ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയ്ക്കായി ആദ്യത്തെ മെഡൽ നേടി രാജ്യത്തിന്റെ കായിക ചരിത്രത്തിൽ ഇടംനേടിയിരിക്കുകയാണ് ജയ് മീണ. പുരുഷ സിംഗിൾസ് സെമി ഫൈനലിൽ ജപ്പാനിന്റെ തകുയ കുറോസാക്കയോട് പരാജയപ്പെട്ടതോടെയാണ് മധ്യപ്രദേശ് സ്വദേശിയായ ജയ് മീണയുടെ നേട്ടം വെങ്കലത്തിൽ ഒതുങ്ങിയത്. 45 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യ മൂന്ന് ഗെയിമുകൾ കൈവിട്ട ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും 2-4 (3-5, 1-4, 1-4, 4-1, 6-4, 1-4) എന്ന സ്‌കോറിനാണ് മീണയ്ക്ക് മത്സരം കൈവിട്ടത്.
ബോൾ ബോയിൽ നിന്ന് ഏഷ്യൻ ഗെയിംസ് മെഡലിലേക്ക്
മധ്യപ്രദേശിലെ ദേവാസ് സ്വദേശിയായ മീണ ചെറുപ്പത്തിൽ ഒരു ക്രിക്കറ്റ് താരമാകാനാണ് ആഗ്രഹിച്ചിരുന്നത്. ദേവാസിലെ പയനിയർ പബ്ലിക് സ്‌കൂളിൽ ബോൾ ബോയ് ആയിരിക്കെയാണ് താരം ആദ്യമായി സോഫ്റ്റ് ടെന്നീസ് കാണുന്നതും ഈ കായികയിനത്തിലേക്ക് ആകർഷിക്കപ്പെടുന്നതും. തുടർന്ന് 14-ാം വയസ്സിൽ അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാൻ തുടങ്ങി. 2022-ൽ ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ പുരുഷ സിംഗിൾസിൽ സ്വർണമെഡൽ നേടിയ മീണ, 2025-ൽ ഈ വിഭാഗത്തിൽ ദേശീയ ചാമ്പ്യനുമായി.
അന്താരാഷ്ട്ര തലത്തിലെ മറ്റ് നേട്ടങ്ങൾ
ഏഷ്യൻ ഗെയിംസിന് പുറമെ മറ്റ് അന്താരാഷ്ട്ര ടൂർണമെന്റുകളിലും ഇന്ത്യയ്ക്കായി മീണ ചരിത്രം കുറിച്ചിട്ടുണ്ട്. 2024-ലെ വേൾഡ് സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ആധ്യ തിവാരിക്കൊപ്പം മിക്‌സഡ് ഡബിൾസിൽ വെങ്കലം നേടിയതാണ് ഈ ടൂർണമെന്റിൽ ഇന്ത്യയുടെ കന്നി മെഡൽ. 2025-ലെ ഏഷ്യൻ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ വെങ്കലം നേടി ഈ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനായി മീണ മാറി. കൂടാതെ മിക്‌സഡ് ഡബിൾസ്, പുരുഷ ടീം, മിക്‌സഡ് ടീം എന്നീ മൂന്ന് വിഭാഗങ്ങളിലെ മെഡൽ നേട്ടങ്ങളിലും താരം പങ്കാളിയായിരുന്നു. 2022-ലെ ഗുജറാത്ത് ദേശീയ ഗെയിംസിൽ പുരുഷ സിംഗിൾസിൽ സ്വർണവും, 2025-ൽ ദേശീയ ചാമ്പ്യൻപട്ടവും നേടി.
ടാർഗെറ്റ് ഏഷ്യൻ ഗെയിംസ് ഗ്രൂപ്പ് അത്‌ലറ്റായ ജയ് മീനയ്ക്ക് അഹമ്മദാബാദിലും ജമ്മുവിലും നടന്ന ദേശീയ ക്യാമ്പുകളിൽ പരിശീലനം ലഭിച്ചിരുന്നു. കൂടാതെ ജപ്പാനിലും കൊറിയയിലും വിദേശ പരിശീലനത്തിനുള്ള പിന്തുണ ലഭിച്ചു.
Content Highlights: Jai Meena won India's first-ever soft tennis medal at the Asian Games, securing a bronze in men's singles., He started his sports journey as a ball boy at the age of 14 in Dewas, Madhya Pradesh., Meena is also a 2025 national champion and has won medals at the Asian and World Soft Tennis Championships.
Published: 23 Sept 2026, 12:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented