ടെഹ്‌റാൻ: പശ്ചിമേഷ്യയിലുടനീളം രക്തംചിന്തി ലോകത്തെയാകെ ഇന്ധനപ്രതിസന്ധിയിലേക്കു തള്ളിവിട്ട യുദ്ധം അവസാനിപ്പിക്കാൻ യു.എസുമായി ചർച്ച പുനരാരംഭിക്കാൻ ഏഴു നിബന്ധന മുന്നോട്ടുവെച്ച് ഇറാൻ.

To advertise here,

മധ്യസ്ഥരായ ഖത്തർവഴി നിബന്ധനകൾ യു.എസിനെ അറിയിച്ചതായും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാസമിതി സെക്രട്ടറി മൊഹ്‌സൻ റെസായി പറഞ്ഞു. ഇവ അംഗീകരിച്ചില്ലെങ്കിൽ ‘നിർണായക യുദ്ധത്തിന്’ ഇറാൻ തയ്യാറാണെന്നും ട്രംപിന്റെ ഭീഷണികൊണ്ട് ഫലമുണ്ടാകില്ലെന്നും മുന്നറിയിപ്പുനൽകി. ഏഴുമാസമായിത്തുടരുന്ന യുദ്ധം അവസാനത്തോടടുക്കുകയാണെന്നാണ് പ്രതീക്ഷയെന്നും ഈയാഴ്ച നടക്കുന്ന യു.എൻ. പൊതുസഭാ സമ്മേളനത്തിനിടെ ആറു ഗൾഫ് രാഷ്ട്രങ്ങളുടെ നേതാക്കളുമായി ചർച്ചനടത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഏഴു നിബന്ധനകളും ഇറാൻ പരസ്യപ്പെടുത്തിയില്ല. ഇതിൽ മൂന്ന് ആവശ്യം അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ റെസായി വെളിപ്പെടുത്തി: ലെബനൻ ഉൾപ്പെടെ എല്ലാ മുന്നണികളിലെയും ഏറ്റുമുട്ടൽ അവസാനിപ്പിക്കുക, ഇറാന്റെ മരവിപ്പിച്ചിരിക്കുന്ന വിദേശ ആസ്തികൾ വിട്ടുനൽകുക, ഇറാനെതിരായ യു.എസ്. നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണവ.

ജൂൺ 17-ന് പ്രാബല്യത്തിലായ 60 ദിവസത്തെ യു.എസ്.-ഇറാൻ വെടിനിർത്തൽധാരണ കഴിഞ്ഞമാസം അവസാനിച്ചിരുന്നു. ഖത്തറും പാകിസ്താനും ഇടനിലക്കാരായി ചർച്ച പുനരാരംഭിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, തന്ത്രപ്രധാന ചരക്കുപാതയായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് സംഘർഷം രൂക്ഷമാവുകയും ഇരുകൂട്ടരും ആക്രമണം പുനരാരംഭിക്കുകയും ചെയ്തതോടെ സമാധാനശ്രമം പാളി. എങ്കിലും പൂർണയുദ്ധത്തിലേക്ക് മടങ്ങിയിട്ടില്ല. അതിനിടെ, ഇറാന്റെ പിന്തുണയുള്ള യെമെനിലെ ഹൂതിവിമതർ സൗദി അറേബ്യയുമായി പോർമുഖം തുറന്നതോടെ മേഖല വീണ്ടും സംഘർഷഭരിതമായി. ഹൂതികളുടെ ചെങ്കടൽതീര മുന്നേറ്റവും സൗദിക്കെതിരായ ആക്രണവും ഇറാന്റെ ഇസ്‌ലാമിക് റെവലൂഷണറി ഗാർഡിന്റെ നേരിട്ടുള്ള മാർഗനിർദേശപ്രകാരമാണെന്നാണ് വിലയിരുത്തൽ.

സൈനിക ഏറ്റുമുട്ടലിന് തയ്യാർ

യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനൊപ്പം ഇറാൻ സൈനിക ഏറ്റുമുട്ടലിന് തയ്യാറെടുപ്പ് തുടരുന്നതായും റെസായി വ്യക്തമാക്കി. അമേരിക്ക വീണ്ടും ആക്രമണം നടത്താനുള്ള സാധ്യത കൂടുതലാണെന്ന് ഇറാൻ വിലയിരുത്തുന്നു. മുൻ ഏറ്റുമുട്ടലുകൾക്കുശേഷം ഇറാൻ സൈനിക ആസൂത്രണത്തിൽ മാറ്റംവരുത്തി. പേർഷ്യൻ ഗൾഫ് മുതൽ ഒമാൻ ഉൾക്കടൽ, അറബിക്കടൽവരെ നീളുന്ന യു.എസ്. നാവികസാന്നിധ്യം കാര്യമായി നിരീക്ഷിക്കുന്നുണ്ട്. പുതിയ ആക്രമണമുണ്ടായാൽ ഗൾഫ് രാഷ്ട്രങ്ങളിലെ യു.എസ്. സേനാതാവളങ്ങൾക്കൊപ്പം അമേരിക്കയുടെ വാണിജ്യ താത്പര്യങ്ങളെയും കമ്പനികളെയും ലക്ഷ്യമിടും -റെസായി മുന്നറിയിപ്പുനൽകി.

ആണവായുധ നിർവ്യാപന ഉടമ്പടിയായ എൻ.പി.ടി.യിൽനിന്ന് പിന്മാറാൻ ഇറാൻ തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞു. ഇറാന്റെ ആണവനയത്തിൽ മാറ്റമില്ലെന്നും ആണവായുധങ്ങൾ നിരോധിക്കുന്ന മതപരമായ ഉത്തരവ് രാജ്യം ഇപ്പോഴും പാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, യു.എസിന്റെ തുടർനടപടികൾ ഇറാനെ ഭാവിയിൽ നിലപാട് പുനഃപരിശോധിക്കാൻ പ്രേരിപ്പിച്ചേക്കാമെന്നും സൂചിപ്പിച്ചു.

ഈയിടെ യു.എസ്. വിമാനവാഹിനിക്കപ്പലിന് സമീപം ഇറാൻ തന്ത്രപ്രധാനമായ കപ്പൽവേധ മിസൈൽ പരീക്ഷിച്ചിരുന്നെന്നും അവകാശപ്പെട്ടു.

‘ഇറാന്റെ സന്ദേശം വ്യക്തവും സംശയരഹിതവുമാണ്. സ്വയം സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് പുറത്തുകടക്കാനും അതിൽ കൂടുതൽ കുടുങ്ങാതിരിക്കാനും അമേരിക്ക ആഗ്രഹിക്കുന്നെങ്കിൽ, ഇറാന്റെ അവകാശങ്ങളും നിബന്ധനകളും അംഗീകരിക്കുകയല്ലാതെ മറ്റുവഴിയില്ല’ -റെസായി എക്സിൽ കുറിച്ചു.