ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് പി.ടി ഉഷയ്ക്കെതിരേ കടുത്ത വിമര്‍ശനവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്‌സ് ഫൈനലിലെത്തിയ വിനേഷിനെ അനുവദനീയമായതിലും 100 ഗ്രാം ഭാരക്കൂടുതലിനെ തുടര്‍ന്ന് ഫൈനല്‍ പോരാട്ടത്തിന് തൊട്ടുമുമ്പ് അയോഗ്യയാക്കിയിരുന്നു. ഭാരം കുറയ്ക്കാനുള്ള കഠിന ശ്രമം നടത്തിയ വിനേഷിന് ഒടുവില്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടതായി പോലും വന്നു. ഈ സമയത്ത് തന്നെ കാണാനെത്തിയ ഉഷ താന്‍ അറിയാതെ ഒരു ഫോട്ടോ എടുത്ത് പോവുകയാണ് ചെയ്തതെന്നാണ് വിനേഷിന്റെ വിമര്‍ശനം. 

To advertise here,

ആശുപത്രിക്കിടക്കയില്‍ വിനേഷിനൊപ്പമുള്ള ചിത്രം അന്ന് ഉഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വിനേഷിന് പിന്തുണയറിയിച്ചുകൊണ്ടുള്ള കുറിപ്പിനൊപ്പമായിരുന്നു ഇത്. എന്നാല്‍ താന്‍ അറിയാതെയാണ് ഈ ഫോട്ടോ എടുത്തതെന്നും ഉഷയില്‍ നിന്ന് ആത്മാര്‍ഥമായ യാതൊരു പിന്തുണയും തനിക്ക് ലഭിച്ചില്ലെന്നുമാണ് വിനേഷ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

''എന്തു പിന്തുണയാണ് എനിക്കവിടെ കിട്ടിയതെന്ന് അറിയില്ല. പി.ടി ഉഷ മാഡം എന്നെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ഒരു ഫോട്ടോ ക്ലിക്ക് ചെയ്തു. രാഷ്ട്രീയത്തില്‍ പല കാര്യങ്ങളും നടക്കുന്നത് തിരശ്ശീലയ്ക്ക് പിന്നിലാണ്. അതുപോലെ പാരീസിലും രാഷ്ട്രീയമാണ് നടന്നത്. അതാണ് എന്റെ ഹൃദയം തകര്‍ത്തത്. ഗുസ്തി വിടരുതെന്ന് ഒരുപാട് ആളുകള്‍ പറഞ്ഞു. എല്ലായിടത്തും ഈ രാഷ്ട്രീയമുള്ളപ്പോള്‍ ഞാനെന്തിന് ഗുസ്തിയില്‍ തുടരണം,''  വിനേഷ് പറഞ്ഞു. 

അതേസമയം തന്റെ അയോഗ്യതയ്‌ക്കെതിരേ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അപ്പീല്‍ നല്‍കാന്‍ വൈകിയെന്നും വിനേഷ് വിമര്‍ശനമുന്നയിച്ചു. താന്‍ മുന്‍കൈയെടുത്താണ് കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കിയതെന്നും താരം വ്യക്തമാക്കി. ഒരു ദിവസം കഴിഞ്ഞാണ് അഭിഭാഷകനായ ഹരീഷ് സാല്‍വെ കേസിന്റെ ഭാഗമായതെന്നും സര്‍ക്കാര്‍ കേസില്‍ മൂന്നാം കക്ഷിയായിരുന്നുവെന്നും വിനേഷ് വ്യക്തമാക്കി.

വിനേഷിന്റെ അയോഗ്യതയ്ക്കു പിന്നാലെ താരത്തെ തള്ളി ഉഷ രംഗത്തെത്തുകയും ചെയ്തിരുന്നു. അയോഗ്യതയ്ക്കിടയാക്കിയ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം അസോസിയേഷന്‍ നിയമിക്കുന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് ഇല്ലെന്ന് പറഞ്ഞ ഉഷ, ഗുസ്തി, ബോക്‌സിങ്, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ ഉത്തരവാദിത്വം താരത്തിനും കോച്ചിനുമാണെന്നും വ്യക്തമാക്കിയിരുന്നു.