ജോധ്പുർ: ചരിത്രത്തിലാദ്യമായി ജാപ്പനീസ് പോർവിമാനങ്ങൾ ഇന്ത്യൻ മണ്ണിൽനിന്ന് പറന്നുയർന്നു. രാജസ്ഥാനിലെ ജോധ്പുർ വ്യോമസേനാ താവളത്തിൽ നടക്കുന്ന ‘വീർ ഗാർഡിയൻ-2026’ സംയുക്ത വ്യോമാഭ്യാസത്തിലാണ് ‘ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്സി’ന്റെ യുദ്ധവിമാനങ്ങൾ പങ്കാളികളാകുന്നത്. ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസ്സ്, സുഖോയ്-30 എം.കെ.ഐ., റഫേൽ എന്നിവയും ജപ്പാന്റെ അത്യാധുനിക എഫ്-2എ പോർവിമാനങ്ങളുമാണ് അണിനിരക്കുന്നത്.

To advertise here,

പരസ്പര ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും സൂചകമായി ഇരുസേനാ മേധാവികളും ഔദ്യോഗിക ബാഡ്ജുകൾ കൈമാറി. തുടർന്ന് ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് തേജസ്സ് വിമാനത്തിൽ ഒറ്റയ്ക്കും ജാപ്പനീസ് വ്യോമസേനാ മേധാവി ജനറൽ തകെഹിരോ മൊറിത മറ്റൊരു പൈലറ്റിനൊപ്പം തേജസ്സ് വിമാനത്തിലും പറന്നു. ഈ പ്രവർത്തനം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിലും തന്ത്രപരമായ പങ്കാളിത്തത്തിലും പുതിയ അധ്യായം തുറന്നുവെന്ന് എയർ ചീഫ് മാർഷൽ എ.പി. സിങ് വ്യക്തമാക്കി.