ആവിഷ്കാര സ്വാതന്ത്ര്യം കലാകാരന്റെ മൗലികാവകാശമാണെന്നും അത് ചോദ്യം ചെയ്യുകയോ ചവിട്ടിമെതിക്കുകയോ ചെയ്യരുതെന്നും യുവ ഫോട്ടോഗ്രാഫറും പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകനുമായ റെയ്ഹാൻ വദ്ര. ഡൽഹി സമരങ്ങളുടെ താൻ പകർത്തിയ ഫോട്ടോകൾ ബിക്കാനീർ ഹൗസിലെ പ്രദർശനവേദിയിൽനിന്ന് വിലക്കിയതിനെക്കുറിച്ച് 'മാതൃഭൂമി'ക്ക് അനുവദിച്ച അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഉള്ളടക്കങ്ങൾ ഒഴിവാക്കി നിയമാവലികൾ പാലിച്ചിട്ടും ദേശീയപതാക ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടത് ഞെട്ടലുണ്ടാക്കിയെന്ന് റെയ്ഹാൻ പറഞ്ഞു. ലണ്ടനിൽ നിന്ന് പൊളിറ്റിക്സിൽ ബിരുദം നേടിയ റെയ്ഹാൻ രാഷ്ട്രീയത്തിലേക്കില്ലെന്നും വന്യജീവി-സ്ട്രീറ്റ് ഫോട്ടോഗ്രാഫി ജീവിതമാർഗമാക്കാനാണുദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി. ബിക്കാനീർ ഹൗസിലിപ്പോൾ റെയ്ഹാന്റെ വൈൽഡ് ലൈഫ് ഫോട്ടോകൾ മാത്രമാണ് 'നോ ഐഡിയ ഈസ് ഫൈനൽ' എന്ന പേരിൽ പ്രധാനമായും പ്രദർശനത്തിനുള്ളത്. അഭിമുഖത്തിൽ നിന്ന്:

To advertise here,

താങ്കൾ പകർത്തിയ ഡൽഹി സമരങ്ങളുടെ  ചിത്രങ്ങൾ നീക്കം ചെയ്തതിനെ എങ്ങനെ കാണുന്നു?

എന്തുകൊണ്ടാണ് ആ ചിത്രങ്ങൾ ഒഴിവാക്കിയതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പ്രദർശന നയങ്ങൾക്ക് എതിരാണെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ രാഷ്ട്രീയ ഉള്ളടക്കങ്ങൾ ഭൂരിഭാഗവും ഞാൻ തന്നെ ഫോട്ടോകളിൽനിന്ന് ഒഴിവാക്കിയിരുന്നു. അവരുടെ നയങ്ങൾ പൂർണമായി പാലിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ചിത്രങ്ങൾ നീക്കം ചെയ്യാൻ വളരെ കുറഞ്ഞ സമയം മാത്രമാണ് അനുവദിച്ചത്. ദേശീയപതാകയുടെ ചിത്രം ഉൾപ്പെടെ മാറ്റാനുള്ള നിർദേശം സത്യത്തിൽ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.

സർക്കാർ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് കരുതുന്നുണ്ടോ?

ഇല്ല, വിഷയം സർക്കാരിലേക്ക് എത്തിയിട്ടുണ്ടെന്ന് കരുതുന്നില്ല. ഇവിടുത്തെ അഡ്മിനിസ്‌ട്രേഷൻ സ്വീകരിച്ച നിലപാടാണത്. ഞാനൊരു കലാകാരനാണ്. കലാകാരന്റെ മൗലികാവകാശമായ ആവിഷ്‌കാര സ്വാതന്ത്ര്യം ഒരു കാരണവശാലും ചവിട്ടിമെതിക്കപ്പെടരുത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഫോട്ടോഗ്രഫിയിലേക്ക് ആകർഷിക്കപ്പെട്ടത് എങ്ങനെയായിരുന്നു?

ഏഴോ എട്ടോ വയസ്സുള്ളപ്പോൾത്തന്നെ ഞാൻ ചിത്രങ്ങൾ എടുക്കാൻ തുടങ്ങിയിരുന്നു. വന്യജീവി ഫോട്ടോഗ്രഫിയിലായിരുന്നു തുടക്കം. കുട്ടിക്കാലത്ത് തുടങ്ങിയ ആ ഇഷ്ടം പിന്നീട് ജീവിതത്തിന്റെ ഭാഗമായി മാറി. 2019 മുതലാണ് പ്രൊഫഷണൽ ഫോട്ടോഗ്രാഫറായി പ്രവർത്തനം തുടങ്ങിയത്. സ്ട്രീറ്റ് ഫോട്ടോഗ്രഫി ചെയ്യുമ്പോൾ ജനശ്രദ്ധയിൽപ്പെടാതെ എങ്ങനെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞു?

കൂളിങ് ഗ്ലാസും തൊപ്പിയും മുഖം മുഴുവൻ മൂടുന്ന മാസ്കും ധരിച്ചാണ് ഞാൻ തെരുവുകളിൽ ക്യാമറയുമായി ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ആളുകൾ തിരിച്ചറിയില്ല. ഡൽഹി സമരസമയത്തും അങ്ങനെ തന്നെയായിരുന്നു.

ആ സമയത്ത് സുരക്ഷാ ജീവനക്കാർ കൂടെയുണ്ടായിരുന്നോ?

ഒരാൾ കൂടെയുണ്ടായിരുന്നു. ചില ദിവസങ്ങളിൽ ഉണ്ടാകും, മറ്റു ചിലപ്പോൾ ആരും ഉണ്ടാകാറുമില്ല.

പഠന പശ്ചാത്തലം വിദേശത്തായിരുന്നുവല്ലോ, എന്തായിരുന്നു വിഷയം?

ഡൂൺ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിലായിരുന്നു ഉപരിപഠനം. പൊളിറ്റിക്സ് ആയിരുന്നു വിഷയം.

ഭാവിയിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പദ്ധതിയുണ്ടോ?

ഒരിക്കലുമില്ല. ഫോട്ടോഗ്രഫിയാണ് എന്റെ തൊഴിൽ, ഇത് ചെയ്യാനാണ് ഞാൻ പൂർണമായും ആഗ്രഹിക്കുന്നത്.

പ്രൊഫഷണൽ രംഗത്ത് എത്തിയതിനുശേഷം ഇതുവരെ എത്ര ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്?

ആകെയെടുത്ത ചിത്രങ്ങൾ ഒരുപാടുണ്ട്. എന്നാൽ ഈ പ്രദർശനത്തിനായി 105 ഫോട്ടോഗ്രാഫുകളാണ് നിശ്ചയിച്ചിരുന്നത്. അതിൽനിന്നാണ് 74 എണ്ണം അധികൃതർ ഒഴിവാക്കിയത്.

ഈ 31 ചിത്രങ്ങളിൽ അമ്മയുടെ മണ്ഡലമായ വയനാട്ടിലെ വൈൽഡ് ലൈഫ് ചിത്രങ്ങളൊന്നും കാണുന്നില്ല?

അതെ, വയനാട്ടിലെ വൈൽഡ് ലൈഫ് ഈ പ്രദർശനത്തിൽ ഇല്ല. ഭാവിയിൽ അതും ഉൾപ്പെടുത്താൻ കഴിഞ്ഞേക്കും.