ഇന്ത്യൻ ടെലികോം വിപണി വലിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ്. കൃത്യമായി പറഞ്ഞാൽ വലിയൊരു ഇടവേളയ്ക്കുശേഷം താരിഫ് വർധനയ്ക്ക് ഒരുങ്ങുകയാണ് കമ്പനികളെന്നാണ് വിപണിയിൽനിന്നുള്ള സൂചന. മുൻനിര ടെലികോം കമ്പനിയായ ഭാരതി എയർടെൽ തിരഞ്ഞെടുത്ത എൻട്രി ലെവൽ പ്രീപെയ്ഡ് ഡേറ്റാ പ്ലാനുകൾ കഴിഞ്ഞയാഴ്ച നീക്കം ചെയ്തതിനു പിന്നാലെയാണ് താരിഫ് വർധനയ്ക്ക് സാധ്യതയുണ്ടെന്ന വിധത്തിൽ ചർച്ചകൾ ശക്തമായത്. 28 ദിവസംമുതൽ 60 ദിവസംവരെ വാലിഡിറ്റിയുള്ള പ്ലാനുകളിൽ ചിലതാണ് എയർടെൽ ഒഴിവാക്കിയത്. ഇപ്പോഴിതാ റിലയൻസ് ജിയോ അവരുടെ ജിയോ പ്രൈം സബ്സ്ക്രിപ്ഷൻ പ്ലാൻ വീണ്ടും അവതരിപ്പിക്കുകയും ചെയ്തു.
ഭാവിയിൽ നിരക്കു വർധനയുണ്ടായാലും നിലവിലുള്ള റീച്ചാർജ് പ്ലാനുകൾ ഒരു വർഷത്തേക്ക് തുടർന്നും റീച്ചാർജ് ചെയ്യാൻ അനുവദിക്കുന്നതാണ് 300 രൂപയുടെ ഈ സബ്സ്ക്രിപ്ഷൻ പ്ലാൻ. ഇങ്ങനെയൊരു പ്ലാൻ വീണ്ടും അവതരിപ്പിച്ചതുതന്നെ താരിഫ് വർധന വരാനിരിക്കുന്നതിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. 2027 സെപ്റ്റംബർ വരെയാണ് ജിയോ പ്രൈം പ്ലാനിന്റെ വാലിഡിറ്റി. അതായത് വരുന്ന ആറുമാസത്തിനുള്ളിൽത്തന്നെ ടെലികോം നിരക്കുകൾ പരിഷ്കരിക്കാനിടയുണ്ടെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് വിലയിരുത്തുന്നു. എൻട്രി ലെവൽ സ്മാർട്ഫോൺ പ്ലാനുകളിൽ 50 രൂപയുടെയെങ്കിലും വർധന പ്രതീക്ഷിക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്.
ടെലികോം കമ്പനികൾ അവരുടെ ബിസിനസ് രീതിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കത്തിലാണ്. വില കുറഞ്ഞ ഡേറ്റ നൽകി വരിക്കാരെ വലിയ രീതിയിൽ കൂട്ടിച്ചേർക്കുന്ന പഴയ തന്ത്രത്തിൽനിന്ന് പ്രീമിയം സേവനങ്ങളിലേക്കും ഓരോ ഉപഭോക്താവിൽനിന്നുമുള്ള ഉയർന്ന ശരാശരി വരുമാനത്തിലേക്കും മെച്ചപ്പെട്ട പണലഭ്യതയിലേക്കും കമ്പനികൾ ശ്രദ്ധ മാറ്റുന്നതിന്റെ ഭാഗമായാണ് വിലവർധനയെന്നും വിലയിരുത്തപ്പെടുന്നു.
Content Highlights: The Indian telecom sector is gearing up for a significant tariff hike—with entry-level plans likely increasing by at least ₹50 within the next six months—as giants like Airtel discontinue select data plans and Reliance Jio reintroduces its Jio Prime protection plan to boost average revenue per user (ARPU).
Published: 18 Aug 2026, 03:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented