
ശീ ശീ ഒച്ചയുണ്ടാക്കി ദോശക്കല്ലില്‍ കിടന്ന് സ്വര്‍ണനിറത്തില്‍ മൊരിയുന്ന ദോശ, എണ്ണയില്‍ മുങ്ങിപ്പൊങ്ങി മണമുതിര്‍ക്കുന്ന വറുത്തമീന്‍, വെള്ളത്തില്‍ കിടന്ന് തുമ്പപ്പൂ നിറത്തിലേക്ക് വെന്തു മലരുന്ന ചോറ്, കുടമ്പുളിയിട്ടതും തേങ്ങയരച്ചതുമായ മീന്‍കറി, ഇറച്ചിയുടെ വെച്ചതും, വറുത്തതും, ചുട്ടതുമായ പല പല അവതാരങ്ങള്‍. ആരായിരിക്കും ഇവയൊക്കെ ആദ്യമായി കണ്ടെത്തിയത് എന്നാലോചിച്ച് അത്ഭുതപ്പെടാത്തവരുണ്ടോ? മനുഷ്യന്റെ ഏറ്റവും മികച്ച കണ്ടെത്തല്‍ പാചകമായിരിക്കും. പാചകം ജീവിക്കാനാവശ്യമായ അടിസ്ഥാനശേഷിയാണെന്നും കലയാണെന്നും സമയം കളയുന്ന മെനക്കെട്ട ഏര്‍പ്പാടാണെന്നും, സ്‌നേഹം പ്രകടിപ്പിക്കാനുള്ള വഴിയാണെന്നുമൊക്കെ പറയാറുണ്ട്. എന്തിന്, സൂക്ഷ്മതലത്തില്‍ അത് സംസ്‌കാരഭേദങ്ങളെക്കൂടി സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് തെക്കന്‍ ബിരിയാണിയാണോ വടക്കന്‍ ബിരിയാണിയാണോ മികച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ യുദ്ധം നടക്കുന്നത്. 'മോദസ്ഥിതനായങ്ങ് വസിപ്പൂ മല മേലെ' എന്ന എസ്. ഹരീഷിന്റെ കഥയും ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. ദേശത്തിനും കാലത്തിനും കാലാവസ്ഥയ്ക്കുമൊക്കെ അനുസരിച്ച് മാറുന്ന സൂക്ഷ്മരുചികളുടെ വൈവിധ്യങ്ങള്‍ അത്ഭുതകരമാണ്. എന്നാല്‍ പറയാന്‍ വന്നത് ഭക്ഷണത്തെക്കുറിച്ചല്ല., പാചകത്തെക്കുറിച്ചാണ് അഥവാ അതിന്റെ പിന്നിലുള്ള സയന്‍സിനെക്കുറിച്ചാണ്. മനുഷ്യ ചരിത്രത്തിന്റെ വഴിമാറ്റിയ സംഭവമായിരുന്നു തീയുടെ ഉപയോഗത്തിന്റെ കണ്ടെത്തല്‍. തീ സൃഷ്ടിച്ചത്ര ദൈവം സൃഷ്ടിച്ചിട്ടില്ല എന്ന് കവി പി.എന്‍. ഗോപീകൃഷ്ണന്‍ 'മസാലദോശയുടെ മാതാവ്' എന്ന കവിതയില്‍ പറയുമ്പോലെ തീയില്ലെങ്കില്‍ എത്ര ദരിദ്രമായേനെ നമ്മുടെ ഭക്ഷണ സംസ്‌കാരം. തീയും ഭക്ഷണപദാര്‍ഥങ്ങളും തമ്മിലുള്ള ഇടപെടലിന്റെ ശാസ്ത്രം അതീവ രസകരമാണ്.
പാചകം എന്ന രാസപ്രവര്‍ത്തനം
പാചകം അടിസ്ഥാനപരമായി രാസപ്രവര്‍ത്തനമാണ്, താപത്തിന്റെയും, ലവണങ്ങളുടെയും, ഭക്ഷ്യവസ്തുക്കളില്‍ തന്നെ അടങ്ങിയ ആസിഡുകളുടെയും ജലം എന്ന ലായകത്തിന്റെയും ഒക്കെ സഹായത്തോടെ നടക്കുന്ന ഒന്നിലേറെ രാസപ്രവര്‍ത്തനങ്ങളാണ് ഭക്ഷണത്തിന് അതിന്റേതായ രുചി നല്കുന്നത്. ഇവയിലേതെങ്കിലും ഇത്തിരി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ എന്താവും ഫലം എന്ന് ഒരിക്കലെങ്കിലും പാചകം ചെയ്തിട്ടുള്ളവര്‍ക്കറിയാം. ആദ്യത്തെ ചര്‍ച്ച തീയിനെപ്പറ്റിയും ചൂടിനെപ്പറ്റിയും തന്നെയാവാം. ഓക്‌സിജന്റെ സഹായത്തോടെ നടക്കുന്ന ഒരുകൂട്ടം രാസപ്രവര്‍ത്തനങ്ങളാണ് ജ്വലനം. കാര്‍ബണ്‍ അടങ്ങിയ വസ്തുക്കള്‍ ജ്വലനം വഴി കാര്‍ബണിന്റെ ഓക്‌സൈഡുകളും ജലബാഷ്പവുമായി മാറുന്നു. ഇന്ധനത്തിന്റെ സ്വഭാവം അനുസരിച്ച് നൈട്രജന്റെയും സള്‍ഫറിന്റെയും ഓക്‌സൈഡുകളും, കാര്‍ബണ്‍ കണികകളും ഉണ്ടാകും. ഇന്ധനം കത്തിത്തുടങ്ങാന്‍ നമ്മള്‍ അങ്ങോട്ട് ഊര്‍ജം കൊടുക്കണം. എന്നാല്‍ കത്തിത്തുടങ്ങിയാല്‍ രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന താപം ഉപയോഗിച്ച് ജ്വലനം നടക്കും. ഇന്ധനമോ ഓക്‌സിജനോ ഏതെങ്കിലും ഒന്ന് അവസാനിക്കുന്നത് വരെ ഇത് തുടരും. ജ്വലനം പൂര്‍ണ്ണമാണെങ്കില്‍ കാര്‍ബണ്‍ ഡയോക്‌സൈഡും ജലവും മാത്രമേ ഉണ്ടാവുകയുള്ളൂ. അപ്പോള്‍ ഇതാണ് ഇന്ധനങ്ങള്‍, വിറകോ ഗ്യാസോ ഏതായാലും കത്തുമ്പോള്‍ സംഭവിക്കുന്നത്. എന്ത് പ്രവര്‍ത്തനം നടക്കാനും ഊര്‍ജത്തിന്റെ സാന്നിധ്യം ആവശ്യമാണല്ലോ. ഇങ്ങനെ ഇന്ധനങ്ങള്‍ കത്തിയുണ്ടാകുന്ന താപോര്‍ജമാണ് ഭക്ഷണം പാകം ചെയ്യാന്‍ നമ്മള്‍ ഉപയോഗിക്കുന്നത്. പാചകത്തില്‍ നമുക്ക് ഓര്‍ഗാനിക് വസ്തുക്കള്‍ എത്തിച്ചേരുന്ന അവസാന അവസ്ഥയായ കാര്‍ബണ്‍ ഡയോക്‌സൈഡും ജലവും വരെയൊന്നും പോകേണ്ടതില്ല. കരിഞ്ഞുപിടിച്ച ദോശയും അടിയില്‍ പിടിച്ച് പുക മണക്കുന്ന കൂട്ടാനുമൊന്നും കഴിക്കാന്‍ രസമുണ്ടാവില്ലല്ലോ. വേണ്ടസമയത്ത് രാസപ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് കൂടിയാണ് പാചകത്തിന്റെ വിജയരഹസ്യം. മാത്രമല്ല ഒരിക്കലും തിരിച്ചുപോക്കില്ലാത്ത ഏകദിശാപ്രവര്‍ത്തനമാണത്, അതായത് മുട്ട പുഴുങ്ങിയെടുക്കാനേ പറ്റൂ, തിരിച്ച് പഴയ മുട്ടയാക്കാനാവില്ല.
പാചകത്തിന്റെ ആവശ്യമെന്ത്?
എന്തിനാണ് നമ്മള്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പാകം ചെയ്യുന്നത്? രുചി കൂട്ടാന്‍ എന്നാവും പെട്ടെന്നുള്ള ഉത്തരം. എന്നാല്‍ അത് മാത്രമാണോ പാചകത്തിന്റെ ഉദ്ദേശം? തീയുടെ സഹായത്തോടെ ഭക്ഷണം പാകം ചെയ്യുമ്പോള്‍ നമ്മള്‍ അതിനെ എളുപ്പം ദഹിപ്പിക്കാവുന്ന രൂപത്തിലേക്ക് മാറ്റുകയാണ്. മാത്രമല്ല ഭക്ഷണത്തില്‍ അടങ്ങിയിരിക്കാന്‍ സാധ്യതയുള്ള അപകടകാരികളായ സൂക്ഷ്മജീവികള്‍ നശിക്കുകയും ചെയ്യും. പാചകത്തിന്റെ ആരംഭം മനുഷ്യന്റെ മസ്തിഷ്‌കവികാസത്തെ നിര്‍ണായകമായി സ്വാധീനിച്ചു എന്നും സിദ്ധാന്തമുണ്ട്. ദഹനത്തിന് വേണ്ട ഊര്‍ജവും സമയവും കുറയുകയും പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യപ്പെടുകയും ചെയ്തതോടെ ആവശ്യമുള്ള ഭക്ഷണത്തിന്റെ അളവ് കുറയുകയും അതുവഴി ധാരാളം ഒഴിവ് സമയം ലഭിക്കുകയും ചെയ്തു. ഇതാണ് മനുഷ്യരാശിയുടെ പില്‍ക്കാല നേട്ടങ്ങള്‍ക്ക് അടിത്തറയായി തീര്‍ന്നതത്രേ. ദഹനത്തിന് വേണ്ടി ഉപയോഗിക്കേണ്ട ഊര്‍ജത്തില്‍ കുറവ് വന്നതോടെ തലച്ചോറിന് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഊര്‍ജം ലഭിച്ചുതുടങ്ങിയതും മനുഷ്യരാശിയുടെ ഭാവി തന്നെ മാറ്റിമറിച്ചു.
താപവും താപനിലയും
തീയും ഭക്ഷണവും തമ്മിലുള്ള ബന്ധത്തിലേക്ക് തിരിച്ചുവരാം. ആവിയില്‍ വേവിച്ച പുട്ടും കല്ലില്‍ മൊരിഞ്ഞ ദോശയും, ഓവനില്‍ ബേക്ക് ചെയ്ത കേക്കും, എണ്ണയില്‍ മൊരിഞ്ഞ കായ വറുത്തതും ഒക്കെ ഉണ്ടാക്കാന്‍ പാചകത്തില്‍ തീയിനെത്തന്നെ നമ്മള്‍ പല രൂപത്തില്‍ ഉപയോഗിക്കുന്നു. കനലില്‍ ചുട്ട ഇറച്ചിക്കും എണ്ണയില്‍ പൊരിച്ച ഇറച്ചിക്കും, ഇറച്ചിക്കറിക്കും മസാല ഒന്നായാല്‍ പോലും രുചി വേറെവേറെയാകുന്നത് എന്തുകൊണ്ടാവും? അതിത്തിരി സങ്കീര്‍ണമാണ്. എന്നാലും പടിപടിയായി നമുക്ക് അവിടെയെത്താം. ആദ്യം മനസ്സിലാക്കേണ്ടത് താപവും താപനിലയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ്. ഒരു ഊര്‍ജ സ്രോതസ്സില്‍ നിന്ന് ഭക്ഷണപദാര്‍ഥങ്ങളിലേക്ക്, കുറച്ചുകൂടി കൃത്യമായിപ്പറഞ്ഞാല്‍ അവയുടെ അസംസ്‌കൃത വസ്തുക്കളിലേക്ക് താപം കൈമാറ്റം ചെയ്യുന്ന പ്രവര്‍ത്തനമാണ് പാചകം. ഈ താപോര്‍ജമുപയോഗിച്ച് അവയിലടങ്ങിയ രാസവസ്തുക്കള്‍ക്ക് പലതരം ഭൗതിക, രാസമാറ്റങ്ങള്‍ സംഭവിക്കുന്നു. അതായത് താപം എന്നാല്‍ ഊര്‍ജമാണ്. ഈ ഊര്‍ജം കൂടുതല്‍ ചൂടുള്ള വസ്തുവില്‍ നിന്ന് ചൂട് കുറഞ്ഞതിലേക്ക് ഒഴുകുന്നു. ഒഴുകുന്നു എന്നൊക്കെ ഒരലങ്കാരത്തിന് പറയാമെങ്കിലും ഇതൊരു കൈമാറ്റമാണ്. എല്ലാവസ്തുക്കളും തന്മാത്രകള്‍ കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ദോശച്ചട്ടിക്ക് അല്ലെങ്കില്‍ പുട്ടുകുടത്തിന് കത്തുന്ന അടുപ്പില്‍ നിന്ന് താപം കിട്ടുമ്പോള്‍ അവയിലെ തന്മാത്രകള്‍ നിന്നിടത്ത് നിന്ന് തുള്ളിക്കളിക്കാന്‍ അതായത് കമ്പനം ചെയ്യാന്‍ തുടങ്ങുന്നു. ഖരപദാര്‍ഥത്തിലെ തന്മാത്രകള്‍ തമ്മിലുള്ള ആകര്‍ഷണം വളരെ ശക്തമായതുകൊണ്ട് കിട്ടിയ ഊര്‍ജം കൊണ്ട് ഓടിപ്പോകാതെ നിന്നിടത്ത് തന്നെ നിന്ന് കമ്പനം ചെയ്യാനേ കഴിയൂ. കിട്ടുന്ന താപോര്‍ജത്തിന്റെ അളവ് കൂടുമ്പോള്‍ കമ്പനത്തിന്റെ നിരക്കും കൂടുന്നു. ഈ കമ്പനം വഴി അവയോട് തൊട്ടിരിക്കുന്ന മറ്റ് തന്മാത്രകളിലേക്ക് ഊര്‍ജം, അതായത് താപം, കൈമാറുന്നു. ദോശച്ചട്ടിയോട് തൊട്ടിരിക്കുന്ന ദോശമാവിന് ഇങ്ങനെ ഊര്‍ജം ലഭിക്കുന്നു. ഈ താപോര്‍ജം ഉപയോഗിച്ച് അതിലടങ്ങിയ അന്നജവും പ്രോട്ടീനുകളുമൊക്കെ രാസമാറ്റത്തിന് വിധേയമാകുന്നു. താപമെന്താണ് എന്നൊരു ഏകദേശ ധാരണ കിട്ടിയല്ലോ.
ഒരു വസ്തുവില്‍ അടങ്ങിയ താപോര്‍ജത്തെ സൂചിപ്പിക്കുന്ന ഏകകമാണ് താപനില (ഊഷ്മാവ്) അഥവാ Temperature. എന്നാല്‍ താപനില വസ്തുവിലടങ്ങിയ താപത്തെ മാത്രമല്ല, അതിന്റെ സാന്ദ്രത, താപത്തെ വഹിക്കാനുള്ള കഴിവായ താപധാരിത എന്നിവയുമായിക്കൂടി ബന്ധപ്പെട്ടിരിക്കുന്നു. വസ്തുക്കളില്‍ ആറ്റങ്ങളോ തന്മാത്രകളോ എത്രമാത്രം അടുത്തടുത്താണിരിക്കുന്നത് എന്നാണ് സാന്ദ്രത കൊണ്ട് ഉദ്ദേശിക്കുന്നത്. വാതകങ്ങളില്‍ തന്മാത്രകള്‍ തമ്മില്‍ അകലം വളരെ കൂടുതലായതുകൊണ്ട് സാന്ദ്രത തീരെ കുറവായിരിക്കും. ദ്രാവകങ്ങളില്‍ അകലം കുറച്ചുകൂടി കുറവും സാന്ദ്രത കൂടുതലുമായിരിക്കും. ദോശച്ചട്ടി ഉണ്ടാക്കിയ ഇരുമ്പ് പോലുള്ള ഖര വസ്തുക്കള്‍ക്കാവട്ടെ സാന്ദ്രത വളരെ കൂടുതലായിരിക്കും. സാന്ദ്രത കൂടിയ വസ്തുക്കള്‍ക്ക് കൂടുതല്‍ താപത്തെ സ്വീകരിക്കാന്‍ കഴിയും. അതായത് ഒരേ താപനിലയിലുള്ള ഇരുമ്പു പാത്രത്തിലും അലുമിനിയപ്പാത്രത്തിലും ഒരേ അളവ് താപമല്ല അടങ്ങിയിരിക്കുക. ഏതിലാണ് കൂടുതല്‍ എന്ന് നിങ്ങള്‍ തന്നെ ഒന്ന് അന്വേഷിച്ച് നോക്കൂ.
ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ത്തുന്നതിനാവശ്യമായ താപത്തെയാണ് താപധാരിത എന്ന് പറയുന്നത്. ഭാരവുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ വിശിഷ്ട താപധാരിത എന്നും ഉപയോഗിക്കുന്നു. ഉദാരണത്തിന് ഒരു ഗ്രാം ജലത്തിന്റെ താപനില ഒരു ഡിഗ്രി ഉയര്‍ത്താന്‍ ഒരു കലോറി ഊര്‍ജം വേണം. ഇതാണ് ജലത്തിന്റെ വിശിഷ്ട താപധാരിത. ഇത് അതേ ഭാരം ഇരുമ്പിന്റെ താപനില ഒരു ഡിഗ്രി ഉയര്‍ത്താന്‍ വേണ്ടതിന്റെ ഏതാണ്ട് പത്ത് മടങ്ങാണ്. അതായത് 60 ഡിഗ്രി താപനിലയുള്ള ഇരുമ്പ് ചട്ടിയെക്കാള്‍ താപോര്‍ജം 60 ഡിഗ്രി താപനിലയുള്ള അതേഭാരം വെള്ളത്തിനുണ്ടാവും, ഇരുമ്പ് ചട്ടി ചൂടാകുന്ന വേഗത്തില്‍ വെള്ളം തിളയ്ക്കാത്തത് ഒരേ താപനിലയില്‍ എത്താന്‍ വെള്ളത്തിന് കൂടുതല്‍ താപം ആവശ്യമുള്ളത് കൊണ്ടാണ് അഥവാ വെള്ളത്തിന്റെ വിശിഷ്ട താപധാരിത കൂടുതലായത് കൊണ്ടാണ് .ഇങ്ങനെയാണെങ്കിലും സാന്ദ്രത കൂടി പരിഗണിക്കുമ്പോഴേ ചിത്രം പൂര്‍ണ്ണമാവൂ. കൂടുതല്‍ കട്ടിയുള്ള ചട്ടിയില്‍ ഭക്ഷണം പെട്ടെന്ന് തയ്യാറാവുന്നത് അതിന് സാന്ദ്രത കൂടുതലുള്ളതുകൊണ്ടാണ്.
ഇനി താപനിലയെക്കുറിച്ച് കുറച്ചുകൂടി വ്യക്തമാവാന്‍ പാചകവുമായി ബന്ധപ്പെട്ട ചില ഉദാഹരണങ്ങള്‍ പറയാം
- 0°C: ഐസ് ഉരുകുന്ന താപനില
- 28°C: അന്തരീക്ഷ ഊഷ്മാവ്
- 37°C: ശരീരത്തിന്റെ സാധാരണ താപനില
- 52°C: ഭക്ഷണത്തിലെ ബാക്റ്റീരിയകള്‍ നശിച്ച് തുടങ്ങുന്നു
- 64°C: മുട്ടയുടെ മഞ്ഞക്കരു കട്ടിയായിത്തുടങ്ങുന്നു, പാതിവെന്ത മുട്ട ഉണ്ടാക്കുന്നത് ഈ താപനിലയിലാണ്. മൂന്നു മിനിറ്റുകൊണ്ട് 99% ബാക്ടീരിയകളും നശിക്കുന്നു
- 71° മുതല്‍ 82°C: മുട്ടയിലെ പ്രോട്ടീനുകള്‍ പൂര്‍ണമായും കട്ടിയാവുന്നു. കേക്ക് ബേക് ചെയ്യുന്ന താപനില. അന്നജം വിഘടിച്ച് തുടങ്ങുന്നു. ഒരു മിനിറ്റില്‍ തന്നെ ബാക്റ്റീരിയ ഏതാണ്ട് മുഴുവനായും നശിക്കുന്നു
- 100°C: വെള്ളം തിളയ്ക്കുന്നു
- 153°C: ഭക്ഷ്യവസ്തുക്കളുടെ മൊരിയല്‍ (മാല്യാഡ് റിയാക്ഷന്‍) ആരംഭിക്കുന്നു.
- 184°C: പഞ്ചസാര കരാമല്‍ ആയി മാറുന്നു
താപനിലയ്ക്ക് ഫാരന്‍ഹീറ്റ് പോലുള്ള മറ്റ് യൂണിറ്റുകളും ഉണ്ട്. ഉദാഹരണത്തിന് ശരീരോഷ്മാവ് അളക്കാന്‍ ഫാരന്‍ഹീറ്റ് ആണ് പലപ്പോഴും ഉപയോഗിക്കാറ്. ഇവിടെ സ്റ്റാന്‍ഡേഡ് യൂണിറ്റായ ഡിഗ്രി സെല്‍ഷ്യസ് ഉപയോഗിച്ചു എന്ന് മാത്രം.
ദോശച്ചട്ടിയില്‍ നിന്ന് ദോശമാവിലേക്ക് താപം കൈമാറും പോലെയാണോ എല്ലാ സന്ദര്‍ഭത്തിലും താപം കൈമാറുന്നത്? വെള്ളത്തിലിട്ട കൊഴുക്കട്ട വേവുന്നത് എങ്ങനെയാണ്? അടുപ്പിന് അടുത്തുനില്‍ക്കുന്ന നമുക്ക് ചൂട് അനുഭവപ്പെടുന്നതോ? ചാലനം (conduction) , സംവഹനം (convection), വികിരണം (radiation) എന്നിങ്ങനെ മൂന്ന് തരത്തിലാണ് താപക്കൈമാറ്റം നടക്കുക. ഒരു ഖരവസ്തുവില്‍ നിന്ന് മറ്റൊന്നിലേക്ക് കമ്പനം വഴി ഊര്‍ജ്ജം കൈമാറുന്നതാണ് ചാലനം. ദോശചുടുന്നതും, മുട്ട പൊരിക്കുന്നതുമൊക്കെ ഉദാഹരണം. ഒരു ഖരവസ്തുവില്‍ നിന്ന് മറ്റൊന്നിലേക്ക് ഇടയ്ക്ക് നില്‍ക്കുന്ന ഒരു ദ്രാവകമോ വാതകമോ വഴി താപം കൈമാറുന്നതാണ് സംവഹനം. സംവഹനത്തില്‍ ദ്രാവക / വാതക തന്മാത്രകളുടെ ചലനം അഥവാ ഒഴുക്ക് വഴി ഒരു ഭാഗത്ത് നിന്ന് മറ്റിടങ്ങളിലേക്ക് ഊര്‍ജ്ജം എത്തുകയാണ്. അരി വേവിക്കുന്നതും, മുട്ട പുഴുങ്ങുന്നതുമൊക്കെ ഉദാഹരണം. മൈക്രോവേവ് അവനിലാണെങ്കില്‍ വായുവാണ് സംവഹന മാധ്യമമായി പ്രവര്‍ത്തിക്കുക. ചൂടുള്ള വസ്തുവില്‍ നിന്ന് ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ ചുറ്റുപാടുകളിലേക്ക് ചൂട് പടരുന്നതാണ് വികിരണം. അടുപ്പിന് അടുത്ത് നില്‍ക്കുമ്പോള്‍ ചൂട് തോന്നുന്നത് ഉദാഹരണം. സൂര്യനില്‍ നിന്ന് ഊര്‍ജ്ജം ഭൂമിയിലെത്തുന്നതും ഇങ്ങനെ തന്നെ. ഷവര്‍മ്മ അടുപ്പിലും വികിരണം ഉപയോഗപ്പെടുത്തുന്നു. പാചകത്തിന്റെ സ്വഭാവമനുസരിച്ച് ചാലനമോ സംവഹനമോ ഏത് വേണമെന്ന് നമുക്ക് തീരുമാനിക്കാം. മുട്ട പൊരിക്കണോ, പുഴുങ്ങണോ എന്ന് തീരുമാനിക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്നത് ഈ തെരഞ്ഞെടുപ്പാണ്.
അപ്പോൾ താപവും താപനിലയും തമ്മിലുള്ള വ്യത്യാസം മനസ്സിലായല്ലോ, പാചകത്തെ പറ്റിയുള്ള ബാക്കി വാചകം പിന്നീട്-
Content Highlights: science behind cooking, exploring the chemistry of cooking
Published: 07 Mar 2024, 04:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented