ലോകമെമ്പാടുമുള്ള കായികപ്രേമികള്‍ക്ക് ഉറക്കമില്ലാ രാത്രികളും ആവേശം അണപൊട്ടിയൊഴുകിയ മത്സരങ്ങളും സമ്മാനിച്ച ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. ഇന്ത്യന്‍ കായികരംഗത്തിനും തങ്കലിപികളില്‍ എഴുതിവെയ്ക്കാവുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമായ വര്‍ഷം കൂടിയാണിത്. ദൊമ്മരാജു ഗുകേഷിലൂടെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് നേട്ടവും ചെസ് ഒളിമ്പ്യാഡിലെ ഇരട്ടക്കിരീടവുമെല്ലാം ഈ വര്‍ഷം ഇന്ത്യയ്ക്ക് സ്വന്തമായി. 11 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു ഐസിസി ട്രോഫി നേടിയതും ഈ വര്‍ഷം തന്നെ. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടവീര്യത്തെ കീഴടക്കിയായിരുന്നു ഇന്ത്യയുടെ നേട്ടം. പാരീസ് ഒളിമ്പിക്‌സിലും അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ സംഘത്തിനായി. കോപ്പ അമേരിക്കയും യൂറോ കപ്പും ആവേശമുയര്‍ത്തിയ 2024-ല്‍ കായികരംഗത്തെ സംഭവവികാസങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം.

To advertise here,

2024 അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക്

2024-ലെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടി ഓസ്‌ട്രേലിയ. ഫെബ്രുവരി 11-ന് നടന്ന ഫൈനലില്‍ ഇന്ത്യയെ 79 റണ്‍സിന് കീഴടക്കിയായിരുന്നു ഓസീസ് യുവനിരയുടെ കിരീടനേട്ടം. ദക്ഷിണാഫ്രിക്കയായിരുന്നു വേദി. ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 43.5 ഓവറില്‍ 174 റണ്‍സെടുത്തു പുറത്തായി. അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ നാലാം കിരീടമായിരുന്നു ഇത്.

placeholder
ഇന്ത്യയുടെ ഒളിമ്പിക് മെ‍ഡൽ ജേതാക്കൾ | Photo: PTI

*പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യ

മെഡല്‍നേട്ടം ഇരട്ടയക്കത്തിലെത്തിക്കാമെന്ന പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സംഘം ഈ വര്‍ഷം പാരീസ് ഒളിമ്പിക്‌സിനെത്തിയത്. എന്നാല്‍ ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുകളാണ് ഇന്ത്യയ്ക്ക് പാരീസില്‍ നേടാനായത്. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ഏഴ് മെഡലുകള്‍ നേടിയ ടോക്യോ ഒളിമ്പിക്‌സിനേക്കാള്‍ പിന്നിലായിപ്പോയി ഇത്തവണ ഇന്ത്യന്‍ സംഘം.

ഷൂട്ടര്‍ മനു ഭാക്കറിന്റെ ഇരട്ട മെഡല്‍ നേട്ടമായിരുന്നു ഇത്തവണത്തെ പ്രത്യേകത. 2020-ലെ ടോക്യോ ഒളിമ്പിക്‌സില്‍ രണ്ടാം റാങ്കുകാരിയായെത്തി തോക്കിന്റെ സാങ്കേതിക പ്രശ്‌നം കാരണം മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ മനുവിന് മടങ്ങേണ്ടിവന്നിരുന്നു. എന്നാല്‍ ഇത്തവണ ഇരട്ട മെഡല്‍ നേട്ടത്തോടെ രാജ്യത്തിന്റെ അഭിമാനമായി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടിയ മനു, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ സരബ്‌ജോത് സിങ്ങിനൊപ്പവും വെങ്കലം നേടി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഒളിമ്പിക്സില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും മനു സ്വന്തമാക്കി. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നപ്പോള്‍ 1900-ലെ ഒളിമ്പിക്സില്‍ മത്സരിച്ച നോര്‍മന്‍ പ്രിച്ചാര്‍ഡ് ഇരട്ട വെള്ളി നേടിയിരുന്നു. ബ്രിട്ടീഷ് പൗരനായിരുന്ന പ്രിച്ചാര്‍ഡ് പക്ഷേ അന്ന് മത്സരിച്ചത് ബ്രിട്ടീഷ് ഇന്ത്യയ്ക്കു വേണ്ടിയായിരുന്നു. 200 മീറ്റര്‍ സ്പിന്റിലും 200 മീറ്റര്‍ ഹര്‍ഡില്‍സിലുമായിരുന്നു പ്രിച്ചാര്‍ഡിന്റെ മെഡല്‍ നേട്ടം.

ഒളിമ്പിക് ഷൂട്ടിങ്ങില്‍ 12 വര്‍ഷം നീണ്ട ഇന്ത്യയുടെ മെഡല്‍ വരള്‍ച്ചയ്ക്ക് അറുതി വരുത്തിയായിരുന്നു മനു വെങ്കലം കഴുത്തിലണിഞ്ഞത്. ഇതോടൊപ്പം ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും തേടിയെത്തി. 2012 ലണ്ടന്‍ ഒളിമ്പിക്‌സിനുശേഷം ഷൂട്ടിങ്ങില്‍ രാജ്യത്തിന്റെ ആദ്യ മെഡലായിരുന്നു ഇത്. ഹരിയാണയിലെ ജജ്ജാര്‍ സ്വദേശിയായ 22-കാരി മനു ഭാക്കര്‍ 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഷൂട്ടിങ് ലോകകപ്പിലും സ്വര്‍ണജേതാവായിരുന്നു. 2018-ല്‍ നടന്ന അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട്ട് ഫെഡറേഷന്റെ ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടിയതോടെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ സുവര്‍ണനേട്ടം സ്വന്തമാക്കുന്ന താരവുമായി. 2020-ല്‍ കായിരംഗത്തെ തിളക്കത്തിന് അര്‍ജുനഅവാര്‍ഡും തേടിയെത്തി.

ഒളിമ്പിക്സില്‍ ഇന്ത്യയ്ക്കായി രണ്ടു മെഡലുകള്‍ നേടിയ രണ്ട് താരങ്ങളുണ്ട്. ഗുസ്തി താരം സുശീല്‍ കുമാറും ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവും. എന്നാല്‍ ഇവ രണ്ട് വ്യത്യസ്ത ഒളിമ്പിക്സുകളിലായിരുന്നു.

ടോക്യോ ഒളിമ്പിക്‌സില്‍ ജാവലിനില്‍ സ്വര്‍ണ മെഡല്‍ ജേതാവായിരുന്ന നീരജ് ചോപ്രയ്ക്ക് പക്ഷേ ഇത്തവണ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 89.45 മീറ്റര്‍ എറിഞ്ഞാണ് നീരജ് പാരീസില്‍ വെള്ളി നേടിയത്. 92.97 മീറ്റര്‍ എറിഞ്ഞ് ഒളിമ്പിക് റെക്കോഡ് ഭേദിച്ച പാകിസ്താന്റെ അര്‍ഷാദ് നദീമിനായിരുന്നു സ്വര്‍ണം. 2008 ബെയ്ജിങ് ഒളിമ്പിക്സില്‍ നോര്‍വേയുടെ ആന്‍ഡ്രിയ തോര്‍ക്കില്‍ഡ്സണ്‍ (90.57 മീറ്റര്‍) സ്ഥാപിച്ച റെക്കോഡാണ് അര്‍ഷാദ് തിരുത്തിയത്.

ഷൂട്ടിങ്ങില്‍ പുരുഷന്‍മാരുടെ 50 മീ. റൈഫിള്‍ 3 പൊസിഷന്‍സില്‍ സ്വപ്നില്‍ കുശാലെ വെങ്കലം നേടി. പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയ അമന്‍ സെഹ്‌രാവത്താണ് പാരീസില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ മറ്റൊരു ഇന്ത്യന്‍ താരം. പുരുഷ ഹോക്കിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമാണ് രാജ്യത്തിന് മറ്റൊരു മെഡല്‍ സമ്മാനിച്ചത്.

placeholder
വിനേഷ് ഫോഗട്ട് | Photo: PTI

വിനേഷ് ഫോഗട്ട്, 100 ഗ്രാമില്‍ നഷ്ടമായ മെഡല്‍

മെഡല്‍ നേട്ടത്തേക്കാള്‍ പാരീസ് ഒളിമ്പിക്‌സില്‍ രാജ്യം ശ്രദ്ധിച്ചത് ഒരു മെഡല്‍ നഷ്ടമായിരുന്നു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിന് 100 ഗ്രാം ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കുകയായിരുന്നു. ഫൈനലിനു മുന്നോടിയായി നടത്തിയ ഭാരപരിശോധനയ്ക്കു പിന്നാലെയാണ് ഒളിമ്പിക് കമ്മിറ്റി താരത്തെ അയോഗ്യയാക്കിയത്. ഭാരപരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഉറപ്പിച്ച മെഡല്‍ നഷ്ടമായതിന്റെ നിരാശയില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച വിനേഷ് ഫോഗട്ട്, പിന്നീട് സംയുക്ത വെള്ളിമെഡലിന് അവകാശവാദം ഉന്നയിച്ച് രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. അയോഗ്യത കല്‍പ്പിച്ചത് ചോദ്യംചെയ്തും വെള്ളി മെഡല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ പക്ഷേ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളുകയായിരുന്നു.

placeholder
പി.ആര്‍. ശ്രീജേഷ് | Photo: AP

ഒളിമ്പിക് മെഡലോടെ പി.ആര്‍. ശ്രീജേഷിന്റെ വിരമിക്കല്‍

പാരീസ് ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ നേട്ടത്തോടെ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറും മുന്‍ ക്യാപ്റ്റനുമായ പി.ആര്‍ ശ്രീജേഷ് വിരമിച്ചതും ഈ വര്‍ഷം തന്നെ. ഓഗസ്റ്റ് എട്ടിന് പാരീസിലെ ഈവ് ദി മനോര്‍ സ്റ്റേഡിയത്തില്‍നടന്ന വെങ്കലമെഡല്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 18 വര്‍ഷത്തെ ഹോക്കി കരിയറിനിടെ നാല് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. രാജ്യത്തിനായി 336 മത്സരങ്ങളില്‍ കളത്തിലിറങ്ങി. ഒളിമ്പിക്‌സില്‍ രണ്ടുമെഡല്‍ നേടുന്ന ആദ്യ മലയാളിയെന്ന ബഹുമതിയും ഇതോടെ ശ്രീജേഷിന് സ്വന്തമായി. 2020 ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ടീമിലും ശ്രീജേഷുണ്ടായിരുന്നു. 2006 മുതല്‍ ഇന്ത്യന്‍ ടീമില്‍ കളിച്ച താരം 2016-ല്‍ ക്യാപ്റ്റനുമായി. ഇഞ്ചിയോണ്‍, ഹാങ്ചൗ ഏഷ്യന്‍ ഗെയിംസുകളില്‍ സ്വര്‍ണവും ജക്കാര്‍ത്ത ഗെയിംസില്‍ വെങ്കലവും നേടിയ ടീമിലും അംഗമായിരുന്നു. രണ്ടുതവണ കോമണ്‍വല്‍ത്ത് ഗെയിംസിലും ടീമിനൊപ്പം വെള്ളിനേടി. നാലുവട്ടം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലും മുത്തമിട്ടു. 2021-ല്‍ രാജ്യം ഖേല്‍രത്നയും പദ്മശ്രീയും നല്‍കി ആദരിച്ചു. അതേവര്‍ഷം വേള്‍ഡ് ഗെയിംസ് അത്ലറ്റ് പുരസ്‌കാരവും നേടി. ഈ വര്‍ഷം അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരവും നേടി. മൂന്നാം തവണയാണ് ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്.

placeholder
ദൊമ്മരാജു ഗുകേഷ് | Photo: ANI

ഗുകേഷ് ലോക ചെസ് ചാമ്പ്യന്‍

18-കാരന്‍ ദൊമ്മരാജു ഗുകേഷിന്റെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീട നേട്ടമാണ് ഈ വര്‍ഷം ഇന്ത്യന്‍ കായിക രംഗത്തുണ്ടായ ഏറ്റവും വലിയ സംഭവം. സിംഗപ്പുരില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനെന്ന റെക്കോഡ് സ്വന്തമാക്കിയത്. 18 വയസും എട്ട് മാസവും 14 ദിവസവുമായിരുന്നു ലോക ചാമ്പ്യനാകുമ്പോള്‍ ഗുകേഷിന്റെ പ്രായം. വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോക ചെസ് ചാമ്പ്യനാകുന്ന ഇന്ത്യക്കാരനാണ് ഗുകേഷ്. 14 ഗെയിമുകള്‍ നീണ്ട പോരാട്ടത്തില്‍ ഒമ്പത് ഗെയിമുകള്‍ സമനിലയായി. രണ്ട് ഗെയിമുകള്‍ ലിറന്‍ വിജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ വിജയം കണ്ടാണ് ഗുകേഷ് ചരിത്രമെഴുതിയത്. സമനിലയിലേക്ക് പോകുമെന്ന് കരുതിയ നിര്‍ണായകമായ 14-ാം ഗെയിമില്‍ ലിറന് സംഭവിച്ച പിഴവു മുതലെടുത്തായിരുന്നു ഗുകേഷിന്റെ വിജയം. വിജയത്തോടെ ചാമ്പ്യനാകാനുള്ള കൃത്യം 7.5 പോയന്റ് ഗുകേഷ് സ്വന്തമാക്കി.

ഈ വിജയത്തോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ഗുകേഷ് മറികടന്ന് ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായത്.

placeholder
ചെസ് ഒളിമ്പ്യാഡിൽ ജേതാക്കളായ ഇന്ത്യൻ സംഘം | Photo: ANI

ചെസ് ഒളിമ്പ്യാഡില്‍ ഇരട്ടക്കിരീടം

ഗുകേഷ് ലോക ചെസ് ചാമ്പ്യനാകുന്നതിന് മാസങ്ങള്‍ക്കു മുമ്പുതന്നെ ഇന്ത്യന്‍ ചെസിന്റെ സുവര്‍ണ തലമുറ ചരിത്രം സൃഷ്ടിച്ചിരുന്നു. ബുദാപെസ്റ്റില്‍ നടന്ന ചെസ് ഒളിമ്പ്യാഡിലെ ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും കിരീടം നേടിയാണ് ഇന്ത്യന്‍ സംഘം ചരിത്രമെഴുതിയത്. ആദ്യമായിട്ടാണ് ഇരുവിഭാഗങ്ങളിലും ഇന്ത്യ ജേതാക്കളാകുന്നത്. ഓപ്പണ്‍ വിഭാഗത്തില്‍ 11 റൗണ്ടില്‍ 21 പോയിന്റുമായാണ് ചാമ്പ്യരായത്. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ മുന്നേറിയ ഇന്ത്യയുടെ ഡി. ഗുകേഷ്, അര്‍ജുന്‍ എരിഗാസി, ദിവ്യ ദേശ്മുഖ്, വന്തിക അഗര്‍വാള്‍ എന്നിവര്‍ വ്യക്തിഗത സ്വര്‍ണം നേടി.

ഗാരി കാസ്പറോവ്, അനറ്റോളി കാര്‍പ്പോവ്, താല്‍, പെത്രോസ്യന്‍ തുടങ്ങിയ സോവിയറ്റ്/റഷ്യന്‍ ഇതിഹാസതാരങ്ങള്‍ നാലു ദശാബ്ദംമുന്‍പ് നടത്തിയ പ്രകടനങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രകടനങ്ങളാണ് ബുദാപെസ്റ്റില്‍ നടന്ന ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍യുവനിര പുറത്തെടുത്തത്.

ഓപ്പണ്‍ വിഭാഗം ടീം: ഡി. ഗുകേഷ് (തമിഴ്നാട്), ആര്‍. പ്രഗ്‌നാനന്ദ (തമിഴ്നാട്), അര്‍ജുന്‍ എരിഗാസി (തെലങ്കാന), വിദിത് ഗുജറാത്തി (മഹാരാഷ്ട്ര), പി. ഹരികൃഷ്ണ (ആന്ധ്രാപ്രദേശ്), ക്യാപ്റ്റന്‍: ശ്രീനാഥ് നാരായണന്‍.

വനിതാ വിഭാഗം ടീം: ഹരിക ദ്രോണവല്ലി (ആന്ധ്രാപ്രദേശ്), ആര്‍. വൈശാലി (തമിഴ്നാട്), ദിവ്യാ ദേശ്മുഖ് (മഹാരാഷ്ട്ര), വന്തികാ അഗര്‍വാള്‍ (ഡല്‍ഹി), താനിയാ സച്ച്ദേവ് (ഡല്‍ഹി), ക്യാപ്റ്റന്‍: അഭിജിത് കുണ്ടെ.

*പന്തോയ് ചാനു; ഓസ്‌ട്രേലിയന്‍ വനിതാ ഫുട്‌ബോള്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം

ഓസ്‌ട്രേലിയന്‍ വനിതാ ഫുട്‌ബോള്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ദേശീയ ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ പന്തോയ് ചാനു. സൗത്ത് ഓസ്‌ട്രേലിയന്‍ വിമന്‍സ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ ക്ലബ്ബ് മെട്രോ യുണൈറ്റഡ് ഡബ്ല്യുഎഫ്‌സിയുമായാണ് താരം കരാറിലെത്തിയത്.

placeholder
ലയണൽ മെസ്സി | Photo: AP

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ലയണല്‍ മെസ്സിക്ക്

2023-ലെ ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള 'ഫിഫ ദ ബെസ്റ്റ്' പുരസ്‌കാരം അര്‍ജന്റീന താരം ലയണല്‍ മെസ്സിക്ക്. എട്ടാം തവണയാണ് മെസ്സി ഈ പുരസ്‌കാരം നേടുന്നത്. ഒരു തവണ ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദ ഇയര്‍, നാലു തവണ ഫിഫ ബാലണ്‍ദ്യോര്‍, മൂന്നു തവണ ഫിഫ ദ് ബെസ്റ്റ് എന്നിവയാണ് മെസ്സി നേടിയത്. ലണ്ടനിലായിരുന്നു പുരസ്‌കാര ചടങ്ങ്. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം സ്‌പെയിനിന്റെയും ബാര്‍സിലോനയുടെയും താരം അയ്റ്റാന ബോണ്‍മറ്റി സ്വന്തമാക്കി. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

ടെന്നീസ്, ഗ്രാന്‍ഡ്സ്ലാം നേട്ടങ്ങള്‍ 

2024 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം യാന്നിക് സിന്നറിനും ആര്യന സബലേങ്കയ്ക്കും - ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ഇറ്റാലിയന്‍ താരം യാന്നിക് സിന്നറിനും വനിതാ സിംഗിള്‍സ് കിരീടം ബെലറൂസ് താരം ആര്യന സബലെങ്കയ്ക്കും. റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ പരാജയപ്പെടുത്തിയാണ് സിന്നര്‍ ജേതാവായത്. താരത്തിന്റെ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനയുടെ ഷെങ് ക്വിന്‍വെന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സബലെങ്ക കിരീടം നേടിയത്. 2013-ല്‍ ബെലറൂസ് താരം തന്നെയായ വിക്ടോറിയ അസരെങ്കയ്ക്ക് ശേഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നിലനിര്‍ത്തുന്ന ആദ്യ താരം കൂടിയാണ് സബലെങ്ക.

2024 ഫ്രഞ്ച് ഓപ്പണ്‍ കിരീടം കാര്‍ലോസ് അല്‍ക്കരാസിനും ഇഗ സ്വിയാടെക്കിനും - ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസിനും വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗ സ്വിയാടെക്കിനും. ജര്‍മന്‍ താരം അലക്സാണ്ടര്‍ സ്വെരേവിനെ പരാജയപ്പെടുത്തിയാണ് അല്‍ക്കരാസ് കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയത്. താരത്തിന്റെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. 2022-ല്‍ യുഎസ് ഓപ്പണും 2023-ല്‍ വിംബിള്‍ഡണും അല്‍ക്കരാസ് നേടിയിട്ടുണ്ട്. വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന്‍ പവോളിനിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയായിരുന്നു ഇഗ സ്വിയാടെക്കിന്റെ കിരീടനേട്ടം. ഫ്രഞ്ച് ഓപ്പണില്‍ ഇഗയുടെ നാലാം കിരീടവും തുടര്‍ച്ചയായ മൂന്നാം കിരീടവുമാണിത്. 2020, 2022, 2023 വര്‍ഷങ്ങളിലായിരുന്നു നേരത്തെ ഇഗ ജേതാവായത്. ജെസ്റ്റിന് ഹെനിന് ശേഷം തുടര്‍ച്ചയായി മൂന്ന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന താരമാണ് സ്വിയാടെക്.

2024 വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍ക്കരാസിനും ബാര്‍ബറ കെജ്രിക്കോവയ്ക്കും - വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസും വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രെജിക്കോവയും സ്വന്തമാക്കി. പുരുഷ വിഭാഗം ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയാണ് അല്‍ക്കരാസിന്റെ കിരീടനേട്ടം. താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡണ്‍ കിരീടവും നാലാം ഗ്രാന്‍ഡ്സ്ലാം നേട്ടവുമാണിത്. വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന്‍ പവോളിനിയെ കീഴടക്കിയാണ് കെജ്രിക്കോവയുടെ കിരീട നേട്ടം. താരത്തിന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടവും രണ്ടാം ഗ്രാന്‍സ്ലാം നേട്ടവുമാണിത്.

2024 യുഎസ് ഓപ്പണ്‍ കിരീടം യാന്നിക് സിന്നറിനും ആര്യന സബലേങ്കയ്ക്കും - യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ഇറ്റലിയുടെ യാന്നിക് സിന്നറും വനിതാ സിംഗിള്‍സ് കിരീടം ബെലറൂസിന്റെ ആര്യന സബലെങ്കയ്ക്കും. പുരുഷ സിംഗിള്‍സ് ഫൈനലില്‍ യുഎസിന്റെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ പരാജയപ്പെടുത്തിയാണ് സിന്നറിന്റെ കിരീട നേട്ടം. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും സിന്നറിനായിരുന്നു. താരത്തിന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാം നേട്ടമാണിത്. വനിതാ സിംഗിള്‍സ് ഫൈനലില്‍ യുഎസിന്റെ ജെസീക്ക പെഗുലയെ കീഴടക്കിയായിരുന്നു ആര്യന സബലെങ്കയുടെ കിരീടനേട്ടം. താരത്തിന്റെ ആദ്യ യുഎസ് ഓപ്പണ്‍ കിരീടവും മൂന്നാം ഗ്രാന്‍ഡ്സ്ലാം നേട്ടവുമാണിത്. നേരത്തേ തുടര്‍ച്ചയായി രണ്ടു തവണ (2023, 2024) ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയിട്ടുണ്ട് സബലെങ്ക.

placeholder
ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം | Photo: ANI

2024 ടി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

ആവേശം അവസാന പന്തുവരെ നീണ്ട ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് നേട്ടമായിരുന്നു ഇത്. 2007-ല്‍ എംഎസ് ധോനിയുടെ കീഴിലായിരുന്നു ആദ്യ കിരീട നേട്ടം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 176 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് എട്ടിന് 169 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറില്‍ കൂറ്റനടിക്ക് ശേഷിയുള്ള ഡേവിഡ് മില്ലറെ പുറത്താക്കാന്‍ സൂര്യകുമാര്‍ യാദവ് എടുത്ത ക്യാച്ച് വിജയത്തില്‍ നിര്‍ണായകമായി. ഓപ്പണറായെത്തി 59 പന്തില്‍ 76 റണ്‍സടിച്ച വിരാട് കോലിയുടെ ഇന്നിങ്‌സിന്റെ മികവിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിയത്. കോലി മാന്‍ ഓഫ് ദ മാച്ചായി. അഞ്ചാമനായി എത്തി 31 പന്തില്‍ 47 റണ്‍സെടുത്ത അക്‌സര്‍ പട്ടേലിന്റെ ഇന്നിങ്‌സും നിര്‍ണായകമായി. 15 വിക്കറ്റുമായി ജസ്പ്രീത് ബുംറ ടൂര്‍ണമെന്റിലെ താരമായി. ജൂണ്‍ 29-നായിരുന്നു ഫൈനല്‍.

placeholder
കോപ്പ അമേരിക്ക കിരീടം നേടിയ അർജന്റീന ടീം | Photo: AFP

കോപ്പ അമേരിക്ക കിരീടം അര്‍ജന്റീനയ്ക്ക്

2024-ലെ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അര്‍ജന്റീന. ജൂലായ് 15-ന് നടന്ന ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ലയണല്‍ മെസ്സിയുടെയും സംഘത്തിന്റെയും കിരീടനേട്ടം. അധിക സമയത്തേക്കുനീണ്ട ഫൈനലിന്റെ 112-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. ഫ്‌ളോറിഡയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലായിരുന്നു ഫൈനല്‍. അര്‍ജന്റീനയുടെ 16-ാം കോപ്പ അമേരിക്ക കിരീടമാണിത്. തുടര്‍ച്ചയായ രണ്ടാം കിരീടവും.

placeholder
യൂറോ കപ്പ് നേടിയ സ്പാനിഷ് ടീം | Photo: Getty Images

2024 യൂറോ കപ്പ് സ്‌പെയിനിന്

2024-ലെ യൂറോ കപ്പ് കിരീടം സ്‌പെയിനിന്. ജൂലായ് 15-ന് ബെര്‍ലിനില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് സ്‌പെയിനിന്റെ കിരീടനേട്ടം. സ്‌പെയിനിന്റെ നാലാം യൂറോ കപ്പ് കിരീടമാണിത്. ഇതോടെ നാല് യൂറോ കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന റെക്കോഡും സ്പെയിനിന് സ്വന്തമായി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍ തോല്‍ക്കുന്നത്. 47-ാം മിനിറ്റില്‍ നിക്കോ വില്യംസും 86-ാം മിനിറ്റില്‍ മൈക്കല്‍ ഒയര്‍സബാലുമാണ് സ്‌പെയിനിനായി സ്‌കോര്‍ ചെയ്തത്. 73-ാം മിനിറ്റില്‍ കോള്‍ പാല്‍മറായിരുന്നു ഇംഗ്ലണ്ടിന്റെ ഗോള്‍ സ്‌കോറര്‍. ക്രൊയേഷ്യ, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്പിലെ വമ്പന്‍ ടീമുകളെയെല്ലാം സ്‌പെയിന്‍ ടൂര്‍ണമെന്റില്‍ പരാജയപ്പെടുത്തിയിരുന്നു.

placeholder
റാഫേൽ നഡാൽ ഫ്രഞ്ച് ഓപ്പൺ കിരീടങ്ങളുമായി | Photo: AFP

വിടപറഞ്ഞ് നഡാല്‍

ഇതിഹാസ താരം റാഫേല്‍ നഡാല്‍ ടെന്നീസില്‍ നിന്ന് വിരമിച്ചത് ഈ വര്‍ഷമായിരുന്നു. ഒക്ടോബറില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച താരം നവംബറിലെ ഡേവിസ് കപ്പ് ടൂര്‍ണമെന്റോടെ വിരമിക്കുകയായിരുന്നു. 22 ഗ്രാന്‍ഡ്സ്ലാം ഉള്‍പ്പെടെ 92 കിരീടങ്ങള്‍ നേടിയിട്ടുണ്ട് ഈ മുപ്പത്തെട്ടുകാരന്‍. 22 വര്‍ഷം നീണ്ട കരിയറിനാണ് അവസാനമാവുന്നത്. കളിമണ്‍ കോര്‍ട്ടിലെ രാജാവ് എന്ന് വിളിക്കപ്പെടുന്ന നഡാല്‍ 14 തവണ ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സ് കിരീടം നേടിയിട്ടുണ്ട്. നാലു തവണ യുഎസ് ഓപ്പണ്‍ ചാമ്പ്യനായിട്ടുണ്ട്. രണ്ട് തവണ വീതം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും വിംബിള്‍ഡണും കരസ്ഥമാക്കി. ഒളിമ്പിക് സിംഗിള്‍സും ഡബിള്‍സ് സ്വര്‍ണവും നേടിയ അദ്ദേഹം സ്‌പെയിനിനെ അഞ്ച് ഡേവിസ് കപ്പ് കിരീടങ്ങള്‍ നേടാന്‍ സഹായിച്ചിട്ടുണ്ട്. 2022-ലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ 23-കാരന്‍ കാസ്പര്‍ റൂഡിനെ വീഴ്ത്തി ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന പ്രായം കൂടിയ താരം എന്ന റെക്കോഡും സ്വന്തമാക്കി.

placeholder
റോഡ്രിയും അയ്റ്റാന ബോണ്‍മാറ്റിയും ബാലണ്‍ദ്യോർ ട്രോഫിയുമായി | Photo: AP

ബാലണ്‍ദ്യോര്‍ റോഡ്രിക്ക്, വനിതകളില്‍ അയ്റ്റാന ബോണ്‍മാറ്റി

മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിക്ക്. ബ്രസീല്‍ താരം വിനീഷ്യസ് ഉള്‍പ്പെടെയുള്ള വമ്പന്‍മാരെ പിന്തള്ളിയാണ് റോഡ്രി പുരസ്‌കാരം സ്വന്തമാക്കിയത്. ഒക്ടോബര്‍ 29-ന് പാരീസില്‍നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ബാഴ്സലോണയുടെ അയ്റ്റാന ബോണ്‍മാറ്റിക്കാണ് മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം. യുവതാരത്തിനുള്ള റെയ്മണ്ട് കോപ്പ പുരസ്‌കാരം ബാഴ്സലോണയുടെ സ്പാനിഷ്താരം ലമിന്‍ യാമലിന് ലഭിച്ചു. 2023 ഓഗസ്റ്റ് ഒന്നുമുതല്‍ 2024 ജൂലായ് 31 വരെയുള്ള പ്രകടമാണ് ബാലണ്‍ ദ്യോറിനായി പരിഗണിക്കുന്നത്. ഫ്രഞ്ച് ഫുട്ബോള്‍ മാസികയായ ഫ്രാന്‍സ് ഫുട്ബോളാണ് പുരസ്‌കാരം നല്‍കുന്നത്.

placeholder
സുനിൽ ഛേത്രി വിടവാങ്ങൽ മത്സരത്തിനിടെ | Photo: mathrubhumi

കളത്തിനോട് വിടപറഞ്ഞ്‌ സുനില്‍ ഛേത്രി

ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസവും ദേശീയ ടീം നായകനുമായ സുനില്‍ ഛേത്രി വിരമിച്ച വര്‍ഷം കൂടിയാണിത്. ജൂണ്‍ ആറിന് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കുവൈത്തുമായുള്ള മത്സരത്തോടെയാണ് താരം വിരമിച്ചത്. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. 2005-ല്‍ പാകിസ്താനെതിരെയായിരുന്നു അരങ്ങേറ്റം. ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതും ഗോളടിച്ചതും ഛേത്രിയാണ്. 151 മത്സരം കളിച്ച താരം 94 ഗോളുമടിച്ചു. അന്താരാഷ്ട്ര ഫുട്ബോളില്‍ നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മൂന്നാമത്തെ താരമാണ്. 2015-ല്‍ ഇന്ത്യന്‍ ടീമിന്റെ നായകനായി. നെഹ്റു കപ്പിലടക്കം രാജ്യത്തെ കിരീടനേട്ടങ്ങളിലേക്ക് നയിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്.സി.ക്ക് കിരീടം നേടിക്കൊടുത്തു. ഇന്ത്യയിലും വിദേശത്തുമായി 11 ക്ലബ്ബുകളില്‍ കളിച്ചു. രാജ്യം അര്‍ജുന, പദ്മശ്രീ, ഖേല്‍രത്ന പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ആറുതവണ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ മികച്ചതാരമായി. കരിയറില്‍ മോഹന്‍ ബഗാന്‍, ജെ.സി.ടി., ഈസ്റ്റ് ബംഗാള്‍, ഡെംപോ ഗോവ., കന്‍സാസ് സിറ്റി, ചിരാഗ് യുണൈറ്റഡ്, സ്പോര്‍ട്ടിങ് ലിസ്ബണ്‍ ബി, ചര്‍ച്ചില്‍ ബ്രദേഴ്സ്, ബെംഗളൂരു എഫ്.സി., മുംബൈ സിറ്റി ടീമുകള്‍ക്കായി കളിച്ചു.

placeholder
റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടവുമായി | Photo: Getty Images

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മഡ്രിഡിന് 

ഒരിക്കല്‍ക്കൂടി യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിലെ രാജാക്കന്‍മാരായി റയല്‍ മഡ്രിഡ്. ജൂണ്‍ രണ്ടിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്മുണ്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് റയലിന്റെ കിരീടധാരണം. ക്ലബ്ബിന്റെ 15-ാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. ഡാനി കര്‍വഹാല്‍ (74), വിനീഷ്യസ് ജൂനിയര്‍ (83) എന്നിവരാണ് റയലിനായി ഗോള്‍ നേടിയത്. മത്സരത്തോടെ റയല്‍ മധ്യനിരതാരം ടോണി ക്രൂസ് ക്ലബ്ബ് ഫുട്ബോളില്‍ നിന്ന് വിടചൊല്ലി.

placeholder
ജെയിംസ് ആന്‍ഡേഴ്‌സന്‍ | Photo: PTI

ജെയിംസ് ആന്‍ഡേഴ്‌സന്‍ വിരമിച്ചു

ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ കളിമതിയാക്കിയതും ഈ വര്‍ഷം തന്നെ. ജൂലായ് 10-ന് ലോര്‍ഡ്‌സില്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തോടെയായിരുന്നു വിരമിക്കല്‍. 188 ടെസ്റ്റില്‍ നിന്ന് 704 വിക്കറ്റുകള്‍ നേടിയ താരം ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ പേസറാണ്. 194 ഏകദിനങ്ങളില്‍ നിന്നായി 269 വിക്കറ്റുകളും നേടി. മുത്തയ്യ മുരളീധരനും (800) ഷെയ്ന്‍ വോണിനും (708) ശേഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളുള്ള ബൗളര്‍ കൂടിയാണ് ജിമ്മി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ ജേതാക്കള്‍

2024-ലെ ഐപിഎല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്. മേയ് 26-ന് ചെന്നൈയില്‍ നടന്ന ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കിയാണ് കൊല്‍ക്കത്ത കിരീടം നേടിയത്. എട്ടു വിക്കറ്റിനായിരുന്നു ജയം. ടീമിന്റെ മൂന്നാം ഐപിഎല്‍ കിരീടമാണിത്. 2012, 2014 വര്‍ഷങ്ങളിലാണ് നേരത്തേ ജേതാക്കളായത്. കൊല്‍ക്കത്തയുടെ മിച്ചല്‍ സ്റ്റാര്‍ക് ഫൈനലിലെ താരമായി. സുനില്‍ നരെയ്‌നാണ് ടൂര്‍ണമെന്റിലെ താരം.

placeholder
പാലിയത്ത് രവിയച്ചൻ | Photo: mathrubhumi archives

പി. രവിയച്ചന്റെ വിടവാങ്ങല്‍ 

കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും പാലിയം കുടുംബത്തിലെ വലിയച്ചനുമായ പി. രവിയച്ചന്‍ (96) അന്തരിച്ചത് ഏപ്രില്‍ മാസം ഒന്നാം തീയതിയായിരുന്നു. 1928-ല്‍ കൊച്ചി ഇളയതമ്പുരാന്‍ അനിയന്‍കുട്ടന്‍ തമ്പുരാന്റെയും പാലിയത്ത് കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി പാലിയത്താണ് ജനനം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റും നേടിയ ആദ്യ കേരള ക്രിക്കറ്ററാണ്. 1952 മുതല്‍ 1970 വരെ തിരുവിതാംകൂര്‍-കൊച്ചി, കേരള ടീമുകള്‍ക്കായി 55 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു. തിരുവിതാംകൂര്‍- കൊച്ചി ടീമിനുവേണ്ടി കളിച്ചുതുടങ്ങിയ രവിയച്ചന്‍ സംസ്ഥാന രൂപവത്കരണത്തിനുശേഷം കേരള ടീമിലെത്തി. പത്തുവര്‍ഷം ടീമിനെ നയിച്ചു. അന്ന് മത്സരങ്ങള്‍ വളരെ കുറവായിരുന്നു. എന്നിട്ടും 1000 റണ്‍സ് തികച്ചത് അത്രയേറെ കാലം കളിച്ചതുകൊണ്ടാണ്. 42 വയസ്സുവരെ സംസ്ഥാനടീമില്‍ കളിച്ചു. 1951-ല്‍ പൂജ നോക്കൗട്ട് തുടങ്ങിയതുമുതല്‍ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബില്‍ കളിച്ചുതുടങ്ങിയ രവിയച്ചന്‍ എത്രയോ കാലം ക്ലബ്ബിനൊപ്പം തുടര്‍ന്നു. സംസ്ഥാന ടീമില്‍നിന്ന് വിരമിച്ചശേഷവും ക്ലബ്ബ് ക്രിക്കറ്റില്‍ കളി തുടര്‍ന്നു.

placeholder
രോഹന്‍ ബൊപ്പണ്ണ-മാത്യു എബ്ഡൻ സഖ്യം | Photo: AP

റെക്കോഡ് രോഹന്‍ ബൊപ്പണ്ണ

ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം രോഹന്‍ ബൊപ്പണ്ണയ്ക്കിത് നേട്ടങ്ങളുടെ വര്‍ഷമായിരുന്നു. ജനുവരിയില്‍ ഓസ്ട്രേലിയയുടെ മാത്യു എബ്ഡനൊപ്പം ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം നേടിയ ബൊപ്പണ്ണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കി. 43 വര്‍ഷവും 329 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു കിരീട നേട്ടം. 2022-ല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടുമ്പോള്‍ 40 വയസ്സും 284 ദിവസവും പ്രായമുണ്ടായിരുന്ന ഡച്ച് താരം ജീന്‍ ജൂലിയന്‍ റോജറുടെ റെക്കോഡ് മറികടന്നു. ബൊപ്പണ്ണയുടെ കരിയറിലെ രണ്ടാം ഗ്രാന്‍സ്ലാം വിജയമായിരുന്നു ഇത്. 2017-ല്‍ കാനഡയുടെ ഗബ്രിയേല ഡബ്രോവ്സ്‌കിക്കൊപ്പം ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം നേടിയിരുന്നു. പുരുഷ ഡബിള്‍സില്‍ ഗ്രാന്‍സ്ലാം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ്. ലിയാന്‍ഡര്‍ പേസും മഹേഷ് ഭൂപതിയുമാണ് നേരത്തേ കിരീടം നേടിയത്. നേരത്തേ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ കടന്നതോടെ ഡബിള്‍സ് റാങ്കിങ്ങില്‍ താരം ഒന്നാമതെത്തിയിരുന്നു. ഇതോടെ പ്രായം കൂടിയ ഒന്നാം റാങ്കുകാരനുമായി. റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് അമേരിക്കയുടെ രാജീവ് റാമിന്റെ പേരിലായിരുന്നു. 2022 ഒക്ടോബറില്‍ തന്റെ 38-ാം വയസിലാണ് രാജീവ് തന്റെ കരിയറില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയത്. ഈ റെക്കോഡ് ബൊപ്പണ്ണ മറികടന്നു. പദ്മശ്രീ പുരസ്‌കാരവും ഈ വര്‍ഷം നേടിയിരുന്നു. തുടര്‍ന്ന് പാരീസ് ഒളിമ്പിക്‌സിനു ശേഷം വിരമിക്കുകയും ചെയ്തു. 22 വര്‍ഷം നീണ്ട കരിയറാണ് താരം അവസാനിപ്പിച്ചത്.

കരിയറില്‍ 900 ഗോള്‍ തികച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 900 ഗോളുകളെന്ന മാന്ത്രികസംഖ്യയിലെത്തി. സെപ്റ്റംബര്‍ ആറാം തീയതി യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് പോര്‍ച്ചുഗല്‍ താരം നാഴികക്കല്ല് പിന്നിട്ടത്. കളിയുടെ 34-ാം മിനിറ്റിലായിരുന്നു ഗോള്‍. ഇതോടെ 900 ഗോള്‍ നേടുന്ന ആദ്യതാരമായി ക്രിസ്റ്റ്യാനോ മാറി.

പ്രഥമ സൂപ്പര്‍ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്.സിക്ക്

പ്രഥമ സൂപ്പര്‍ലീഗ് കേരള ഫുട്ബോള്‍ കിരീടം സ്വന്തമാക്കി കാലിക്കറ്റ് എഫ്.സി. നവംബര്‍ 10-ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഫോഴ്സ കൊച്ചിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് കാലിക്കറ്റ് തോല്‍പ്പിച്ചത്. മലപ്പുറം എഫ്.സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സി., തൃശ്ശൂര്‍ മാജിക് എഫ്.സി., കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി. എന്നിവയായിരുന്നു ടൂര്‍ണമെന്റിലെ മറ്റ് ടീമുകള്‍. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം എന്നിവയായിരുന്നു മത്സരവേദികള്‍.

പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം ഏരീസ് കൊല്ലം സെയിലേഴ്‌സിന്

കേരളാ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ പ്രഥമ കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എല്‍.) കിരീടം ഏരീസ് കൊല്ലം സെയിലേഴ്‌സിന്. സെപ്റ്റംബര്‍ 18-ന് നടന്ന ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ആറുവിക്കറ്റിനാണ് കൊല്ലം തോല്‍പ്പിച്ചത്. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ് (54 പന്തില്‍ 105 നോട്ടൗട്ട്) കൊല്ലത്തിന്റെ വിജയശില്‍പി. സ്‌കോര്‍: കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് 20 ഓവറില്‍ ആറുവിക്കറ്റിന് 213. ഏരീസ് കൊല്ലം സെയിലേഴ്‌സ് 19.1 ഓവറില്‍ നാലിന് 214. ഐ.പി.എല്‍. മാതൃകയില്‍ താരലേലത്തിലൂടെയാണ് കേരള ക്രിക്കറ്റ് അസോസിയേഷനില്‍ (കെ.സി.എ.) രജിസ്റ്റര്‍ ചെയ്ത കളിക്കാരെ ഓരോ ടീമും സ്വന്തമാക്കിയത്. ഇതുകൂടാതെ ഓരോ ടീമും ഒരുതാരത്തെ ഐക്കണ്‍ പ്ലേയറായും തിരഞ്ഞെടുത്തിരുന്നു. ട്രിവാന്‍ഡ്രം റോയല്‍സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, തൃശ്ശൂര്‍ ടൈറ്റന്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ആലപ്പി റിപ്പിള്‍സ്, ഏരീസ് കൊല്ലം സെയിലേഴ്സ് എന്നിവയായിരുന്നു ടൂര്‍ണമെന്റില്‍ പങ്കെടുത്ത ടീമുകള്‍.

placeholder
സഞ്ജു സാംസണ്‍ | Photo: ANI

സഞ്ജുവിന്റെ വര്‍ഷം

അന്താരാഷ്ട്ര ടി20-യില്‍ ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സഞ്ജു സാംസണ്‍ സ്വന്തമാക്കിയത് ഈ വര്‍ഷമായിരുന്നു. ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരേ ഒന്നും നവംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ടും സെഞ്ചുറികള്‍ നേടിയാണ് സഞ്ജു റെക്കോഡിട്ടത്. ഇതോടൊപ്പം തുടര്‍ച്ചയായ രണ്ട് ടി20 മത്സരങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും സഞ്ജു സ്വന്തം പേരിലാക്കിയിരുന്നു. ടി20-യില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടുന്ന നാലാമത്തെ താരം കൂടിയാണ് സഞ്ജു. ഒക്ടോബര്‍ 13-ന് ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരേ നടന്ന മത്സരത്തിലും പിന്നാലെ നവംബര്‍ എട്ടിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലും സെഞ്ചുറി നേടിയാണ് താരം ഈ റെക്കോഡ് സ്വന്തമാക്കിയത്.

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഹോക്കി കിരീടം നിലനിര്‍ത്തി ഇന്ത്യ

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഹോക്കി കിരീടം ഇന്ത്യ നിലനിര്‍ത്തി. ചൈനയിലെ ഹുലന്‍ബുയറില്‍ നടന്ന മത്സരത്തില്‍ പൊരുതിക്കളിച്ച ചൈനയെ കടുത്ത പോരാട്ടത്തില്‍ കീഴടക്കിയാണ് ഇന്ത്യയുടെ കിരീടനേട്ടം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യന്‍ ജയം. ചാമ്പ്യന്‍ഷിപ്പില്‍ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ അഞ്ചാം കിരീടമാണിത്. 2016, 2017 വര്‍ഷങ്ങളിലും ഇന്ത്യ തുടരെ വിജയംനേടിയിരുന്നു.

placeholder
രവിചന്ദ്രന്‍ അശ്വിന്‍ | Photo: PTI

കളിമതിയാക്കി ആര്‍. അശ്വിന്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത് ദിവസങ്ങള്‍ക്കു മുമ്പാണ്. ഓസ്ട്രേലിയക്കെതിരേ ബ്രിസ്ബെയ്നില്‍ നടന്ന ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചതിനു പിന്നാലെയായിരുന്നു പ്രഖ്യാപനം. ഇതുവരെ കളിച്ച 106 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 537 വിക്കറ്റുകളാണ് അശ്വിന്റെ അക്കൗണ്ടിലുള്ളത്. ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യയുടെ രണ്ടാമത്തെ ബൗളര്‍. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി വേഗത്തില്‍ 100, 150, 200, 250, 300, 350, 400, 450, 500 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയ താരമെന്ന റെക്കോഡ് അശ്വിന്റെ പേരിലാണ്. ഇതില്‍ തന്നെ ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 250, 300, 350 വിക്കറ്റുകള്‍ തികച്ച താരവും അശ്വിന്‍ തന്നെ. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ സീരീസ് അവാര്‍ഡുകളെന്ന റെക്കോഡ് (11) ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനൊപ്പം പങ്കുവെയ്ക്കുകയാണ് അശ്വിന്‍. നാട്ടില്‍ 300 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയ രണ്ടാമത്തെ ഇന്ത്യന്‍ ബൗളര്‍, ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അഞ്ചു വിക്കറ്റ് നേട്ടങ്ങളുള്ള (37) രണ്ടാമത്തെ താരം, ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളുള്ള രണ്ടാമത്തെ ഇന്ത്യക്കാരന്‍, ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഇടംകൈയന്‍ ബാറ്റര്‍മാരെ പുറത്താക്കിയ ബൗളര്‍, ടെസ്റ്റില്‍ 3000 റണ്‍സും 500 വിക്കറ്റുകളുമുള്ള ലോക ക്രിക്കറ്റിലെ തന്നെ മൂന്നുപേരില്‍ ഒരാള്‍ തുടങ്ങിയ നേട്ടങ്ങളെല്ലാം താരത്തിന് സ്വന്തം. 2015-ല്‍ ഇന്ത്യ അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചു. 2016-ല്‍ ഐ.സി.സി.യുടെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റര്‍, പുരുഷ ടെസ്റ്റ് ക്രിക്കറ്റര്‍ അവാര്‍ഡുകളും അശ്വിനെത്തേടിയെത്തി. 2011 മുതല്‍ 2020 വരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഐസിസി തിരഞ്ഞെടുത്ത ദശാബ്ദത്തിലെ ടെസ്റ്റ് ടീമിലും അശ്വിനുണ്ടായിരുന്നു. 

placeholder
വിനീഷ്യസ് ജൂനിയർ | Photo: AP

2024-ലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം വിനീഷ്യസിന്

ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ 2024-ലെ മികച്ചതാരത്തിനുള്ള പുരസ്‌കാരം (ഫിഫ ദ ബെസ്റ്റ്) റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിന്. വോട്ടെടുപ്പില്‍ വിനീഷ്യസിന് 48 സ്‌കോറിങ് പോയിന്റ് ലഭിച്ചപ്പോള്‍ രണ്ടാംസ്ഥാനത്തെത്തിയ സ്പെയിനിന്റെ റോഡ്രിക്ക് 43 പോയിന്റുണ്ട്. 37 പോയിന്റുമായി ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ങാം മൂന്നാമതായി. ദേശീയ ടീമുകളുടെ ക്യാപ്റ്റന്‍, പരിശീലകര്‍, തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രതിനിധികള്‍, ഫാന്‍സ് എന്നിവരാണ് വോട്ടുചെയ്തത്. അതേസമയം ബാലണ്‍ദ്യോറിനു പിന്നാലെ ഫിഫയുടെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരവും രണ്ടാം തവണ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് സ്പാനിഷ് താരം അയ്റ്റാന ബോണ്‍മാറ്റി. എതിരാളികളില്ലാതെയാണ് ബാഴ്സയുടെ മധ്യനിരതാരം പുരസ്‌കാരം സ്വന്തമാക്കിയത്. സാംബിയയുടെ ബാര്‍ബറ ബാന്‍ഡയാണ് രണ്ടാമത്. പുരുഷവിഭാഗത്തില്‍ റയല്‍ മഡ്രിഡിന്റെ കാര്‍ലോ ആഞ്ചലോട്ടിയും വനിതകളില്‍ യു.എസിന്റെ എമ്മ ഹയെസും മികച്ച പരിശീലകരായി.