'ഞാൻ എന്റെ ലിമിറ്റിലേ കുടിച്ചിട്ടുള്ളൂ,' 
'എത്ര മദ്യപിച്ചാലും എന്റെ കൈയും കാലും വിറയ്ക്കില്ല.' 

എന്നൊക്കെ പലരും അവകാശപ്പെടുന്നത് കേട്ടിട്ടുണ്ടാവും. 'അപകടകരമായ അളവ് മദ്യം' എന്നതിന് വല്ല മാനദണ്ഡവും ഉണ്ടോ?

To advertise here,

പുരുഷന്മാർ ഒരാഴ്ചയിൽ 150 ഗ്രാമിൽ കൂടുതലോ അല്ലെങ്കിൽ ഒറ്റത്തവണ 40 ഗ്രാമിൽ കൂടുതലോ എഥനോൾ ഉപയോഗിക്കുകയാണെങ്കിൽ അത് അപകടകരമായ മദ്യപാനമായി കണക്കാക്കാം. സ്ത്രീകളിൽ ഇത് യഥാക്രമം 70 മുതൽ 80 ഗ്രാമും, മുപ്പത് ഗ്രാമുമാണ്. ഗർഭിണികളോ, 21 വയസ്സിൽ താഴെയുള്ളവരോ എത്ര കുറഞ്ഞ അളവ് മദ്യം ഉപയോഗിച്ചാലും അത് അപകടകരമായിത്തന്നെയാണ് കണക്കാക്കുന്നത്. മദ്യപാനം മൂലം ഒരു വ്യക്തി അപകടകരമായ അവസ്ഥയിലാണോ എന്ന് മനസ്സിലാക്കാൻ ലോകാരോഗ്യസംഘടന നിർദ്ദേശിക്കുന്ന ടെസ്റ്റ് ആണ് Alcohol Use Disorders Identification Test (AUDIT). 

മദ്യത്തോട് മനുഷ്യനുള്ള ആകർഷണത്തെ വിശദീകരിക്കുന്ന രസകരമായ ഒരു സിദ്ധാന്തമുണ്ട്. കുടിയൻ കുരങ്ങന്റെ സിദ്ധാന്തം അഥവാ Drunken monkey hypothesis എന്നാണ് അത് അറിയപ്പെടുന്നത്. കാട്ടിലെ പഴുപ്പേറിയ പഴങ്ങളിൽ ക്വിണനം വഴി എഥനോൾ ഉത്പാദിപ്പിക്കപ്പെടും. വളരെ സാന്ദ്രത കുറഞ്ഞ ഇത് കാട്ടിലൂടെ ദൂരേക്ക് ഒഴുകിയെത്തി പ്രൈമേറ്റുകളെ ആകർഷിക്കുകയും അവ പഴങ്ങൾ കഴിക്കുകയും ചെയ്യും. ദശലക്ഷക്കണക്കിന് വർഷങ്ങളായുള്ള ഈ ശീലമാണ് മനുഷ്യന്റെ മദ്യാസക്തിക്ക് കാരണം എന്നാണ് ഈ സിദ്ധാന്തം മുന്നോട്ടുവെച്ച റോബർട്ട് ഡൂഡ്‌ലി അഭിപ്രായപ്പെടുന്നത്. 

placeholder
Photo: Gettyimages
Photo: Gettyimages

          മുൻഭാഗങ്ങൾ വായിക്കാം

  1. മദ്യപിക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നതെന്ത്?; അറിയാം മദ്യത്തിന്റെ രസതന്ത്രം - ഭാഗം 1
  2. കുടിയന്മാരുടെ ആട്ടത്തിന് പിന്നിലെ കാരണമിതാണ്; അറിയാം മദ്യത്തിന്റെ രസതന്ത്രം| ഭാഗം - 2 

എന്നാൽ, മദ്യം എല്ലാവരിലും ഉണ്ടാക്കുന്ന സ്വാധീനം ഒരേ അളവിലല്ല. പ്രായം, ജെൻഡർ, ജനിതക സവിശേഷതകൾ ഒക്കെ അനുസരിച്ച് മദ്യാസക്തിയിലും, അതുണ്ടാക്കുന്ന കുഴപ്പങ്ങളിലും വ്യത്യാസം വരും. സ്ത്രീകളുടെ ശരീരത്തിലെ കൊഴുപ്പ് എങ്ങനെ ആഗിരണത്തിൽ ഇടപെടുന്നു എന്ന് ഒന്നാം ഭാഗത്തിൽ കണ്ടിരുന്നു. ജനിതക ഘടകങ്ങളും മദ്യത്തിന്റെ ചയാപചയത്തെ ബാധിക്കുന്നുണ്ട്. ഇതിൽ പ്രധാനമാണ് ആൽക്കഹോൾ ഡീഹൈഡ്രോജിനേസിന്റെ അളവ്. ചെറുപ്പക്കാരായ സ്ത്രീകൾക്ക് ചെറുപ്പക്കാരായ പുരുഷന്മാരുടെ അത്രയും എളുപ്പത്തിൽ മദ്യം വിഘടിപ്പിക്കാൻ കഴിയാത്തത് ആൽക്കോഹോൾ ഡീഹൈഡ്രോജിനേസിന്റെ പ്രവർത്തനം മന്ദഗതിയിൽ ആയതിനാലാണ്.

മധ്യ കിഴക്കൻ ഏഷ്യയിലും, ആഫ്രിക്കയിലും ഉള്ള ചില മനുഷ്യരിൽ ആൽക്കോഹോൾ ഡീഹൈഡ്രോജിനേസിന്റെ പ്രവർത്തനം വളരെ വേഗത്തിലായതിനാൽ ശരീരത്തിൽ അസെറ്റാൾഡിഹൈഡ് കുമിഞ്ഞുകൂടി കടുത്ത അസ്വസ്ഥതകൾ ഉണ്ടാക്കും. അതുകൊണ്ടു തന്നെ ഈ ജീൻ ഉള്ളവർ സ്ഥിരം മദ്യപാനികളാകാനുള്ള സാധ്യത കുറയുന്നു. കൗമാരപ്രായത്തിൽ മദ്യപാനം ആരംഭിക്കുന്നവരിൽ അത് തലച്ചോറിന്റെ വികാസത്തെ സാരമായി ബാധിക്കും. പതിനഞ്ച് വയസ്സിന് മുൻപ് മദ്യം കഴിക്കുന്നവരിൽ 40% പേരും മദ്യത്തിന് അടിപ്പെടുമ്പോൾ ഇരുപത് വയസ്സിനു ശേഷം മദ്യം കഴിക്കുന്നവരിൽ 10% മാത്രമാണ് സ്ഥിരം മദ്യപാനികളായി മാറുന്നത് എന്ന് ഒരു പഠനം സൂചിപ്പിക്കുന്നു. 

ബ്രെത് അനലൈസറിന്റെ ശാസ്ത്രം 

മദ്യം കുടിച്ച് വാഹനം ഓടിക്കുന്നത് പരിശോധിക്കാൻ ഉപയോഗിക്കുന്ന ബ്രെത് അനലൈസർ എന്ന ചെറിയ ഉപകരണം സിനിമയിലെങ്കിലും എല്ലാവരും കണ്ടിരിക്കുമല്ലോ. മദ്യപിച്ചിട്ടുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാൻ മെഷീനിലേക്ക് ഊതിക്കുന്ന സർബത്ത് ഷമീർ ഇത്ര പെട്ടെന്ന് അത് കണ്ടുപിടിക്കുന്നതെങ്ങനെ എന്നത്ഭുതം തോന്നിയിട്ടില്ലേ. നിശ്വാസവായുവിലെ ആൽക്കഹോളിന്റെ ഏകദേശ അളവ് കണ്ടെത്തുന്ന ഉപകരണമാണിത്. ഈ ഉപകരണത്തിന്റെ ആദ്യരൂപം കണ്ടെത്തിയത് പൊലീസുകാരെ സഹായിക്കാനൊന്നുമല്ല. ഭർത്താക്കന്മാർ മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാൻ വീട്ടമ്മമാരെ സഹായിക്കുകയായിരുന്നു ഈ ഉപകരണത്തിന്റെ ആദ്യകാല ദൗത്യം. അത് കണ്ടുപിടിച്ച വില്യം ഡങ്കൻ മക്‌നല്ലി കുറേ പ്രാക്ക് കേട്ടിട്ടുണ്ടാവണം. 

placeholder
Photo: PTI
 ബ്രത്ത് അനലൈസർ ഉപയോഗിക്കുന്ന പോലീസുകാർ | Photo: PTI

1927-ലാണ് പോലീസിന്റെ ആവശ്യത്തിന് ഈ വിദ്യ ആദ്യമായി ഉപയോഗിച്ചത്. 1931-ൽ ആദ്യത്തെ കൈയിൽ പിടിച്ച് പരിശോധിക്കാവുന്ന പോർട്ടബിൾ ഉപകരണം വിപണിയിലെത്തി. മദ്യത്തിന്റെ ഓക്‌സീകരണത്തെത്തുടർന്നുള്ള പൊട്ടാസ്യം ഡൈക്രോമേറ്റിന്റെയോ പൊട്ടാസ്യം പെർമാംഗനേറ്റിന്റെയോ നിറം മാറ്റം വഴിയായിരുന്നു ആദ്യകാലത്ത് ബ്രെത് അനലൈസർ എഥനോളിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നത്. നിറവ്യത്യാസം അളക്കാൻ ഒരു ഫോട്ടോസെല്ലിന്റെ സഹായമാണ് ഉപയോഗിച്ചിരുന്നത്. ഇത് മദ്യത്തിന്റെ അളവിന് ആനുപാതികമായ വൈദ്യുതി ഉണ്ടാക്കുകയും സൂചിയുടെ ചലനത്തിലൂടെ അളവ് എളുപ്പത്തിൽ വായിച്ചെടുക്കാൻ സാധിക്കുകയും ചെയ്യും. മദ്യത്തിന് മാത്രമല്ല മറ്റ് നിരോക്‌സീകാരികൾക്കും ഇതേ രാസപ്രവർത്തനം നടത്താൻ കഴിയും. അതുവഴി തെറ്റായ ഫലങ്ങളും കിട്ടും. ശ്വാസത്തിൽ മറ്റ് വസ്തുക്കൾ കലരാനുള്ള സാധ്യത കുറവാണ് എന്നത് മാത്രമാണാശ്വാസം. 

പുതിയകാല ബ്രെത് അനലൈസറുകൾ പ്രവർത്തിക്കുന്നത് ഫ്യുവൽ സെല്ലുകൾ ഉപയോഗിച്ചാണ്. ഉപകരണത്തിലേക്ക് മദ്യപിച്ചയാൾ ഊതുമ്പോൾ ആനോഡിൽ എഥനോൾ അസെറ്റിക് ആസിഡായി ഓക്‌സീകരിക്കപ്പെടുന്നു. 

C2H5OH(g) + H2O(l) → CH3COOH(l) + 4H+(aq) + 4e-

കാഥോഡിൽ ഓക്‌സിജന് നിരോക്‌സീകരണം നടന്ന് വെള്ളം ഉണ്ടാകുന്നു. 

O2(g) + 4H+(aq) + 4e- → 2H2O(l)

ഇതുമൂലമുണ്ടാകുന്ന വൈദ്യുതിയെ ഒരു മൈക്രോ കൺട്രോളർ അളന്ന് രക്തത്തിലെ എഥനോളിന്റെ ഏകദേശ അളവായി ഡിസ്‌പ്ലേ ചെയ്യുന്നു. ഇത് ഒരു ഏകദേശ ധാരണ മാത്രമാണ് തരുന്നത്. കേസെടുക്കൽ പോലുള്ള ആവശ്യങ്ങൾക്ക് കൂടുതൽ വിശദമായി ഇൻഫ്രാറെഡ് സ്‌പെക്ട്രോസ്‌കോപ്പി ഉപയോഗിച്ചുള്ള ശ്വാസ പരിശോധനയോ ബ്ലഡ് ടെസ്റ്റോ നടത്തണം. എങ്കിലും പ്രാഥമികമായി മദ്യപിച്ചിട്ടുണ്ടോ എന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ ബ്രെത് അനലൈസർ മതി. 

placeholder
പ്രതീകാത്മക ചിത്രം | ഫോട്ടോ: Gettyimages
Photo: Gettyimages

പൊടുന്നനെ മദ്യപാനം നിർത്തുമ്പോൾ 

പെട്ടാൽ അത്രയെളുപ്പം കേറിപ്പോരാവുന്ന കുഴിയല്ല ആൽക്കഹോളിസം. ഇനി കുടി നിർത്താമെന്ന് വെച്ചാലും ശരീരം പെട്ടെന്നൊന്നും വഴങ്ങിത്തരില്ല. അവസാനത്തെ ഡ്രിങ്കിന് ശേഷം ആറു മണിക്കൂർ തൊട്ട് തുടങ്ങുന്ന കുഴപ്പങ്ങൾ 24  മുതൽ 72 മണിക്കൂറുകൾ വരെ അതിതീവ്രമായിരിക്കുകയും ഏഴ് ദിവസത്തിന് ശേഷം ശക്തി കുറയുകയും ചെയ്യും. വിറയൽ, വിയർക്കൽ, കിതപ്പും നെഞ്ചിടിപ്പും, ഉത്ക്കണ്ഠ, പനി തുടങ്ങി അപസ്മാരം വരെ നീളുകയും മരണം സംഭവിക്കുകയും ചെയ്യാം. കടുത്ത പിൻമടക്ക ലക്ഷണങ്ങൾ കാണിക്കുന്നവരിൽ 15% പേർ മരണമടയാറുണ്ട്.

മദ്യം കേന്ദ്ര നാഡീവ്യവസ്ഥയെ മന്ദീഭവിപ്പിക്കും എന്ന് ആദ്യ ഭാഗത്ത് പറഞ്ഞിരുന്നല്ലോ. മദ്യപാനം സ്ഥിരമാകുമ്പോൾ തലച്ചോറിൽ അതേ അളവ് മാറ്റം ഉണ്ടാക്കാൻ കൂടുതൽ കൂടുതൽ അളവ് കുടിക്കേണ്ടി വരുന്നു. അളവ് കുറയ്ക്കുകയോ പൊടുന്നനെ നിർത്തുകയോ ചെയ്താൽ പിൻമടക്ക ലക്ഷണങ്ങൾ ആരംഭിക്കുന്നു. മായക്കാഴ്ചകളും വിചിത്രാനുഭവങ്ങളും, കടുത്ത അപസ്മാരവും ഒക്കെ ഉണ്ടാവാം. ഇടയ്ക്കിടെ കുടി നിർത്തുന്നവരിൽ ലക്ഷണങ്ങൾ കൂടുതൽ തീവ്രമാകുന്നു. ബെൻസൊഡയസിപ്പിൻ പോലുള്ള മരുന്നുകളും വൈറ്റമിനുകളും ഒക്കെ ചേർത്തുള്ള ചികിത്സ പിൻമടക്ക ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും. ഇതിന് ഒരു വിദഗ്ദ്ധ ചികിത്സകന്റെ സഹായം ആവശ്യമാണ്. 

placeholder
ഒരു മദ്യപന്റെ പരിണാമം | Photo: Nathaniel Currier, Public domain, via Wikimedia Commons
ഒരു മദ്യപന്റെ പരിണാമം | Photo: Nathaniel Currier, Public domain, via Wikimedia Commons

ചികിത്സയുടെ ശാസ്ത്രം 

ഒരു മദ്യപന്റെ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളാണ് മുകളിലെ ചിത്രം കാണിക്കുന്നത്. എന്നാൽ ചികിത്സകൊണ്ട് രക്ഷപ്പെടാനുമാവും. എത്ര നേരത്തേ തുടങ്ങുന്നോ അത്രയും നല്ലത്. ഡൈസൾഫിറാം, നാൾട്രെക്‌സോൺ, അകാംപ്രോസേറ്റ് തുടങ്ങിയ മരുന്നുകൾ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. ഡൈസൾഫിറാം ഏറ്റവും പഴയ മരുന്നാണ്. ഇത് കഴിച്ച ശേഷം മദ്യം കഴിച്ചാൽ രൂക്ഷമായ അസ്വസ്ഥതകൾ ഉണ്ടാക്കും. മദ്യപാനം കൊണ്ട് മുൻപേ തളർന്ന കരളിന് നല്ലതല്ലാത്തതിനാൽ ഇപ്പോൾ അത്ര ഉപയോഗത്തിലില്ല. നാൾട്രെക്‌സോൺ മദ്യം ഉണ്ടാക്കുന്ന സന്തോഷകരമായ അനുഭവത്തെ ഇല്ലാതാക്കിക്കൊണ്ടാണ് പ്രവർത്തിക്കുക. ഇത് കഴിക്കുകയോ ഇഞ്ചക്ഷനായി എടുക്കുകയോ ആവാം. ദീർഘ ഇടവേളകളിൽ ഇഞ്ചക്ഷൻ എടുത്താൽ മതി എന്നതിനാൽ കൂടുതൽ സൗകര്യപ്രദമാണ്. താരതമ്യേന പുതിയ മരുന്നായ അകാംപ്രോസേറ്റ് അസുഖകരമായ ലക്ഷണങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഏത് മരുന്നായാലും ഇക്കാര്യത്തിൽ സ്വയം ചികിത്സ പാടില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വിദഗ്ദ നിർദ്ദേശം അനുസരിച്ചുള്ള മരുന്നുകളും കൌൺസിലിംഗും, ചുറ്റുമുള്ളവരുടെ പിന്തുണയും എല്ലാം ചേർന്നേ ആൽക്കഹോളിസത്തിൽനിന്ന് രക്ഷനേടാനാവൂ. 

ഇതെഴുതുന്നയാൾക്ക് ഈയിടെയായി മദ്യത്തോടാണ് ഒബ്‌സഷൻ എന്ന് ചില കൂട്ടുകാർ കളിയാക്കുന്നുണ്ട്. ഒരു മനുഷ്യന് എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും അസുഖകരവും അപമാനകരവുമായ അവസ്ഥയായി മദ്യാസക്തിയെ തിരിച്ചറിഞ്ഞിട്ടുള്ളതിനാൽ ഞാൻ ആ വഴിക്കില്ലേയ് ! നിങ്ങളോ?