ഐഫോണ്‍ ഇവിടെ ഉണ്ടാക്കിയില്ലെങ്കില്‍...! ആപ്പിളിന് നേരേയും താരിഫ് കാഹളം മുഴക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഐഫോണുകള്‍ ആപ്പിള്‍ രാജ്യത്തിനുള്ളില്‍ തന്നെ നിര്‍മിച്ചില്ലെങ്കില്‍ അതിന് വലിയ നികുതി നേരിടേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്കയില്‍ വില്‍പനയ്‌ക്കെത്തുന്ന ഐഫോണുകള്‍ നിര്‍മിച്ചത് ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ ആയിരിക്കില്ലെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് ആപ്പിളിന്റെ ടിം കുക്കിനെ ഞാന്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട് എന്നാണ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചത്. ഐഫോണ്‍ നിര്‍മാണത്തിനായി ഇന്ത്യയെ പ്രധാന ഹബ്ബാക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ആപ്പിളിന് നേരെ ട്രംപ് വെടി പൊട്ടിച്ചിരിക്കുന്നത്. ട്രംപിന്റെ ശാസനം അനുസരിച്ചില്ലെങ്കില്‍ അമേരിക്കയെന്ന വമ്പന്‍ മാര്‍ക്കറ്റ് ആപ്പിളിന് നഷ്ടമായേക്കും. ജൂണ്‍ അവസാനത്തോടെ 25 ശതമാനം താരിഫുകള്‍ നിലവില്‍ വരുമെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. 

To advertise here,

ഭീഷണി ആപ്പിളിന് മാത്രമല്ല

അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത് ഐഫോണാണ്. സാംസങ്, ലെനോവ, വാവെയ്, എച്ച്എംഡി തുടങ്ങിയ കമ്പനികള്‍ക്കും അമേരിക്കയില്‍ കാര്യമായ മാര്‍ക്കറ്റുണ്ട്. കൗണ്ടര്‍പോയിന്റ് റിസേര്‍ച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2022-2025 വര്‍ഷങ്ങളില്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയിരിക്കുന്നത് ആപ്പിള്‍ ഐഫോണുകളാണ്. ഏറെക്കാലമായി ആകെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയുടെ പകുതിയോളം കൈയാളുന്നത് ആപ്പിളാണ്. സാംസങ്ങാണ് രണ്ടാം സ്ഥാനത്ത്. 

തുടക്കത്തില്‍ താരിഫ് ബ്ലോക്കുകള്‍ വെച്ച് ട്രംപ് കുടുക്കാന്‍ ശ്രമിച്ചത് ആപ്പിളിനേയും ഐഫോണിനേയും മാത്രമായിരുന്നെങ്കിലും ദക്ഷിണ കൊറിയയുടെ സാംസങ്, ചൈനയുടെ വാവെ തുടങ്ങിയ എല്ലാ കമ്പനികള്‍ക്കും ട്രംപിന്റെ നിബന്ധനകള്‍ പാലിക്കാന്‍ ഇപ്പോള്‍ ബാധ്യസ്ഥരായിക്കുകയാണ്. അല്ലാത്തപക്ഷം അമേരിക്കയെന്ന മാര്‍ക്കറ്റ് ഈ കമ്പനികള്‍ക്കും വിദൂരത്താവും. അമേരിക്കയില്‍ നിര്‍മാണം നടത്താത്ത എല്ലാവര്‍ക്കും താരിഫ് ബാധകമാണ്. അല്ലാതപക്ഷം അത് ന്യായമല്ലെന്നാണ് ട്രംപും പറഞ്ഞത്. മെയ് 23ന് ആയിരുന്നു ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് താരിഫുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. 

placeholder
Donald Trump | Photo:AP
ഡൊണാൾഡ് ട്രംപ്

ആപ്പിളിന് മുന്നിലെ ഇന്ത്യയെന്ന സാധ്യത

അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധത്തില്‍ ഒരു ഐഫോണ്‍ ഹബ്ബായി വളരാനുള്ള സാധ്യതയായിരുന്നു ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ആപ്പിള്‍ ഐഫോണുകളുടെ ഏറ്റവും വലിയ നിര്‍മാണശാല പ്രവര്‍ത്തിക്കുന്നത് ചൈനയിലാണ്. ആപ്പിളിന്റെ ഏറ്റവും വലിയ നിര്‍മാണ പങ്കാളിയായ ഫോക്‌സ്‌കോണിന്റെ പ്രധാന നിര്‍മാണശാലയും ചൈനയില്‍ തന്നെ. ചൈനയാണ് ആപ്പിള്‍ ഐ ഫോണിന്റെ ഏറ്റവും വലിയ നിര്‍മാണശാലയെങ്കിലും വിപുലീകരണമാണ് കമ്പനിയുടെ ലക്ഷ്യം. ചൈനയ്ക്ക് പുറമേ വിയറ്റ്നാമിലും ഇന്ത്യയിലും ഐഫോണ്‍ നിര്‍മിച്ച് വിതരണത്തിനെത്തിക്കാനുള്ള പദ്ധതിയിലായിരുന്നു ആപ്പിള്‍. ഇന്ത്യയില്‍ നിര്‍മിക്കുന്നത് കൂടുതല്‍ ഉപഭോക്താക്കളെ ഐഫോണിലേക്ക് എത്തിക്കാനുള്ള വഴി കൂടിയായാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നതിലൂടെ കമ്പനി കണക്കാക്കുന്നത്. ഇന്ത്യ എന്നാല്‍ ഐഫോണ്‍ മാര്‍ക്കറ്റിന്റെ വലിയൊരു ടിപ്പിങ് പോയിന്റ് ആണെന്നാണ് ആപ്പില്‍ സിഇഒ ടിം കുക്ക് അഭിപ്രായപ്പെട്ടത്. 

ഇന്ത്യയിലെ മധ്യവര്‍ഗത്തിലേക്ക് വളരെയധികം പേര്‍ വളര്‍ന്നുവരികയാണ്. ഹൈ എന്‍ഡ് ഫോണുകള്‍ക്കുള്ള വാങ്ങല്‍ശേഷി ആളുകള്‍ക്കുണ്ട്. കൂടിയ ജനസംഖ്യയും സാമ്പത്തിക സ്ഥിരതയില്‍ മുന്‍പന്തിയിലുള്ള ജനവിഭാഗങ്ങളുമുള്ള ഇന്ത്യയെ വലിയ സാധ്യതകളുള്ള മാര്‍ക്കറ്റായി ആപ്പിള്‍ കണക്കാക്കുന്നുവെന്നും, ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനൊരുങ്ങുകയാണെന്നും ടിം കുക്ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വില്‍പനയ്‌ക്കൊപ്പം ഇന്ത്യയിലെ നിര്‍മാണവും ആപ്പിളിന്റെ പ്രധാന അജണ്ടയായിരുന്നു. ഐഫോണ്‍ നിര്‍മാണത്തില്‍ ആപ്പിളിന്റെ പങ്കാളിയായ തായ്​വാനീസ് കമ്പനി ഫോക്സ്‌കോണ്‍ ഇന്ത്യയില്‍ വെച്ച് ഐഫോണ്‍ അസംബ്ലിങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരിലലും ആന്ധ്രപ്രദേശിലെ ശ്രീ സിറ്റിയിലുമാണ് ഫാക്ടറി. ഇതിനു പുറമേ കര്‍ണാടകത്തിലും യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് ഫോക്സ്‌കോണിനുള്ള ഏറ്റവും വലിയ പ്ലാന്റായിരിക്കും ഇത്. ഐഫോണുകളില്‍ ഏഴില്‍ ഒന്ന് നിര്‍മിക്കുന്നത് ഇന്ത്യയില്‍ ആണെന്ന് ബ്ലൂംബെര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ നിര്‍മാണത്തില്‍ പത്ത് ശതമാനത്തോളം വരുമിത്. ആപ്പിള്‍ അവരുടെ ഐഫോണ്‍ നിര്‍മാണത്തിന്റെ 25 ശതമാനമെങ്കിലും ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നതായി  കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. 2025നുള്ളില്‍ ഈ ലക്ഷ്യം കൈവരിക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യമെന്ന് ജെ.പി മോര്‍ഗന്‍ അനലിസ്റ്റ് വ്യക്തമാക്കുന്നു. 

ആപ്പിള്‍ കമ്പനിയുടെ ആകെ ഉത്പാദത്തിൽ 10-15 ശതമാനം ഐഫോണുകള്‍ നിര്‍മിക്കുന്നത് ഇന്ത്യയിലാണെന്നാണ് എവര്‍കോര്‍ ഐഎസ്ഐ എന്ന റിസര്‍ച്ച് സംഘം പറയുന്നത്. ഫോക്സ്‌കോണ്‍, ടാറ്റ, പെഗാട്രോണ്‍ എന്നീ കമ്പനികളാണ് ഇന്ത്യയില്‍ ആപ്പിളിന് വേണ്ടി ഐഫോണ്‍ നിര്‍മിക്കുന്നത്. കൂടുതല്‍ കമ്പനികള്‍ നിര്‍മാണത്തിലേക്കെത്താന്‍ ഒരുങ്ങുകയാണ്. ഏപ്രില്‍ 2024നും ജനുവരി 2025നും ഇടയില്‍ ഒരു ലക്ഷം കോടി രൂപ വിലവരുന്ന ഐഫോണുകളാണ് ഇന്ത്യയില്‍ നിന്ന് ഈ കമ്പനികള്‍ കയറ്റി അയച്ചത്. കയറ്റുമതിയിലെ വര്‍ധനവ് ഇന്ത്യയുടെ സാധ്യതയാണ് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിര്‍മാണം വര്‍ധിപ്പിക്കാനായി പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീസ് സ്‌കീമിന് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. 8700 കോടി രൂപയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സബ്സിഡി ആയി നല്‍കുന്നത്. ആപ്പിളിന് വേണ്ടി ഐഫോണ്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് 75 ശതമാനം സബ്സിഡി ലഭിക്കുന്നുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയോ? 

ട്രംപ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫ് മൂലം ചൈനയില്‍ അസംബിള്‍ ചെയ്യുന്ന ഐഫോണുകള്‍ അമേരിക്കയിലേക്ക് എത്തുമ്പോഴേക്കും വലിയ നികുതിയാണ് ആപ്പിളിന് നല്‍കേണ്ടി വരിക. അങ്ങനെയിരിക്കെ ഐഫോണ്‍ നിര്‍മാണത്തിനായി താരതമ്യേന താരിഫ് കുറവുള്ള ഇന്ത്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളെ തിരഞ്ഞെടുക്കാനുള്ള സാധ്യതയായിരുന്നു മുന്നിലുണ്ടായിരുന്നത്. ഇന്ത്യയിലാവട്ടെ ഐഫോണ്‍ നിര്‍മാണം ഇതിനോടകം ആരംഭിച്ചും കഴിഞ്ഞു. താരിഫ് യുദ്ധത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ ഹബ്ബായി വളരാനുള്ള സാധ്യതകള്‍ ഇന്ത്യയ്ക്ക് മുന്നിലുണ്ടായിരുന്നു. പ്രത്യേകിച്ച് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിര്‍മാണം വര്‍ധിപ്പിക്കാനും വിപുലീകരണം നടത്താനും ആപ്പിള്‍ കമ്പനി തയ്യാറെടുക്കുന്ന സ്ഥിതിക്ക്. ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന ഫോണുകള്‍ ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ മാര്‍ക്കറ്റായ അമേരിക്കയിലേക്ക് വിമാനം കയറുന്ന സ്വപ്‌നങ്ങളാണ് ട്രംപ് മുളയിലേ നുള്ളിയത്. 

placeholder

താരിഫ് അപ്രതീക്ഷിതം, ചെലവേറും, സമ്മര്‍ദത്തില്‍ ടിം കുക്ക്

മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന് പിന്നാലെയാണ് മൊബൈല്‍ ഫോണ്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് നിര്‍ണായകമായ പ്രഖ്യാപനം നടത്തിയത്. അതിന് മുന്‍പുതന്നെ അമേരിക്കയില്‍ ആപ്പിളിന്റെ നിര്‍മാണം ശക്തിപ്പെടുത്താന്‍ ട്രംപ് ടിം കുക്കിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ താരിഫുകള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫുകളില്‍ ഒന്നാണ്. അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യ പ്രധാന വിപണിയാവുന്നതിന് തടസ്സമാവുന്നത് ഇന്ത്യയിലെ താരിഫ് നിരക്കുകളാണെന്നും അതിനാല്‍ അമേരിക്കയില്‍ നിര്‍മാണം കേന്ദ്രീകരിക്കണമെന്നുമായിരുന്നു ട്രംപ് കുക്കിനോട് പറഞ്ഞത്. എന്നാല്‍ കുക്ക് ഇതിനോട് അനുകൂലമായി പ്രതികരിക്കാത്തതിനാലാണ് ഫോണ്‍ കമ്പനികള്‍ക്ക് നേരെ താരിഫ് നിബന്ധന വെയ്ക്കാന്‍ ട്രംപ് നിര്‍ബന്ധിതനായതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 

ഐഫോണുകള്‍ നിര്‍മിക്കുന്നത് എവിടെയെന്നത് താരിഫുമായി ബന്ധപ്പെട്ടതാണെന്നും അമേരിക്കയിലെ നിര്‍മാണം ആപ്പിളിന് ചെലവേറിയതാണെന്നും ടിം കുക്ക് ട്രംപിനെ ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഉയര്‍ന്ന വേതനവും മറ്റ് ചെലവുകളും കാരണം ഐഫോണ്‍ നിര്‍മ്മാണം അമേരിക്കയിലേക്ക് മാറ്റുന്നത് ഉത്പാദനച്ചെലവ് ഗണ്യമായി വര്‍ധിപ്പിക്കും. ഈ അധിക ചെലവ് ഫോണ്‍ വിലയിലേക്ക് മാറ്റാന്‍ കമ്പനി ശ്രമിച്ചാല്‍ അത് ഉപഭോക്താക്കൾ ഇരട്ടി ചെലവാക്കുന്നതിലേക്ക് നയിക്കുന്നതിലേക്ക് എത്തിക്കുമെന്നുമാണ് മാര്‍ക്കറ്റിങ് വിദഗ്ധരും പറയുന്നത്. ഏഷ്യയില്‍ ശക്തമായ വേരോട്ടമുള്ള ആപ്പിള്‍ കമ്പനിക്ക് അവരുടെ ഉത്പാദനം അമേരിക്കയിലേക്ക് മാറ്റുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുമേറെയാണെന്നാണ് വിദഗ്ധാഭിപ്രായം. 

എന്‍വിഡിയ, എഎംഡി, സിറ്റിഗ്രൂപ്പ്, ഓപ്പണ്‍ എഐ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ അമേരിക്കന്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ക്കൊപ്പമായിരുന്നു ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം. എന്നാല്‍ ആപ്പിള്‍ പ്രതിനിധിയുടേയും ടിം കുക്കിന്റേയും അസാന്നിധ്യം ഇതില്‍ ചര്‍ച്ചയായി. പ്രതിനിധി സംഘത്തില്‍ ചേരാനുള്ള ക്ഷണം അദ്ദേഹം നിരസിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തനിക്കൊപ്പമുള്ള സന്ദര്‍ശനം ടിം കുക്ക് ഒഴിവാക്കിയതില്‍ പ്രകോപിതനായാണ് താരിഫുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിലേക്ക് ട്രംപിനെ എത്തിച്ചതെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. യാത്രയ്ക്കിടെ പല തവണ ട്രംപ് ടിം കുക്കിന്റെ അസാന്നിധ്യം പരാമര്‍ശിച്ചുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുക്കുമായി തനിക്ക് ചെറിയ പ്രശ്‌നമുള്ളതായിപ്പോലും ട്രംപ് ഖത്തറില്‍വെച്ച് പറഞ്ഞിരുന്നു. കാരണം എന്തായാലും ട്രംപിന്റെ പുതിയ തീരുമാനം അമേരിക്കയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് ടിം കുക്കിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുമുണ്ട്. 

ഇക്കഴിഞ്ഞ ഏപ്രിലിലാണ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചത്. താരിഫിന് പിന്നാലെ വന്ന വ്യാപാര പ്രതിസന്ധി നേരിടാന്‍ ആപ്പിള്‍ ഒരുങ്ങുന്നതിനിടെയാണ് പുതിയ തീരുവ ഭീഷണി. നേരത്തെയുള്ള താരിഫ് സമയപരിധി മറികടക്കാനും നഷ്ടസാധ്യത ഇല്ലാതാക്കാനും യു.എസിലേക്കുള്ള ഐഫോണുകളുടെ കയറ്റുമതി ആപ്പിള്‍ കമ്പനി വേഗത്തിലാക്കിയിരുന്നു. ഇന്ത്യയില്‍ നിന്ന് പതിനഞ്ച് ലക്ഷം ഐഫോണുകളാണ് ആപ്പിള്‍ യുഎസ്സിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കയറ്റി അയച്ചത്. താരിഫ് നടപ്പാക്കുന്നത് വൈകിപ്പിച്ചതും കമ്പനിക്ക് ഗുണം ചെയ്തു. എങ്കിലും 25 ശതമാനം തീരുവ എന്ന മുന്നറിയിപ്പ് ആപ്പിളടക്കമുളള ഫോണ്‍ നിര്‍മാതാക്കളെ സംബന്ധിച്ച് തീര്‍ത്തും അപ്രതീക്ഷിതമാണ്. ഇത് സെപ്തംബറില്‍ ഐഫോണ്‍ 17 പുറത്തിറക്കുകയെന്ന ആപ്പിളിന്റെ പദ്ധതികള്‍ക്കും ആശങ്ക തീര്‍ക്കുകയാണ്. ആപ്പിള്‍ കമ്പനിയുടെ അടുത്ത പാദത്തിലെ വരുമാനത്തിലും ഇത് പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

placeholder
File Photo | Agencies
ഇലോണ്‍ മസ്ക്, ഡൊണാൾഡ് ട്രംപ്

ട്രംപും കുക്കും മസ്‌കും-മാറുന്ന ബന്ധങ്ങള്‍

ആദ്യ ഭരണകാലത്ത് ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളാണ് ആപ്പിള്‍ സിഇഒ ടിം കുക്ക്. നികുതി, കുടിയേറ്റ നയങ്ങള്‍, പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചില നിലപാടുകളെ ഉള്‍പ്പെടെയുള്ള ട്രംപിന്റെ ചില നയങ്ങളെ കുക്ക് വിമര്‍ശിച്ചിരുന്നെങ്കില്‍ പോലും അദ്ദേഹം ഒരു നല്ല ബിസിനസ്സുകാരനാണെന്ന് ട്രംപ് പലകുറി പറഞ്ഞിട്ടുണ്ട്. ട്രംപിനൊപ്പം ഒട്ടേറ തവണ ഡിന്നര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കുകയും മാധ്യമങ്ങളെ അഭിസംബോധന ചെയ്യാനും കുക്ക് പ്രത്യക്ഷപ്പെട്ടിരുന്നു. എങ്കിലും അമേരിക്കയില്‍ ആപ്പിള്‍ കമ്പനിക്കുള്ള താരിഫുകളില്‍ ചര്‍ച്ച വേണമെന്ന് ടിം കുക്ക് അന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ നിര്‍മിക്കുകയെന്നത് അന്നും ട്രംപ് മുന്നോട്ടുവെച്ച ആവശ്യം തന്നെ. 

രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ടപ്പോഴും അടുത്ത സൗഹൃദം തന്നെയായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. ട്രംപിന്റെ സ്ഥാനാരോഹണത്തിന് ഒരു മില്ല്യണ്‍ ഡോളര്‍ ആണ് കുക്ക് സംഭാവന നല്‍കിയത്. വൈറ്റ് ഹൗസില്‍ നടക്കുന്ന പരിപാടികളില്‍ കുക്ക് സ്ഥിരം സാന്നിധ്യമായി. എന്നാല്‍ പോകെപ്പോകെ അതല്ല സ്ഥിതി, അടുത്തിടെ വൈറ്റ് ഹൗസില്‍ നടന്ന ഒരു എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാന്‍ കുക്ക് എത്തിയില്ല. ഇരുവരും ഒരേവേദികള്‍ പങ്കിടുന്നത് വിരളമായി. ഇതിനുപുറമേയാണ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് ട്രിപ്പില്‍ നിന്ന് കുക്ക് മാറി നിന്നത്. എന്‍വിഡിയ, എഎംഡി, സിറ്റിഗ്രൂപ്പ്,ഓപ്പണ്‍ എഐ തുടങ്ങിയ വന്‍കിട കമ്പനികള്‍ ട്രംപിനൊപ്പം യാത്രയ്ക്കുണ്ടായിരുന്നു. ആപ്പിള്‍ സിഇഒയുടെ അസാന്നിധ്യം ശ്രദ്ധേയയമായിരുന്നു. സന്ദര്‍ശനത്തില്‍ പങ്കെടുക്കാനുള്ള ട്രംപിന്റെ ക്ഷണം കുക്ക് നിരസിച്ചുവെന്നാണ് ഇതിന്മേല്‍ വന്ന റിപ്പോര്‍ട്ടുകള്‍. സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചുവന്നതിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ താരിഫ് പ്രഖ്യാപനം. എന്തായാലും അമേരിക്കയും ട്രപും ആപ്പിളുമായും ടിം കുക്കുമായും അത്ര രസത്തില്‍ അല്ലെന്ന സൂചനകളാണ് ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 

ഒരുകാലത്ത് ട്രംപിന്റെ പോസ്റ്റുകളില്‍ നിറഞ്ഞുനിന്നയാളായിരുന്നു മസ്‌ക്. എന്നാല്‍ ഇലോണ്‍ മസ്‌കുമായും ട്രംപ് ഇടഞ്ഞുനില്‍ക്കുന്ന സ്ഥിതിയാണുള്ളത്. യുഎസ് സര്‍ക്കാരിന്റെ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനായി രൂപം നല്‍കിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ (doge)  നേതൃനിരയിലായിരുന്നു മസ്‌ക്. ട്രംപ് ഭരണകൂടത്തിലെ പദവികളില്‍ നിന്നും സജീവപ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിയുന്നുവെന്ന് അടുത്തിടെയാണ് മസ്‌ക് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ വകുപ്പുകളുടെ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നതും ആയിരക്കണക്കിന് ആളുകളെ പിരിച്ചുവിട്ടതും തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ മസ്‌കിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. ട്രംപിന്റെ താരിഫ് തന്ത്രത്തോട് മസ്‌ക് സ്ഥിരമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സീറോ താരിഫ് എന്നതാണ് മസ്‌കിന്റെ നയം. ട്രംപിന്റെ പോസ്റ്റുകളിലൊന്നും ഇപ്പോള്‍ മസ്‌കിന് പരാമര്‍ശങ്ങളില്ല. താരിഫ്, അമേരിക്കയിലെ നിര്‍മാണം തുടങ്ങിയ ചര്‍ച്ചകളില്‍ സിലിക്കണ്‍ വാലിയുമായി ആകെ ഇടഞ്ഞുനില്‍ക്കുന്നതാണോ ട്രംപ് എന്നാണ് സോഷ്യല്‍ മീഡിയയുടേയും ചോദ്യം. ജെഫ് ബെസോസുമായിട്ടായിരുന്നു ആദ്യത്തെ കലഹം. പിന്നാലെ മസ്‌കും കുക്കും ആ പട്ടികയിലേക്ക് കയറിയിരിക്കുകയാണ്. അമേരിക്കയില്‍ നിര്‍മിച്ചില്ലെങ്കില്‍ 25 നികുതിയെന്ന ട്രംപിന്റെ ഭീഷണി ആപ്പിള്‍ എങ്ങനെയാണ് നേരിടുകയെന്നതാണ് ഇനി ചോദ്യം.