അഭ്യൂഹങ്ങൾക്കെല്ലാം ഒടുവിൽ ഫോൾഡബിൾ ഫോൺ ആപ്പിൾ പുറത്തിറക്കിയിരിക്കുന്നു. ആപ്പിളിന്റെ ഫോൾഡബിൾ ഫോൺ വരുന്നുവെന്ന വാർത്തൾ ഏറെക്കാലമായി കേൾക്കുന്നതിനാൽ ലോകമെങ്കും വളരെ ആകാംക്ഷയോടെയാണ് കഴിഞ്ഞ ദിവസം ആപ്പിൾ ഇവന്റ് വീക്ഷിച്ചത്. ഐഫോൺ ഡ്യുവോ എന്ന ഫോൾഡബിൾ ഫോണിന്റെ സവിശേഷതകൾ വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ അതിന്റെ ഉയർന്ന വിലയും സാമൂഹിക മാധ്യമങ്ങളിലടക്കം ചർച്ചയാകുകയാണ്.

To advertise here,

ഏകദേശം 3,00,000 രൂപ മുതലാണ് ഇന്ത്യയിലെ ഐഫോൺ ഡ്യൂവോയുടെ പ്രാരംഭവില. വിദേശത്തുള്ള ബന്ധുക്കളുടെ സഹായത്തോടെ അവിടെനിന്ന് ഡ്യുവോ വാങ്ങിയാൽ സാമ്പത്തിക നേട്ടമുണ്ടാകാം എന്ന ചർച്ചകൾ സജീവമാണ്. അതിനിടെ കുറഞ്ഞ വിലയിൽ ഐഫോൺ വാങ്ങാനും രണ്ട് ദിവസത്തെ വിദേശയാത്ര ആസ്വദിക്കാനുമുള്ള മികച്ച അവസരം ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തിയിട്ടുണ്ട്. ബാങ്കോക്കിൽപോയി ഐഫോൺ വാങ്ങുക എന്നതാണ് ചർച്ച ചെയ്യപ്പെടുന്ന ആശയം.

കണക്കുകൂട്ടൽ ഇങ്ങനെ:

ഐഫോൺ ഡ്യുവോയ്ക്ക് ഇന്ത്യയിൽ 2,99,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. തായ്‌ലൻഡിൽ ഇതിന് 78,999 തായ് ബാട്ട് ആണ് വില. അതായത് ഏകദേശം 2,30,000 രൂപ. ഐഫോൺ ഡ്യുവോ വാങ്ങുമ്പോൾ 70,000 രൂപ ലാഭിക്കാം. ഈ തുകകൊണ്ട് അവിടെ രണ്ട് ദിവസം താമസിക്കുകയും ചെയ്യാം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഐഫോൺ ഡ്യുവോ വിപണിയിലെത്തുന്ന ഒക്ടോബർ 23 മുതൽ ഒക്ടോബർ 25 വരെയുള്ള ദിവസങ്ങളിൽ ന്യൂഡൽഹിയിൽ നിന്നുള്ള ബാങ്കോക്കിലേക്കുള്ള റൗണ്ട് ട്രിപ്പ് ഫ്‌ളൈറ്റ് വെറും 27,000 രൂപയ്ക്ക് ബുക്ക് ചെയ്യാൻ കഴിയുമെന്ന് സ്‌കൈസ്‌കാനർ വെബ്സൈറ്റ് വ്യക്തമാക്കുന്നു. 30,000 രൂപ വിമാന ടിക്കറ്റിന് ചെലവഴിച്ചാലും 40,000 രൂപ ബാക്കിയുണ്ടാകും.

ബാങ്കോക്കിലെ മൂന്ന് മുതൽ നാല് സ്റ്റാർ വരെ നിലവാരമുള്ള ഹോട്ടലിന് ഏകദേശം 3,000 മുതൽ 5,000 രൂപ വരെ വാടക വരുമെന്ന് ഓൺലൈൻ ബുക്കിങ് പ്ലാറ്റ്‌ഫോമുകളിൽ കാണാൻ കഴിയും. അതായത് ഏകദേശം 10,000 രൂപയ്ക്ക് രണ്ട് രാത്രികളിലെ ബുക്കിംഗ് ലഭിക്കും. ഇതിന് ശേഷവും 30,000 ബാക്കിയുണ്ടാകും. ബാങ്കോക്കിലെ യാത്രയ്ക്കും ഭക്ഷണത്തിനും ഏകദേശം 15,000 രൂപ മാറ്റിവെച്ചാലും 15,000 രൂപ ബാക്കിയുണ്ടാകും. സന്ദർശക വിസയ്ക്ക് 3000 രൂപ ചെലവഴിച്ചാലും തുക ബാക്കിയുണ്ടാകും.

മറ്റ് രാജ്യങ്ങളിലെ വിലകൾ

ഐഫോൺ 18 പ്രോ

യുഎസിൽ ഐഫോൺ 18 പ്രോയ്ക്ക് 1,199 ഡോളറിലാണ് വില ആരംഭിക്കുന്നത് (ഏകദേശം 1.14 ലക്ഷം രൂപ). ജർമ്മനിയിൽ ഇതിന് 1,449 യൂറോ (ഏകദേശം 1.61 ലക്ഷം രൂപ മുതൽ). യുകെയിൽ ഇതിന്റെ വില £1,199 (ഏകദേശം 1.54 ലക്ഷം രൂപ) മുതലാണ്.

ചൈനയിൽ, ഐഫോൺ 18 പ്രോയ്ക്ക് 9,999 സി.എൻ.വൈ (CNY) മുതലാണ് വില ആരംഭിക്കുന്നത് (ഏകദേശം 1.42 ലക്ഷം രൂപയ്ക്ക് തുല്യം). ജപ്പാനിൽ, ഇതിന് 219,800 ജെ.പി.വൈ (JPY) മുതലാണ് വില( ഏകദേശം 1.37 ലക്ഷം രൂപ). യു.എ.ഇയിൽ ഐഫോൺ 18 പ്രോയ്ക്ക് 5,099 ദിർഹം മുതലാണ് വില ആരംഭിക്കുന്നത് (ഏകദേശം 1,32,075 രൂപ)

ഐഫോൺ 18 പ്രോ മാക്‌സ്

യുഎസിൽ ഐഫോൺ 18 പ്രോ മാക്‌സിന് 1,299 ഡോളറിലാണ് വില ആരംഭിക്കുന്നത് (ഏകദേശം 1.24 ലക്ഷം രൂപ). ജർമ്മനിയിലെ വില 1,599 യൂറോ ആണ് (ഏകദേശം 1.77 ലക്ഷം രൂപ). അതേസമയം യുകെയിലെ വില £1,299 ആണ് (ഏകദേശം 1.67 ലക്ഷം രൂപ).

ചൈനയിൽ പ്രോ മാക്‌സിന് 10,999 സി.എൻ.വൈ മുതലാണ് വില ആരംഭിക്കുന്നത് (ഏകദേശം 1.56 ലക്ഷം രൂപ). ജപ്പാനിൽ, ഇതിന് 239,800 ജെ.പി.വൈ മുതലാണ് വില (ഏകദേശം 1.49 ലക്ഷം രൂപ). യു.എ.ഇയിൽ ഐഫോൺ 18 പ്രോ മാക്‌സിന് 5,499 ദിർഹം മുതലാണ് വില ആരംഭിക്കുന്നത് (ഏകദേശം 1,42,435 രൂപ)

ഐഫോൺ ഡ്യുവോ

യുഎസിൽ ഐഫോൺ ഡ്യുവോയ്ക്ക് 1,999 ഡോളറിലാണ് വില ആരംഭിക്കുന്നത് (ഏകദേശം 1.90 ലക്ഷം രൂപ). ജർമ്മനിയിൽ ഇതിന് 2,299 യൂറോ (ഏകദേശം 2.55 ലക്ഷം രൂപ). യുകെയിൽ ഇതിന്റെ വില £1,999 ആണ് (ഏകദേശം 2.57 ലക്ഷം രൂപ).

ചൈനയിൽ 15,999 സി.എൻ.വൈ മുതലാണ് വില ആരംഭിക്കുന്നത് (ഏകദേശം 2.27 ലക്ഷം രൂപ). ജപ്പാനിൽ ഇതിന് 364,800 ജെ.പി.വൈ വിലവരുന്നു (ഏകദേശം 2.27 ലക്ഷം രൂപ). യു.എ.ഇയിൽ 8,499 ദിർഹം മുതലാണ് വില ആരംഭിക്കുന്നത് (ഏകദേശം 2,20,142 രൂപ).