വ്യാഴഗ്രഹത്തിന്റെ ഭ്രമണപഥത്തിലെ ട്രോജൻ ഛിന്നഗ്രഹ മേഖലയിലേക്ക് പ്രവേശിക്കുന്ന ആദ്യ ബഹിരാകാശ പേടകമായി നാസയുടെ ലൂസി (Lucy). 2021 ഒക്ടോബർ 16-ന് വിക്ഷേപിച്ച പേടകം, ഏകദേശം 2.2 ബില്യൺ മൈലുകൾ സഞ്ചരിച്ചാണ് ഈ മേഖലയിലെത്തിയത്. ഛിന്നഗ്രഹങ്ങളെക്കുറിച്ച് പഠിക്കുകയാണ് ദൗത്യം ലക്ഷ്യമിടുന്നത്.

To advertise here,

വ്യാഴഗ്രഹത്തിനൊപ്പം ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങളാണ് ഈ മേഖലയിൽ സൂര്യനെ വലംവെച്ചുകൊണ്ടിരിക്കുന്നത്. ഇവയെ പഠനവിധേയമാക്കുന്നതിലൂടെ സൗരയൂഥം എങ്ങനെ രൂപപ്പെട്ടു എന്നും ഗ്രഹങ്ങൾ എങ്ങനെയാണ് അവയുടെ ഇന്നത്തെ സ്ഥാനങ്ങളിൽ എത്തിയതെന്നും മനസ്സിലാക്കാൻ സാധിക്കും.

വ്യാഴഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ വ്യാഴത്തിന് മുന്നിലായും പിന്നിലായും രണ്ട് വലിയ കൂട്ടങ്ങളായാണ് ഇവ കാണപ്പെടുന്നത്. ഈ പ്രത്യേക സ്ഥലങ്ങളെ 'ലഗ്രാഞ്ച് പോയിന്റുകൾ' (Lagrange points) എന്ന് വിളിക്കുന്നു. മുന്നിലുള്ള ഗ്രൂപ്പുകളെ L4 എന്നും പിന്നിലുള്ളതിനെ L5 എന്നും പറയുന്നു. സൂര്യന്റെയും വ്യാഴത്തിന്റെയും ഗുരുത്വാകർഷണ ബലങ്ങൾ തമ്മിലുള്ള സന്തുലിതാവസ്ഥ കാരണം ഈ ഛിന്നഗ്രഹങ്ങൾ ആ പ്രദേശങ്ങളിൽ തങ്ങിനിൽക്കുന്നു. സൗരയൂഥം രൂപപ്പെട്ട കാലം മുതൽ അവിടെയുള്ളവയാണ് ഇവയെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

ലൂസി ദൗത്യം

ഏറെ ദൈർഘ്യമേറിയ യാത്ര നടത്തിയാണ് ലൂസി പേടകം ഇപ്പോൾ ട്രോജൻ ഛിന്നഗ്രഹ മേഖലയിൽ എത്തിച്ചേർന്നിരിക്കുന്നത്. ഭൂമിയുടെ ഗുരുത്വാകർഷണ ബലം തന്നെ പ്രയോജനപ്പെടുത്തിയാണ് ഈ യാത്ര. ഈ ദൗത്യത്തിന്റെ ഭാഗമായി യൂറിബേറ്റ്സ്, പോളിമെലെ, ല്യൂക്കസ്, ഓറസ് ഉൾപ്പെടെയുള്ള വിവിധ ഛിന്നഗ്രഹങ്ങളെ ലൂസി സന്ദർശിക്കും. പരസ്പരം ചുറ്റിക്കൊണ്ടിരിക്കുന്ന ബൈനറി ജോഡികളായ പാട്രോക്ലസ്, മെനോയിറ്റിയസ് എന്നീ രണ്ട് ഛിന്നഗ്രഹങ്ങളെയും പേടകം പഠിക്കും.‌

സൂര്യനിൽനിന്ന് വളരെയധികം ദൂരെയാണ് ട്രോജൻ ആസ്റ്ററോയിഡ് മേഖല. കൃത്യമായി പറഞ്ഞാൽ സൂര്യനിൽനിന്ന് ഭൂമിയേക്കാൾ അഞ്ചിരട്ടി ദൂരമുണ്ടിത്. അതുകൊണ്ടുതന്നെ സൂര്യപ്രകാശം വളരെ കുറവായ മേഖലയിൽ പ്രവർത്തിക്കാൻ ആവശ്യമായ സൗരോർജ സംവിധാനങ്ങളും ഉപകരണങ്ങളും ഈ പേടകത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.