മുംബൈ: പൊതുമേഖലാ ടെലികോം കമ്പനിയായ ബി. എസ്.എൻ.എൽ. നെറ്റ്വർക്ക് ശേഷി വിപുലമാക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ചുവർഷംകൊണ്ട് 77,000 കോടി രൂപയുടെ നിക്ഷേപത്തിനു പദ്ധതിയിടുന്നു. ഈ നിക്ഷേപം വഴി ബി.എസ്.എൻ.എലിന് രാജ്യത്തെ 98 ശതമാനം പ്രദേശങ്ങളിലും കവറേജ് ലഭ്യമാക്കാനാകും.

To advertise here,

രണ്ടുലക്ഷം പുതിയ 4ജി സൈറ്റുകളൊരുക്കാനും തന്ത്രപ്രധാന മേഖലകളിൽ 5ജി സേവനം തുടങ്ങാനുമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. 2028-29 സാമ്പത്തിക വർഷത്തോടെ നഷ്ടമില്ലാതെ പ്രവർത്തിക്കാൻ കമ്പനിയെ പ്രാപ്തമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. 2031-32 ഓടെ നഷ്ടമില്ലാതെയാക്കാനാണ് നേരത്തേ ലക്ഷ്യമിട്ടിരുന്നതെങ്കിലും പുതിയ മൂലധന നിക്ഷേപത്തിലൂടെ ഇതു നേരത്തേയാക്കുന്നതിനാണ് പദ്ധതിയൊരുക്കുന്നത്. ടെലികോം വകുപ്പ് പാർലമെന്ററികാര്യ കമ്യൂണിക്കേഷൻ - ഐ.ടി. സ്റ്റാൻഡിങ് കമ്മിറ്റിക്കു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

അതേസമയം, ഉയർന്ന മൂലധനച്ചെലവ് കമ്പനിയുടെ നഷ്ടംകൂടാൻ കാരണമാകുന്നുണ്ട്. 2025-26 സാമ്പത്തിക വർഷം 4,738 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. അതിനുതൊട്ടുമുൻവർഷം 2,247 കോടിയായിരുന്നു ഇത്. നടപ്പുസാമ്പത്തിക വർഷം നഷ്ടം 5,000 കോടി കടക്കുമെന്നാണ് കണക്കാക്കുന്നത്. പ്രവർത്തന വരുമാനം ഉയരുന്നുണ്ടെങ്കിലും ഉയർന്ന മൂലധനച്ചെലവാണ് നഷ്ടമുയർത്തുന്നത്. പ്രവർത്തനവരുമാനം നേരത്തേ ടെലികോം വകുപ്പുനൽകിയ ലക്ഷ്യത്തിലേക്ക് എത്തിയിട്ടുമില്ല. 28,476 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് പ്രവർത്തന വരുമാനം 21,199 കോടി രൂപ മാത്രമാണ്. ഇക്കാര്യവും സമിതി പരിശോധിക്കുന്നുണ്ട്.

നിലവിലുള്ള പുനരുദ്ധാരണ പാക്കേജിനു പുറത്താണ് 77,000 കോടി രൂപയുടെ മൂലധനനിക്ഷേപത്തിന് പദ്ധതിയിടുന്നത്. 2019-നുശേഷം ബി.എസ്.എൻ.എലിന്റെ നവീകരണത്തിനും പുനരുജ്ജീവന പ്രവർത്തനങ്ങൾക്കുമായി 3.2 ലക്ഷം കോടി രൂപയ്ക്കടുത്ത് വിവിധ രൂപത്തിലായി സർക്കാർ ചെലവിട്ടിട്ടുണ്ടെന്നാണ് കണക്ക്. വി. ആർ.എസ്. പദ്ധതി, 4ജി, 5ജി സ്‌പെക്ട്രം കുടിശ്ശിക, ലയനപ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കുൾപ്പെടെയാണ് ഈ തുക ചെലവിട്ടത്. നിലവിൽ രാജ്യത്തെ നാലാമത്തെ വലിയ ടെലികോം കമ്പനിയാണ് ബി.എസ്.എൻ.എൽ. ഇതുവരെ നടപ്പാക്കിയ പദ്ധതികളുടെ പിൻബലത്തിൽ ബി.എസ്.എൻ.എൽ. തിരിച്ചുവരവിന്റെ പാതയിലാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ബി.എസ്.എൻ.എലിന് 2026 ജൂണിലെ കണക്കനുസരിച്ച് 2.29 കോടി വയർലെസ് ഉപഭോക്താക്കളാണുള്ളത്. 7.3 ശതമാനം മാത്രമാണ് വിപണി വിഹിതം. റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവയ്ക്ക് ആകെ 77 ശതമാനം വിപണിവിഹിതമുണ്ട്. വോഡഫോൺ ഐഡിയക്കിത് 15 ശതമാനമാണ്.