
സ്റ്റോക്ക്‌ഹോം: 2026-ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഹെൻറി ബി. കഗൻ (Henri B. Kagan), ജാപ്പനീസ് ശാസ്ത്രജ്ഞനായ കെൻസോ സോയി (Kenso Soai) എന്നിവർക്ക് ലഭിച്ചു. "അസിമട്രിക് ഓർഗാനിക് സിന്തസിസിലെ നോൺ-ലീനിയർ ഇഫക്റ്റുകളും ഓട്ടോകാറ്റാലിസിസും കണ്ടെത്തിയതിനാണ്" ഇരുവരും ഈ നേട്ടത്തിന് അർഹരായത്. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് പുരസ്കാരം പ്രഖ്യാപിച്ചത്
കണ്ടെത്തലിന്റെ പ്രാധാന്യം
അമിനോ ആസിഡുകൾ പോലെയുള്ള ചില തന്മാത്രകൾ മിറർ ഇമേജ് പോലെയുള്ള രണ്ട് രൂപങ്ങളായാണ് നിലനിൽക്കുന്നത്. എന്നാൽ ജീവജാലങ്ങളിൽ ഇവയിൽ ഒരു പ്രത്യേക പ്രതിബിംബ രൂപം മാത്രമാണ് കാണപ്പെടുന്നത്. പ്രകൃതിയിലെ ഈ രാസ ക്രമരാഹിത്യം (asymmetry) അല്ലെങ്കിൽ 'ഹോമോചിറാലിറ്റി' എങ്ങനെ സ്വമേധയാ രൂപപ്പെട്ടു എന്നത് ശാസ്ത്രലോകത്ത് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു വലിയ നിഗൂഢതയായിരുന്നു.
ലാബുകളിൽ ഇത്തരം രാസപ്രവർത്തനങ്ങൾ നടത്തുമ്പോൾ രണ്ട് പ്രതിബിംബ തന്മാത്രകളും തുല്യ അളവിലാണ് ലഭിച്ചിരുന്നത്. എന്നാൽ ഔഷധ നിർമ്മാണം പോലെയുള്ള മേഖലകളിൽ തന്മാത്രകളുടെ ഒരു പ്രത്യേക രൂപം മാത്രമാണ് ആവശ്യമായിരുന്നത്. അതിന് സഹായിക്കുന്ന രാസപ്രവർത്തനങ്ങൾ വികസിപ്പിച്ചു എന്നതാണ് ഇരു ശാസ്ത്രജ്ഞരുടെയും പ്രധാന നേട്ടം.
ശാസ്ത്രജ്ഞരുടെ സംഭാവനകൾ
ഹെൻറി ബി. കഗൻ: 1986-ൽ രാസപ്രവർത്തനങ്ങളെ സ്വാധീനിക്കാനുള്ള പുതിയ രീതി കണ്ടെത്തിക്കൊണ്ട് കഗനാണ് ഇതിലേക്ക് വഴിതുറന്ന ആദ്യ നിർണായക ചുവടുവെപ്പ് നടത്തിയത്. മുൻപ് സാധ്യമല്ലെന്ന് കരുതിയ അളവിൽ ഒരു പ്രത്യേക മിറർ ഇമേജ് മോളിക്യൂൾ മാത്രം കൂടുതലായി നിർമിക്കാനുള്ള മാർഗം അദ്ദേഹം വികസിപ്പിച്ചു. 1930-ൽ ജനിച്ച അദ്ദേഹം ഫ്രാൻസിലെ യൂണിവേഴ്സിറ്റി പാരിസ്-സുഡിലെ പ്രൊഫസർ എമരിറ്റസാണ്.
കെൻസോ സോയി: കഗന്റെ ഗവേഷണത്തിന് തുടർച്ചയായി, 1995-ൽ ഹോമോചിറാലിറ്റി സാധ്യമാക്കുന്ന ആദ്യ രാസപ്രവർത്തനം കെൻസോ സോയി രൂപകല്പന ചെയ്യുകയും 2003-ൽ ഒരു പ്രത്യേക പ്രതിബിംബ തന്മാത്ര മാത്രം ഉൽപ്പാദിപ്പിക്കുന്ന രാസപ്രവർത്തനം വിജയകരമായി അവതരിപ്പിക്കുകയും ചെയ്തു. ഇതിനായി ഓട്ടോ കാറ്റലിസിസ് രാസപ്രവർത്തനം എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു. 1950-ൽ ജനിച്ച അദ്ദേഹം ജപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് സയൻസിലെ പ്രൊഫസർ എമരിറ്റസാണ്
ഇരുവരുടെയും കണ്ടെത്തലുകൾ ഔഷധ നിർമ്മാണ രംഗത്ത് വലിയ രീതിയിലുള്ള മുന്നേറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇരുവർക്കും 12 ദശലക്ഷം സ്വീഡിഷ് ക്രോണറാണ് (Swedish kronor) പുരസ്കാര തുക ലഭിക്കുക. ഇത് ഇരുവരും തുല്യമായി വീതിച്ചെടുക്കും.
Content Highlights: French scientist Henri B. Kagan and Japanese scientist Kenso Soai have won the 2026 Nobel Prize in Chemistry for their groundbreaking discoveries regarding non-linear effects and autocatalysis in asymmetric organic synthesis.
Published: 07 Oct 2026, 03:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented