ഒസ്ട്രാവ (ചെക് റിപ്പബ്ലിക്): ജമൈക്കയുടെ ഇതിഹാസ ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിനെ ഓർമ്മിപ്പിച്ച് ട്രാക്കിൽ ഒരു കൗമാരക്കാരൻ കുതിച്ചുപായുന്നു -ഓസ്‌ട്രേലിയയുടെ ഗൗട്ട് ഗൗട്ട്. കഴിഞ്ഞദിവസം ചെക് റിപ്പബ്ലിക്കിലെ ഒസ്ട്രാവയിൽ നടന്ന ഗോൾഡൻ സ്‌പെക്ക് മീറ്റിൽ 20.2 സെക്കൻഡിൽ 200 മീറ്റർ പൂർത്തിയാക്കി സ്വർണം നേടിയ ഗൗട്ടിന്റെ പ്രകടനത്തെ പാശ്ചാത്യമാധ്യമങ്ങൾ ബോൾട്ടിന്റെ ഓട്ടത്തോടാണ് താരതമ്യംചെയ്തത്.

To advertise here,

ഓസ്‌ട്രേലിയയിലെ സീനിയർ സ്‌കൂൾ വിദ്യാർഥിയായ 17-കാരന് യൂറോപ്യൻ മണ്ണിലെ ആദ്യവിജയമാണിത്. നേരത്തേ രണ്ടുതവണ 20 സെക്കൻഡിൽ കുറഞ്ഞസമയത്ത് 200 മീറ്റർ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും കാറ്റിന്റെ ആനുകൂല്യം കൂടുതലായതിനാൽ ആ കണക്ക് രേഖയിൽ ഉൾപ്പെടുത്തിയില്ല. അണ്ടർ-20 വിഭാഗത്തിൽ 200 മീറ്ററിൽ ലോകത്തെ ഏറ്റവും മികച്ച ഏഴുസമയങ്ങളിലൊന്ന് ഗൗട്ടിന്റെ പേരിലാണ്, ആ പട്ടികയിലെ മറ്റൊരാൾ ബോൾട്ടാണ്.

ദക്ഷിണസുഡാനിൽനിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ദമ്പതിമാരുടെ മകനാണ് ഗൗട്ട്. പതിനാറാം വയസ്സിൽ, ദേശീയ സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ 20.04 സെക്കൻഡിൽ 200 മീറ്റർ ഓടി അരനൂറ്റാണ്ട് പഴക്കമുള്ള ഓസ്‌ട്രേലിയൻ ദേശീയ റെക്കോഡ് തിരുത്തി.