കേരളത്തിന്റെ അണ്ടർ-23 ടീമിനൊപ്പം കഴിഞ്ഞ സീസണിൽ പ്രവർത്തിച്ച പരിചയവുമായി സീനിയർ ടീമിന്റെ മുഖ്യപരിശീലക ചുമതലയിലേക്ക് എത്തുകയാണ് സ്വപ്നിൽ അസ്‌നോദ്കർ. യുവതാരങ്ങളുടെ കഴിവിനെയും ടീമിന്റെ ബൗളിങ് കരുത്തിനെയും വലിയ പ്രതീക്ഷയോടെയാണ് അദ്ദേഹം കാണുന്നത്. എല്ലാ ഫോർമാറ്റുകളിലും മികച്ച പ്രകടനം നടത്തി മുന്നേറുകയാണ് ലക്ഷ്യം. പരാജയഭയം മാറ്റി സ്വന്തം കഴിവിലും പ്രക്രിയയിലും വിശ്വസിച്ച് കളിക്കണമെന്ന സമീപനമാണ് ടീമിൽ വളർത്താൻ ഉദ്ദേശിക്കുന്നതെന്നും അസ്‌നോദ്കർ പറയുന്നു. കേരള ടീമിനെ പരിശീലിപ്പിക്കാൻ ലഭിച്ച അവസരത്തെക്കുറിച്ചും പുതിയ സീസണിലെ ലക്ഷ്യങ്ങളെക്കുറിച്ചും സ്വപ്നിൽ അസ്‌നോദ്കർ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.

To advertise here,

കേരള സീനിയർ ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേൽക്കുമ്പോൾ പ്രധാന ലക്ഷ്യം എന്താണ്?

കഴിഞ്ഞ വർഷം കേരളത്തിന്റെ അണ്ടർ-23 ടീമിനൊപ്പം പ്രവർത്തിച്ച പരിചയമുണ്ട്. എല്ലാ ഫോർമാറ്റുകളിലും മികച്ച പ്രകടനം നടത്തുകയും യോഗ്യത നേടുകയും ചെയ്യുകയാണ് ലക്ഷ്യം. അത് എളുപ്പമാകില്ല. മറ്റ് ടീമുകളും ശക്തരാണ്. എന്നാൽ എതിരാളികളെക്കുറിച്ച് അമിതമായി ചിന്തിക്കാതെ ഞങ്ങളുടെ ശക്തിയിൽ വിശ്വസിച്ച് ഞങ്ങളുടെ രീതിയിലുള്ള ക്രിക്കറ്റ് കളിക്കാനാണ് ശ്രമിക്കുക.

പരിചയസമ്പത്തും യുവത്വവുമുണ്ട്, നിലവിലെ കേരള ടീമിനെ എങ്ങനെ വിലയിരുത്തുന്നു?

ടീം മികച്ചതാണ്. ജലജ് സക്‌സേനയും സർവതെയും തിരിച്ചെത്തിയത് വലിയ നേട്ടമാണ്. നിധീഷും മികച്ച ഫോമിലാണ്. ബൗളിങ് വിഭാഗം ശക്തമാണ്.

ബാറ്റിങ്ങിൽ പരിചയസമ്പന്നരായ താരങ്ങൾ ഉത്തരവാദിത്വം ഏറ്റെടുത്ത് വലിയ സ്‌കോറുകൾ കണ്ടെത്തണം. ബാറ്റർമാർ ബോർഡിൽ നല്ല റൺസ് ഉയർത്തിയാൽ എതിരാളികളെ പുറത്താക്കാൻ ബൗളർമാർക്ക് കാര്യങ്ങൾ എളുപ്പമാകും. ബാറ്റിങ് നിരയിൽ കുറച്ച് പരിചയക്കുറവുണ്ടെങ്കിലും മികച്ച യുവതാരങ്ങളുണ്ട്. അവർ ഉത്തരവാദിത്വം ഏറ്റെടുത്ത് വലിയ പ്രകടനങ്ങൾ നടത്തുമെന്നാണ് പ്രതീക്ഷ.

കേരളത്തിന്റെ ബെഞ്ച് സ്‌ട്രെങ്ത് എങ്ങനെ കാണുന്നു?

ഒരുപാട് മികച്ച താരങ്ങൾ ടീമിനൊപ്പമുണ്ട്. കഴിഞ്ഞ വർഷം അണ്ടർ-23 ടീമിനൊപ്പം പ്രവർത്തിച്ചപ്പോൾ വരുൺ വളരെ നന്നായി കളിക്കുന്നത് കണ്ടിട്ടുണ്ട്. ഇമ്രാനും മികച്ച പ്രകടനം നടത്തി. ഷോൺ ചില മത്സരങ്ങളിൽ ശ്രദ്ധേയനായി. മാനവും മികച്ച പ്രകടനം നടത്തി പിന്നീട് ഇന്ത്യ അണ്ടർ-19 ടീമിലേക്കും എത്തി. താരങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം നിലനിൽക്കുന്നുണ്ട്. എല്ലാവരും പരസ്പരം മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രേരിപ്പിക്കുന്ന സാഹചര്യം കേരള ക്രിക്കറ്റിന് നല്ല സൂചനയാണ്.

ഷെയ്ൻ വോണിന് കീഴിൽ കളിച്ചതിൽനിന്ന് പഠിച്ച ഏറ്റവും വലിയ പാഠം എന്താണ്? ആ പാഠങ്ങൾ പരിശീലകനെന്ന നിലയിൽ എങ്ങനെ സ്വാധീനിച്ചു?

സ്വന്തം സമീപനത്തോട് സത്യസന്ധനായിരിക്കണം എന്നതാണ് അദ്ദേഹത്തിൽ നിന്നും പഠിച്ച ഏറ്റവും വലിയ പാഠം. അമിതമായി ചിന്തിക്കാതെ, പരിശീലിച്ച കാര്യങ്ങളിൽ വിശ്വസിച്ച് ഏറ്റവും മികച്ചത് നൽകണം. ഫലത്തെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ ആ ഒരു പ്രോസസിൽ ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലല്ല. എല്ലാ ദിവസവും നമ്മുടെ ദിവസമായിരിക്കണമെന്നുമില്ല. പരാജയത്തെ ഭയക്കരുത്. സ്വന്തം കഴിവിൽ വിശ്വസിച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുക. അതാണ് ഞാൻ കളിക്കാർക്കും പകർന്നു നൽകാൻ ആഗ്രഹിക്കുന്നത്.

15-ാം വയസിൽ തന്നെ വൈഭവ് സൂര്യവൻശി ഇന്ത്യക്കായി കളിക്കുന്ന സാഹചര്യം യുവതാരങ്ങളെ എങ്ങനെ സ്വാധീനിക്കും?

യുവതാരങ്ങൾക്ക് വലിയ പ്രചോദനമാണത്. വളരെ ചെറുപ്പത്തിൽ സച്ചിൻ തെണ്ടുൽക്കർ ഇന്ത്യക്കായി കളിച്ചതിന് ശേഷം ഇപ്പോൾ സൂര്യവൻശിയെയും കാണുകയാണ്. അത്തരമൊരു താരത്തെ വേഗത്തിൽ ഉയർന്ന തലത്തിലേക്ക് കൊണ്ടുവരാൻ ബിസിസിഐയും അതിന്റെ സംവിധാനങ്ങളും നടത്തിയ പ്രവർത്തനം അഭിനന്ദനാർഹമാണ്. കഴിവുണ്ടെങ്കിൽ ആരും നിങ്ങളെ തടയില്ല എന്ന ശക്തമായ സന്ദേശമാണ് ഇത് യുവ ക്രിക്കറ്റർമാർക്ക് നൽകുന്നത്.

സഞ്ജു സാംസണിന്റെ പരിചയ സമ്പത്ത് എങ്ങനെ ഉപയോഗപ്പെടുത്തും?

സഞ്ജുവിന് ഏതെങ്കിലും ഘട്ടത്തിൽ ചേരാനായാൽ അത് ടീമിന് വലിയ കരുത്തായിരിക്കും. മികച്ച കളിക്കാരനും നായകനും മാത്രമല്ല, വലിയ പരിചയസമ്പത്തുള്ള വ്യക്തിയുമാണ് അദ്ദേഹം. സഞ്ജു ഡ്രസ്സിങ് റൂമിലുണ്ടെങ്കിൽ ടീമിനെ കൈകാര്യം ചെയ്യുന്നതിലും തീരുമാനങ്ങളെടുക്കുന്നതിലും വലിയ സഹായമാകും. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് കേരളത്തിലെ യുവതാരങ്ങളെ വളർത്താനും മുന്നോട്ടുകൊണ്ടുപോകാനും സഹായിക്കും.

കേരള സീനിയർ ടീമിന്റെ പരിശീലകനെന്ന നിലയിൽ ഏറ്റവും വലിയ വെല്ലുവിളി എന്തായിരിക്കും?

കേരളത്തിന്റെ അണ്ടർ-23 ടീമിനൊപ്പം ഒരു വർഷം പ്രവർത്തിച്ചതിനാൽ സാഹചര്യങ്ങളെക്കുറിച്ച് ധാരണയുണ്ട്. എന്നാൽ സീനിയർ ടീമിലെ ഭൂരിഭാഗം കളിക്കാരും എനിക്ക് പുതുമുഖങ്ങളാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുവന്ന് ടീമിന്റെ താൽപര്യം മുൻനിർത്തി പ്രവർത്തിക്കുന്നതാണ് പ്രധാന വെല്ലുവിളി. പ്രൊഫഷണൽ ക്രിക്കറ്റിൽ ഓരോരുത്തരും അവരുടെ ഉത്തരവാദിത്വം മനസ്സിലാക്കി ടീമിന്റെ ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കണം.

കേരളത്തിൽ ധാരാളം പ്രതിഭകളുണ്ട്. അവരെ അടുത്ത തലത്തിലേക്ക് എത്തിക്കാൻ എന്താണ് പദ്ധതി?

പ്രതിഭയുള്ള താരങ്ങളെ കൃത്യമായി നയിക്കുകയാണ് പ്രധാനപ്പെട്ടത്. അവരെ കൂടുതൽ സ്ഥിരതയുള്ള കളിക്കാരാക്കണം. പ്രതിഭയെ സ്വാഭാവികമായി ലഭിച്ച ഒരു കാര്യമെന്ന നിലയിൽ കാണാതെ അധ്വാനിച്ച് മികച്ച പ്രകടനങ്ങളാക്കി മാറ്റണം. അവരെ പ്രചോദിപ്പിച്ച് ശരിയായ വഴിയിലേക്ക് നയിക്കുകയാണ് പരിശീലകനെന്ന നിലയിൽ എന്റെ പ്രധാന ഉത്തരവാദിത്വം.

ഹോം കണ്ടീഷൻസ് കേരളം എങ്ങനെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കണം?

രണ്ട് സീസൺ മുമ്പ് കേരളം ഫൈനലിലെത്തിയിരുന്നു. കഴിഞ്ഞ വർഷം അത്ര മികച്ച സീസൺ ആയിരുന്നില്ല. അതിനാൽ കൂടുതൽ സ്ഥിരത വേണം. ഞങ്ങളുടെ ശക്തി എന്താണെന്ന് വ്യക്തമായി മനസ്സിലാക്കി അതിൽ ഉറച്ചുനിൽക്കണം. എതിരാളിയെക്കുറിച്ച് അമിതമായി ചിന്തിക്കുന്നതിനേക്കാൾ ഞങ്ങൾ ടീമിനായി എന്ത് സംഭാവന ചെയ്യാനാകും എന്നതിലാണ് ശ്രദ്ധിക്കേണ്ടത്. വ്യക്തിഗത ലക്ഷ്യങ്ങളേക്കാൾ ടീമിന്റെ ലക്ഷ്യത്തിനാണ് മുൻഗണന.

ആക്രമണാത്മക ഓപ്പണിങ് ബാറ്ററായിട്ടാണ് നിങ്ങളെ പലരും ഓർക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ദീർഘനേരം നിലയുറപ്പിച്ച് കളിക്കാറുമുണ്ട്. പരിശീലകനായി ആക്രമണാത്മക ശൈലിയാകുമോ പിന്തുടരുക?

എല്ലായ്‌പ്പോഴും ഞാൻ ആക്രമണാത്മക ബാറ്റർ ആയിരുന്നില്ല. എന്റെ ഫസ്റ്റ് ക്ലാസ് റെക്കോർഡ് നോക്കിയാൽ ഉത്തരവാദിത്വത്തോടെ ഒരറ്റത്ത് നിലയുറപ്പിച്ച് ദീർഘനേരം ബാറ്റ് ചെയ്തിരുന്ന കളിക്കാരനാണെന്ന് മനസ്സിലാകും. ടി20 ഫോർമാറ്റിന്റെ ആവശ്യമാണ് എന്നെ ആക്രമണാത്മകമായി കളിക്കാൻ പ്രേരിപ്പിച്ചത്. ഓരോ ഫോർമാറ്റിന്റെയും ആവശ്യത്തിന് അനുസരിച്ചാണ് സമീപനം മാറേണ്ടത്.

കേരളത്തിൽ നിരവധി പ്രതിഭകളുണ്ടെങ്കിലും ഇന്ത്യൻ സീനിയർ ടീമിലേക്ക് എത്തുന്നവരുടെ എണ്ണം കുറവാണെന്ന വിലയിരുത്തലിനെ എങ്ങനെ കാണുന്നു?

ഞാൻ വരുന്നത് ഗോവയിൽ നിന്നാണ്. അവിടെ അന്താരാഷ്ട്ര താരങ്ങൾ വളരെ കുറവാണ്. കേരളത്തിലേക്ക് നോക്കുമ്പോൾ ടിനു യോഹന്നാൻ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്, ശ്രീശാന്ത് കളിച്ചിട്ടുണ്ട്, സഞ്ജു ഇപ്പോഴും കളിക്കുന്നു. ജൂനിയർ ഇന്ത്യ ടീമുകളിലേക്കും കേരളത്തിൽനിന്ന് നിരവധി താരങ്ങൾ എത്തിയിട്ടുണ്ട്.

ഇവരെല്ലാം യുവതാരങ്ങൾക്ക് വലിയ പ്രചോദനമാണ്. അവരുടെ യാത്ര നോക്കി സ്വന്തം ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും അതേ നിലവാരത്തിലേക്കോ അതിനപ്പുറത്തേക്കോ എത്താൻ ശ്രമിക്കുകയും വേണം.

ഐപിഎല്ലിന് ലഭിക്കുന്ന ശ്രദ്ധ ആഭ്യന്തര ക്രിക്കറ്റിനെക്കുറിച്ചുള്ള താരങ്ങളുടെ സമീപനത്തെ ബാധിക്കുന്നുണ്ടോ?

ബിസിസിഐയുടെ ഫോർ-ഡേ ക്രിക്കറ്റും സയ്യിദ് മുഷ്താഖ് അലി ട്രോഫിയും വ്യത്യസ്ത ഫോർമാറ്റുകളാണ്. രണ്ടു ഫോർമാറ്റിലും മികച്ച പ്രകടനം നടത്തിയാൽ ഐപിഎൽ ടീമുകളുടെ സ്‌കൗട്ടുകളുടെ ശ്രദ്ധയിൽപ്പെടാൻ കൂടുതൽ അവസരമുണ്ടാകും.

KCL പോലുള്ള ടൂർണമെന്റുകളിലും സ്‌കൗട്ടുകൾ താരങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. അതിന് പിന്നാലെ മുഷ്താഖ് അലിയിലും രഞ്ജി ട്രോഫിയിലും അതേ താരങ്ങൾ മികച്ച പ്രകടനം നടത്തിയാൽ അവസരങ്ങൾ സ്വാഭാവികമായും ലഭിക്കും. രഞ്ജി ട്രോഫിയാകട്ടെ, മുഷ്താഖ് അലിയാകട്ടെ, ഐപിഎല്ലാകട്ടെ-എല്ലാം മികച്ച പ്ലാറ്റ്‌ഫോമുകളാണ്. തുടർച്ചയായി പ്രകടനം നടത്തുകയാണ് കളിക്കാരന് ചെയ്യാനുള്ളത്.

ടീം സെലക്ഷനിൽ നിലവിലെ ഫോമാണോ മുൻകാല പ്രകടനവും പേരുമാണോ പ്രധാനമാകുക?

അത് ടീം മാനേജ്‌മെന്റിന്റെയും സെലക്ടർമാരുടെയും തീരുമാനമാണ്. എനിക്ക് കഴിയുന്ന രീതിയിൽ എന്റെ അഭിപ്രായം അറിയിക്കും. എന്നാൽ അന്തിമമായി സെലക്ഷൻ കൈകാര്യം ചെയ്യുന്നത് സെലക്ടർമാരാണ്.

കേരള സീനിയർ ടീമിന്റെ മുഖ്യപരിശീലകനാകാനുള്ള അവസരം ലഭിച്ചതിനെ എങ്ങനെ കാണുന്നു?

എനിക്ക് ഈ അവസരം നൽകിയതിനും എന്നിൽ വിശ്വാസം അർപ്പിച്ച് സീനിയർ ടീമിന്റെ മുഖ്യപരിശീലകനായി നിയമിച്ചതിനും കേരള ക്രിക്കറ്റ് അസോസിയേഷനോട് നന്ദിയുണ്ട്. കേരള ടീമിന്റെ ഭാഗമാകുകയും പരിശീലകനായി ടീമിനെ നയിക്കുകയും ചെയ്യുന്നത് വലിയ ബഹുമതിയാണ്. അടുത്ത കുറച്ച് മാസങ്ങളിൽ നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.