തിഥികളെ സ്വീകരിക്കാൻ നഗോയ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ഇനി താളമേളങ്ങളുയർന്ന് കളിവിളക്കു തെളിയുകയേ വേണ്ടൂ. പത്തൊൻപത് കായികമാമാങ്കങ്ങൾ, എഴുപത്തിയഞ്ചു വർഷങ്ങൾ... ഏഷ്യയുടെ ഏറ്റവുംവലിയ കായികോത്സവമായ ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ തുറമുഖ നഗരമായ ഐച്ചി-നഗോയയിൽ ശനിയാഴ്ച തുടക്കമാകും. ഗെയിംസിന് ടീനേജിൽനിന്നുള്ള പ്രായക്കയറ്റം. ഇരുപതാം എഡിഷനാണ് ഇത്തവണത്തേത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30-നാണ് ഉദ്ഘാടനം.

To advertise here,

ജപ്പാന്റെ ചക്രവർത്തി നാരുഹിതോ പരിപാടി ഉദ്ഘാടനം ചെയ്യും. ചക്രവർത്തിനി മസാകോ, രാജകുമാരൻ അകിഷിനോ, രാജകുമാരി കികോ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ഗെയിംസിന്റെ ഓണററി പ്രസിഡന്റാണ് രാജകുമാരൻ.

നഗോയയിലെ പലോമ മിസുഹോ അത്ലറ്റിക് സ്റ്റേഡിയത്തിൽ ജപ്പാനിലെ പ്രമുഖ കായികതാരങ്ങളും പരിപാടിയിൽ പങ്കെടുക്കും. കായികക്കരുത്തിന്റെ മാറ്റുരച്ചുനോക്കുന്ന പതിനാറുദിവസങ്ങൾക്കാണ് ജപ്പാൻ ഇനി സാക്ഷ്യംവഹിക്കുക. ഓഗസ്റ്റ് 22-നു തുടങ്ങിയ ദീപശിഖാപ്രയാണം യാത്ര അവസാനിപ്പിച്ച് ശനിയാഴ്ച ഉദ്ഘാടനവേദിയിലെത്തിക്കും. ജപ്പാന്റെ ചരിത്രവും കലാസാംസ്‌കാരിക പാരമ്പര്യവുമൊക്കെ വിളിച്ചോതുന്ന ഉദ്ഘാടനമാമാങ്കമായിരിക്കും നടക്കുക. 'ചേർച്ചയുള്ള ഹൃദയതാളം' എന്നതാണ് ഉദ്ഘാടനത്തിന്റെ ആശയം. 'ഒരൊറ്റ ഏഷ്യ' എന്ന സങ്കല്പമാണ് ഏഷ്യൻ ഗെയിംസിന്റെ ആശയം. 'ഹോനോഹോൻ' ആണ് ഭാഗ്യചിഹ്നം.

1951-ൽ ന്യൂഡൽഹിയിൽ ഏഷ്യൻ ഗെയിംസിന് തുടക്കംകുറിച്ചപ്പോൾ പങ്കെടുത്തത് പതിനൊന്ന് രാജ്യങ്ങൾ മാത്രം. ഇതു മൂന്നാംതവണയാണ് ജപ്പാൻ ഏഷ്യൻ ഗെയിംസിന് ആതിഥ്യമരുളുന്നത്. അത്ലറ്റിക്‌സ് മത്സരങ്ങൾ 23-നാണ് തുടങ്ങുക. 200 സ്വർണം ഉൾപ്പെടെ 382 മെഡലുകൾ നേടി ചൈനയാണ് കഴിഞ്ഞതവണ ചാമ്പ്യന്മാരായത്. 28 സ്വർണം ഉൾപ്പെടെ 106 മെഡലുകൾ നേടി ഇന്ത്യ നാലാമതായി.

ടെക്ബോൾ വനിതാ സംഗിൾസിൽ ഇന്ത്യയുടെ ജോക്കിം ഡിസൂസ സെമിയിൽക്കടന്നു. ഗ്രൂപ്പ് മത്സരങ്ങളിൽ ജപ്പാൻ, കംബോഡിയ താരങ്ങളെ കീഴടക്കിയാണ് ഡിസൂസ മുന്നേറിയത്. സെമിയിൽ ഇൻഡൊനീഷ്യയുടെ സുയാമയാണ് എതിരാളി.

മിക്സഡ് ഡബിൾസിൽ ഡിസൂസയും മുഹമ്മദ് അനസും ചേർന്ന സഖ്യം ഫിലിപ്പീൻസ് ടീമിനെ തോൽപ്പിച്ച് വെങ്കലമെഡൽ മത്സരത്തിന് യോഗ്യതനേടി. ക്വാർട്ടറിൽ ഇന്ത്യൻ ജോഡി വിയറ്റ്നാം ടീമിനോട് തോറ്റിരുന്നു.

വെള്ളിയാഴ്ച ഇന്ത്യയുൾപ്പെടെയുള്ള ടീമുകൾക്ക് ഏർപ്പെടുത്തിയ സ്വീകരണം ഒന്നരമണിക്കൂറിലേറെ വൈകിയാണ് നടന്നത്. റിഹേഴ്‌സൽ നടത്തിയ ശേഷം, വ്യക്തമാക്കാനാവാത്ത കാരണത്താൽ പരിപാടി വൈകുമെന്ന് അറിയിപ്പു വന്നു. ഗെയിംസ് സംഘാടനത്തിൽ ഇത് കല്ലുകടിയായി.

മഴപെയ്യുമോ എന്നാശങ്ക

 

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കാര്യമായി മഴയില്ലാതിരുന്ന നഗോയയിൽ ഉദ്ഘാടനത്തിന് കാലാവസ്ഥ വില്ലനാകാൻ സാധ്യതയുണ്ട്. 40 ശതമാനം മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണു പറയുന്നത്.