ഹൈദരാബാദ്: ഐടി ഭീമനായ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ ഉപസ്ഥാപനമായ ഹൈപ്പർവോൾട്ട് (HyperVault) ഹൈദരാബാദിൽ വൻകിട നിർമിത ബുദ്ധി (AI) ഡാറ്റാ സെന്റർ സ്ഥാപിക്കുന്നു. ഇതിനായി 264 ഏക്കർ ഭൂമി കമ്പനി സ്വന്തമാക്കി. 1 ജിഗാവാട്ട് വരെ ശേഷിയുള്ള ഡാറ്റാ സെന്റർ കാമ്പസാണ് ഇവിടെ ഉയരുക. അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഹൈപ്പർവോൾട്ടും പങ്കാളികളായ സ്ഥാപനങ്ങളും ചേർന്ന് ഏകദേശം 70,000 കോടി രൂപ വരെ നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

To advertise here,

എഐ കമ്പനികളുടെയും മറ്റും ആവശ്യങ്ങൾക്കുവേണ്ടി അതിവേഗ ലിക്വിഡ്-കൂൾഡ് കംപ്യൂട്ടിങ് സൗകര്യങ്ങൾ ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. എഐ ട്രെയിനിങ്, ഇൻഫറൻസ്, മറ്റ് നൂതന കംപ്യൂട്ടിങ് ജോലികൾ എന്നിവയ്ക്കായി ഉയർന്ന സാന്ദ്രതയുള്ള ജിപിയു (GPU) വിന്യസിക്കാനാവും വിധമാണ് ഈ കാമ്പസ് രൂപകല്പന ചെയ്തിരിക്കുന്നത്. നേരിട്ടുള്ള ലിക്വിഡ് കൂളിങ് സാങ്കേതികവിദ്യയായിരിക്കും ഇതിനായി ഉപയോഗിക്കുക. പരിസ്ഥിതി സൗഹൃദമായ ഹരിത ഊർജവും വാട്ടർ-ന്യൂട്രൽ ഡിസൈനും അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പാക്കുക. നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും കമ്പനി പറഞ്ഞു.

നിർമാണം പൂർത്തിയാവുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഇൻഫ്രാസ്ട്രക്ചർ ക്യാമ്പസ് ആയി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.