
കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്കുശേഷം മഴയെത്തിയപ്പോൾ വ്യാപക നാശനഷ്ടങ്ങൾ. ഒഴുക്കിൽപ്പെട്ടും മണ്ണിടിഞ്ഞും ആറുപേർ മരിച്ചു. നാലുപേരെ കാണാതായി. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അപകടമുണ്ടായത്. ഇതിനിടെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിൽ ഞായറാഴ്ച വൈകീട്ട് അഞ്ചോടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ടാണ് രണ്ടുപേർ മരിച്ചത്. ഒരു സ്ത്രീയടക്കം നാലുപേരെ കാണാതായി. മരിച്ചവർ വിനോദസഞ്ചാരികളാണെന്ന് കരുതുന്നു. അവധിദിവസമായതിനാൽ ഒട്ടേറെപ്പേർ ടി.കെ. കോളനി വിനോദസഞ്ചാരമേഖല കാണാനും പുഴയിൽ കുളിക്കാനുമായി എത്തിയിരുന്നു. ക്രമാതീതമായി വെള്ളം ഉയർന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വനം ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ അടിയന്തര ഇടപെടലിൽ കുറെപ്പേരുടെ ജീവൻ രക്ഷിക്കാനായി.
മങ്ങാടൻ ബസ് ഉടമ കോട്ടക്കൽ മങ്ങാടൻ ഹമീദിന്റെ മകൻ അനസ് (31) ആണ് മരിച്ച ഒരാൾ. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. കരുവാരക്കുണ്ട് സ്വദേശി റഹീം (35), വണ്ടൂർ സ്വദേശി സജാദ് (23), വണ്ടൂർ ചെട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടി.കെ. കോളനി വെളുത്തേടത്ത് സഞ്ജയ്ദാസിന്റെ ഭാര്യ സജിത എന്നിവരെയാണ് കാണാതായത്.
ഞായറാഴ്ച നാലരയോടെ മൂന്നാർ കൊട്ടാക്കമ്പൂർ അമ്മൻകോവിൽ ഭാഗത്തെ കൃഷിസ്ഥലത്തെ ഷെഡ്ഡിലേക്ക് മഴവെള്ളപ്പാച്ചിലിനൊപ്പം മണ്ണിടിഞ്ഞ് കൊട്ടാക്കമ്പൂർ സ്വദേശികളായ ബാലകൃഷ്ണൻ(50), ചിന്നു (36) എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മ(46)യെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈരാറ്റുപേട്ട-വാഗമൺ റോഡിൽ വേലത്തുശ്ശേരിയിൽ ഞായറാഴ്ച അഞ്ചോടെ പുരയിടത്തിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ്, മറ്റൊരു യുവതിയുമൊത്ത് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ചെന്നൈ സ്വദേശിനി സംഗീതാ അരുൾ ലാൽ (35) മരിച്ചു. പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളത്ത് ഉറവപ്ലാവിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ചേലകാട്ട് വീട്ടിൽ ജോസഫ് (അപ്പച്ചൻ–80) മരിച്ചു. മണ്ണിനടിയിൽപ്പെട്ട ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: Heavy monsoon rains triggered flash floods and landslips across Kerala, resulting in six deaths, while the IMD issued an orange alert for six districts.
Published: 21 Sept 2026, 06:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented