നഗോയ: ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ ജയ് മീനയ്ക്ക് ചരിത്ര നേട്ടം. ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിനൊടുവിൽ പുരുഷ വിഭാഗം സോഫ്റ്റ് ടെന്നീസിൽ താരം വെങ്കല മെഡൽ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ടെന്നീസിന്റെ ചരിത്രത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.

To advertise here,

തന്റെ മൂന്നാം ഏഷ്യൻ ഗെയിംസിൽ മത്സരിക്കുന്ന 26-കാരനായ ജയ് മീന, സെമിഫൈനലിൽ ജപ്പാന്റെ കുറോസാക്കയോട് പരാജയപ്പെടുകയായിരുന്നു. 45 മിനിറ്റ് നീണ്ടുനിന്ന കടുത്ത പോരാട്ടത്തിൽ 2-4 (3-5, 1-4, 1-4, 4-1, 6-4, 1-4) എന്ന സ്‌കോറിനായിരുന്നു പരാജയം. മത്സരത്തിന്റെ തുടക്കത്തിൽ ആദ്യ മൂന്ന് ഗെയിമുകൾക്ക് പിന്നിലായ ശേഷവും മികച്ച പോരാട്ടവീര്യത്തോടെ ശക്തമായ തിരിച്ചുവരവ് നടത്താൻ മീനയ്ക്ക് സാധിച്ചെങ്കിലും ജയം കണ്ടത്താനായില്ല.

മധ്യപ്രദേശിലെ ദേവാസ് സ്വദേശിയായ ജയ് മീന 2022-ലെ നാഷണൽ ഗെയിംസ് സ്വർണമെഡൽ ജേതാവ് കൂടിയാണ്. മത്സരത്തിന്റെ തുടക്കത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ മീനയ്ക്കെതിരേ ആദ്യ രണ്ട് ഗെയിമുകൾ 5-3, 4-1 എന്ന സ്‌കോറിന് സ്വന്തമാക്കി കുറോസാക്ക തുടക്കത്തിൽ തന്നെ മേൽക്കൈ നേടിയിരുന്നു.