ഹാമില്‍ട്ടണ്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ അമ്പയറോട് ദേഷ്യപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. സമയം അവസാനിച്ചിട്ടും ഡി.ആര്‍.എസിന് അമ്പയര്‍ അനുമതി കൊടുത്തതാണ് കോലിയെ രോഷാകുലനാക്കിയത്. ന്യൂസീലന്‍ഡ് ഇന്നിങ്‌സിലെ 17-ാം ഓവറിലാണ് സംഭവം. 

യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ ഈ ഓവറിലെ അഞ്ചാം പന്തില്‍ ഹെന്‍ട്രി നിക്കോള്‍സ് വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ഇന്ത്യന്‍ താരങ്ങളുടെ ശക്തമായ അപ്പീലില്‍ അമ്പയര്‍ ഔട്ട് വിധിച്ചു. എന്നാല്‍ മാര്‍ട്ടിന്‍ ഗപ്റ്റിലുമായി ചര്‍ച്ച ചെയ്ത ശേഷം ഹെന്‍ട്രി നിക്കോള്‍സ് ഡി.ആര്‍.എസിന് ആവശ്യപ്പെട്ടു.

അപ്പോഴേക്കും 15 സെക്കന്റ് കഴിഞ്ഞിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് അമ്പയര്‍ തീരുമാനം റിവ്യൂ നല്‍കി. റിവ്യൂവില്‍ നിക്കോള്‍സ് ഔട്ട് തന്നെയാണെന്ന് തെളിഞ്ഞു. ഇതോടെ 59 പന്തില്‍ 41 റണ്‍സുമായി നിക്കോള്‍സ് പുറത്തായി. ഇതിന് പിന്നാലെ വിരാട് കോലി അമ്പയറെ തന്റെ അതൃപ്തി അറിയിച്ചു. 

15 സെക്കന്റിനുള്ളില്‍ ഡി.ആര്‍.എസ് ആവശ്യപ്പെടണമെന്നാണ് നിയമം. എന്നാല്‍ ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്‍ അതില്‍ കൂടുതല്‍ സമയം എടുത്തുവെന്നും അമ്പയര്‍ ഡി.ആര്‍.എസ് അനുവദിക്കാന്‍ പാടില്ലെന്നും കോലി വാദിച്ചു.

Content Highlights: Virat Kohli protests to umpire as Henry Nicholls takes late DRS call India vs New Zealand