ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം 25% വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ ലക്ഷ്യമിടുന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. നിലവില്‍ ആപ്പിളിന്റെ ആകെ ഉല്പാദനത്തിന്‍റെ അഞ്ച് ശതമാനം മുതല്‍ ഏഴ് ശതമാനം വരെയാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും തിങ്കളാഴ്ച നടന്ന ഒരു കോണ്‍ഫറന്‍സില്‍ മന്ത്രി പറഞ്ഞു. 

To advertise here,

'ആപ്പിള്‍ മറ്റൊരു വിജയകഥയാണ്, അവര്‍ക്ക് ഇന്ത്യയില്‍ ഇതിനകം അഞ്ച് മുതല്‍ ഏഴ് ശതമാനം നിര്‍മാണം നടക്കുന്നുണ്ട്. എനിക്ക് തെറ്റ് പറ്റിയിട്ടില്ലെങ്കില്‍, അവരിപ്പോള്‍ ഇന്ത്യയിലെ ഉത്പാദനം 25% വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുകയാണ്. ഇന്ത്യയില്‍ നിര്‍മിച്ച പുതിയ മോഡലുകള്‍ ഇപ്പോള്‍ അവര്‍ക്കുണ്ട്', പിയൂഷ് ഗോയല്‍ പറഞ്ഞു.

അതേസമയം കമ്പനി അത്തരം ഒരു പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. എന്ന് മുതലാണ് ആപ്പിള്‍ ഇന്ത്യയിലെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നും ഗോയല്‍ വ്യക്തമാക്കിയില്ല. ഇതിനിടെ, ആപ്പിള്‍ ഐഫോണുകളുടെ പ്രധാന നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍ ഇന്ത്യയിലെ ഫാക്ടറി ജീവനക്കാരുടെ എണ്ണം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നാല് മടങ്ങായി വര്‍ധിപ്പിക്കാനുള്ള പദ്ധതിയിലാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഡിസംബറില്‍ 100 കോടി ഡോളറായി വര്‍ധിച്ചതായി കേന്ദ്ര ഐടി മന്ത്രി തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. ചൈനയിലെ കോവിഡ് സാഹചര്യവും ലോക്ക്ഡൗണും ചൈനയില്‍ നിന്നുള്ള ഉത്പാദനത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ആപ്പിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ ഇന്ത്യ ഉള്‍പ്പടെ മറ്റ് രാജ്യങ്ങളിലേക്കും ഉത്പാദന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തുടങ്ങിയത്. 

2025 ഓടുകൂടി ആപ്പിളിന്റെ മൊത്തം ഉത്പാദനത്തിന്റെ കാല്‍ ഭാഗവും ചൈനക്ക് പുറത്തേക്ക് മാറുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.