പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ. രാജ്യത്തെ ടെലികോം വിപണിയിൽ നിലവിൽ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾക്കു പിന്നിൽ നാലാമതാണ്. ഇതുവരെ 5ജിയിലേക്ക് മാറിയിട്ടില്ലാത്തതുകൊണ്ടുതന്നെ പല കാര്യങ്ങളിലും സ്വകാര്യ കമ്പനികളോട് മത്സരിക്കാനാകാറില്ല. എന്നാൽ, ഹരിയാണയിൽ ഈ എതിരാളികളെ ഞെട്ടിച്ചിരിക്കുകയാണ് ബി.എസ്.എൻ.എൽ. 2026 ജൂലായിലെ കണക്കനുസരിച്ച് ഹരിയാണയിൽ ഏറ്റവുമധികം ഉപയോക്താക്കളെ സ്വന്തമാക്കി പുതിയ ഉപയോക്താക്കളുടെ എണ്ണത്തിൽ മുന്നിലെത്തിയിരിക്കുകയാണ് ബി.എസ്.എൻ.എൽ. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ ഏറ്റവും പുതിയ ടെലികോം സബ്സ്ക്രിപ്ഷൻ റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്.

To advertise here,

ഹരിയാണയിലെ ബി.എസ്.എൻ.എൽ. മൊബൈൽ വരിക്കാരുടെ എണ്ണം 4,679,224-ൽനിന്ന് 2026 ജൂലായ് അവസാനത്തിൽ 4,717,784 ആയി വർധിച്ചു. അതായത്, ഒരു മാസംകൊണ്ട് 68,560 മൊബൈൽ വരിക്കാരെയാണ് ബി.എസ്.എൻ.എലിനു ലഭിച്ചത്.

റിലയൻസ് ജിയോയാണ് പുതിയ ഉപയോക്താക്കളുടെ എണ്ണത്തിൽ രണ്ടാമത്. 8,270,811 പേരുണ്ടായിരുന്ന ജിയോ ഉപയോക്താക്കളുടെ എണ്ണം 8,308,319 ആയി ഉയർന്നു. 37,508 പുതിയ ഉപയോക്താക്കളെയാണ് ജിയോയ്ക്ക് ജൂലായിൽ ലഭിച്ചത്.

എയർടെലിന് 7,938,962-ൽനിന്ന് 25,139 ഉപയോക്താക്കൾ കൂടി ആകെ എണ്ണം 7,964,101-ൽ എത്തി. വോഡഫോണിനും വളർച്ചയുണ്ടായിട്ടുണ്ട്. എന്നാൽ, പുതിയ വരിക്കാരുടെ എണ്ണം കുറവാണ്. ജൂലായിൽ 2,641 പേരെ മാത്രമാണ് വോഡഫോൺ ഐഡിയയ്ക്ക് ലഭിച്ചത്. ഇതോടെ വോഡഫോൺ ഐഡിയയുടെ ഉപയോക്താക്കളുടെ എണ്ണം 6,199,167-ൽനിന്ന് 6,201,808 ആയി ഉയർന്നു.

അതേസമയം, ഇന്ത്യയിലുടനീളം ബി.എസ്.എൻ.എൽ. ഉപയോക്താക്കളുടെ എണ്ണം ഉയർത്തിയിട്ടുണ്ട്. ജൂണിൽ 93,008,994 ഉപയോക്താക്കളുണ്ടായിരുന്നത്, ജൂലായിൽ 93,177,868 ആയി ഉയർന്നു. ഇന്ത്യയിലുടനീളം 1,68,874 പേരെയാണ് ജൂലായിൽ ബി.എസ്.എൻ.എലിനു ലഭിച്ചത്.

കേരളത്തിൽ പുതിയ മൊബൈൽ ഉപയോക്താക്കളുടെ എണ്ണത്തിൽ എയർടെൽ ആണ് മുന്നിൽ (55,183). ജിയോ രണ്ടാമതും (53,101) ബി.എസ്.എൻ.എൽ. മൂന്നാമതുമാണ് (44,093); വോഡഫോൺ ഐഡിയയാണ് നാലാമതുള്ളത് (15,169). കേരളത്തിലെ മൊത്തം മൊബൈൽ വരിക്കാരുടെ എണ്ണം ജൂണിലെ 4,27,53,302-ൽനിന്ന് ജൂലായിൽ 4,29,20,848 ആയി ഉയർന്നു. അതായത്, ഒരു മാസത്തിനിടെ 1,67,546 പുതിയ മൊബൈൽ കണക്ഷനുകൾ രേഖപ്പെടുത്തി.

ജൂലായിൽ ഏറ്റവും കൂടുതൽ നേടിയത് എയർടെൽ ആയിരുന്നെങ്കിലും, ആകെ ഉപയോക്താക്കളുടെ എണ്ണത്തിൽ കേരളത്തിൽ ഇപ്പോഴും വി ആണ് ഒന്നാം സ്ഥാനത്ത് (1,28,07,413). ജിയോ (1,12,46,920), എയർടെൽ (98,41,122), ബി.എസ്.എൻ.എൽ. (90,25,390) എന്നീ ക്രമത്തിലാണ് മറ്റ് കമ്പനികൾ.