നഗോയ: ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാലിന്റെ മകൻ വരുൺ സന്യാൽ. ഏഷ്യൻ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ മിക്‌സഡ് മാർഷ്യൽ ആർട്‌സി (എംഎംഎ) ലായിരുന്നു വരുൺ മത്സരിക്കേണ്ടിയിരുന്നത്. മത്സരത്തിനിടെ ഭാരം കുറയ്ക്കാനായി ശ്രമിക്കുന്നതിനിടെ വരുൺ ബോധരഹിതനാവുകയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

To advertise here,

ഞായറാഴ്ച നടന്ന പുരുഷൻമാരുടെ ട്രഡീഷണൽ എംഎംഎ 77 കിലോഗ്രാം വിഭാഗത്തിലാണ് വരുൺ മത്സരിക്കേണ്ടിയിരുന്നത്. മത്സരത്തിന് മുമ്പ് ഭാരം അൽപം കൂടിയതിനാൽ 77 കിലോഗ്രാമിലെത്തിക്കാൻ 'സോന' ഉപയോഗിക്കുകയായിരുന്നു വരുൺ. ഉയർന്ന താപനിലയിലുള്ള ഒരു റൂം പോലെയുള്ള സംവിധാനമാണിത്. ശരീരത്തിലെ വെള്ളം വിയർപ്പിലൂടെ പുറന്തള്ളിയാണ് ഈ റൂമിൽ ഇരുന്ന് ഭാരം കുറയ്ക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ മൂന്ന് മുതൽ ഏഴ് പൗണ്ട് വരെ വെള്ളം ഇത്തരത്തിൽ ശരീരത്തിൽ നഷ്ടപ്പെടുകയും ഭാരം കുറയുകയും ചെയ്യും.

വരുൺ അപകടനില തരണം ചെയ്തതെന്നും എന്നാൽ മത്സരിക്കാനാകുന്ന അവസ്ഥയിലല്ലെന്നും എംഎംഎ സ്‌പോർട്‌സ് ഫെഡറേഷൻ പ്രസിഡന്റ് നിഖിൽ കുന്ദേര പിടിഐയോട് പ്രതികരിച്ചു. 'ഭാഗ്യവശാൽ, നേപ്പാളിൽ നിന്നുള്ള ഒരു അത്ലറ്റാണ് അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് വരുണിന് ബോധം വന്നപ്പോൾ എന്നെ വിളിക്കാൻ പറയുകയായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാര്യമായി വിഷമിക്കേണ്ടതൊന്നുമില്ലാത്തതിനാൽ പുലർച്ചെ മൂന്ന് മണിയോടെ അദ്ദേഹത്തെ താമസസ്ഥലമായ കപ്പലിലേക്ക് തിരികെ കൊണ്ടുവന്നു.'- നിഖിൽ വ്യക്തമാക്കി.

നേരത്തെ ജപ്പാനിലെത്തിയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന അസൗകര്യങ്ങളെ കുറിച്ച് വരുൺ സംസാരിച്ചിരുന്നു. ഉദ്യോഗസ്ഥർ ക്ലിയറൻസ് നൽകാനും റൂം അനുവദിക്കാനും ഏറെ ബുദ്ധിമുട്ടിയെന്നും വിവിധ കേന്ദ്രങ്ങളിലായി മണിക്കൂറുകളോളമാണ് കാത്തിരുന്നതെന്നും വരുൺ വ്യക്തമാക്കിയിരുന്നു.