
സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന ആപ്പിളിന്റെ ‘സർപ്രൈസ് ആന്റ് ഷൈൻ’ എന്ന് പേരിട്ടിരിക്കുന്ന അവതരണ പരിപാടിയിലെ മുഖ്യ ആകർഷണമെന്താണെന്ന് ചോദിച്ചാൽ പുതിയ ഐഫോൺ 18 സീരീസ് ഫോണുകളോ, ഫോൾഡബിൾ ഫോണോ ആണെന്ന് കരുതിയെങ്കിൽ തെറ്റി. യഥാർഥത്തിൽ ലോകം ഉറ്റുനോക്കുന്നത് ആപ്പിളിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ ജോൺ ടെർനസ് എങ്ങനെയാണ് ഈ പരിപാടിക്ക് നേതൃത്വം നൽകാൻ പോകുന്നത് എന്നാണ്. സ്റ്റീവ് ജോബ്സിന്റെ കാലം തൊട്ടുതന്നെ ആപ്പിളിന്റെ കീനോട്ട് പ്രസംഗം ലോകം ഉറ്റുനോക്കാറുണ്ട്. ആദ്യ ഐഫോൺ പുറത്തിറക്കി സാങ്കേതിക ലോകത്തെ വഴിമാറി സഞ്ചരിപ്പിച്ച ജോബ്സിന്റെ ആ കീനോട്ട് പ്രസംഗം ലോകത്തെ ശീലിപ്പിച്ച ആ കൗതുകത്തോടെയാണ് പിന്നീടിങ്ങോട്ടുണ്ടായ ആപ്പിളിന്റെ അവതരണ പരിപാടികളെല്ലാം കാണികൾ വീക്ഷിക്കാറുള്ളത്.
ഇത്തവണ അതിലേറെ കൗതുകമുണ്ട്, മഹാന്മാരായ രണ്ട് നേതാക്കൾ പടുത്തിട്ട പാരമ്പര്യം പേറിയാണ് പിൻഗാമിയായി ടെർനസ് എത്തുന്നത്. ടെർനസിന്റെ അവതരണ ശൈലി എങ്ങനെ ആയിരിക്കും? ടെർനസിനെ ആപ്പിൾ ഇവന്റ് വേദിയിൽ ആദ്യമായല്ല കാണാൻ പോകുന്നത്. കമ്പനിയുടെ ഹാർഡ്വേർ എൻജിനിയറിങ് തലവനെന്ന നിലയിൽനിന്നാണ് ടെർനസ് ഇപ്പോൾ സി.ഇ.ഒ. സ്ഥാനത്തെത്തിയത്. മുമ്പ് പലതവണ ആപ്പിളിന്റെ പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനായി ടെർനസ് ആപ്പിൾ വേദിയിലെത്തിയിട്ടുണ്ട്.
അവതരണത്തിൽ ജോൺ ടെർനസ് ടിം കുക്കിൽനിന്ന് വ്യത്യസ്തനാവുമെന്നും സ്റ്റീവ് ജോബ്സിനോട് സമാനതകൾ പുലർത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ടിം കുക്ക് ഒരിക്കലും ഒരു സാങ്കേതിക വിദഗ്ധനായിരുന്നില്ല. തുടക്കകാലത്ത് ഐ.ബി.എം., കോംപാക് തുടങ്ങിയ കമ്പനികളിൽ ബിസിനസ് ഓപ്പറേറ്ററായാണ് അദ്ദേഹം വർഷങ്ങളോളം പ്രവർത്തിച്ചത്. ദൈനംദിന പ്രവർത്തനങ്ങൾ, വിതരണം, ലോജിസ്റ്റിക്സ്, വിൽപ്പനക്കണക്കുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു ബിസിനസ് വിദഗ്ധനായിരുന്നു അദ്ദേഹം. ആ മേഖലയിലെ അദ്ദേഹത്തിന്റെ വൈദഗ്ധ്യം തന്നെയാണ് 35,000 കോടി ഡോളറിൽനിന്ന് 4 ലക്ഷം കോടി ഡോളറിലേക്കുള്ള കമ്പനിയായി വളരാൻ സഹായിച്ചതും.
ടിം കുക്കിൽനിന്ന് വ്യത്യസ്തമായി, 25 വർഷത്തിലേറെയായി ആപ്പിളിൽ സേവനമനുഷ്ഠിക്കുന്ന ഒരു ട്രൂ 'ടെക്നോളജിസ്റ്റ്' ആണ് ടെർനസ്. സ്റ്റീവ് ജോബ്സും സാങ്കേതിക വിദഗ്ധനായിരുന്നു. അതിനാൽ പുതിയ ഉത്പന്നങ്ങളുടെയും സാങ്കേതികവിദ്യകളുടെയും വിവരങ്ങൾ വിശദമായി സ്വയം വേദിയിൽനിന്ന് വിശദീകരിക്കാൻ അദ്ദേഹം താത്പര്യപ്പെട്ടേക്കാം. സ്റ്റീവ് ജോബ്സിനെപ്പോലെ ലൈവ് ഡെമോകൾ ചെയ്യാനും, ആപ്പിൾ ഉത്പന്നങ്ങൾ എങ്ങനെ ജനങ്ങൾക്ക് ഉപകാരപ്പെടുമെന്നുമെല്ലാം അദ്ദേഹം സ്വയം തന്നെ വേദിയിൽ അവതരിപ്പിച്ചേക്കാം.
മുൻകൂർ റെക്കോർഡ് ചെയ്ത വീഡിയോകളാണ് സ്റ്റീവ് ജോബ്സിന്റെ നേതൃത്വത്തിലുള്ള അവതരണ പരിപാടികളിൽ പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കാനായി ഉപയോഗിച്ചിരുന്നത്. എന്നാൽ അതിൽനിന്ന് മാറി സ്റ്റീവ് ജോബ്സിനെ പോലെ ഉത്പന്നങ്ങളെക്കുറിച്ചും അതിന്റെ പ്രയോജനങ്ങളെക്കുറിച്ചും ടെർനസ് നേരിട്ട് തന്നെ വേദിയിൽ സംസാരിക്കാൻ താത്പര്യപ്പെട്ടേക്കാം.
ടെർനസിന്റെ നേതൃത്വം
വിഖ്യാതനായ ആപ്പിൾ സി.ഇ.ഒ. സ്റ്റീവ് ജോബ്സിനെ പോലെ ഉത്പന്നനിർമാണ പശ്ചാത്തലമുള്ള സാങ്കേതിക വിദഗ്ധനാണ് പുതിയ സി.ഇ.ഒ. ജോൺ ടെർനസ്. ആപ്പിളിൽ വർഷങ്ങളുടെ അനുഭവപരിചയമുണ്ട്. വിപണിയോട് കിടപിടിക്കുന്ന പുതിയ ഉത്പന്നങ്ങളും പരീക്ഷണങ്ങളും ടെർനസിന് കീഴിൽ ആപ്പിളിൽനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമിത ബുദ്ധിയിൽ ആപ്പിൾ എങ്ങനെ വിപണിയോട് മത്സരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ആപ്പിളിന്റെ ഫോൾഡബിൾ വിപണിയുടെ ഉത്തരവാദിത്വവും ടെർനസിനായിരിക്കും. ഫോൾഡബിൾ വിപണിയിൽ എതിരാളികളെ നേരിടാൻ കമ്പനിയെ പ്രാപ്തമാക്കേണ്ടതുണ്ട്. അച്ചടക്കവും കൃത്യതയും നിയന്ത്രണവുമാണ് ആപ്പിളിനെ പോയകാലത്ത് ശക്തിയായതെങ്കിൽ, തുറന്ന സമീപനത്തിനും വേഗത്തിലുള്ള മാറ്റങ്ങൾക്കും പ്രാധാന്യമുള്ള അടുത്ത കാലഘട്ടത്തിൽ ആ ഗുണങ്ങൾ തന്നെ കമ്പനിക്ക് തടസ്സമായേക്കാം. അതിൽനിന്നുള്ള മാറ്റമാണ് പുതിയ നേതാവിൽ ആപ്പിൾ ആരാധകർ പ്രതീക്ഷിക്കുന്നത്.
Content Highlights: Apple's September 9 event will spotlight its new, tech-savvy CEO John Ternus, whose highly anticipated presentation style is expected to mirror Steve Jobs's live demos and product-focused approach, marking a major shift in the company's future direction for AI and foldable devices.
Published: 07 Sept 2026, 12:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented