നിയമം, വിൽപന, ധനകാര്യം, മാർക്കറ്റിങ്, ഡേറ്റ വർക്ക്ഫ്‌ലോ തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ പ്രത്യേക പ്ലഗിനുകളുള്ള എഐ ഏജന്റ് അമേരിക്കൻ കമ്പനിയായ ആന്ത്രോപ്പിക് പുറത്തിറക്കിയത് സോഫ്റ്റ്വേർ വ്യവസായത്തെ പ്രതിസന്ധിയിലാക്കി. ഇത് സോഫ്റ്റ്വേർ, സാസ് (സോഫ്റ്റ്വേർ ആസ് എ സർവീസ്) കമ്പനികളുടെ ഓഹരിമൂല്യത്തിൽ വലിയ ഇടിവുണ്ടാക്കി. ഇതിനെ 'സാസ്പോക്കാലിപ്സ്' (SaaSpocalypse) എന്നു വിളിക്കുന്നു. നിർമിതബുദ്ധിയുടെ വളർച്ചയിലെ പേടിപ്പിക്കുന്ന വേഗത്തെക്കുറിച്ചും അത് തുറക്കുന്ന സാധ്യതകളെക്കുറിച്ചും സംസാരിക്കുന്നു കേരളത്തിലെ ഡിജിറ്റൽ സർവകലാശാലയിലെ ഗവേഷണവിഭാഗം ഡീൻ ഡോ. എസ്. അഷ്‌റഫ്.

To advertise here,

'ആന്ത്രോപ്പിക്' പോലുള്ള കമ്പനികൾ പുതിയ ടൂളുകൾ പുറത്തിറക്കിയതോടെ സോഫ്റ്റ്വേർ രംഗത്ത് വലിയ പരിഭ്രാന്തിയുണ്ട്. എന്താണ് ഇതിന്റെ യാഥാർഥ്യം?

നാം മുമ്പ് കണ്ടിട്ടുള്ള പ്രോസസ് ഓട്ടോമേഷനിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു ഘട്ടത്തിലേക്കാണ് നാം നീങ്ങുന്നത്. പണ്ട് നമ്മൾ കംപ്യൂട്ടറിൽ ചെയ്തിരുന്ന കാര്യങ്ങൾ സ്‌ക്രിപ്റ്റുകൾ ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യുന്ന രീതിയായിരുന്നു റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ. എന്നാൽ ഇന്ന് ആന്ത്രോപ്പിക് പോലുള്ള കമ്പനികൾ കൊണ്ടുവരുന്നത് ഏജന്റിക് എഐ എന്ന കൺസെപ്റ്റാണ്. ഇതൊരു ട്രാവൽ ഏജന്റിനെപ്പോലെയാണ്. നമുക്കൊരു യാത്ര പോകണമെങ്കിൽ ട്രാവൽ ഏജന്റിനോട് പറഞ്ഞാൽ മതി, അദ്ദേഹം ടിക്കറ്റ് ബുക്കിങ്, ഹോട്ടൽ, ലോക്കൽ ട്രാൻസ്പോർട്ടേഷൻ തുടങ്ങി ആദ്യാവസാനം വേണ്ടതെല്ലാം ചെയ്തുതരും. സമാനമായി, സോഫ്റ്റ്വേർ രംഗത്തും പല ഫങ്ഷനുകൾ (കോഡിങ്, ടെസ്റ്റിങ്, അനാലിസിസ്) ചെയ്യുന്ന എഐ ഏജന്റുകളുടെ ഒരു കൂട്ടം ഒന്നിച്ച് പ്രവർത്തിച്ച് നമുക്ക് ആവശ്യമായ സോഫ്റ്റ്വേർ നിർമിച്ചു നൽകുന്നു. ഇതിനെയാണ് ഏജന്റിക് സിസ്റ്റം എന്നു വിളിക്കുന്നത്. ഇത് കേവലം സ്‌ക്രിപ്റ്റുകൾ എഴുതുന്ന പഴയ ഓട്ടോമേഷനേക്കാൾ എത്രയോ മുകളിലാണ്.

ഇത് സോഫ്റ്റ്വേർ ഡെവലപ്മെന്റ് മേഖലയെ എങ്ങനെയാണ് ബാധിക്കുന്നത്?

തീർച്ചയായും വലിയ മാറ്റങ്ങൾ വരും. പണ്ട് നമ്മൾ 'അജൈൽ' (Agile) രീതിയിലാണ് സോഫ്റ്റ്വേർ നിർമിച്ചിരുന്നത്. പണ്ട് നമ്മൾ ആദ്യം ഒരു സോഫ്റ്റ്വേർ ഉണ്ടാക്കും, പിന്നീട് പലതവണ ഉപഭോക്താവിന്റെ ഫീഡ്ബാക്ക് എടുത്ത് വീണ്ടും വീണ്ടും അതിനെ റിഫൈൻ ചെയ്യും. മാസങ്ങൾ നീണ്ടുനിൽക്കുന്ന 'സ്പ്രിന്റുകൾ' വഴിയായിരുന്നു ഡെവലപ്മെന്റ് നടന്നിരുന്നത്. ഇപ്പോൾ സ്പ്രിന്റ് എന്ന കൺസെപ്റ്റ് തന്നെ പോയി. ആന്ത്രോപ്പിക്കിന്റെ 'ക്ലോഡ് കോഡ്' എന്ന കോഡിങ് ഏജന്റ്, മുമ്പ് ഒരുമാസം കൊണ്ട് എഴുതിയിരുന്ന കോഡ് ഒരു മണിക്കൂർ കൊണ്ടോ, ചിലപ്പോൾ ഒരു മിനിറ്റ് കൊണ്ടോ എഴുതിത്തരും. അതിൽ എന്തെങ്കിലും പ്രശ്‌നം കണ്ടാൽ രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് മുഴുവൻ വീണ്ടും ചെയ്യാൻ പറ്റും. പണ്ടാണെങ്കിൽ ആ പ്രത്യേകഭാഗത്തു പോയി നന്നാക്കേണ്ടിയിരുന്നു. ഇതിനുപകരം ഇപ്പോൾ എല്ലാ ഏജന്റുകളും ഒന്നിച്ച് കണക്ട് ചെയ്താൽ മതി.

 

ഒരുപാട് തൊഴിലുകൾ നഷ്ടപ്പെടില്ലേ?

 

എഐ വരുമ്പോൾ ചില തൊഴിലുകൾ നഷ്ടപ്പെടുമെന്നത് സത്യമാണ്. പണ്ട് കാളവണ്ടി ഓടിച്ചിരുന്ന ആൾ ഡ്രൈവിങ് പഠിച്ചാൽ അയാൾക്ക് ഓടിക്കാൻ വണ്ടിയുണ്ട്. അതുപോലെ എത്രയും പെട്ടെന്ന് പുതിയ സാങ്കേതികവിദ്യ പഠിച്ചെടുക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള വഴി. ആന്ത്രോപ്പിക് പോലുള്ള ഏജന്റിക് സിസ്റ്റങ്ങൾ സോഫ്റ്റ്വേർ സർവീസസ് മേഖലയെ അടിമുടി മാറ്റും. പണ്ട് നമ്മൾ ഒരു കാര്യം അങ്ങോട്ട് അയച്ച് പ്രോസസ്സ് ചെയ്ത് തിരികെ വാങ്ങുകയായിരുന്നു. എന്നാൽ ഇപ്പോൾ ബ്രൗസറിൽ ഇരിക്കുന്ന ഒരു പ്ലഗിന് നമ്മൾ ഉദ്ദേശിക്കുന്നത് മിനിറ്റുകൾക്കുള്ളിൽ ചെയ്തുതരാൻ സാധിക്കും. ഈ മാറ്റം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദഗ്ധരെ ഒന്നിപ്പിക്കാനും നമ്മൾ ഇതുവരെ കേട്ടിട്ടില്ലാത്ത രോഗങ്ങൾക്ക് പോലും മരുന്നുകൾ കണ്ടെത്താനും സഹായിക്കും.

നമുക്കു മുന്നിലെ സാധ്യതകൾ

എന്റെ മനസ്സിലൊരു സിനിമയുണ്ടെന്നു കരുതുക. അതുണ്ടാക്കാനുള്ള പല കാര്യങ്ങളും എഐ എനിക്ക് നേരത്തെ ചെയ്തു തരും. എഐ കമ്പ്യൂട്ടേഷൻ എളുപ്പമാക്കി കൂടുതൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്നു. ആർപിഎയിലെ (ഏജന്റ് റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ) ഏജന്റ് വെറും കംപ്യൂട്ടർ പ്രോഗ്രാം ആയിരുന്നെങ്കിൽ ഇപ്പോഴത്തെ ഏജന്റിക് സിസ്റ്റത്തിലെ ഏജന്റിനെ ഇന്റലിജന്റ് ആർപിഎ എന്നു വിളിക്കാവുന്നതാണ്.

എഐ ഏജന്റുകൾ സ്വയം കോഡ് എഴുതുകയും സോഫ്റ്റ്വേർ നിർമിക്കുകയും ചെയ്യുമ്പോൾ മനുഷ്യന്റെ റോളിൽ വരുന്ന മാറ്റം

എഐ കൊണ്ടുവരുന്ന ഏറ്റവും വലിയ മാറ്റം 'അബണ്ടൻസ്' (Abundance) അഥവാ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ആധിക്യമാണ്. പണ്ട് ഒരുവർഷം കൊണ്ട് അഞ്ച് ബാങ്കുകളെ ഓട്ടോമേറ്റ് ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് 50 ബാങ്കുകളെ ഓട്ടോമേറ്റ് ചെയ്യാൻ എഐക്ക് സാധിക്കും. ഇവിടെയാണ് മനുഷ്യന്റെ പ്രസക്തി വർധിക്കുന്നത്. എഐ ചെയ്യുന്ന കാര്യങ്ങൾ ശരിയാണോ എന്ന് പരിശോധിക്കേണ്ടത് മനുഷ്യനാണ്.

നമ്മുടെ ഏജന്റിക് സിസ്റ്റത്തിൽ എഐ ഏജന്റുകൾ കോഡ് എഴുതുകയും ടെസ്റ്റ് ചെയ്യുകയും ചെയ്യുമ്പോഴും, അവ മനുഷ്യൻ ഇല്ലാതെ പൂർണമായി പ്രവർത്തിക്കുന്നില്ല. ഏജന്റുകളിൽ ഹ്യൂമൻ പ്ലഗിൻസ് ആവശ്യമുണ്ട്. മുമ്പ് ഒരു ഡെവലപ്പർ കോഡെഴുതാൻ സമയം ചിലവഴിച്ചിരുന്നെങ്കിൽ, ഇന്ന് അയാൾ ആ കോഡ് നോക്കിയിട്ട് 'ഇതുതന്നെയാണ് എന്റെ മനസ്സ് ഉദ്ദേശിച്ചത്' എന്ന് സാധൂകരിച്ച് ടിക്ക് ചെയ്താൽ മതിയാകും. ആവശ്യപ്പെട്ടതും ലഭിച്ചതും കൃത്യമാണോ എന്ന് ഉറപ്പുവരുത്തുന്നത് മനുഷ്യന്റെ വലിയ ഉത്തരവാദിത്തമായി മാറും.

ഈ സാങ്കേതികമായ സാധൂകരണത്തിനപ്പുറം, മനുഷ്യന്റെ തനതായ കഴിവുകൾക്ക് എവിടെയാണ് പ്രസക്തി?

എഐക്ക് ഒരിക്കലും ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, ഒരു സോഫ്റ്റ്വേറിന്റെ എസ്തറ്റിക്‌സ് അഥവാ സൗന്ദര്യശാസ്ത്രപരമായ വശങ്ങൾ. ഒരു സ്‌ക്രീനിന്റെ വലതുവശത്ത് ഒരു ബട്ടൺ വരണമെന്നും അത് കണ്ണിന് എത്രത്തോളം ഇമ്പമുള്ളതായിരിക്കണം എന്നും തീരുമാനിക്കുന്നത് മനുഷ്യന്റെ മനസ്സാണ്. രൂപകൽപനാ കാര്യങ്ങളിൽ മനുഷ്യന്റെ തീരുമാനം അനിവാര്യമാണ്.

മനുഷ്യൻ പണ്ട് കഠിനമായ അധ്വാനത്തിന് ചിലവഴിച്ച സമയം ഇനി കൂടുതൽ സർഗാത്മകമായ കാര്യങ്ങൾക്കായി ഉപയോഗിക്കാം. ഇതിനെ 'ഡു മോർ വിത്ത് ലെസ്' എന്നാണ് വിളിക്കുന്നത്. പണ്ട് മസിലുകൾ ഉപയോഗിച്ച് ചെയ്തിരുന്ന ജോലികൾ മെഷീനുകൾ ഏറ്റെടുത്തതുപോലെ, ഇന്ന് മസ്തിഷ്‌കം ഉപയോഗിച്ച് ചെയ്തിരുന്ന പല കാര്യങ്ങളും എഐ ഏറ്റെടുക്കുന്നു. ഇത് മനുഷ്യനെ കൂടുതൽ മാനുഷികത ഉള്ളവനായിരിക്കാൻ സഹായിക്കുന്നു.

ആരോഗ്യരംഗത്ത് ഈ സാധൂകരണം എങ്ങനെയാണ് പ്രവർത്തിക്കുന്നത്? 'ഡിജിറ്റൽ റാറ്റ്', 'ഡിജിറ്റൽ ട്വിൻ' എന്നിവ ഇതിൽ എന്ത് പങ്ക് വഹിക്കുന്നു?

ശാസ്ത്ര ഗവേഷണത്തിൽ വാലിഡേഷൻ എന്നത് വളരെ ചെലവേറിയതും സമയമെടുക്കുന്നതുമായ ഒന്നാണ്. ഉദാഹരണത്തിന്, പുതിയൊരു മരുന്ന് കണ്ടുപിടിക്കുമ്പോൾ അത് ആയിരക്കണക്കിന് എലികളിൽ പരീക്ഷിക്കേണ്ടി വരുന്നു. എന്നാൽ ഒരു ഡിജിറ്റൽ റാറ്റ് അഥവാ എലിയുടെ ഡിജിറ്റൽ ഇരട്ട ഉണ്ടാക്കാൻ സാധിച്ചാൽ, നൂറ് എലികളിൽ ചെയ്യേണ്ട പരീക്ഷണം അഞ്ച് എലികളിൽ ഒതുക്കാൻ സാധിക്കും. ഇതേ സാങ്കേതികവിദ്യ മനുഷ്യന്റെ കാര്യത്തിലും ഉപയോഗിക്കാം.

പ്രമേഹം പോലുള്ള രോഗങ്ങളുടെ ചികിത്സയിൽ ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യ ഇന്ന് ഉപയോഗിക്കുന്നുണ്ട്. ഒരു പേഷ്യന്റിന് മരുന്ന് നൽകുന്നതിന് മുമ്പ് അയാളുടെ ഡിജിറ്റൽ ഇരട്ടയിൽ ആ മരുന്ന് എങ്ങനെയൊക്കെ പ്രവർത്തിക്കുന്നു എന്ന് പരീക്ഷിച്ചുനോക്കാൻ സാധിക്കും. കരളിൽ മരുന്നെത്തുമ്പോൾ എത്രത്തോളം ആഗിരണം ചെയ്യപ്പെടുന്നു, എത്രത്തോളം പുറന്തള്ളപ്പെടുന്നു എന്നതൊക്കെ കൃത്യമായി പഠിക്കാൻ ഇതിലൂടെ സാധിക്കും. ആയുർവേദ മരുന്നുകളുടെ ഫലപ്രാപ്തി ശാസ്ത്രീയമായി തെളിയിക്കാനും ഇത്തരം എഐ ടൂളുകൾ സഹായിക്കും. ഡോക്യുമെന്റേഷൻ ജോലികൾ നിർമിതബുദ്ധി ഏറ്റെടുക്കുമ്പോൾ ഡോക്ടർമാർക്ക് രോഗികളോട് കൂടുതൽ സമയം സഹാനുഭൂതിയോടെ സംസാരിക്കാൻ കഴിയും. മനുഷ്യരുടെ ഒരു പ്രൊഡക്ഷൻ ലൈനിനകത്തേക്ക് എഐ എടുത്തു വെച്ച് കാര്യങ്ങൾ എളുപ്പമാക്കുന്ന രീതിക്കു പകരം എഐയുടെ പ്രൊഡക്ഷൻ ലൈനിലേക്ക് മനുഷ്യർ കയറി അതിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും കൂടുതൽ മനുഷ്യപ്പറ്റുള്ളതാക്കാനും പറ്റും. അങ്ങനെയുള്ള ജോലികൾക്ക് അവസരം കൂടും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം സോഫ്റ്റ്വേർ സർവീസ് വലിയൊരു വരുമാന മാർഗ്ഗമാണ്. ആഗോളതലത്തിൽ വളരുന്ന 'ഇക്കണോമിക് നാഷണലിസം' ഇന്ത്യയുടെ ഐടി കയറ്റുമതിയെ ബാധിക്കുമോ?

ആഗോളതലത്തിൽ നിരവധി രാജ്യങ്ങൾ ഇന്ന് സ്വന്തം സാമ്പത്തിക താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഇക്കണോമിക് നാഷണലിസം പിന്തുടരുന്നുണ്ട്. മനുഷ്യരിലുള്ള ആശ്രിതത്വം കുറയ്ക്കാൻ നിർമിതബുദ്ധി അവരെ സഹായിക്കും. ഇതിനെ മറികടക്കാൻ ഒരു ജോലിക്കാരന് ഇത്ര വേതനം എന്ന നിലയിൽ സേവനങ്ങൾ നൽകുന്നതിന് പകരം ഇന്നൊവേഷൻ അധിഷ്ഠിതമായ പ്രോഡക്റ്റുകൾ നിർമിക്കുന്നതിലേക്ക് മാറണം.

നമ്മുടെ യുപിഐ, ആധാർ തുടങ്ങിയ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചറുകൾ ലോകത്തിന് മാതൃകയാണ്. 100 മില്യൺ ആളുകൾ ഉപയോഗിച്ച് പ്രൂവ് ചെയ്യപ്പെട്ട ഇത്തരം സൊല്യൂഷനുകൾ ലോകത്തിനു മുഴുവൻ ആവശ്യമുണ്ട്. സർവീസിൽനിന്ന് പ്രോഡക്റ്റ് ഡെവലപ്മെന്റിലേക്ക് മാറുന്നതാകണം ഇന്ത്യൻ കമ്പനികളുടെ നിലനിൽപ്പിനായുള്ള മന്ത്രം.

കേരളത്തിലെ സാഹചര്യത്തിലേക്ക് വരുമ്പോൾ, നാം എവിടെയാണ് നിൽക്കുന്നത്?

കേരളത്തിൽ എഐയെക്കുറിച്ച് പ്രസംഗിക്കുന്ന 'ഇവാഞ്ചലിസ്റ്റുകൾ' ഒരുപാടുണ്ട്. എന്നാൽ പണി അറിയാവുന്നവർ, അതായത് ഡീപ്പ് ടെക് അറിയാവുന്നവർ വളരെ കുറവാണ്. കേരളം എങ്ങും എത്താത്തതിന്റെ കാരണം ഈ ഇവാഞ്ചലിസ്റ്റുകളാണ്. ഒന്നും ചെയ്യാതെ ഇന്റർനെറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് എന്തൊക്കെയോ വായിച്ചു തള്ളുന്ന കുറെ ആൾക്കാരാണ്. കേരളത്തിൽ ഡീപ്പ് ടെക് എഐയിൽ ഒന്നും നടക്കുന്നില്ല, കുറച്ച് ആഘോഷങ്ങൾ മാത്രമേയുള്ളൂ. അതിനപ്പുറത്തേക്ക് ഡീപ്പ് ടെക് എഐയുടെ ഒരു കൺസോളിഡേഷനോ അല്ലെങ്കിൽ വളരെ ആത്മാർത്ഥമായ ശ്രമമോ ഞാൻ കാണുന്നില്ല. അതിന്റെ കാരണം, എല്ലാം പിപിടി പ്രഭാഷകരാണ് തീരുമാനിച്ചത് എന്നതാണ്. നമ്മളെപ്പോഴും ഉപയോക്താക്കളായിരുന്നു. അതാണ് പ്രശ്‌നം.

വിദ്യാഭ്യാസരംഗത്ത് എന്ത് മാറ്റമാണ് വേണ്ടത്?

'പ്രവൃത്തിയിലൂടെ പഠിക്കുക' എന്ന രീതിയിലേക്ക് മാറണം. ക്ലാസ്റൂം പ്രഭാഷണങ്ങൾ കുറച്ച് സ്റ്റാൻഫോർഡ് മോഡൽ ലാബുകൾക്ക് പ്രാധാന്യം നൽകണം. ഇൻഡസ്ട്രി എക്‌സ്പീരിയൻസ് ഉള്ളവർ അധ്യാപന രംഗത്തേക്ക് വരണം. അധ്യാപകർ കേവലം പ്രഭാഷകരാകാതെ കാര്യങ്ങൾ എളുപ്പമാക്കുന്ന എനേബ്ലർമാരായി മാറണം. എന്റെ അനുഭവത്തിൽ ഫിസിക്‌സോ മാത്സോ നന്നായി അറിയാവുന്ന കുട്ടികളെ വെറും മൂന്നുമാസം കൊണ്ട് ഏറ്റവും പുതിയ എഐ അൽഗോരിതങ്ങളിൽ പരിശീലിപ്പിച്ചെടുക്കാൻ സാധിക്കും. ലോജിക് അറിയുന്ന കുട്ടികൾക്ക് എഐ വേഗത്തിൽ പഠിക്കാൻ സാധിക്കും. ഇവരെയാണ് നാം വളർത്തിയെടുക്കേണ്ടത്.

കേരളം പണ്ട് സാക്ഷരതാ പ്രസ്ഥാനത്തിലൂടെ കൈവരിച്ച നേട്ടം പോലെ ഒരു എഐ പ്രസ്ഥാനം താഴെത്തട്ടിൽനിന്ന് വരണം, പതിനായിരക്കണക്കിന് എഐ ഡെവലപ്പർമാരെ നമ്മൾ സൃഷ്ടിക്കണം. സ്‌കൂൾതലത്തിൽ തന്നെ കുട്ടികൾക്ക് ടൂളുകൾ നൽകി അവരെ പഠിപ്പിക്കണം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ മാറ്റം കൊണ്ടുവരാനായില്ലെങ്കിൽ നമുക്ക് വലിയ അവസരങ്ങൾ നഷ്ടമാകും.