അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ രാജ്യത്തുതന്നെ നിര്‍മ്മിക്കണമെന്ന് ആപ്പിളിനോട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ അല്ല അവ നിര്‍മിക്കേണ്ടതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിനെ അറിയിച്ചിട്ടുണ്ടെന്നും ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ ട്രംപ് മുന്നറിയിപ്പ് നല്‍കി. ചൈനയ്ക്കെതിരായ ട്രംപിന്റെ തീരുവ യുദ്ധത്തിനിടെ ഇന്ത്യയെ ഐഫോണുകളുടെ ഒരു ബദല്‍ നിര്‍മ്മാണ കേന്ദ്രമായി ആപ്പിള്‍ മാറ്റിക്കൊണ്ടിരിക്കുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കുമെന്നും അസംബിള്‍ ചെയ്യുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു, ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അല്ല. അങ്ങനെയല്ലെങ്കില്‍, കുറഞ്ഞത് 25 ശതമാനം തീരുവ ആപ്പിള്‍ നല്‍കേണ്ടിവരും - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആപ്പിള്‍ ഐഫോണുകളുടെ ഏറ്റവും വലിയ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഒന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. കമ്പനിയുടെ രാജ്യത്തെ നിര്‍മാണശാലകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12 മാസത്തിനുള്ളില്‍ 22 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട്ഫോണുകളാണ് ഉത്പാദിപ്പിച്ചത്. ഈ യുഎസ് ആസ്ഥാനമായ കമ്പനി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം 60 ശതമാനം വര്‍ധിപ്പിച്ചിരുന്നു. അതിനിടെയാണ് അമേരിക്കയില്‍ വിറ്റഴിക്കുന്ന ഐഫോണുകള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലല്ല നിര്‍മിക്കേണ്ടതെന്ന ട്രംപിന്റെ മുന്നറിയിപ്പ്.
ട്രംപിന്റെ മുന്നറിയിപ്പിനെക്കുറിച്ച് ആപ്പിള്‍ ഉടന്‍ പ്രതികരിച്ചില്ല. അതിനിടെ, ഒരു പ്രത്യേക കമ്പനിക്കുമേല്‍ ചുങ്കം ചുമത്താന്‍ ട്രംപിന് കഴിയുമോ എന്ന് വ്യക്തമല്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ജൂണ്‍ പാദത്തില്‍ അമേരിക്കയില്‍ വില്‍ക്കുന്ന തങ്ങളുടെ മിക്ക സ്മാര്‍ട്ട്ഫോണുകളും ഇന്ത്യയില്‍ നിന്നുള്ളവയായിരിക്കുമെന്ന് ഐഫോണ്‍ നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു.
Content Highlights: trump warns 25% tariff if phones made in india or any other place
Published: 23 May 2025, 06:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented