ഹാമില്‍ട്ടണ്‍: ന്യൂസീലന്‍ഡിനെതിരായ കഴിഞ്ഞ മത്സരങ്ങളില്‍ വിരാട് കോലിയുടെ അതിവേഗ റണ്‍ഔട്ടുകളാണ് കണ്ടതെങ്കില്‍ രണ്ടാം ഏകദിനത്തില്‍ രവീന്ദ്ര ജഡേജ ആയിരുന്നു താരം. കിവീസ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമിനെ പുറത്താക്കിയ ജഡേജയുടെ റോക്കറ്റ്‌ ത്രോയെ നിരവധി പേരാണ് അഭിനന്ദിച്ചത്. 

കിവീസ് ഇന്നിങ്‌സിലെ 35-ാം ഓവറിലായിരുന്നു ഈ റണ്‍ ഔട്ട്. നവദീപ് സയ്‌നി എറിഞ്ഞ ഈ ഓവറിലെ രണ്ടാം പന്തില്‍ ടെയ്‌ലര്‍ സിംഗിളെടുക്കാന്‍ ശ്രമിച്ചു. ആദ്യം ഒന്ന് ശങ്കിച്ച ശേഷമാണ് ടെയ്‌ലര്‍ ഓടാന്‍ തുടങ്ങിയത്. ഈ സമയത്ത് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് നീഷാം ഓടാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ നീഷാം ക്രീസിലെത്തുംമുമ്പെ ജഡേജ ഒരു ബുള്ളറ്റ് ത്രോയിലൂടെ ബെയ്‌ലുകള്‍ ഇളക്കി.

Read More: നിക്കോള്‍സ് നിയമം ലംഘിച്ചു; അമ്പയറോട് ദേഷ്യപ്പെട്ട് കോലി

പന്തിലേക്ക് പാഞ്ഞടുത്ത ജഡേജ ഒട്ടും സമയം പാഴാക്കാതെ ഇടങ്കൈ കൊണ്ട് സ്റ്റമ്പിലേക്ക് എറിഞ്ഞു. ഉന്നം തെറ്റിയില്ല. അഞ്ചു പന്തില്‍ മൂന്നു റണ്‍സുമായി നീഷാം പുറത്ത്. ഇതിന് മുമ്പത്തെ ഓവറില്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥത്തെ വിക്കറ്റിന് മുന്നില്‍ കുരുക്കിയതിന് പിന്നാലെയായിരുന്നു ജഡേജയുടെ ഈ റണ്‍ഔട്ട്. 

ഇതിന് പിന്നാലെ ആരാധകര്‍ ജഡേജയ്ക്ക് അഭിനന്ദനവുമായെത്തി. 'റോക്കറ്റ് മാന്‍' എന്നാണ് ഇന്ത്യന്‍ ഓള്‍റൗണ്ടറെ ആരാധകര്‍ വിശേഷിപ്പിച്ചത്. മത്സരത്തില്‍ 10 ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങി ജഡേജ ഒരു വിക്കറ്റുമെടുത്തു. അതേസമയം ജസ്പ്രീത് ബുംറ പത്ത് ഓവറില്‍ 64 റണ്‍സാണ് വഴങ്ങിയത്. വിക്കറ്റൊന്നും നേടിയതുമില്ല.

 

Content Highlights: A rocket throw from Ravindra Jadeja ends the innings of James Neesham India vs New Zealand