നിര്‍മിത ബുദ്ധിയും ഗണിതശാസ്ത്രവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു പാഠ്യ പദ്ധതി പരിഷ്‌കരണം ഈ പുതിയ കാലഘട്ടത്തില്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ അനിവാര്യമായിരിക്കുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന നവലോക ക്രമത്തില്‍ അതിജീവനം സാധ്യമാകണമെങ്കില്‍ ഇത്തരമൊരു പരിഷ്‌ക്കരണം
നിര്‍ണായകമാണ്. അമൃത വിശ്വവിദ്യാപീഠത്തിലെ ഗവേഷകര്‍ വികസിപ്പിച്ച ലളിതമായ ഗണിത രീതി, ഈ ദിശയില്‍ ഒരു നാഴികക്കല്ലാകുന്ന നേട്ടമാണ്.
1 . എഐ സ്വാധീനിക്കുന്ന നവലോകക്രമം
അമേരിക്കയും, ഇന്ത്യയുടെ അയല്‍ രാഷ്ട്രമായ ചൈനയുമെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ബില്യണ്‍ കണക്കിന് ഡോളറുകളാണ് മുതല്‍ മുടക്കുന്നത്. ഭാവിയിലെ തൊഴില്‍ മേഖലകള്‍ മുഖ്യപങ്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. ഈ അവസരത്തില്‍ ഇന്ത്യ പോലുള്ള ഉയര്‍ന്ന ജനസംഖ്യയുള്ള ഒരു രാജ്യം എഐ സാങ്കേതിക വിദ്യയുടെ വിഷയത്തില്‍ ഒട്ടും അമാന്തിച്ചു കൂടാ. അങ്ങിനെ വന്നാല്‍, ഈ രാജ്യത്ത് കോടിക്കണക്കിന് വരുന്ന മനുഷ്യരുടെ തൊഴിലവസരങ്ങളാണ് ഇരുളടയുക .

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് രംഗത്ത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാവാത്ത വന്‍ മുന്നേറ്റമാണ് ചൈന കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. ഡീപ്‌സീക്ക് (DeepSeek ) എന്ന പേരില്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി തന്നെ ചൈന ആരംഭിച്ചു. ഇന്ത്യയും തനത് എഐ സംവിധാനങ്ങള്‍ വികസിപ്പിച്ച് കൂടുതല്‍ സ്വയം പര്യാപ്തതയിലേക്കുയരാന്‍ ശ്രമിക്കേണ്ടതാണ്. വികസിച്ചു കൊണ്ടിരിക്കുന്ന ഒരു രാജ്യമെന്നുള്ള നിലയില്‍ അന്താരാഷ്ട്ര കിടമത്സരങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്കും മുന്നേറ്റം ഉണ്ടാക്കേണ്ടതുണ്ട്.
രാഷ്ട്രങ്ങളുടെ വ്യാപാര വിനിമയ സഖ്യങ്ങള്‍ അടക്കം തീരുമാനിക്കുന്നതില്‍ പുതിയ കാലത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖല പങ്കുവഹിക്കുന്നുണ്ട് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. ഈ സാഹചര്യത്തിലാണ് സ്‌കൂള്‍-കോളേജ് തലങ്ങളിലെ പാഠ്യ പദ്ധതികളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം വെളിവാകുന്നത്.
2. എ.ഐ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്‌കരണം
ഗണിത ശാസ്ത്രവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സമ്മേളിപ്പിച്ചു കൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്‌കരണം പുതിയ കാലഘട്ടത്തെ ആവശ്യകതയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഓരോ വിഷയവും മറ്റൊന്നുമായി ബന്ധമില്ലാതെ ഒറ്റക്കൊറ്റക്ക് നില്‍ക്കുന്ന സിസ്റ്റം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഓരോ വിഷയത്തിലേക്കും കമ്പ്യൂട്ടേഷന്‍ വ്യാപിപ്പിച്ച് കൊണ്ടുള്ള (കമ്പ്യൂട്ടേഷണല്‍ ഫിസിക്‌സ്, കമ്പ്യൂട്ടേഷണല്‍ മാത്സ്, etc ) മള്‍ട്ടിഡിസിപ്ലിനറി ഡിപ്പാര്‍ട്ടുമെന്റുകളായി സ്‌കൂള്‍ - കോളേജ് പഠന വിഭാഗങ്ങള്‍ മാറേണ്ടതുണ്ട്. ഇത്തരത്തിലുള്ള മാറ്റം പുതിയ സാങ്കേതികവിദ്യാ ലോകത്ത് അതിജീവനത്തിന് അനിവാര്യമാണ്

3. ഹാര്‍ഡ് വെയര്‍ ഉത്പാദനം, ടെക്‌നിക്കല്‍ ട്രെയിനിങ്
ഇന്ത്യ ഹാര്‍ഡ് വെയര്‍ നിര്‍മാണ രംഗത്ത് കൂടുതല്‍ മുന്നേറേണ്ടത് പ്രാധാന്യമേറിയ വസ്തുതയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മേഖലയെ വളരെ പരിമിതമായ രീതിയില്‍ പരിചയപ്പെടുത്തുന്ന കാര്യങ്ങള്‍ മാത്രമേ ഇന്ത്യന്‍ സ്‌കൂള്‍ തലങ്ങളില്‍ പാഠ്യ പദ്ധതിയില്‍ ഉള്ളൂ. ഈ സ്ഥിതി മാറേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഹൈസ്‌കൂള്‍ അല്ലെങ്കില്‍ പ്ലസ്ടു തലം തൊട്ടെങ്കിലും ഈ വിഷയങ്ങളില്‍ പ്രായോഗികവും സൈദ്ധാന്തികവുമായ പരിജ്ഞാനം ലഭിക്കേണ്ടതുണ്ട്.
4. സ്വീകരിക്കാവുന്നൊരു പാഠ്യ പദ്ധതി മാതൃക
അമൃത യൂണിവേഴ്‌സിറ്റിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം ഡീന്‍ ആയ പ്രൊഫസര്‍. കെ.പി. സോമന്റെ നേതൃത്വത്തില്‍ ഡോ.സുനില്‍ കുമാര്‍ , പ്രൊഫസര്‍. സായി സുന്ദര കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് വളരെ ലളിതമായ ഗണിത ശാസ്ത്ര രീതി മുന്നോട്ടുവക്കുന്നു. ഈ രീതി ഉപയോഗിച്ചു കൊണ്ട് മോഡേണ്‍ മെഷീന്‍ ലേണിങ്ങിന്റേയും, ചില തരം ഡീപ്പ് ലേണിങ്ങിന്റേയും പിന്നിലുള്ള തിയറി ഹയര്‍ സെക്കന്‍ഡറി മുതലുള്ള വിദ്യാര്‍ഥികളെ എളുപ്പത്തില്‍ പഠിപ്പിക്കാനാവും.
കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, ഈ ടീം മുന്നോട്ടു വക്കുന്നത് ഒരു മാട്രിക്‌സിന്റെ സ്യൂഡോ ഇന്‍വേഴ്‌സ് (pseudo inverse) കമ്പ്യൂട്ട് ചെയ്യുന്ന ഒരു പുതുരീതിയാണ്. 'റിഗ്രഷന്‍ (regression) ' തൊട്ട് 'ക്ലാസിഫിക്കേഷന്‍ ( Classification) ' വരെയുള്ള മെഷീന്‍ ലേണിങ്ങിലെ നിരവധിയായ പ്രശ്‌ന നിര്‍ദ്ധാരണങ്ങള്‍ക്കുള്ള വളരെ ഫലപ്രദമായ മെത്തഡോളജി ആണ് സ്യൂഡോ ഇന്‍വേഴ്‌സ്. ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലെ വിദ്യാര്‍ഥികള്‍ അടിസ്ഥാനപരമായ മാട്രിക്‌സ് ആള്‍ജിബ്രയാണ് (Matrix algebra ) ആണ് ഉപയോഗപ്പെടുത്തുന്നത്. ഈയൊരു ഗണിത ശാസ്ത്ര പശ്ചാത്തലം തന്നെ സ്യൂഡോ ഇന്‍വേഴ്‌സിന്റെ പുതിയ രീതി പഠിപ്പിക്കാന്‍ പര്യാപ്തമാണ്. ഈ രീതിയില്‍ പ്രാവീണ്യം നേടിയെടുക്കുന്നതോടെ മെഷീന്‍ ലേണിങ്ങിലേയും ഡീപ്പ് ലേണിങ്ങിലേയും പ്രശ്‌നങ്ങള്‍ക്കു പുറമെ സിഗ്നല്‍ പ്രൊസസ്സിങ്ങിലേയും (signal Processing ) ലേയും ഇമേജ് പ്രോസസ്സിങ്ങിലേയും (image Processing ) ലേയും റോബോട്ടിക്‌സിലേയും പ്രശ്‌നങ്ങള്‍ വരെ നിര്‍ദ്ധാരണം ചെയ്യാന്‍ വളരെ എളുപ്പത്തില്‍ സാധിക്കും.

ഇത്തരം ഒരു പുതിയ രീതിക്ക് പിന്നിലുള്ള പ്രചോദനം മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസര്‍ ആയ ആദിത്യനാരായണന്‍ ആണ്. വെറും ആറ് ക്ലാസുകള്‍ കൊണ്ട് എഐക്കു വേണ്ട ഗണിതം എങ്ങിനെ പഠിപ്പിക്കാം എന്നതിന് ഒരു മാതൃക അദ്ദേഹം മുന്നോട്ടു വക്കുന്നു. ഈ മാതൃകയില്‍ അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന ഒരു പ്രധാന ഗണിതസൂത്രം സ്യൂഡോ ഇന്‍വേഴ്‌സ് (Pseudoinverse) ആണ്. ഇന്ത്യയില്‍ സാധാരണയായി ബിരുദാനന്തര ബിരുദ തലത്തില്‍ ഉപയോഗിക്കുന്ന ഗണിത ശാസ്ത്ര സങ്കേതമാണ് സ്യൂഡോ ഇന്‍വേഴ്‌സ്. ഈ ആശയം ഉപയോഗിച്ച് അദ്ദേഹം തന്റെ ആറു ക്ലാസുകളില്‍ ഉള്‍പ്പെടുത്തിയ ഏതാണ്ട് എല്ലാ കാര്യങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ടാണ് അമൃതയിലെ പ്രൊഫസര്‍മാര്‍ ഇതിനെ പ്ലസ് ടു തലത്തിലുള്ള ഗണിതം ഉപയോഗിച്ചു കൊണ്ട് ചെയ്യാവുന്ന ഒരു പുതിയ മാര്‍ഗമാക്കി മുന്നോട്ടുവച്ചത്.
5. മാറ്റങ്ങളെ ഉള്‍ക്കൊള്ളുക
ലോകം സാങ്കേതികമായി അനുദിനം വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. മാറ്റങ്ങള്‍ക്കു നേരെ പുറം തിരിഞ്ഞിരിക്കുന്ന സമീപനം ഒരു സമൂഹത്തേയും രാഷ്ട്രത്തേയും പിന്നോട്ടടിക്കും. അതുകൊണ്ടു തന്നെ രാഷ്ട്രവളര്‍ച്ചയെ സൃഷ്ടിക്കുന്ന പ്രധാന ഇടമെന്നുള്ള നിലയില്‍ വിദ്യാഭ്യാസരംഗത്ത് പുതിയ കാലത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ടുള്ള ശാസ്ത്രീയമായ പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്. അതിലൂടെ മാത്രമേ നവലോക സാഹചര്യങ്ങളോട് പ്രതികരിക്കാന്‍ പ്രാപ്തിയുള്ള വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കാനാവൂ. അത്തരത്തിലുള്ള വിദ്യാഭ്യാസ അന്തരീക്ഷവും വിദ്യാര്‍ഥികളും സൃഷ്ടിക്കപ്പെടണമെങ്കില്‍ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പരിഷ്‌കരണങ്ങളും സ്വീകരിക്കപ്പെടേണ്ടതുമാണ്.
Content Highlights: Integrating AI and math in Indian school curricula is crucial.
Published: 28 Aug 2025, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented