
ഐഐഎം ബെംഗളൂരു.|Photo: IIM Bangalore
ബെംഗളൂരു: ക്ലാസ് മുറികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിരോധിക്കുന്ന പരമ്പരാഗത രീതി അവസാനിപ്പിച്ച്, എ.ഐ. സാങ്കേതികവിദ്യ പഠന പ്രക്രിയയുടെ ഭാഗമാക്കുകയാണ് ഐ.ഐ.എം. ബെംഗളൂരു. അടുത്തിടെ നടന്ന എം.ബി.എ. മിഡ്‌ടേം പരീക്ഷയിൽ സ്വന്തമായി നിർമ്മിച്ച എ.ഐ. ചാറ്റ്‌ബോട്ടുകൾ ഉപയോഗിക്കാൻ 78 വിദ്യാർത്ഥികൾക്കാണ് ഇൻസ്റ്റിറ്റ്യൂട്ട് അനുമതി നൽകിയത്.
ടെക്നോളജിയെ അകറ്റിനിർത്തുന്നതിന് പകരം അത് എങ്ങനെയെല്ലാം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാം എന്ന് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയാണ് ഈ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
'ജനറേറ്റീവ് എ.ഐ' പഠിക്കുന്ന വിദ്യാർഥികൾ ഒരു മാസത്തോളം പരിശ്രമിച്ചാണ് സ്വന്തം ആവശ്യങ്ങൾക്കനുയോജ്യമായ ചാറ്റ്‌ബോട്ടുകൾ വികസിപ്പിച്ചെടുത്തത്. പുറത്തുനിന്നുള്ള ഡിജിറ്റൽ ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിന് പകരം, പരീക്ഷയ്ക്കുള്ള നിർദ്ദിഷ്ട കോഴ്‌സ് മെറ്റീരിയലുകൾ മാത്രം വിശകലനം ചെയ്യാൻ ശേഷിയുള്ള രീതിയിലായിരുന്നു ഇവ ക്രമീകരിച്ചത്.
കോഡിങ് അറിവില്ലാത്തവർക്കും എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന 'റിട്രീവൽ-ഓഗ്‌മെന്റഡ് ജനറേഷൻ' സാങ്കേതികവിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്. പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയ ഡിജിറ്റൽ സംവിധാനത്തിലായിരുന്നു പരീക്ഷ നടത്തിപ്പ്.
വിലയിരുത്തൽ രീതികളിലെ മാറ്റങ്ങൾ
ചാറ്റ്‌ബോട്ടുകൾ നൽകിയ ഉത്തരങ്ങൾക്ക് പുറമേ, വിദ്യാർഥികൾ എ.ഐ. സിസ്റ്റത്തിന് നൽകിയ പ്രോംപ്റ്റുകൾ, ചോദ്യങ്ങളുടെ ഘടന, വിഷയത്തെക്കുറിച്ചുള്ള ധാരണ എന്നിവ കൂടി വിലയിരുത്തിയാണ് അധ്യാപകർ ഗ്രേഡുകൾ നൽകിയത്.
ഐ.ഐ.എം. ബെംഗളൂരുവിന് പുറമേ ഐ.ഐ.എം. അഹമ്മദാബാദ്, ഐ.എസ്.ബി., ഐ.ഐ.എസ്.ഇ.ആർ. പുണെ തുടങ്ങിയ മുൻനിര ഇന്ത്യൻ സ്ഥാപനങ്ങളും ഹാർവാർഡ് പോലുള്ള ആഗോള സർവ്വകലാശാലകളും കരിക്യുലത്തിൽ എ.ഐ. അധിഷ്ഠിത മാർഗ്ഗനിർദ്ദേശങ്ങൾ ഇതിനകം ഉൾപ്പെടുത്തിക്കഴിഞ്ഞു. എ.ഐ. നൽകുന്ന വിവരങ്ങൾ സ്വയം വിശകലനം ചെയ്യാനും വിദ്യാർഥികളിൽ വിമർശനാത്മക ചിന്തയും പ്രായോഗിക ബുദ്ധിയും വർദ്ധിപ്പിക്കാനുമാണ് പുതിയ വിദ്യാഭ്യാസ മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നത്.
Content Highlights: IIM Bangalore permitted 78 MBA students to use custom AI chatbots in midterm exams
Published: 29 Oct 2026, 10:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented