രുരാജ്യങ്ങളുടെ റഡാറുകൾക്കും മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കും ഇതിന്റെ സഞ്ചാരപഥം പ്രവചിക്കാനും തടയാനും ബുദ്ധിമുട്ടാണ്.

To advertise here,

ഘര ഇന്ധനത്തിൽ പ്രവർത്തിക്കുന്ന റോക്കറ്റ് മോട്ടറാണ് മിസൈലിന്റെ ഹൃദയം. മിസൈൽ ദീർഘകാലം സജ്ജമാക്കി നിർത്താനും ആവശ്യഘട്ടങ്ങളിൽ അതിവേഗം വിക്ഷേപിക്കാനും ഇത് സഹായിക്കുന്നു. ഒരു പ്രദേശത്തു മാത്രമായി വിക്ഷേപണ കേന്ദ്രം പരിമിതപ്പെടുത്താതെ, മൊബൈൽ ലോഞ്ചറുകൾ ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ നിന്ന് പെട്ടെന്ന് തൊടുക്കാനും സാധിക്കും. അഡ്വാൻസ്ഡ് നാവിഗേഷൻ, ഗൈഡൻസ് സംവിധാനങ്ങളും വ്യത്യസ്ത തരം വാർഹെഡുകൾ വഹിക്കാനുള്ള ശേഷിയും മിസൈലിനുണ്ട്.

2021 ഡിസംബറിലായിരുന്നു പ്രളയ് മിസൈലിന്റെ ആദ്യപരീക്ഷണം. തുടർന്ന് 2025 ജൂലൈയിലും ഡിസംബറിലും വിജയകരമായ വിക്ഷേപണങ്ങൾ നടത്തി. കരസേനയിലും വ്യോമസേനയിലും മിസൈൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരീക്ഷണങ്ങൾ നടത്തുന്നത്. അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ പ്രളയ് മിസൈൽ ഇന്ത്യയ്ക്ക് വലിയ തന്ത്രപ്രധാന മേൽക്കോയ്മ നൽകും.