ഈ കാലത്തിന്റെ വിത്തും വേരും ചികഞ്ഞെടുത്തില്ലെങ്കില് പഴയ ഹോക്കി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ, ഇന്നത്തെ ഹോക്കി ഇന്ത്യയുടെ ഈ ശതാബ്ദിയാഘോഷം കഥയില്ലാത്തതാകും.

ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ ജപ്പാനെ തോൽപിച്ച് സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ ആഹ്ളാദം
Shailendra Bhojak | PTI
ഇന്ത്യ പാകിസ്താനെ നിര്‍ദയം പ്രഹരിക്കുന്നത് കണ്‍നിറയെ കണ്ടത് ഓപ്പറേഷന് സിന്ദൂറിലല്ല, അതിന് രണ്ട് വര്‍ഷം മുന്‍പ് ചൈനയിലെ ഗോങ്ഷുവിലാണ്. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ അന്ന് രാത്രി പാക് വലയില്‍ ഇന്ത്യ ഗോളുകള്‍ പത്തെണ്ണം എണ്ണിയെണ്ണി അടിച്ചുകയറ്റുന്നത് കനാല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലെ പ്രസ് ഗ്യാലറിയില്‍ കണ്ടുനിന്നത് തെല്ല് അവിശ്വസനീയതയോടെയാണ്. ചരിത്രത്തില്‍ പാകിസ്താനെതിരെ ഇന്ത്യ നേടിയ ഏറ്റവും വലിയ വിജയമായിരുന്നു കണ്മുന്നില് മിന്നിമാഞ്ഞതെന്ന് വിശ്വസിക്കാന്‍ ഏറെ പ്രയാസപ്പെട്ടു. അതേ അദ്ഭുതത്തോടെയും ആവേശത്തോടെയും തന്നെ കണ്ടുനിന്നു, എഴുതി നിറച്ചു, ഫൈനലില്‍ ജപ്പാനെ തകര്‍ത്ത് ഒരു പതിറ്റാണ്ടിനുശേഷം ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്നതും പാരിസ് ഒളിമ്പിക്സിനുള്ള ടിക്കറ്റ് സ്വന്തമാക്കുന്നതും.
ഹാങ്ചൗ മീഡിയ സെന്ററിലേയ്ക്കുള്ള ദൈര്‍ഘ്യമേറിയ മടക്കയാത്രയില്‍ മനസ് പാഞ്ഞത് പത്ത് മുപ്പത്തിയഞ്ച് കൊല്ലം പിന്നോട്ടാണ്. സോള്‍ ഏഷ്യന്‍ ഗെയിംസില്‍ അന്ന് ഇന്ത്യ പാകിസ്താനോട് തോറ്റ് പുറത്തായ വാര്‍ത്ത വായിച്ച ഓര്‍മയേയുള്ളൂ. പിന്നെ അതേ സോളില്‍ ഒളിമ്പിക്സിലും കണ്ടു തനിയാവര്‍ത്തനം. ടിവിക്ക് മുന്നിലെ ഞരമ്പുകള്‍ വലിഞ്ഞുമുറുകിയ, ശ്വാസംനിലച്ചുപോകുമെന്ന് തോന്നിച്ച എത്രയെത്ര മുഹൂര്‍ത്തങ്ങള്‍, തോല്‍വികളില്‍ ഹതാശനായി ശപിച്ചിറങ്ങിപ്പോയ എത്രയെത്ര ഹൈവോള്‍ട്ടേജ് നിമിഷങ്ങള്‍.
വായിച്ചറിഞ്ഞ സോളില്‍ നിന്ന് നേരിട്ടു കണ്ട ഹാങ്ചൗവിലേയ്ക്കുള്ള ഇന്ത്യന്‍ ഹോക്കിയുടെ പരിവര്ത്തനദൂരം വിവരണങ്ങള്ക്കപ്പുറമായിരുന്നു. ഹാങ്ചൗവല്ല, സത്യത്തില്‍ അതിന് മൂന്ന് വര്‍ഷം മുന്‍പ് ടോക്യോയില്‍ തുടങ്ങിക്കഴിഞ്ഞിരുന്നു മാറ്റത്തിന്റെ കാറ്റ്. അന്നവിടെ പി.ആര്. ശ്രീജേഷും കൂട്ടരും നാല്പത്തിയൊന്ന് വര്‍ഷത്തെ ഒളിമ്പിക് മെഡല്‍ വരള്‍ച്ചയ്ക്ക് അറുതിവരുത്തുക മാത്രമല്ല ചെയ്തത്. കെടുകാര്യസ്ഥതയുടെ ഗ്രഹണം ഇരുളെടുത്തൊരു നീണ്ടകാലത്തില്‍ നിന്നുള്ള പരിവര്‍ത്തനത്തിന്റെ ഫലപ്രാപ്തി കൂടിയായിരുന്നു അത്. വലുതായിരുന്നു ഏറ്റവുമൊടുക്കം മെഡലണിഞ്ഞ എണ്‍പതിലെ മോസ്ക്കോയില്‍ നിന്ന് വിസ്മൃതിയിലായ ഒളിമ്പിക് മെഡല്‍ വീണ്ടെടുത്ത ടോക്യോയിലേയ്ക്കുമുള്ള കാലദൈര്‍ഘ്യം.
എട്ട് സ്വര്‍ണത്തിന്റെ ഗരിമയും ധ്യാന്‍ചന്ദ്, ബല്‍ബീര്‍ സിങ് ഇതിഹാസപ്പിറവികളുടെ കേട്ടു തഴമ്പിച്ച പെരുമയും മെല്ലെ മായുന്നത് സങ്കടത്തോടെ കണ്ടുനിന്ന നാല് പതിറ്റാണ്ടാണ് മോസ്ക്കോയ്ക്കും ടോക്യോയ്ക്കും ഇടയില്‍ കണ്മുന്നിലൂടെ ഒഴുകിപ്പോയത്. ഈ കാലത്തിന്റെ വിത്തും വേരും ചികഞ്ഞെടുത്തില്ലെങ്കില് പഴയ ഹോക്കി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ, ഇന്നത്തെ ഹോക്കി ഇന്ത്യയുടെ ഈ ശതാബ്ദിയാഘോഷം കഥയില്ലാത്തതാകും. ചരിത്രം ആവര്ത്തിക്കപ്പെടാതിരിക്കാനെങ്കിലും ആശയറ്റ ആ കറുത്ത കാലം ഓര്‍മയില്‍ പൊടിതട്ടിയെടുക്കുന്നത് നല്ലതാണ്.
സോള്‍ കഴിഞ്ഞ് ബാഴ്സലോണയും അറ്റ്ലാന്റയുമൊക്കെയെത്തിയപ്പോഴേയ്ക്കും ഒളിമ്പിക്സിലെന്നല്ല, ഏഷ്യന്‍ ഗെയിംസില്‍ പോലും ഇന്ത്യന്‍ ഹോക്കിയുടെ ഗ്രാഫ് താണുതാണ് മണ്ണുതൊട്ടുകഴിഞ്ഞിരുന്നു. എട്ടും ഒന്‍പതും സ്ഥാനങ്ങള്‍ക്കുവേണ്ടി മത്സരിക്കുന്നവരെ സകലരും എഴുതിത്തള്ളിയ കാലം. അങ്ങനെയൊരു നിറംകെട്ട കാലത്താണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് പഞ്ചാബിലെ ജലന്ധറിനടുത്തുള്ള ഇന്ത്യയുടെ ഹോക്കി നഴ്സറികളായ മിത്താപുരും സന്സാര്പുരുമൊക്കെ കാണാന്‍ മോഹം തോന്നിയത്. പര്‍ഗത് സിങ് മുതല്‍ ടോക്യോയിലെ വെങ്കല നായകന് മന്‍പ്രീത് വരെയുള്ള വലിയൊരു ഇതിഹാസശൃംഖലയ്ക്ക് ജന്മം നല്കിയ നാട്. ചെന്നിറങ്ങുമ്പോള്‍ മഞ്ഞിന്റെ പാളിനീക്കി വെയിലുദിക്കും മുന്‍പേ സജീവമായിക്കഴിഞ്ഞിരുന്നു ചെറുതും വലുതുമായ കളിക്കളങ്ങളത്രയും. ചെമ്മണ്ണിലും ചരലിലും വാശിയേറിയ കളി. ചെറിയ ഉരുളന്‍ കല്ലുകളെപോലും കാര്യമാക്കാതെ പൊടിപറത്തുന്ന ഡ്രിബിളിങ്. അന്നുമിന്നും കണ്ടത്ഭുതപ്പെട്ടു നമിച്ചുപോയ പര്‍ഗത് സിങ്ങിന്റെയും സര്‍ദാര്‍ സിങ്ങിന്റെയും മന്പ്രീതിന്റെയുമെല്ലാം അപാരമായ സ്റ്റിക്ക് വര്‍ക്കിന്റെ ഗുട്ടന്‍സ് കണ്ടറിഞ്ഞപ്പോള്‍ ഒരു വലിയ ചോദ്യമാണ് മനസിലേയ്ക്ക് അടിച്ചുകയറിവന്നത്. പ്രതിഭകളുടെ ഈ അക്ഷയഖനി സ്വന്തമായുള്ള ഒരു നാടിന്, ഇതേ പ്രതിഭകളുടെ അദ്ഭുത കരവിരുത് കൊണ്ട് 1928 മുതല്‍ 56 വരെ തുടര്‍ച്ചയായി ആറ് ഒളിമ്പിക് സ്വര്‍ണം നേടിയവര്‍ക്ക്, ആറു രാജ്യങ്ങള്‍ മാത്രം മാറ്റുരച്ച 80നുശേഷം പിന്നെയൊരു മെഡലിനുവേണ്ടി ടോക്യോ വരെയുള്ള നാല്പത്തിയൊന്ന് കൊല്ലം കാത്തിരിക്കേണ്ടിവന്നത് എന്തുകൊണ്ടായിരിക്കും?.
ഇന്ത്യന്‍ ഹോക്കിയുടെ ദുരന്തകഥയില്‍ പ്രധാനമായും രണ്ട് കല്പിത വില്ലന്മാരാണുള്ളത്. ഒന്ന് മോണ്ട്രിയല്, മറ്റൊന്ന് ലോര്‍ഡ്സ്. മോസ്ക്കോയില്‍ ഇന്ത്യ അവസാനമായി ഒളിമ്പിക് സ്വര്‍ണം നേടി മൂന്ന് വര്‍ഷം കഴിഞ്ഞാണ് ലോര്‍ഡ്സില്‍ ആ അത്ഭുതം സംഭവിക്കുന്നത്. കപിലിന്റെ ചെകുത്താന്മാര് എന്ന അണ്ടര്‍ ഡോഗ്സ് ക്ലൈവ് ലോയ്ഡിന്റെയും വിവിയന്‍ റിച്ചാര്ഡ്സിന്റൈയും വിന്‍ഡീസിനെ തകര്‍ത്ത് നേടിയ ക്രിക്കറ്റ് ലോകകപ്പ് ഒരു തീപ്പൊരിയായിരുന്നു. ഇന്ത്യയില്‍ തളര്ന്നുതുടങ്ങിയ ഫുട്ബോളും ഹോക്കിയും ഒഴിച്ചിട്ട ഇടങ്ങളിലേയ്ക്ക് ഒരൊറ്റ രാത്രികൊണ്ട് അത് കാട്ടുതീയായി പടര്‍ന്നുകയറി. യുവത്വത്തിന്റെ സിരകളില്‍ പുതിയ ലഹരിയായി. എണ്‍പതുകളില്‍ നഗരങ്ങളായിരുന്നെങ്കില്‍ തൊണ്ണൂറുകളില്‍ ഗ്രാമങ്ങളെയും ക്രിക്കറ്റ് വിഴുങ്ങിത്തുടങ്ങി. ഹോക്കിയായിരുന്നു ആദ്യ ഇര. പഴയ കളിത്തൊട്ടിലുകളായ കര്‍ണാടകവും മഹാരാഷ്ട്രയും ഗോവയും ബംഗാളുമൊക്കെ ക്ഷണത്തില്‍ ഹോക്കി ഉപേക്ഷിച്ച് ക്രീസിനെ പുല്കി. ക്രമേണ അതൊക്കെ ക്രിക്കറ്റ് പവര്‍ഹൗസുകളായി. ദേശീയ കായികവിനോദം ഏതാണ്ട് പഞ്ചാബില്‍ മാത്രമായി ഒതുങ്ങി. നെഞ്ചില്‍ പഴയ വിഗ്രഹങ്ങളായ ധ്യാന്‍ചന്ദിനും അശോക് കുമാറിനും ബല്‍ബീര്‍ സിങ്ങിനും ലെസ്ലി ക്ലോഡിയസിനും രൂപ് സിങ്ങിനുമൊക്കെ ഉടഞ്ഞ് പകരം കപിലും ഗവാസ്ക്കറും ശാസ്ത്രിയുമൊക്കെ പുന:പ്രതിഷ്ഠിക്കപ്പെട്ടു. ധന്‍രാജ് പിള്ളയും പര്‍ഗത് സിങ്ങുമൊക്കെ സച്ചിന്റെയും ഗാംഗുലിയുടെയുമെല്ലാം ക്ഷണപ്രഭാവത്തില് മുങ്ങി അപ്രസക്തരായി. മൂന്ന് ഒളിമ്പിക് സ്വര്‍ണം നേടുകയും ഹെല്‍സിങ്കിയിലെ ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടി റെക്കോഡിടുകയും ചെയ്ത ബല്‍ബീര്‍ സിങ് എന്നൊരു ഇതിഹാസം ഈയടുത്ത കാലംവരെ ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്ന് അറിഞ്ഞവര്‍ തന്നെ തുച്ഛം. കാശില്ലാതെ രോഗംവന്ന് നരകിച്ചുമരിച്ച ശങ്കര്‍ ലക്ഷ്മണ് എന്നൊരു അമാനുഷിക ഗോള്‍കീപ്പറുടെ കരളലിയിപ്പിക്കുന്ന ജീവിതകഥ പൊടിതട്ടിയെടുക്കാന്‍ വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു ഗോള്‍കീപ്പറായ പി.ആര്. ശ്രീജേഷിന്റെ വെങ്കലനേട്ടം വേണ്ടിവന്നു.
ഇതൊരു വാദം മാത്രമാണ്. വേണമെങ്കില്‍ മുടന്തന്‍ ന്യായമെന്ന് വിധി തള്ളിക്കളയാം. ഹോക്കിയെ മാത്രമല്ല, ഫുട്ബോള്‍ മുതല്‍ തലപ്പന്തുകളിവരെയുള്ളവരുടെ കണ്ണിലെ കരടാണ് എക്കാലത്തും ക്യാഷ് റിച്ച് ക്രിക്കറ്റ്. അവനവന്റെ വീഴ്ചകള്‍ക്കും പിഴകള്‍ക്കും സകലരുടെയും കല്ലേറ് ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവര്‍. എന്നാല്‍, ഇന്ത്യന്‍ ഹോക്കിയുടെ ഈ കെട്ടകാലത്തിന് ക്രിക്കറ്റിനെ മാത്രം പഴിക്കുന്നതില്‍ അര്‍ഥമില്ല. യഥാര്‍ഥ വില്ലന്‍ തല പൊക്കിയത് മോണ്‍ട്രിയലിലാണ്. നാദിയ കോമനേച്ചിയെന്ന അത്ഭുതം പിറന്ന 1976ലെ ഈ ഒളിമ്പിക്സിലാണ് ആദ്യമായി ഹോക്കിയില്‍ ആസ്ട്രോ ടര്‍ഫ് അഥവാ കൃത്രിമപ്രതലം ഉപയോഗിച്ചുതുടങ്ങിയത്. ശൈലീമാറ്റംകൊണ്ട് ഹോക്കിയുടെ ഭാഗധേയം തന്നെ മാറ്റിമറിച്ച ഈ സിന്തറ്റിക് ടര്‍ഫ് ആദ്യം കഥ കഴിച്ചത് പുല്ലിലും മണ്ണിലും കളിച്ചുശീലിച്ച, സ്വാഭാവികമായ സ്റ്റിക്ക് വര്‍ക്കിനെ ആശ്രയിച്ചു കളിക്കുന്ന ഇന്ത്യയെ തന്നെ. 1975ല്‍ ഇന്ത്യ കിരീടം ചൂടിയ മലേഷ്യ ലോകകപ്പ് കഴിഞ്ഞ ഉടനെയായിരുന്നു ലോക ഹോക്കി ഫെഡറേഷന് ആസ്ട്രോ ടര്‍ഫിലേക്ക് മാറാനുള്ള വിപ്ലവകരമായ തീരുമാനം കൈക്കൊണ്ടത്. പുതിയ പ്രതലത്തില്‍ സ്ട്രൈക്കര്‍മാര്‍ പതറി. പന്തും കളിയും വരുതിയില്‍ നിന്നില്ല. കളി മെല്ലെ ഇന്ത്യയെ കൈവിട്ടുതുടങ്ങി. മലേഷ്യയ്ക്കുശേഷം ഇന്ത്യ പിന്നൊരു ലോകകപ്പ് നേടിയിട്ടില്ല എന്നതുതന്നെ ഇതിനുള്ള സാക്ഷ്യം. ഭൂരിഭാഗം രാജ്യങ്ങളും ബഹിഷ്കരിച്ച എണ്‍പതിലെ മോസ്ക്കോ ഒഴിച്ചുനിര്‍ത്തിയാല്‍ ഒളിമ്പിക്സിലും പിന്നോട്ടടിച്ചു. യൂറോപ്യന്‍ രാജ്യങ്ങളുടെ ഗൂഢാലോചനയെന്ന് പരക്കേ ആക്ഷേപിക്കപ്പെട്ട ഈ പരിഷ്കാരത്തില്‍ ഇന്ത്യയ്ക്കു മാത്രമല്ല, അയല്‍ക്കാരായ പാകിസ്താനും കാലിടറി. കളത്തില്‍ സൂപ്പര്‍ പവറുകളായിട്ടും അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ തീരുമാനത്തെ ചോദ്യംചെയ്യാനോ മാറ്റിക്കാനോ ഇരുവര്‍ക്കും കഴിഞ്ഞില്ല. സ്വന്തം കാതലിനാണ് കത്തിവെച്ചതെന്ന് അറിഞ്ഞിട്ടും ഈ തീരുമാനത്തിനെതിരേ ചെറുവിരലനക്കിയില്ല, പിന്നീട് ഹോക്കി ഇന്ത്യയായി രൂപാന്തരം പ്രാപിച്ച ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്. ഇന്ന് ആര്‍ഭാടപൂര്‍വം ശതാബ്ദി ആഘോഷിക്കുന്ന അതേ സംഘടന. പുല്ലിലും കളിമണ്ണിലും ഹാര്ഡ്കോര്ട്ടിലുമായി ഗ്രാഡ്സ്ലാം മാറിമാറി കളിക്കുന്ന ടെന്നിസിന്റെ പാത പിന്തുടര്ന്ന് ഒരു പരീക്ഷണം നടത്താനുള്ള നിര്ദേശംവയ്ക്കാന് പോലും അന്നവര്‍ക്ക് കഴിഞ്ഞില്ല.
അന്താരാഷ്ട്ര ഫെഡറേഷനെ സ്വാധീനിക്കാന്‍ കഴിയാതിരുന്നത് പോവട്ടെ, ഈ തീരുമാനത്തിനൊത്ത് സ്വയം മാറാന്‍ സന്നദ്ധരായതുമില്ല ഇന്ത്യ. അതാണ് വീഴ്ച ക്ഷണത്തിലാക്കിയത്. ക്രിക്കറ്റിനെ ഹോക്കിയുടെ അന്തകനായി പ്രതിഷ്ഠിക്കുന്നവര്‍ സമാനമായി ജെന്റില്‍മാന്‍സ് ഗെയിമിന്റെ തൂവെള്ളക്കുപ്പായത്തില്‍ നിന്ന് ക്രിക്കറ്റ് കെറി പാര്‍ക്കറുടെ വര്ണക്കുപ്പായത്തിലേയ്ക്കും പിന്നീട് ഐ.പി.എല്ലിന്റെ പണക്കിലുക്കത്തിലേയ്ക്കും അനായാസം കൂടുമാറിയതും മേധാവിത്വം നിലനിര്‍ത്തുന്നതും കണ്ടഭാവം നടിച്ചില്ല. കളിച്ചുതുടങ്ങി ഒരു നൂറ്റാണ്ട് പിന്നിടേണ്ടിവന്നു ഹോക്കി ഫെഡറേഷന് ഒരു പ്രൊഫഷണല്‍ ലീഗിന് അരസമ്മതം മൂളാന്‍ തന്നെ. പിന്നെയല്ലെ ടര്‍ഫ്, നിയമപരിഷകാരങ്ങള്. അര്‍ജന്റീനയും ഹോളണ്ടും ഓസ്ട്രേലിയയുമെല്ലാം ആസ്ട്രോ ടര്‍ഫില്‍ കളിച്ചുവളര്‍ന്ന് പുത്തന്ശക്തികളായപ്പോള് ഇന്ത്യ അപ്പോഴും ചേറിലും പുല്ലിലും തന്നെ കളിച്ചുകൊണ്ടിരുന്നു. പഴയ സ്റ്റിക്ക് തന്നെ ഉപയോഗിച്ചുകൊണ്ടിരുന്നു. ഏതാണ്ട് അഞ്ച് വര്‍ഷം കഴിഞ്ഞ് 1980ലാണ് ഇന്ത്യയില്‍ ആദ്യമായി ആസ്ട്രോ ടര്‍ഫ് വരുന്നത്. അപ്പൊഴേയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ കാതങ്ങള്‍ മുന്നില്‍ എത്തിക്കഴിഞ്ഞിരുന്നു. 'നൂറ് മീറ്റര്‍ ഓട്ടത്തില്‍ പത്ത് മീറ്റര്‍ പിറകില്‍ നിന്ന് ഓടിത്തുടങ്ങുന്നതായിരുന്നു ഇന്ത്യയുടെയും പാകിസ്താന്റെയും അവസ്ഥ' എന്ന് പണ്ടൊരു അഭിമുഖത്തില്‍ രോഷത്തോടെയും തെല്ല് സങ്കടത്തോടെയും തുറന്നുപറഞ്ഞിരുന്നു ഒളിമ്പ്യന്‍ ബല്‍ബീര്‍ സിങ്. പുത്തന്‍കൂറ്റുകാര്‍ വേഗവും ഫിറ്റ്നസും ചേര്‍ന്ന പുതിയ ശൈലി അവലംബിച്ചപ്പോള്‍ മികച്ച സ്റ്റിക്ക് വര്‍ക്കുമായി ഇന്ത്യക്കാര്‍ ടര്‍ഫില്‍ വിയര്‍ത്തു. പര്‍ഗത് സിങ്ങിനെയും സഫര്‍ ഇഖ്ബാലിനെയും മുഹമ്മദ് ഷഹീദിനെയും പോലെുള്ള ലോകോത്തര ഡ്രിബിളിങ് മാന്ത്രികര്‍ പന്ത് വരുതിയില്‍ നിര്‍ത്താന്‍ പാടുപെട്ടു. നിലവിലുള്ള താരങ്ങളുടെ കാര്യം വിടാം. വളര്‍ന്നുവരുന്ന താരങ്ങളെയും നമ്മള് ടര്ഫിനുവേണ്ടി സജ്ജരാക്കിയില്ല. പരിശീലനമുറകളും മാറിയില്ല. വേഗതയാര്‍ന്ന പാസുകള്‍ക്ക് പകരം കൂടുതല്‍ സ്റ്റാമിന ആവശ്യമായ ഡ്രിബിളിങ് തന്നെ നമ്മള് വളര്‍ന്നുവരുന്നവരെയും പഠിപ്പിച്ചുകൊണ്ടിരുന്നു. ഇതിനെയെല്ലാം മറികടന്ന ധന്‍രാജ് പിള്ളയെപ്പോലൊരു ഐക്കോണിക്ക് താരമുണ്ടായിട്ടും ടീം തുടര്‍ച്ചയായി പിന്നോട്ടടിച്ചു.
സത്യത്തില്‍ ഇന്ത്യന്‍ ശൈലിക്ക് ഏറ്റവും അനുയോജ്യമായത് ആസ്ട്രോ ടര്‍ഫാണെന്ന് പണ്ട് പറഞ്ഞിരുന്നു ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളായ ബല്‍ബീര്‍ സിങ്. 'ഡ്രിബിളര്മാര്ക്ക് ഏറ്റക്കുറച്ചിലുള്ള പുല്മൈതാനത്തേക്കാള് നന്നായി പന്ത് നിയന്ത്രിച്ച് മുന്നേറാനാവുക ഇത്തരം ടര്‍ഫുകളിലാണ്. ആസ്ട്രോ ടര്‍ഫാണ് ഇന്ത്യന്‍ ഹോക്കിയുടെ അന്തകനായത് എന്നതൊക്കെ വെറും ഒഴികഴിവാണ്. അതില്‍ കാര്യമില്ല.' പക്ഷേ, ഇതിഹാസമായ ബല്‍ബീറിന്റെ വാക്കുകള്‍ക്ക് പോലും വളരെ വൈകിയാണ് നമ്മള് ചെവികൊടുത്തത്. അപ്പൊഴേയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ ലോകഹോക്കിയില്‍ അപ്രാപ്യമായ അധീശത്വത്തിന്റെ കൊടിനാട്ടിക്കഴിഞ്ഞിരുന്നു. ഇന്ത്യയില്‍ ആദ്യത്തെ ടര്‍ഫ് വിരിക്കുമ്പോഴേയ്ക്കും ഓസ്ട്രേലിയയിലും ഹോളണ്ടിലും ജര്‍മനിയിലുമെല്ലാം നൂറുകണക്കിന് ടര്‍ഫുകള്‍ യാഥാര്ഥ്യമായിക്കഴിഞ്ഞിരുന്നു.
പ്രാദേശിക, ദേശീയ ടൂര്‍ണമെന്റുകള്‍ പുല്ലില്‍ കളിച്ചശേഷം വിദേശ ടൂര്‍ണമെന്റുകള്‍ ആസ്ട്രോ ടര്‍ഫില്‍ കളിക്കേണ്ടിവരുന്ന വിചിത്രമായ അവസ്ഥയായിരുന്നു ഇന്ത്യന്‍ കളിക്കാര്‍ക്ക്. ഈ പ്രശ്നം പരിഹരിക്കാന്‍ കാര്യമായി ഒന്നുംതന്നെ ചെയ്തില്ല ഹോക്കി ഫെഡറേഷന്. ഒളിമ്പിക്സിലും ലോകകപ്പിലുമെല്ലാം ഇന്ത്യയുടെ ദയനീയ പ്രകടനം തുടര്‍ക്കഥയാകുമ്പോഴും മെല്ലെപ്പോക്കിലായിരുന്നു ഫെഡറേഷന്. അതിന്റെ ഫലമായി ഒരു ഇരുപത് വയസ് കഴിഞ്ഞ് മാത്രമാണ് ഇന്ത്യയില്‍ ശരാശരി കളിക്കാര്‍ക്ക് ടര്‍ഫില്‍ കളിക്കാനുള്ള അവസരം ലഭിക്കുന്നത്. അപ്പൊഴേയ്ക്കും അവരിലെ ടെക്നിക്കും കളി ശൈലിയും ഏതാണ്ട് ഉറച്ചുകഴിഞ്ഞിരിക്കും. പെട്ടന്നുള്ള പ്രതലത്തിലെ മാറ്റത്തിനനുസരിച്ച് കളി മാറ്റാന്‍ അവര്‍ പാടുപെട്ടു. പാസിങ്ങിന്റെയും പൊസിഷനിങ്ങിന്റെയും പുത്തന്തന്ത്രം അവര്‍ക്കാരും പഠിപ്പിച്ചുകൊടുത്തതുമില്ല.
അതിന് അര ഡസന്‍ വിദേശ പരിശീലകരുടെ രാകിമിനുക്കല്‍ വേണ്ടിവന്നു ഹോക്കിക്ക് ദേശീയവിനോദത്തിന്റെ അലങ്കാരം ചാര്‍ത്തിക്കൊടുക്കുന്ന രാജ്യത്തിന് തളര്‍ച്ചയില്‍ നിന്ന് ഒന്നുണരാന്. ഇതില്‍ തന്നെ പലരും ഹോക്കി ഇന്ത്യയുടെ ആഭ്യന്തരകലഹത്തില്‍പ്പെട്ട് കൈ പൊള്ളി രായ്ക്കുരാമാനം പുറത്താക്കപ്പെടുകയോ പെട്ടിയെടുത്ത് നാടുവിടുകയോ ചെയ്യേണ്ടിവന്നവരാണെന്നത് വേറെ കാര്യം. ജോലി ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യമെന്ന് പ്രാകിയാണ് ഇന്ത്യയെയും പാകിസ്താനെയും ഒരുപോലെ പരിശീലിപ്പിച്ച ഓള്‍ട്ട്മാന്‍സ് ഹോളണ്ടിലേയ്ക്ക് രക്ഷപ്പെട്ടത്. ഗ്രൗണ്ടിലിറങ്ങിയ കളിക്കാരെ ശകാരിച്ച ഹോക്കി ഇന്ത്യ മേധാവി നരീന്ദര്‍ ബാത്രയെ ചോദ്യംചെയ്തതിനാണ് ഓള്‍ട്ട്മാന്‍സിന്റെ മുന്‍ഗാമി വാന്‍ ആസിനെ രായ്ക്കുരാമാനം നാടുകടത്തിയത്. കരാര്‍ കാലാവധിക്ക് മുന്‍പ് തന്നെ മടക്കടിക്കറ്റ് കൈയില്‍ കിട്ടിയ ആളാണ് മൈക്കല്‍ നോബ്സ്. എന്നിട്ടും പുരുഷന്മാര്ക്ക് നാല്പത്തിയൊന്ന് കൊല്ലത്തിനുശേഷം ഒളിമ്പിക് വെങ്കലം കിട്ടാനും പെണ്ണുങ്ങള്‍ക്ക് ചരിത്രത്തില്‍ ആദ്യമായി ആദ്യ നാലിലെത്താനും വിദേശികള്‍ തന്നെ വേണ്ടിവന്നു എന്നതാണ് യാഥാര്‍ഥ്യം. എന്നിട്ടും വനിതാ കോച്ച് മാരിനെ തൊട്ടടുത്ത വര്‍ഷം തന്നെ സ്വയം ഒഴിഞ്ഞുപോയി. റീഡിന് ഇക്കഴിഞ്ഞ ലോകകപ്പ് വരെയെ ആയുസ്സുണ്ടായുള്ളൂ. ഇതൊക്കെയാണ് കാലങ്ങളായുള്ള ഇന്ത്യയുടെ വഴക്കം. ശീലവും. ആസ്ട്രോ ടര്ഫിനെയും ക്രിക്കറ്റിനെയുമെല്ലാം പഴിക്കുന്നവര്‍ മനപ്പൂര്‍വം മൂടിവയ്ക്കുന്ന ചില വസ്തുതകള്‍.
1968ല്‍ മെക്സിക്കോ മുതലാണ് ഇന്ത്യന്‍ ഹോക്കിക്ക് ഒളിമ്പിക്സിലെ സ്വര്‍ണസ്പര്‍ശം നഷ്ടമായിത്തുടങ്ങിയത്. സത്യത്തില്‍ അന്ന് തുടങ്ങി ഹോക്കി ഫെഡറേഷന്റെ കളികളും. മെക്സിക്കോ ഗെയിംസിന് തൊട്ടുമുന്‍പാണ് ഫെഡറേഷന് ഒരു പരീക്ഷണത്തിന് മുതിര്‍ന്നത്. പരിചയസമ്പന്നനായ നായകന് ഗുര്‍ബക്സ് സിങ്ങിനെ മാറ്റി പ്രീത്പാല്‍ സിങ്ങിനെ ക്യാപ്റ്റനാക്കി. സിങ് നീരസം മറച്ചുവച്ചില്ല. ടീം രണ്ടുതട്ടിലായി. ഒത്തൊരുമ നഷ്ടമായി. ഒടുവില്‍ രണ്ട് ക്യപ്റ്റന്മാര് എന്ന വിചിത്ര പരീക്ഷണവുമായാണ് ഇന്ത്യ മെക്സിക്കോയിലേയ്ക്ക് യാത്രയായത്. ടീമിന് ആദ്യമായി വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത് അന്നാണ്.
മറ്റൊരു ഉപകഥ കൂടിയുണ്ട് ഇതിന്. ക്യാപ്റ്റനെ ഒറ്റരാത്രി കൊണ്ട് മാറ്റുക, രണ്ട് ക്യാപ്റ്റന്മാരെന്ന പരീക്ഷണം നടത്തുക തുടങ്ങിയ പരീക്ഷണവിനോദങ്ങള് നടത്തുന്ന ഇക്കാലത്താണ് ഹോക്കി ശരിക്കും ഒരു അന്താരാഷ്ട്ര ഗെയിമായി മാറിത്തുടങ്ങിയത്. ഇക്കാലത്തു തന്നെയാണ് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന് കളി പുല്ലില്‍ നിന്ന് കത്രിമ ടര്ഫിലേയ്ക്ക് പറിച്ചുനടുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ ആരംഭിച്ചതും. പക്ഷേ, ഫെഡറേഷന് തല പുകയ്ക്കാന്‍ അതിലും വലിയ കാര്യങ്ങളുണ്ടായിരുന്നു അണിയറയില്‍. ആസ്ട്രോ ടര്‍ഫ് ആദ്യമായി ഉപയോഗിച്ച മോണ്ട്രിയല് ഗെയിംസിന് ഒരു കൊല്ലം മുന്‍പാണ് അന്നത്തെ ഹോക്കി ഫെഡറേഷന് അധ്യക്ഷന്‍ അശ്വനികുമാറിന് ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടിവന്നത്. ലോകത്തെ മറ്റ് ടീമുകള്‍ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പില്‍ വ്യാപൃതരായിരിക്കുമ്പോള്‍ ഇന്ത്യയില്‍ കളി നടത്തിപ്പിന് ചുമതലപ്പെട്ടവര്‍ പ്രേംനാഥ് സാഹ്നിയുടെയും കോടീശ്വരന് രാമസ്വാമിയുടെയും ഗ്രൂപ്പുകള്‍ക്ക് പിന്നില്‍ തെക്കും വടക്കുമായി അണിനിരന്ന് പരസ്പരം പോരടിച്ചുകൊണ്ടിരുന്നു.
രണ്ടായിരത്തിന്റെ അവസാനകാലത്താണ് ഖാലിസ്താന്‍ തീവ്രവാദികളെ മെരുക്കിയ പാരമ്പര്യവുമായി കന്‍വര്‍ പാല് സിങ് ഗില്‍ എന്ന സൂപ്പര്‍കോപ്പ് ഹോക്കിയിലേയ്ക്ക് വരുന്നത്. തീവ്രവാദത്തെ അടിച്ചമര്‍ത്തുന്നതിലും വലിയ ഉരുക്കുമുഷ്ടിയാണ് കെ.പി.എസ് ഗില്‍ ഹോക്കി നടത്തിപ്പില്‍ പ്രയോഗിച്ചത്. ഫെഡറേഷനില്‍ കാര്യങ്ങളെല്ലാം ഗില്ലിന് തോന്നുംപടിയായി. മുപ്പത്തിനാല് കൊല്ലത്തിനുശേഷം ബാങ്കോക്കില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയ ടീമിലെ ആറു പേരെ ഒറ്റയടിക്ക് വെട്ടിനിരത്തുകയായിരുന്നു ഗില്‍. പുറത്താക്കപ്പെട്ടവരില്‍ ക്യാപ്റ്റന്‍ ധന്‍രാജ് പിള്ളയും ഫൈനലിലെ ഹീറോ ഗോള്‍കീപ്പര്‍ ആശിഷ് ബല്ലാളും ഉള്‍പ്പെടും. ബല്ലാളൊന്നും പിന്നെ ദേശീയ ടീമിന്റെ പടിയറിയതേയില്ല. ആര്‍ക്കുമുണ്ടായില്ല അന്നീ നെറികേടിന് ഗില്ലിനെ ചോദ്യംചെയ്യാനുള്ള തന്റേടം. ഒടുവില്‍ ഏതൊരു ഏകാധികപതിയെയും പോലെ ഗില്ലിനെയും കാത്തിരുന്നു തിരിച്ചടി. ഫെഡറേഷനില്‍ മെല്ലെ ആഭ്യന്തരകലഹം തലപൊക്കിത്തുടങ്ങി. പില്ക്കാലത്ത് അധ്യക്ഷനായ നരീന്ദ്ര ബാത്രയായിരുന്നു എതിര്‍ചേരിയുടെ അമരത്ത്. ഇക്കാലത്താണ് ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഒളിമ്പിക്സിന് യോഗ്യത നേടാതെ പോയി ബെയ്ജിങ്ങില്‍ നാണക്കേടിന്റെ പുതിയ ചരിത്രമെഴുതിയത്. ഇക്കാലത്തു തന്നെയാണ് ഒരു കളിക്കാരനില്‍ നിന്ന് അന്നത്തെ സെക്രട്ടറി ജനറല്‍ കെ.ജ്യോതികുമാരന് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഒടുവില്‍ ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്റെ സസ്പെന്‍ഷനില്‍ ചെന്നെത്തി കാര്യങ്ങള്‍. ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ ഹോക്കി തലകുനിച്ച നാളുകള്‍. എന്നാല്‍, ഇരുളകന്ന് പുലരി വിരിഞ്ഞ കാലം കൂടിയായിരുന്നു ഇത്. ഹോക്കി ഫെഡറേഷന് പകരം ഇന്നത്തെ ഹോക്കി ഇന്ത്യ ജന്മം കൊള്ളുന്നത് അന്നാണ്. അതായിരുന്നു വഴിത്തിരിവ്. കളത്തിന് പുറത്തെ ഇന്ത്യന്‍ ഹോക്കിയുടെ തിരിച്ചുവരവിന്റെ തുടക്കം. ദിലീപ് ടിര്ക്കിയെപ്പോലൊരു കളിക്കാരന്, ഒരു ഒളിമ്പ്യന്‍ കളി നടത്തിപ്പിന്റെ അമരത്തേയ്ക്ക് വന്നു. അതിന്റെ മാറ്റങ്ങള്‍ കളിയിലും ദൃശ്യമായി.
പുതിയ ശാക്തിചേരികള് അവരുടെ ഇച്ഛയ്ക്കൊത്ത് നിയമങ്ങള്‍ മാറ്റിമറിച്ചുകൊണ്ടിരുന്ന ഈ കാലത്ത് തന്നെ നരീന്ദ്ര ബാത്ര അന്താരാഷ്ട്ര ഫെഡറേഷന്റെ യൂറോപ്പുകാരനല്ലാത്ത ആദ്യ അധ്യക്ഷനായി. അതുമൊരു വലിയ മാറ്റമായിരുന്നു. ഇംഗ്ലീഷുകാരില്‍ നിന്ന് ജഗ്മോഹന് ഡാല്‍മിയയും ശരത് പവാറുമെല്ലാം ഐ.സി.സിയുടെ തലപ്പത്തെത്തിയതുപോലുള്ളൊരു വലിയൊരു വിപ്ലവം. ബാത്ര അധികാരം കൈയാളിയ ആ ആറു വര്‍ഷം ഓസ്ട്രേലിയക്കും നെതര്‍ലന്‍ഡ്സിനും ജര്മനിക്കുമെല്ലാം തോന്നുംപടി നിയമം മാറ്റിമറിക്കുക എളുപ്പമല്ലാതായി. കളത്തിന് പുറത്തും ഇന്ത്യയെ എളുപ്പം എഴുതിത്തള്ളാന്‍ പറ്റാതായി. ഇന്ത്യന്‍ ഹോക്കി കൂടുതല്‍ പ്രൊഫഷണലിസത്തെ പുല്കിത്തുടങ്ങിയതും ഇക്കാലത്താണ്.
മാറ്റങ്ങള്‍ പലതും പിന്നെയുമുണ്ടായി. പ്രൊഫഷണല്‍ ലീഗിന്റെ കടാക്ഷത്തില്‍ ഹോക്കിയിലേയ്ക്കും പണം ഒഴുകിത്തുടങ്ങി. ആസ്ട്രോ ടര്ഫിന് പഞ്ഞമില്ലാതായി. പരിശീലനസൗകര്യങ്ങള്ക്കും. ഇന്ന് ചെറുതും വലുതുമായി ആയിരക്കണക്കിന് തന്നെ ടര്‍ഫുകള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഒളിമ്പ്യന്മാരുടെ ഈറ്റില്ലമായ ജലന്ധറില്‍ മാത്രമുണ്ട് ഇന്ന് ഒരു ഡസനിലേറെ ലോകനിലവാരമുള്ള ആസ്ട്രോ ടര്‍ഫ് ഗ്രൗണ്ടുകള്‍. മുന്‍ നായകന് പര്‍ഗത് സിങ്ങായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്. മറ്റൊരു മാറ്റത്തിന് സാക്ഷ്യംവഹിച്ചത് ഒഡിഷയിലാണ്. രാഷ്ട്രീയവേഷമണിഞ്ഞ ദിലീപ് ടിര്‍ക്കി എന്ന പഴയ നായകന്റേതായിരുന്നു ഇടപെടല്‍. ഹോക്കി ഒഡിഷയുടെ അഡ്ഹോക് കമ്മിറ്റി ചെയര്‍മാനായ ടിര്‍ക്കിയുടെ ശുപാര്‍ശപ്രകാരമാണ് കുത്തക കമ്പനികള്‍ കൈയൊഴിഞ്ഞ ഇന്ത്യന്‍ ടീമിനെ ഒഡിഷ സര്‍ക്കാര്‍ സ്പോണ്സര് ചെയ്യാന്‍ തയ്യാറായത്. ലോക ഹോക്കി ലീഗിന് ഭുവനേശ്വര്‍ വേദിയായതിന്റെ ചാലകശക്തിയും പഴയ പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ദ്ധനായ ഫുള്‍ബാക്ക് ടിര്‍ക്കി തന്നെ. ഈ വര്‍ഷം ജൂനിയര്‍ ലോകകപ്പിന് വേദിയാകുന്നത് തമിഴ്നാടാണ്. ഇതിനെല്ലാം പുറമെ താഴേത്തട്ടില്‍ വലിയ വിപ്ലവം യാഥാര്‍ഥ്യമാക്കുന്ന ഖേലോ ഇന്ത്യയുണ്ട്. സര്‍ക്കാരും അരയുംതലയും മുറുക്കി രംഗത്തുണ്ട്. തിരിച്ചുവരവിന്റെ പാതയില്‍ തന്നെയാണ് ഇന്ത്യന്‍ ഹോക്കി. കഴിഞ്ഞ കഴിഞ്ഞ അഞ്ചാറ് കൊല്ലത്തിനിടയ്ക്ക് നടന്ന ഇത്തരം ചെറുതും വലുതുമായ ഒരുപാട് നാഴികക്കല്ലുകളാണ് ടോക്യോയിലെയും പാരിസിലെയും തുടർച്ചയായ ഒളിമ്പിക് വെങ്കലങ്ങളും ഹാങ്ചൗവിലെ ആധികാരികമായ ഏഷ്യന്‍ ഗെയിംസ് സ്വര്ണത്തിലേയ്ക്കുമൊക്കെയുള്ള പാലം പണിതത്. ഇന്ന് ലോകറാങ്കിങ്ങില്‍ പുരുഷന്മാര് അഞ്ചാമതും വനിതകള്‍ ഒന്‍പതാമതുമാണ്. ഒറ്റ രാത്രി കൊണ്ട് നേടിയതല്ല ഇതൊക്കെയെന്ന് സാരം.
നേട്ടങ്ങളുടെ വെള്ളിവെളിച്ചത്തില്നിന്നല്ല, കോട്ടങ്ങളുടെ കൂരിരുട്ടില്‍ നിന്നാവും, വീഴ്ചകളുടെ ചതുപ്പില്‍ നിന്നാവും ചിലപ്പോഴെങ്കിലും വിലയേറിയ പാഠങ്ങള്‍ വീണുകിട്ടുക. ചരിത്രത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനെങ്കിലും അത് സഹായകരമായേക്കും. അപ്പോഴേ ഏതൊരു ആഘോഷവും സഫലപൂര്ണവും സാര്ഥകവുമാവൂ.
Content Highlights: Relive the incredible journey of Indian hockey, from decades of struggle to Asian Games gold and Olympic glory. A story of resilience and resurgence.
Published: 08 Nov 2025, 12:34 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented