നിങ്ങള്‍ ഒരു ചരിത്ര സ്മാരകത്തിന്റെ ഫോട്ടോ എടുക്കാനായി പോകുന്നു എന്നിരിക്കട്ടെ. അവിടെ ഒരു ആള്‍ക്കൂട്ടമുണ്ട്. സ്മാരകത്തിന്റെ ചുറ്റുവട്ടത്ത് ധാരാളം ആളുകളുള്ള ഒരു ഫോട്ടോ അല്ല നിങ്ങള്‍ക്ക് വേണ്ടത്. പരമ്പരാഗത രീതിയില്‍ എന്‍ഡി ഫില്‍റ്റര്‍ പിടിപ്പിച്ച് ലോങ് എക്സ്പോഷര്‍ ഫോട്ടോ ചിത്രീകരിക്കാന്‍ ശ്രമിച്ചോ, നിരവധി ഫോട്ടോകള്‍ എടുത്ത് പോസ്റ്റ് പ്രൊസസിങിലോ ആളുകളെ അപ്രത്യക്ഷരാക്കാം. രണ്ട് വഴി സ്വീകരിച്ചാലും അതിന് സമയം എടുത്തേക്കാം. ആളുകള്‍ അനങ്ങാതെ ഇരിക്കുകയാണെങ്കില്‍ ഇരു ടെക്നീക്കും പ്രവര്‍ത്തിക്കണമെന്നുമില്ല. എന്നാല്‍, ഇപ്പോള്‍ നിങ്ങളുടെ കൈവശം ഉള്ളത് പുതിയ കൈറ എഐ എംഎഫ്ടി (Caira AI MFT) ക്യാമറയാണെങ്കില്‍ വെറുതെ ഒരു വോയിസ് കമാന്‍ഡ് നല്‍കിയാല്‍ മതി ആളുകള്‍ ഇല്ലാത്ത ഫോട്ടോ എടുത്തു തരും!

To advertise here,

എഐ ക്യാമറാ യുഗത്തിലേക്ക് സ്വാഗതം!

ഫോട്ടോഗ്രാഫിയുടെ കാര്യത്തില്‍ ലോകത്തിലെ ആദ്യത്തെ 'സ്വാഭാവിക എഐ മിറര്‍ലെസ് ക്യാമറ' എന്ന വിവരണമാണ് കൈറ സ്വന്തമാക്കിയിരിക്കുന്നത്. ഗൂഗിളിന്റെ നാനോ ബനാന എഞ്ചിന്‍ സോഫ്​റ്റ്​വെയർ ഉള്ളില്‍ പേറുന്നതിനാലാണ് നാളിതുവരെ ഇറങ്ങിയ ഒരു ക്യാമറയ്ക്കും സാധിക്കാത്ത തരത്തില്‍ കൈറയ്ക്ക് ഇത്തരത്തില്‍ ചില മായാജാലങ്ങള്‍ കാണിക്കാന്‍ സാധിക്കുന്നത്. വരും വര്‍ഷങ്ങളില്‍ മറ്റു ക്യാമറാ നിര്‍മ്മാതാക്കളും ഈ വഴിയില്‍ സഞ്ചരിച്ചേക്കാം എന്നതിനാലാണ് നാം ഈ ടെക്നോളജിയെ കൂടുതല്‍ അടുത്തറിയാന്‍ നാം ശ്രമിക്കുന്നത്.

നമ്മള്‍ ഇന്ത്യക്കാരെ ഉത്സാഹഭരിതരാക്കിയേക്കാവുന്ന മറ്റൊരു സവിശേഷതയും കൈറയ്ക്കുണ്ട്. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ക്യാമറാ ഇന്റലിജന്‍സ്' എന്ന പേരിലുള്ള കമ്പനിയാണ് കൈറ പുറത്തിറക്കിയിരിക്കുന്നത്. അതിന്റെ സഹസ്ഥാപകനും മേധാവിയും ഒരു ഇന്ത്യന്‍ വംശജനാണ് - വിശാല്‍ കുമാര്‍! ക്യാമറാ നിര്‍മാണത്തില്‍ വേറിട്ട പാതയില്‍ സഞ്ചിരിക്കുന്ന ആളാണ് താന്‍ എന്ന് വിശാല്‍ നേരത്തെയും തെളിയിച്ചിട്ടുണ്ട്. അദ്ദേഹമിറക്കിയ ആലിസ് ( Alice) ക്യാമറ അതിന്റെ തെളിവാണ്. ആലിസിന്റെ തുടര്‍ച്ചയാണ് കൈറ.

വിശാല്‍ തന്റെ പുതിയ ക്യാമറയെ പരിചയപ്പെടുത്തുന്നത് കാണാം:

കൈറ ക്യാമറയുടെ സവിശേഷതകള്‍ പരിചയപ്പെടാം

പരമ്പരാഗത ക്യാമറകള്‍ എടുക്കുന്ന ഫോട്ടോകളുടെ ഗുണനിലവാരം നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് അവയിലെ സെന്‍സറുകളുടെ വലിപ്പമാണ്. കൂടുതല്‍ വലിപ്പമുള്ള സെന്‍സര്‍ കൂടുതല്‍ മികച്ച ഫോട്ടോ പകര്‍ത്തും എന്നാണ് പൊതുവെയുള്ള വിശ്വാസം. കൈറയ്ക്ക് ഉള്ളില്‍ ഉള്ളത് ഒരു മൈക്രോ ഫോര്‍ തേഡ്സ് (എംഎഫ്ടി) സെന്‍സറാണ്. പ്രൊഫഷണല്‍ ക്യാമറാ സെന്‍സറുകളുകളുമായി (ഫുള്‍ ഫ്രെയ്ം) തട്ടിച്ചു നോക്കിയാല്‍ വലിപ്പക്കുറവുള്ള സെന്‍സറാണ് എംഎഫ്ടി. എന്നാല്‍, ഇന്നുവരെ ഒരു സ്മാര്‍ട്ട്ഫോണിലും ഉള്‍ക്കൊള്ളിച്ചിട്ടില്ലാത്ത അത്ര വലിപ്പം ഉണ്ടു താനും. ഐഫോണ്‍ 17 പ്രോയുടെ പ്രധാന സെന്‍സറിനെക്കാള്‍ 3.2 മടങ്ങ് അധിക വലിപ്പം. ഇപ്പോള്‍ എംഎഫ്ടി ക്യാമറകള്‍ പുറത്തിറക്കുന്നത് ഓഎം സിസ്റ്റം (നേരത്തെ ഒളിമ്പസ് എന്ന് അറിയപ്പെട്ടിരുന്ന കമ്പനി), പാനസോണിക് തുടങ്ങിയ കമ്പനികളാണ്.

വിശാല്‍ കൈറയിലെ ജനറേറ്റിവ് എഐ പരിചയപ്പെടുത്തുന്നു: 

മോഡ്യുലര്‍ രീതി

കൈറ ക്യാമറയ്ക്ക് സ്‌ക്രീന്‍ ഇല്ല. എന്നാല്‍ മാഗ്സെയ്ഫ് ഫീച്ചര്‍ ഉള്ള ഐഫോണ്‍ കാന്തികമായി അതില്‍ പിടിപ്പിച്ചാല്‍ സ്‌ക്രീന്‍ ആയി. (ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഇപ്പോള്‍ സപ്പോര്‍ട്ട് ഇല്ല.) ഐഓഎസ് ആപ്പ് സ്റ്റോറില്‍ ഉള്ള കൈറ ഫോണ്‍ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ വിവിധോദ്ദേശ സ്‌ക്രീനായി. കൈറയില്‍ എടുക്കുന്ന ചിത്രങ്ങള്‍ നേരിട്ട് ഫോണിലേക്ക് വൈ-ഫൈ വഴി നേരിട്ട് എത്തുന്നതിനാല്‍ തല്‍ക്ഷണം ഷെയര്‍ ചെയ്യാം. അതുപോലെ, കൈറ ക്യാമറയ്ക്ക് ലെന്‍സും ഇറക്കിയിട്ടില്ല. പക്ഷേ, , ഓഎം സിസ്റ്റവും പാനസോണിക്കും അടക്കമുള്ള കമ്പനികള്‍ വില്‍ക്കുന്ന ഏതു ലെന്‍സും യഥേഷ്ടം പിടിപ്പിക്കാം. (ഇത്തരത്തിലുള്ള നൂറിലേറെ ലെന്‍സുകള്‍ ഇന്ന് മാര്‍ക്കറ്റിലുണ്ട്.) മറ്റു കമ്പനികളുടെ ലെന്‍സുകള്‍ അഡാപ്റ്റ് ചെയ്യുകയുമാകാം.

ഇപ്പറഞ്ഞ കാര്യങ്ങളിലൊന്നും യാതൊരു സങ്കീര്‍ണതയും ഇല്ല. സ്മാര്‍ട്ട്ഫോണിനോട് പരിചയപ്പെട്ടു കഴിഞ്ഞ ആര്‍ക്കും കൈറയുടെ ശേഷികള്‍ പ്രയോജനപ്പെടുത്താം. സ്മാര്‍ട്ട്ഫോണ്‍ ഫോട്ടോകളെക്കാളും വിഡിയോയെക്കാളും മികവ് ലഭിക്കുകയും ചെയ്യും.

ക്യാമറയ്ക്കും സ്മാര്‍ട്ട്ഫോണിനും ഇടയ്ക്ക് നില്‍ക്കുന്നു

ഇത് ഫോട്ടോഗ്രാഫര്‍മാരെ ഉദ്ദേശിച്ച് നിര്‍മിച്ചെടുത്ത ക്യാമറ അല്ലെന്ന് കമ്പനി പറയുന്നു. എന്നാല്‍, ക്രിയേറ്റര്‍മാര്‍ക്കും, വിനോദസഞ്ചാരികള്‍ക്കും, മാര്‍ക്കറ്റിങുകാര്‍ക്കുമൊക്കെ ഇത് വാങ്ങുന്ന കാര്യം പരിഗണിക്കാം. ക്യാമറ വാങ്ങിയാല്‍ അത് ഉപയോഗിക്കാന്‍ പഠിക്കണം. കൈറയുടെ നിയന്ത്രണം ആപ്പിലൂടെ ആയതിനാല്‍ അതിന് പ്രത്യേകം പഠനം ആവശ്യമില്ല. കംപ്യൂട്ടറിലും മറ്റും ഫയല്‍ എത്തിച്ച് എഡിറ്റിങ് നടത്തി സമയം കളയേണ്ടതായുമില്ല. ഫോണിലേക്ക് നേരിട്ട് ഫോട്ടോകളും, വിഡിയോയും എത്തുന്നതിനാല്‍ മെമ്മറി കാര്‍ഡുകളുടെ ആവശ്യമില്ല.

കൈറയുടെ ഏറ്റവും പുതിയ പരസ്യം കാണാം: 

ഗുണങ്ങള്‍

  • കൈറയോട് നിങ്ങള്‍ക്ക് സംസാരിക്കാം, ഫോട്ടോയില്‍ വരേണ്ട മാറ്റങ്ങളെക്കുറിച്ച് പറയാം. ഇലകളുടെ നിറം പച്ച വേണ്ട ചുവപ്പു മതി എന്നു പറഞ്ഞാല്‍ അങ്ങനെ ചെയ്തു തരും. പകല്‍ എടുക്കുന്ന ചിത്രങ്ങള്‍ രാത്രിയില്‍ എടുത്തതു പോലെ ആക്കി തരണമെന്നു പറഞ്ഞാല്‍ അതും ചെയ്യും. വസ്ത്രത്തിന്റെ നിറം മാറ്റാം. ഇതു മുഴുവന്‍ എഐ അല്ലേ എന്ന ചോദ്യം അത്ര പ്രസക്തമല്ല. കാരണം ആദ്യം എടുത്ത ചിത്രത്തെ അടിസ്ഥാനമാക്കിയാണ് മാറ്റങ്ങള്‍.
  • ഫോട്ടോഷോപ്പ് തുടങ്ങിയ സങ്കീര്‍ണമായ ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്​വെയറിനു മുമ്പില്‍ ഇരുന്ന് സമയം കളയേണ്ട.
  • ഉന്നത നിലവാരമുള്ള ഫോട്ടോ തന്നെ എഡിറ്റ് ചെയ്ത് നല്‍കേണ്ട ഗൗരവമേറിയ സന്ദര്‍ഭത്തിലല്ല ഉപയോഗിക്കുന്നതെങ്കില്‍ കൈറ ക്യാമറ മതിയായേക്കാം. ലോകത്ത് ഇന്നേവരെ പുറത്തിറക്കിയിരിക്കുന്ന ക്യാമറകളിലൊന്നും ജനറേറ്റിവ് എഐ ഫീച്ചര്‍ ഇല്ല. ക്യാമറകളെല്ലാം ഫോട്ടോ എടുത്ത് പിന്നീട് എഡിറ്റ് ചെയ്ത് വൃത്തിയാക്കിയെടുക്കുക എന്ന ഉദ്ദേശത്തോടെ നിര്‍മിച്ചവയാണ്.

കുറവുകള്‍

  • വ്യൂ ഫൈന്‍ഡര്‍ ഇല്ല. സ്വന്തം ഫോണാണ് മോണിട്ടറായി ഉപയോഗിക്കുന്നതെങ്കില്‍ അതിലേക്ക് കോള്‍ വന്നാല്‍ വിഡിയോ റെക്കോഡിങും മറ്റും തടസപ്പെടാം.
  • നാനോ ബനാന നാളെ ഉണ്ടാകും എന്നതിന് എന്താണ് ഉറപ്പ്? ഗൂഗിള്‍ അതിനു പകരം മറ്റെന്തെങ്കിലും കൊണ്ടുവന്നാല്‍ അത് കൈറ സപ്പോര്‍ട്ട് ചെയ്യുമോ? ഇപ്പോള്‍ ആറു മാസത്തേക്കാണ് നാനോ ബനാന ഫ്രീയായി നല്‍കുന്നത്. അതിനു ശേഷം പ്രതിമാസം പ്രതിമാസം 7 ഡോളര്‍ നല്‍കേണ്ടി വരും.
  • കരുത്തുറ്റ ഫോട്ടോ എഡിറ്റിങ് നടത്താനാവില്ല. അതിന് കംപ്യൂട്ടര്‍ സോഫ്റ്റ്വെയറിനെ തന്നെ ആശ്രയിക്കേണ്ടിവരും.
  • ഗൂഗിള്‍ ക്ലൗഡിലാണ് എഡിറ്റിങ് നടത്തുന്നത്. ഉപയോക്താവിന്റെ ഫോട്ടോ സ്വകാര്യമാക്കി വയ്ക്കുമെന്ന് ഗൂഗിള്‍ പറയുന്നു. പക്ഷേ, , അത് പുറത്തുപോകാനുള്ള സാധ്യത തീര്‍ത്തും തള്ളിക്കളയാനാവില്ല.
  • കൈറയുടെ ഓട്ടോഫോക്കസിന് സോണി, ക്യാനന്‍, നിക്കോണ്‍ കമ്പനികള്‍ ഇറക്കുന്ന പുതിയ ക്യാമറകളോട് കിടപിടിക്കത്തക്ക മേന്മ ഇല്ല.
  • സര്‍വീസ് വേണ്ടിവന്നാല്‍ ക്യാമറ കമ്പനിക്ക് അയച്ചു കൊടുക്കേണ്ടതായി വന്നേക്കും.

വില

ക്യാമറയുടെ എംആര്‍പി 995 ഡോളറാണ്. ഇപ്പോള്‍ കിക്ക്സ്റ്റാര്‍ട്ടര്‍ വഴി ആദ്യം ഓര്‍ഡര്‍ 100 പേര്‍ക്ക് 699 ഡോളറിനു ലഭിക്കും. ബാക്കിയുളളവര്‍ക്ക് 795 ഡോളര്‍ നല്‍കേണ്ടിവരും.

കൈറ ക്യാമറയുടെ പ്രസക്തി

എഐ പ്രയോജനപ്പെടുത്തി എടുക്കുന്ന/സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങള്‍ സമൂഹത്തില്‍ അംഗീകാരിക്കപ്പെടുമോ എന്ന സന്ദേഹം ഇപ്പോഴുണ്ട്. എന്നാല്‍, എഐ ചിത്രങ്ങള്‍ ഫോട്ടോഗ്രാഫിയുടെ തുടര്‍ച്ചയാണ് എന്ന് ഓപ്പണ്‍എഐ മേധാവി സാം ഓള്‍ട്ട്മാന്‍ യൂട്യൂബര്‍ ക്ലിയോ എബ്രാമിനു (Cleo Abram) നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. പരമ്പരാഗത ഫോട്ടോകളെ പോലും പൂര്‍ണമായും യഥാര്‍ത്ഥമെന്നു വിളിക്കാനാവില്ല എന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. ഫോട്ടോഗ്രാഫിയും എഐയും ഭാവിയില്‍ ഒന്നാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു. കംപ്യൂട്ടേഷണല്‍ രീതിയില്‍ ഫോട്ടോ എടുക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ചിത്രങ്ങളെ സമൂഹം സ്വീകരിച്ചെങ്കില്‍, എഐ ചിത്രങ്ങളും സമൂഹം അംഗീകരിക്കുമെന്ന് അദ്ദേഹം പറയുന്നു.

അല്ലെങ്കില്‍ തന്നെ എന്താണ് യാഥാര്‍ത്ഥമെന്ന് സാംസങ്

ഈ സന്ദര്‍ഭത്തില്‍ സാംസങ് ഗ്യാലക്സി എസ് അള്‍ട്രാ ഉണ്ടാക്കിയ വിവാദവും ഒന്നു പരിശോധിക്കാം. വളരെ വ്യക്തതയോടെ ചന്ദ്രന്റെ ഫോട്ടോകള്‍ അതിന്റെ സ്പെയ്സ് സൂം (Space Zoom) ഫീച്ചര്‍ ഉപയോഗിച്ച് പകര്‍ത്താന്‍ സാധിക്കുന്നു എന്നത് വിവാദത്തിന് വഴിവച്ചിരുന്നു. അത് ശരിക്കും ഫോണ്‍ എടുക്കുന്ന ചിത്രമല്ല. മറിച്ച് നേരത്തെ സൂക്ഷിച്ചിരിക്കുന്ന ഒരു ചിത്രം സൂപ്പര്‍ ഇംപോസ് ചെയ്ത് ഉപയോക്താവിന് സാംസങ് നല്‍കുന്നതാണ് എന്നായിരുന്നു 2023-ല്‍ ഉടലെടുത്ത വിവാദത്തിലെ ആരോപണം. എന്നാല്‍, ഇത് ശരിയല്ലെന്ന് സാംസങ് വാദിച്ചു. വിവാദത്തിനിടയില്‍ സ്മാര്‍ട്ട്ഫോണ്‍ ഫോട്ടോകളെക്കുറിച്ചു നടത്തിയ ഒരു സാംസങ് എക്സിക്യൂട്ടിവ് നടത്തിയ പരാമര്‍ശവും ശ്രദ്ധേയമാണ് -''യഥാര്‍ത്ഥ ചിത്രം എന്നു പറഞ്ഞ് ഒന്നില്ല'' എന്നായിരുന്നു അത്.

അങ്ങനെ നോക്കുമ്പോള്‍ ക്യാമറ എന്ന ഉപകരണവും, ഫോട്ടോഗ്രാഫിയും അടുത്ത മാറ്റത്തിന് തയ്യാറാകുകയായിരിക്കാം. കൈറ അതിന്റെ തുടക്കവുമായിരിക്കാം.