
ആദ്യഭാഗം വായിക്കാം- കൊക്കോ ബട്ടര്‍ എന്ന കാവല്‍ക്കാരനും ചോക്ലേറ്റിന്റെ രുചിപ്പെരുമയും - ഭാഗം ഒന്ന് | Sci-Talks
ആരാണ് ഇക്കാണായ ഇലയും കായും കിഴങ്ങുമൊക്കെ പല പല രുചിയില്‍, ശൈലിയില്‍ കഴിക്കാന്‍ പാകമാക്കുന്ന വിദ്യ കണ്ടെത്തിയത് എന്നോര്‍ത്ത് അന്തം വിടാത്തവരുണ്ടോ ? എന്നാല്‍ കൊക്കോപ്പഴം ഒരിക്കല്‍ കഴിച്ചാല്‍ നിങ്ങടെ അന്ധാളിപ്പിന് അവസാനമുണ്ടാകാനേ പോകുന്നില്ല. അത്രമാത്രം രുചിഭേദമാണ് കൊക്കോയും ചോക്ലേറ്റും തമ്മിലുള്ളത്. കൊക്കോക്കുരു ചോക്ലേറ്റ് ആയി മാറുന്നത് പല ഘട്ടങ്ങളുള്ള പ്രക്രിയയിലൂടെയാണ്. മനുഷ്യന്‍ കൃഷി ചെയ്യുന്നതിന് മുമ്പ് ഉഷ്ണമേഖലാ വനങ്ങളില്‍ വന്‍ മരങ്ങളുടെ അടിയിലായി വളര്‍ന്നിരുന്ന ഇടത്തരം ഉയരമുള്ള മരങ്ങളായിരുന്നു കൊക്കോ എന്നാണ് നിഗമനം. ഏകദേശം 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതലേ ഇത് ഭക്ഷണമായി ഉപയോഗിക്കപ്പെട്ട് തുടങ്ങിയിരിക്കാം. തിയോബ്രോമ കൊക്കോ എന്നാണ് ഈ ചെടിയുടെ രാസനാമം. ദൈവങ്ങളുടെ ഭക്ഷണം എന്നാണത്രെ തിയോബ്രോമ എന്ന വാക്കിനര്‍ഥം. ചോക്ലേറ്റിന് ആ പേര് വന്നതില്‍ എനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ല, നിങ്ങള്‍ക്കോ? കൊക്കോ ഉല്‍പാദിപ്പിക്കപ്പെടുന്നത് ഭൂമധ്യരേഖയിലും അതിന്റെ വളരെയടുത്തുമുള്ള ചില പ്രദേശങ്ങളില്‍ മാത്രമാണ്. കൊക്കോ ബെല്‍റ്റ് എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്ക, ഇന്തോനേഷ്യ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, ഇന്ത്യ, മഡഗാസ്‌കര്‍ തുടങ്ങിയവയൊക്കെ ഈ ബെല്‍റ്റില്‍ ഉള്‍പ്പെടും. ഈ പ്രദേശവും കൊക്കോയും തമ്മിലെന്താണ് ബന്ധം എന്നല്ലേ? ഇതൊരു ഉഷ്ണമേഖലാ സസ്യമാണ് എന്ന് നേരത്തേ പറഞ്ഞല്ലോ. കൊക്കോ കൃഷി ഇവിടെ കേന്ദ്രീകരിക്കാന്‍ കേള്‍ക്കുമ്പോള്‍ അയ്യേ എന്ന് തോന്നാനിടയുള്ള വേറൊരു കാരണം കൂടിയുണ്ട്. അത് കൊക്കോ കായ്കള്‍ അഴുകുന്ന പ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇലകളും കായ്കളും ഒക്കെ ചീഞ്ഞാല്‍ വളമാകും, കൊക്കോക്കുരു ചീഞ്ഞാലോ ചോക്ലേറ്റ് ആവും. ചീയാനിടുന്നു എന്ന് കേള്‍ക്കുമ്പോഴേ നെറ്റി ചുളിക്കേണ്ട. ചോക്ലേറ്റിന്റെ രുചി തീരുമാനിക്കുന്നത് തന്നെ ഈ പ്രക്രിയയാണ്. കൊക്കോക്കുരുവിന് ചോക്ലേറ്റ് ആവാന്‍ ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷം അത്യാവശ്യമാണ്. കൊക്കോക്കായ്കള്‍ പറിച്ചെടുത്ത ശേഷം നെടുകെ പിളര്‍ന്ന് പുറംതോട് മാറ്റി ചീഞ്ഞ് പാകമാകാനിടുന്നു. പെട്ടികളിലോ, കുട്ടകളിലോ, അല്ലെങ്കില്‍ വെറുതേ കൂന കൂട്ടി വാഴയില ഇട്ട് മൂടിയോ ഒക്കെയാണ് ഇത് ചെയ്യാറുള്ളത്. അഴുകലിന് കാരണമായ സൂക്ഷ്മജീവികള്‍ക്ക് നന്നായി പ്രവര്‍ത്തിക്കാന്‍ ചൂട് ആവശ്യമാണ്. ചൂട് കാലത്ത് ഭക്ഷണം പെട്ടെന്ന് ചീത്തയാവുന്നതും തണുപ്പ് കാലത്ത് ഏറെ സമയം കേടാവാതെ ഇരിക്കുന്നതും ഈ കാരണം കൊണ്ട് തന്നെയാണ്. അതാണ് കൊക്കോ പാകമാവാന്‍ ചൂട് വേണം എന്ന് പറഞ്ഞതിനുള്ള കാരണം. ചൂടുള്ള കാലാവസ്ഥയില്‍ തുറന്നിട്ട പള്‍പ്പിന് എന്ത് സംഭവിക്കും എന്ന് പറയേണ്ടതില്ലല്ലോ? ചുറ്റുപാടുമുള്ള ബാക്റ്റീരിയകളും, ഫംഗസുകളുമൊക്കെ പള്‍പ്പിനെ ആഹാരമാക്കാനെത്തും. ഒപ്പം അതിന്റെ ഫെര്‍മെന്റേഷനും നടക്കും. മാവ് പുളിക്കുന്ന , പഴച്ചാറുകള്‍ പുളിച്ച് മദ്യമാവുന്ന ഫെര്‍മെന്റേഷന്‍ പ്രക്രിയ എല്ലാവര്‍ക്കും പരിചയം ഉണ്ടാവുമല്ലോ. തുറന്ന അവസ്ഥയില്‍ ഇടയ്ക്ക് ഇളക്കിക്കൊടുത്ത് ഇങ്ങനെ എട്ട് ദിവസം വരെയൊക്കെ സൂക്ഷിക്കും. ഈ പ്രക്രിയയ്ക്കിടെ താപനില അമ്പത് ഡിഗ്രി സെല്‍ഷിയസിന് അടുത്തുവരെയൊക്കെ ഉയരും.
Also Read

പ്രകൃതിയില്‍ സ്വാഭാവികമായി കാണുന്ന സൂക്ഷ്മജീവികളുടെ സഹായത്തോടെ നടക്കുന്ന ഈ ഘട്ടമില്ലാതെ ചോക്ലേറ്റിന് ഒരിക്കലും അതിന്റെ രുചി കൈവരില്ല. ഇളക്കിക്കൊടുക്കല്‍ പോലുള്ള ചില ഇടപെടലുകളൊക്കെ ഉണ്ടെങ്കിലും കൊക്കോയുടെ ഫെര്‍മെന്റേഷന്‍ പ്രക്രിയ സ്വാഭാവികമായി നടക്കുന്നതാണ്. പരിസരത്തുള്ള സൂക്ഷ്മജീവികളൊക്കെ പങ്കെടുക്കുന്ന ഒരു സമൂഹ സദ്യ എന്ന് ചുരുക്കിപ്പറയാം. ആദ്യഘട്ടത്തില്‍ പള്‍പ്പിലുള്ള പഞ്ചസാരകളെ യീസ്റ്റുകള്‍ ആല്‍ക്കഹോള്‍ ആക്കി മാറ്റും. ഒപ്പം കാര്‍ബണ്‍ ഡയോക്‌സൈഡും ഉണ്ടാവും. ഓക്‌സിജന്‍ ഇല്ലാത്ത അവസ്ഥയിലാണ് യീസ്റ്റ് നന്നായി പ്രവര്‍ത്തിക്കുക. ഫെര്‍മെന്റേഷന്‍ വഴിയുണ്ടാകുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ സാന്നിധ്യം ഇതിന് സഹായിക്കും. അടുത്ത ഘട്ടത്തില്‍ വായുവിന്റെ സഹായം വേണം. യീസ്റ്റ് നിര്‍മ്മിച്ച ആല്‍ക്കഹോളിനെ അസെറ്റിക് ആസിഡ് ബാക്റ്റീരിയ അസെറ്റിക് ആസിഡ് ആക്കി മാറ്റും. താപനില ഉയരുന്നത് ഈ ഘട്ടത്തിലാണ്. ഉയര്‍ന്ന താപനിലയും ആസിഡും ചേര്‍ന്നാണ് കൊക്കോക്കുരു മുളയ്ക്കാതെ തടയുന്നത്.
ഈ ആസിഡ് കൊക്കോക്കുരുവിനുള്ളിലേക്ക് ഇറങ്ങിച്ചെന്ന് കൂടുതല്‍ രാസമാറ്റങ്ങള്‍ നടക്കും. അടുത്ത ഊഴം ലാക്റ്റിക് ആസിഡ് ബാക്റ്റീരിയയുടേതാണ്. പഞ്ചസാരകളെയും അസറ്റിക് ആസിഡിനെയുമൊക്കെ ഇവ ലാക്റ്റിക് ആസിഡ് ആക്കി മാറ്റും. ആസിഡും പലതരം ആല്‍ക്കഹോളുകളും ചേര്‍ന്ന് എസ്റ്ററുകള്‍ ഉണ്ടാവും. പ്രകൃതിയിലെ ഗന്ധ തന്മാത്രകളാണ് എസ്റ്ററുകള്‍. പഴങ്ങള്‍ക്ക് അവയുടെ സവിശേഷ മണം നല്കുന്നത് പലതരം എസ്റ്ററുകളാണ്. അതുകൊണ്ടാണ് കൈതച്ചക്കയ്ക്കും മാങ്ങയ്ക്കും ഒക്കെ വെവ്വേറെ മണങ്ങള്‍ ഉണ്ടാകുന്നത്. കൂടാതെ കൊക്കോക്കുരുവിലെ കയ്പ്പുള്ള പോളിഫിനോളുകള്‍ വിഘടിച്ച് മറ്റ് തന്മാത്രകളായി മാറും. ഇത് ചോക്ലേറ്റിന്റെ കയ്പ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതൊക്കെ നമുക്കറിയാവുന്ന ചില കാര്യങ്ങള്‍. ഇതുകൂടാതെ പൂര്‍ണമായും തിട്ടപ്പെടുത്താന്‍ ആവാത്ത പലതരം രാസപ്രവര്‍ത്തനങ്ങള്‍ നടന്നാണ് സവിശേഷ രുചിയുള്ള ചോക്ലേറ്റ് രൂപപ്പെടുന്നത്. നന്ദി പറയേണ്ടത് നമ്മള്‍ പലപ്പോഴും ശല്യക്കാരായി മാത്രം കാണുന്ന സൂക്ഷ്മജീവികള്‍ക്കാണ്.

കൊക്കോ മരത്തിന്റെ സ്പീഷീസും കായുടെ പാകവും മാത്രമല്ല, കൊക്കോക്കുരു കൂട്ടിയ കൂനയുടെ ഉയരം മുതല്‍ ഓക്‌സിജന്റെ അളവ് വരെ പല ഘടകങ്ങള്‍ ഈ പ്രക്രിയയെയും അതുവഴി ചോക്ലേറ്റിന്റെ രുചിയേയും സ്വാധീനിക്കുന്നുണ്ട്. താപനിലയുടെ കാര്യം പിന്നെ ആദ്യമേ പറഞ്ഞല്ലോ. ചോക്ലേറ്റ് എന്ന ഒറ്റപ്പേരില്‍ നമ്മള്‍ ഒതുക്കുമെങ്കിലും പല നിലവാരമുള്ള ചായയും കാപ്പിയുമൊക്കെ ഉള്ളപോലെ ചോക്ലേറ്റിനും പല ഗ്രേഡിലുള്ള വകഭേദങ്ങളുണ്ട്. ഇത് ഫെര്‍മെന്റേഷന്‍ പ്രക്രിയയുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. മികച്ച ഗുണനിലവാരമുള്ള ചോക്ലേറ്റ് ഉല്‍പാദിപ്പിക്കാന്‍ ഏറെ ശ്രദ്ധയും നിയന്ത്രണവും വേണം എന്നര്‍ഥം. വെറുതെയല്ല നല്ല ക്വാളിറ്റിയുള്ള ചോക്ലേറ്റുകള്‍ക്ക് ഇത്രയും വില. കാലാവസ്ഥ ഇതില്‍ ഒരു പ്രധാന ഘടകമാണ്. മാത്രമല്ല ഓരോ സ്ഥലത്തെയും സൂക്ഷ്മജീവി സമൂഹങ്ങളിലും വ്യത്യാസമുണ്ടാവാം. അതുകൊണ്ടാണ് വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ള ചോക്ലേറ്റുകള്‍ രുചിയിലും ഗന്ധത്തിലും വ്യത്യസ്തത പുലര്‍ത്തുന്നത്. കൊക്കോ പുളിപ്പിക്കുന്ന ഫെര്‍മെന്റേഷന്‍ പ്രക്രിയയെപ്പറ്റി ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. സൂക്ഷ്മജീവികളുടെ ഡിഎന്‍ എ വേര്‍തിരിച്ച് ഓരോന്നും എന്തൊക്കെ പണിയെടുക്കുന്നു എന്നും പഠിച്ചിട്ടുണ്ട്. അടുത്തയിടെ കൊളംബിയയില്‍ നടത്തിയ ഒരു പഠനത്തില്‍ അഞ്ച് ഇനം ബാക്റ്റീരിയകളും, നാലിനം ഫംഗസുകളുമാണ് മുഖ്യ പോരാളികള്‍ എന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപയോഗിച്ച് നിയന്ത്രിത സാഹചര്യങ്ങളില്‍ ഒന്നാന്തരം ഗുണനിലവാരമുള്ള ചോക്ലേറ്റ് ഉത്പാദിപ്പിക്കാനും ഗവേഷകര്‍ക്ക് കഴിഞ്ഞു. കാലാവസ്ഥയെയും സാഹചര്യങ്ങളേയും ഒക്കെ ആശ്രയിച്ച് നടന്നിരുന്ന ചോക്ലേറ്റ് നിര്‍മാണം ഇനി നിയന്ത്രിത സാഹചര്യങ്ങളില്‍ നടത്തി ഒന്നാന്തരം ചോക്ലേറ്റ് ഉണ്ടാക്കാം എന്നര്‍ഥം. അപ്പോ ചിലപ്പോ ചോക്ലേറ്റിന് വിലയും കുറയുമായിരിക്കും അല്ലേ ?ആശിക്കാന്‍ കാശൊന്നും കൊടുക്കേണ്ടല്ലോ.
ഫെര്‍മെന്റേഷന്‍ കഴിഞ്ഞ് കൊക്കോ കുരുക്കള്‍ നന്നായി ഉണക്കിയെടുക്കും. പോവാന്‍ വരട്ടെ. കഥ തീര്‍ന്നിട്ടില്ല. ചോക്ലേറ്റിലെ ഫ്രൂട്ടി ഫ്‌ളേവറുകള്‍ എങ്ങനെ വന്നു എന്ന് ഏകദേശം പിടികിട്ടി. അല്‍പ്പം കടുത്ത എര്‍ത്തി (Earthy), നട്ടി (Nutty) ഫ്‌ലേവറുകളുടെ ഉറവിടം എന്താണ്? അവിടെയാണ് അടുത്ത പണി. കൊക്കോ കുരു ഉണക്കി, വറുത്തെടുക്കലാണ് അടുത്ത ഘട്ടം. നിയന്ത്രിത താപനിലയില്‍ വറുത്തെടുക്കുന്ന പ്രക്രിയയാണ് റോസ്റ്റിംഗ്. ആദ്യം കുരുവിലുള്ള പല തരം അന്നജ (കാര്‍ബോഹൈഡ്രേറ്റ്) തന്മാത്രകള്‍ക്ക് രാസമാറ്റം അഥവാ വിഘടനം സംഭവിച്ച് ബ്രൗണ്‍ നിറമാകുന്നു. പഞ്ചസാരയെ കാരമല്‍ ആക്കുമ്പോഴുള്ളതിന് സമാനമായ രാസപ്രവര്‍ത്തനങ്ങള്‍ തന്നെ. ഇവ നടക്കുന്നത് കുരുവിനുള്ളിലാണ് എന്നേ വ്യത്യാസമുള്ളൂ. കാര്‍ബോഹൈഡ്രേറ്റുകള്‍ മുറിഞ്ഞ് എളുപ്പത്തില്‍ ബാഷ്പീകരിക്കുന്ന ചെറുതന്മാത്രകളാവുന്നതാണ് നട്ടി ഫ്‌ലേവറിന് പിന്നിലെ രഹസ്യം. അല്‍പ്പം കാര്‍ബണ്‍ കൂടി ഉണ്ടാകുന്നതുകൊണ്ട് ലേശം കരിഞ്ഞതുപോലുള്ള മണവുമുണ്ടാവും. റോസ്റ്റിങ്ങിനിടെ നടക്കുന്ന മറ്റൊരു പ്രധാന പ്രക്രിയയെപ്പറ്റി പണ്ട് കാപ്പിയുടെ കഥയില്‍ എഴുതിയിരുന്നു. അതാണ് മാല്യാര്‍ഡ് രാസപ്രവര്‍ത്തനങ്ങള്‍. കാപ്പിക്കുരു വറുക്കുമ്പോഴും, ചിക്കന്‍ വറുക്കുമ്പോഴും, റൊട്ടി മൊരിക്കുമ്പോഴും ഒക്കെ ഫ്‌ലേവര്‍ ഉണ്ടാക്കുന്നത് കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും തമ്മിലുള്ള ഈ രാസപ്രവര്‍ത്തനങ്ങള്‍ വഴിയാണ്.

വിത്തുകളില്‍ അതിന് വളരാന്‍ ആവശ്യമായ ഭക്ഷണം സൂക്ഷിച്ചു വച്ചിരിക്കുമല്ലോ. അന്നജത്തിനൊപ്പം ചെടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ മാംസ്യങ്ങള്‍ അഥവാ പ്രോട്ടീനുകളും കാപ്പിക്കുരുവിലും കൊക്കോ വിത്തിലുമൊക്കെ ഉണ്ടാവും. 160 ഡിഗ്രിക്ക് മുകളില്‍ ചൂടാക്കുമ്പോള്‍ കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും വലിയൊരളവോളം വിഘടിക്കപ്പെടുകയും മെലനോയ്ഡിനുകള്‍ എന്ന പുതിയ വിഭാഗം രാസവസ്തുക്കള്‍ രൂപപ്പെടുകയും ചെയ്യും. മാല്യാര്‍ഡ് റിയാക്ഷന്‍ വഴിയാണ് മെലനോയ്ഡിനുകള്‍ രൂപപ്പെടുന്നത്. ഭക്ഷ്യവസ്തുക്കള്‍ പാചകം ചെയ്യുമ്പോള്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളാണ് മാല്യാര്‍ഡ് റിയാക്ഷനുകള്‍ എന്നറിയപ്പെടുന്നത്. സങ്കീര്‍ണമായ അനേകം രാസപ്രവര്‍ത്തനങ്ങളുടെ കൂട്ടമാണത്. ആദ്യ ഘട്ടത്തില്‍ കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും കൂടിച്ചേരുകയും ജലം പുറംതള്ളപ്പെടുകയും ചെയ്യുന്നു. രണ്ടാം ഘട്ടത്തില്‍ ഇങ്ങനെയുണ്ടായ ഗ്ലൈക്കോസമിന്‍ തന്മാത്രകള്‍ സ്ഥിരത കൈവരിക്കാനായി തന്മാത്രക്കുള്ളില്‍ തന്നെ ചില പുനക്രമീകരണങ്ങള്‍ നടത്തുന്നു. മൂന്നാം ഘട്ടത്തില്‍ സങ്കീര്‍ണ്ണമായ നിരവധി രാസപ്രവര്‍ത്തനങ്ങള്‍ നടന്ന് ബാഷ്പീകരിക്കപ്പെടാത്ത സംയുക്തങ്ങള്‍ തവിട്ടുനിറമുള്ള മെലനോയ്ഡിനുകള്‍ എന്ന നൈട്രജന്‍ അടങ്ങിയ പോളിമറുകള്‍ ആയി മാറുന്നു.ഇതിന്റെ ഫലമായാണ് ഭക്ഷ്യവസ്തുക്കള്‍ക്ക് തനത് രുചിയും മണവും നല്കുന്ന സംയുക്തങ്ങള്‍ രൂപപ്പെടുന്നത്. ഇതോടൊപ്പം കയ്പ് നല്കുന്ന ചില ഘടകങ്ങള്‍ക്ക് വിഘടനം സംഭവിക്കുന്നതിനാല്‍ കൊക്കോക്കുരുവിന്റെ കയ്പ് കുറയുകയും ചെയ്യുന്നു. ജലാംശത്തിന്റെ അളവ്, താപനില, അമ്ലത്വം തുടങ്ങി നിരവധി ഘടകങ്ങള്‍ ഈ രാസപ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഇവയെല്ലാം വേണ്ട പോലെയായാലേ മികച്ച ഗുണനിലവാരമുള്ള ചോക്ലേറ്റ് നിര്‍മിക്കാനാവൂ എന്ന് സാരം.
ഫെര്‍മെന്റേഷനും റോസ്റ്റിങും കഴിഞ്ഞു. ചോക്ലേറ്റ് കഴിക്കാനായോ? ഇല്ല അതിനിനിയും കാത്തിരിക്കണം. അടുത്ത ഘട്ടത്തില്‍ വറുത്ത കുരുക്കളെ അമര്‍ത്തിപ്പൊട്ടിച്ച് തോട് വേര്‍ത്തിരിക്കും. പിന്നീട് തോട് കളഞ്ഞ കൊക്കോ നന്നായി അരച്ചെടുക്കും. കുഴമ്പ് രൂപത്തിലുള്ള ഇതിനെ ഒരു പ്രത്യേക പ്രസ് ഉപയോഗിച്ച് പ്രസ് ചെയ്ത് ദ്രാവക രൂപത്തിലുള്ള കൊക്കോ ബട്ടര്‍ മാറ്റിയ ശേഷം ബാക്കിയുള്ള ഖര പദാര്‍ഥങ്ങള്‍ നന്നായി പൊടിച്ചെടുക്കും. ഈ പ്രസിങിന്റെ കണ്ടെത്തല്‍ ചോക്ലേറ്റ് നിര്‍മാണത്തിലെ ഒരു നാഴികക്കല്ലാണ് കേട്ടോ. ആ കഥ അടുത്ത ലക്കത്തില്‍ പറയാം. ഇനി വീണ്ടും പാലും പഞ്ചസാരയും കൊക്കോപ്പൊടിയും കൊക്കോ ബട്ടറും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് കഴിഞ്ഞ ഭാഗത്ത് പറഞ്ഞ പോലെ ആവശ്യമുള്ള ക്രിസ്റ്റല്‍ രൂപത്തിലേക്ക് മോള്‍ഡ് ചെയ്‌തെടുക്കും. നാറാണത്തു ഭ്രാന്തന്‍ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റി പിന്നെ തള്ളി താഴെയിടും പോലെ കൊക്കോ ബട്ടര്‍ ആദ്യം വേര്‍തിരിച്ച് വീണ്ടും കൂട്ടിച്ചേര്‍ക്കുന്നതെന്തിനാണ് എന്ന് സംശയം വന്നില്ലേ? അതിന് ചോക്ലേറ്റ് നിര്‍മ്മാണത്തിന്റെ ചരിത്രവുമായി ബന്ധമുണ്ട്. അത് അടുത്ത ഭാഗത്ത് പറയാം. അപ്പോ ചോക്ലേറ്റ് ഉണ്ടായതിന്റെ ചരിത്രം വായിക്കാന്‍ കുറച്ചുകൂടെ കാത്തിരിക്കൂ.
Content Highlights: fascinating fermentation and roasting processes that transform cocoa beans into delicious chocolate.
Published: 08 Sept 2025, 01:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented