2021-ൽ താലിബാൻ വീണ്ടും അധികാരത്തിൽ വന്നതിനെത്തുടർന്ന് തന്റെ ജന്മനാട് വിട്ട് ഇറ്റലിയിൽ അഭയം പ്രാപിക്കേണ്ടി വന്നയാളാണ് 23-കാരിയായ ഫരീബ ഹാഷിമി. 2002-ന് ശേഷം ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ അഫ്ഗാൻ വനിതയെന്ന നേട്ടം സ്വന്തമാക്കിയ സൈക്ലിങ് താരം. ഏഷ്യൻ ഗെയിംസിൽ ഞായറാഴ്ച നടന്ന ടൈം ട്രയൽ മത്സരത്തിൽ ഏഴാം സ്ഥാനത്തെത്തിയ ഫരീബ, ബുധനാഴ്ച നടന്ന വനിതകളുടെ വ്യക്തിഗത റോഡ് റേസിലാണ് അഫ്ഗാനായി ചരിത്രം കുറിച്ചത്. അഫ്ഗാനിസ്താനിൽ താലിബാന്റെ കടുത്ത നിയന്ത്രണങ്ങളും ആക്രമണങ്ങളും ഭയന്ന് ആൺവേഷം ധരിച്ച് സൈക്കിൾ പരിശീലനം നടത്തിയിരുന്ന പെൺകുട്ടി ഇന്ന് ആ രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഫരീബയുടെ ഈ നേട്ടം കായികരംഗത്തെ വിജയത്തിനപ്പുറം അഫ്ഗാൻ സ്ത്രീകളുടെ അചഞ്ചലമായ പ്രതിരോധത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകം കൂടിയാണ്.

To advertise here,

''എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് വിജയികളുടെ പോഡിയത്തിൽ നിൽക്കുക എന്ന സ്വപ്നവുമായാണ് ഞാൻ ഏഷ്യൻ ഗെയിംസിനെത്തിയത്. ഇപ്പോൾ അനുഭവിച്ചറിയുന്ന സന്തോഷം വാക്കുകളാൽ വിവരിക്കാനാവില്ല.''-മെഡൽ നേട്ടത്തിന് ശേഷം ഫരീബ പറഞ്ഞു.

അഫ്ഗാനിസ്താനിലെ വിദൂര വടക്കൻ പ്രവിശ്യയായ ഫരിയാബിൽ നിന്നാണ് ഫരീബയുടെ കായിക യാത്ര ആരംഭിക്കുന്നത്. തന്റെ പതിനഞ്ചാം വയസിൽ, ചേച്ചിയായ യുൽദുസിനെ പിന്തുടർന്നാണ് ഫരീബ സൈക്ലിങ്ങിലേക്ക് കടന്നുവന്നത്. അയൽക്കാരന്റെ സൈക്കിൾ കടം വാങ്ങിയാണ് ഇരു സഹോദരിമാരും പരിശീലനം തുടങ്ങിയത്. 2017-ൽ തങ്ങളുടെ ആദ്യ മത്സരത്തിൽ പങ്കെടുക്കുമ്പോൾ, ആളുകൾ തിരിച്ചറിയാതിരിക്കാൻ തലമറയ്ക്കുന്ന വസ്ത്രം, മാസ്‌ക്, സൺഗ്ലാസ് എന്നിവ ധരിച്ചാണ് ഇവർ സൈക്കിൾ ഓടിച്ചത്. ആ മത്സരത്തിൽ ഫരീബ ഒന്നാമതും യുൽദുസ് രണ്ടാമതുമെത്തി. ''ആ സമയത്ത് ആകാശത്ത് സ്വതന്ത്രമായി പറക്കുന്ന ഒരു പക്ഷിയെപ്പോലെയാണ് എനിക്ക് തോന്നിയത്.''-അന്നത്തെ അനുഭവം ഫരീബ ഓർത്തെടുത്തു.

തുടർന്ന് വ്യാജ പേരുകളിലും ആൺവേഷം ധരിച്ചുമാണ് ഇരുവരും പരിശീലനവും മത്സരങ്ങളും തുടർന്നത്. ഫരിയാബിൽ സ്ത്രീകൾ സൈക്കിൾ ഓടിക്കുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. മാധ്യമശ്രദ്ധ ലഭിച്ചു തുടങ്ങിയതോടെ ഇവർക്ക് വലിയ തോതിലുള്ള ഭീഷണികളും അക്രമങ്ങളും നേരിടേണ്ടി വന്നു. പരിശീലനത്തിനിടെ ഇരുവരുടെയും നേർക്ക് കല്ലുകളും കുപ്പികളും എറിയപ്പെട്ടു. ഇതിനിടയിൽ ഒരു റിക്ഷാ ഡ്രൈവർ മനപ്പൂർവ്വം സൈക്കിളിൽ ഇടിച്ച് യുൽദുസിന്റെ കൈത്തണ്ട ഒടിക്കുകയും ചെയ്തു. ''നിനക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ കുഴപ്പമില്ല, പക്ഷേ അവർ നിന്നെ കൊന്നുകളയുമോ എന്ന് എനിക്ക് ഭയമുണ്ട്'' എന്ന് ഫരീബയുടെ പിതാവ് ഒരിക്കൽ അവളോട് പറയുകയുണ്ടായി.

2021-ൽ താലിബാൻ വീണ്ടും അധികാരത്തിൽ വരികയും സ്ത്രീകളുടെ സ്വാതന്ത്ര്യം കവർന്നെടുക്കുകയും ചെയ്തതോടെ ഫരീബയ്ക്ക് ജന്മനാട് ഉപേക്ഷിച്ച് ഇറ്റലിയിലേക്ക് രക്ഷപ്പെടേണ്ടിവന്നു. മുൻ ലോക ചാമ്പ്യനായ അലെസ്സാന്ദ്ര കപ്പെല്ലോട്ടൊയുടെ സഹായത്തോടെയാണ് ഫരീബ നിലവിൽ ഇറ്റലിയിൽ താമസിക്കുകയും പരിശീലനം നടത്തുകയും ചെയ്യുന്നത്. ഒളിമ്പിക് സോളിഡാരിറ്റി സ്‌കോളർഷിപ്പ് ജേതാവ് കൂടിയായ ഫരീബയ്ക്ക്, താലിബാൻ ഭരണത്തിന് കീഴിൽ ഉപരിപഠനം നിഷേധിക്കപ്പെട്ട 2.4 ദശലക്ഷത്തോളം അഫ്ഗാൻ പെൺകുട്ടികൾ ഉൾപ്പെടെയുള്ള എല്ലാ അഫ്ഗാൻ സ്ത്രീകൾക്കും ഈ വിജയം വലിയ പ്രതീക്ഷ നൽകുമെന്ന ഉറപ്പുണ്ട്. ''ഈ വെള്ളിമെഡൽ അഫ്ഗാൻ സ്ത്രീകളുടെ സഹനശക്തി ലോകത്തിന് കാണിച്ചുകൊടുക്കുന്നു. എന്റെ സ്വപ്നങ്ങൾക്കൊപ്പമുള്ള ലക്ഷക്കണക്കിന് സ്ത്രീകൾ എന്റെ പിന്നിലുണ്ടെന്ന് എനിക്കറിയാം''-ഫരീബ കൂട്ടിച്ചേർത്തു.