വില കൂടിയ ഫോണുകൾ വാങ്ങുമ്പോൾ, പ്രത്യേകിച്ചും ഐഫോണുകൾ വാങ്ങുമ്പോൾ അത് പരമാവധികാലം കേടുകൂടാതെ ഉപയോഗിക്കാനാഗ്രഹിക്കുന്നവരാണ് മിക്ക ഉപയോക്താക്കളും. അതുകൊണ്ടുതന്നെ ഫോണിനെ വീഴ്ചയിൽ നിന്ന് സംരക്ഷിക്കുന്ന ബാക്ക് കേയ്സുകളും, സ്ക്രീൻ പ്രൊട്ടക്ഷനുകളും മിക്കവരും ഉപയോഗിക്കുന്നു. എന്നാൽ ആപ്പിളിന്റെ ഹാർഡ് വെയർ എഞ്ചിനീയറിങ് വിഭാഗത്തിന്റെ പുതിയ വൈസ് പ്രസിഡന്റ് ടോം മരീബിന് നിങ്ങൾ നിങ്ങളുടെ ഐഫോണിൽ സ്ക്രീൻ പ്രൊട്ടക്ടറുകൾ ഉപയോഗിക്കുന്നത് ഇഷ്ടമല്ല.

To advertise here,

ആരെങ്കിലും ഐഫോണിൽ സ്‌ക്രീൻ പ്രൊട്ടക്റ്റർ പതിപ്പിക്കുന്നത് കാണുന്നത് തന്നെ അദ്ദേഹത്തിന് അസഹ്യമാണ് എന്ന് ടെക്ക് റഡാറിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ആപ്പിളിന്റെ പുതിയ മേധാവിയായി ജോൺ ടെർനസ് ചുമതലയേറ്റതിന് ശേഷമാണ് കമ്പനിയുടെ ഹാർഡ് വെയർ എഞ്ചിനീയറിങ് വിഭാഗം വൈസ് പ്രസിഡന്റായി ടോം മരീബിനെ നിയമിച്ചത്.

സ്ക്രീൻ പ്രൊട്ടക്ടറിന്റെ ഉപയോഗം ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്. ഐഫോണിന്റെ ഫ്രണ്ട് സ്ക്രീനുകൾ നിർമിക്കാൻ തങ്ങൾ ഏറെ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

ഏറെ പരിശ്രമങ്ങളിലൂടെയാണ് പുതിയ ഐഫോണുകളിലെ സെറാമിക് ഷീൽഡ് 2 തയ്യാറാക്കിയതെന്നും പോറലുകൾ പ്രതിരോധിക്കുന്നതിനൊപ്പം തേയ്മാനം ചെറുക്കാനും അതിനാവുമെന്നും മരീബ് പറഞ്ഞു.

ഐഫോൺ 17 സീരീസിനൊപ്പം 2025-ലാണ് ആപ്പിൾ സെറാമിക് ഷീൽഡ് 2 അവതരിപ്പിച്ചത്. ഇപ്പോൾ പുറത്തിറങ്ങിയ 18 പ്രോ മോഡലുകളിലും ഇത് തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. ഐഫോൺ ഡ്യുവോയുടെ പുറത്തുള്ള സ്ക്രീനിലും സെറാമിക് ഷീൽഡ് 2 സംരക്ഷണമുണ്ട്. മുൻ പതിപ്പിനേക്കാൾ മൂന്നിരട്ടി സ്ക്രാച്ച് റെസിസ്റ്റന്റാണ് സെറാമിക് ഷീൽഡ് 2 എന്ന് ആപ്പിൾ പറയുന്നു.

എന്നാൽ ഡ്രോപ്പ് റെസിസ്റ്റൻസ് അഥവാ വീഴ്ച തടയാനുള്ള ശേഷി എത്രത്തോളം മെച്ചപ്പെട്ടിട്ടുണ്ടെന്ന് കമ്പനി പറയുന്നില്ല. മറ്റേതൊരു സ്മാർട്ഫോൺ ഗ്ലാസിനേക്കാൾ ഉറപ്പുള്ളതാണെന്ന് മാത്രമാണ് കമ്പനി അവകാശപ്പെടുന്നത്.

ഐഫോൺ സ്ക്രീൻ ഗാർഡ് ഒഴിവാക്കണോ?

എങ്കിലും കേവലം സ്ക്രീനിൽ വരവീഴുമെന്നോ സ്ക്രീനിന് തേയ്മാനമുണ്ടാകുമെന്നോ ഭയന്നല്ല ആളുകൾ സ്ക്രീൻ ഗാർഡുകൾ ഉപയോഗിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. ഐഫോണുകൾക്ക് സംഭവിക്കുന്ന ചെറിയ വീഴ്ചകളിൽ ഡിസ്പ്ലേയ്ക്ക് സംരക്ഷണം നൽകാൻ ഇത്തരം സ്ക്രീൻ പ്രൊട്ടക്ടർ ഗ്ലാസുകൾക്ക് സാധിക്കാറുണ്ട്. വീഴ്ചയുടെ ആഘാതം ആദ്യം ഏറ്റുവാങ്ങുന്നത് പുറത്ത് ഒട്ടിച്ചുവെക്കുന്ന ഇത്തരം ടെമ്പർഡ് ഗ്ലാസുകളാണ്. മൂർച്ചയുള്ളതോ കാഠിന്യമേറിയതോ ആയ വസ്തുക്കളുമായി ഡിസ്പ്ലേ ഉരസിയാലുണ്ടാകുന്ന ആഘാതങ്ങളും തടയാൻ ഇവ സഹായിക്കാറുണ്ട്. ഏതെങ്കിലും വിധത്തിൽ ഐഫോൺ സ്ക്രീൻ പൊട്ടിപ്പോയാൽ അത് മാറ്റി വെക്കാനുള്ള ചെലവ് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അതിഭീമമായിരിക്കും. ഇവിടെയാണ് ഇത്തരം സ്ക്രീൻ ഗാർഡുകൾ പ്രയോജനപ്പെടുന്നത്.