ഒളിമ്പിക്സ് എന്നാല്‍ കളി മാത്രമല്ല. കളിയെ ചുറ്റിവരിയുന്ന രാഷ്ട്രീയവും അതിനെ നിയന്ത്രിക്കുന്ന രാജ്യങ്ങളും അവ കടന്നുവന്ന ചരിത്രവും ഇതിനെയെല്ലാം സ്വാധീനിക്കുന്ന സാമ്പത്തിക ഇടപാടുകളുമെല്ലാം ചേര്‍ന്ന അതിസങ്കീര്‍ണമായ പ്രക്രിയയാണ്. 128 വര്‍ഷം നീണ്ട ആധുനിക ഒളിമ്പിക്‌സിന്റെ ചരിത്രം ഇങ്ങനെ ഒട്ടേറെ കഥകള്‍ പറഞ്ഞുതരുന്നു. അങ്ങനെ സങ്കീര്‍ണവും നാടകീയവുമായ ഒരു വേദിയിലേക്ക് നടന്നുകയറാനൊരുങ്ങുകയാണ് ഇന്ത്യ. 2036-ല്‍ നടക്കുന്ന ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കാനുള്ള സന്നദ്ധത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ.) അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെ (ഐ.ഒ.സി.) അറിയിച്ചുകഴിഞ്ഞു. കുറച്ചുകാലമായി ഇക്കാര്യം വാര്‍ത്തയിലുണ്ടെങ്കെിലും, ഒളിമ്പിക്സ് നടത്താന്‍ ഇന്ത്യയെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഔദ്യോഗികമായി കത്തുനല്‍കിയത് ഒക്ടോബര്‍ ആദ്യമാണ്.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കാനുള്ള ഇന്ത്യയുടെ താല്‍പ്പര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പരസ്യമായി പ്രഖ്യാപിച്ചത്. പാരീസ് ഒളിമ്പിക്്സില്‍ പങ്കെടുത്ത കളിക്കാര്‍ക്ക് ഡല്‍ഹിയില്‍ ഒരുക്കിയ സ്വീകരണത്തിനിടെയാണത്. 'ഇന്ത്യയുടെ സ്വപ്നം' എന്നാണ് പ്രധാനമന്ത്രി ആ ലക്ഷ്യത്തെ വിശേഷിപ്പിച്ചത്. പിന്നാലെ താല്‍പ്പര്യമറിയിച്ച് ഐ.ഒ.സി.ക്ക് കത്തയച്ചു. കഴിഞ്ഞദിവസം ഡല്‍ഹി സന്ദര്‍ശിച്ച ലോക അത്ലറ്റിക്സ് അധ്യക്ഷന്‍ സെബാസ്റ്റ്യന്‍ കോ പ്രധാനമന്ത്രിയുമായും കേന്ദ്ര കായികമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുമായും ചര്‍ച്ച നടത്തിയിരുന്നു. കുറച്ചുകാലമായി അഹമ്മദാബാദ് കേന്ദ്രീകരിച്ച് അടിസ്ഥാന സൗകര്യവികസന പ്രവൃത്തികള്‍ നടക്കുന്നു. ഒളിമ്പിക്സ് നടത്താന്‍ ഇന്ത്യ ഒരുങ്ങിത്തന്നെയാണെന്ന് വ്യക്തമാകുന്ന സൂചനകളാണ് ഇതെല്ലാം.

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ ആദ്യമായി ഒളിമ്പിക്‌സ് ആതിഥേയത്വത്തിന് ശ്രമിക്കുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കാന്‍ സംഘാടകര്‍ക്ക് കഴിയില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ താല്‍പ്പര്യം വരുംവര്‍ഷങ്ങളില്‍ ലോക കായികരംഗത്തും രാഷ്ട്രീയരംഗത്തും ചര്‍ച്ചചെയ്യപ്പെടുമെന്നുറപ്പ്. പക്ഷേ അതുകൊണ്ടുമാത്രം ആതിഥേയത്വം അനുവദിച്ചുകിട്ടുമെന്ന് കരുതാനും വയ്യ. ഇതേ കാലത്ത് ആതിഥേയത്വത്തിന് ശ്രമിക്കുന്ന മറ്റ് രാജ്യങ്ങള്‍ ഏതൊക്കെ? അവരുടെ സാമ്പത്തിക, കായിക, സാമൂഹിക സ്വാധീനം എത്രത്തോളം? എന്നുതുടങ്ങി പല പല ഘടങ്ങള്‍ ഇതിനെ സ്വാധീനിക്കും. ഇന്‍ഡൊനീഷ്യ, തുര്‍ക്കി, ഈജിപ്ത്, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളുമായാണ് ആതിഥേയത്വത്തിന് ഇന്ത്യ് മത്സരിക്കുന്നത്. 2022-ല്‍ ഫിഫ ഫുട്ബോള്‍ ലോകകപ്പ് നടത്തിയ ധൈര്യം ഖത്തറിന് കൂട്ടുണ്ട്. 2034-ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയിലാണെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. ലോകകപ്പിനായി ഒരുക്കിയ അടിസ്ഥാനസൗകര്യങ്ങള്‍ ഈ രാജ്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും.

പാരീസ് കഴിഞ്ഞപ്പോള്‍
നാലുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഒളിമ്പിക് ഗെയിംസ് ഈവര്‍ഷം ജൂലായ് 26 മുതല്‍ ഓഗസ്റ്റ് 11 വരെ ഫ്രാന്‍സിലെ പാരീസില്‍ നടന്നിരുന്നു. 2028-ല്‍ യു.എസ്സിലെ ലോസ് ആഞ്ജലീസും 2032-ല്‍ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനും ഗെയിസിന് വേദിയാകുമെന്ന് നേരത്തേ പ്രഖ്യാപിക്കപ്പെട്ടു. 2017-ല്‍, പെറുവില്‍ നടന്ന ഐ.ഒ.സി. വാര്‍ഷിക യോഗത്തില്‍ പാരീസിനെ 2024-ഗെയിംസിന്റെ വേദിയായി പ്രഖ്യാപിച്ചതിനൊപ്പംതന്നെ അതിനടുത്ത ഊഴം ലോസ് ആഞ്ജലീസിനാണെന്ന് പ്രഖ്യാപിച്ചിരുന്നു. 2021 ടോക്യോ ഒളിമ്പിക്‌സിന്റെ ഭാഗമായി നടന്ന ഐ.ഒ.സി. യോഗത്തിലാണ് 2032-ലെ വേദിയായി ബ്രിസ്‌ബേനിനെ പ്രഖ്യാപിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ വേദികള്‍ പ്രഖ്യാപിക്കാറുണ്ടെന്നര്‍ഥം. ഇരുന്നൂറിലേറെ രാജ്യങ്ങളും പതിനായിരത്തിലേറെ താരങ്ങളും അണിനിരക്കുന്ന, ലോകത്തെ ഏറ്റവും വിശാലമായ കൂട്ടായ്മയായ ഒളിമ്പിക്‌സിന് ഒരുങ്ങാന്‍ അത്രയും കാലത്തെ പരിശ്രമം ആവശ്യമായതുകൊണ്ടാണ് ഇങ്ങനെ വളരെ നേരത്തേ വേദികള്‍ പ്രഖ്യാപിക്കുന്നത്. ആ സ്വപ്നത്തിലേക്ക് ഇന്ത്യയ്ക്ക് ഇനി 12 വര്‍ഷം ബാക്കിയുണ്ട്. സമയം ധാരാളമുണ്ടെന്ന് തോന്നാമെങ്കിലും ഗെയിംസിന്റെ തയ്യാറെടുപ്പുകള്‍ കണക്കാക്കുമ്പോള്‍ ഇത് അത്ര ദീര്‍ഘമായ കാലമല്ല.
ജനസംഖ്യയില്‍ ലോകത്തെ ഒന്നാമത്തെ രാജ്യമാണിപ്പോള്‍ ഇന്ത്യ. സാമ്പത്തികശക്തികളില്‍ യു.എസ്., ചൈന, ജപ്പാന്‍, ജര്‍മനി എന്നിവയ്ക്കു പിന്നില്‍ അഞ്ചാംസ്ഥാനമുണ്ട്. 1900-ത്തില്‍ നടന്ന രണ്ടാമത്തെ ഒളിമ്പിക്സുമുതല്‍ ഗെയിംസില്‍ (അന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി) പങ്കെടുക്കുന്ന രാജ്യംകൂടിയാണ്. നെതര്‍ലന്‍ഡ്‌സും ഫിന്‍ലന്‍ഡും മെക്‌സിക്കോയും ദക്ഷിണ കൊറിയയുമെല്ലാം പല കാലങ്ങളിലായി ഒളിമ്പിക്‌സിന് ആതിഥേയരായിട്ടുണ്ട്. ഏഷ്യന്‍ രാജ്യമായ ജപ്പാനാകട്ടെ, രണ്ടുതവണ ഗെയിംസ് നടത്തി. അങ്ങനെ നോക്കുമ്പോള്‍ ഇത്രയും ബൃഹത്തായ ചരിത്രവും പാരമ്പര്യവുമുള്ള ഇന്ത്യ ആതിഥേയത്വത്തിന് അപേക്ഷിക്കുമ്പോള്‍ പരിഗണിക്കാതിരിക്കാനാകില്ല.
1951, 1982 വര്‍ഷങ്ങളിലെ ഏഷ്യന്‍ ഗെയിംസ്, 2010 കോമണ്‍വെല്‍ത്ത് ഗെയിംസ്, വിവിധ ക്രിക്കറ്റ് ലോകകപ്പ് എന്നിവയാണ് രാജ്യം ഇതുവരെ ആതിഥ്യംവഹിച്ച പ്രധാന കായികമേളകള്‍. 1982-ലെ ഏഷ്യന്‍ ഗെയിംസ് ഇന്ത്യയുടെ കായികചരിത്രത്തിലെന്നപോലെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തിലെയും പ്രധാന അധ്യായമായിരുന്നു. ഇന്നുകാണുന്ന ഡല്‍ഹിയെ രൂപപ്പെടുത്തുന്നതില്‍ ആ ഗെയിംസിന് വലിയ പങ്കുണ്ടായിരുന്നു. 2010 കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടനത്തില്‍ മികവു പുലര്‍ത്തിയെങ്കിലും അതിലെ അഴിമതിക്കഥകള്‍ രാജ്യത്തിന് മാനക്കേടായി. രണ്ടാം യു.പി.എ. സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമുണര്‍ത്തുന്നതില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഴിമതി പ്രധാന പങ്കുവഹിച്ചു.

ഐ.ഒ.സി. യിലെ അംബാനി
111 അംഗങ്ങള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര ഒളിമ്പിക് കൗണ്‍സിലില്‍ ഇന്ത്യയുടെ ഒരു പ്രതിനിധിയുണ്ട്. റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാനും ഐ.പി.എല്‍. ക്രിക്കറ്റ് ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ഉടമയും റിലയന്‍സ് ഇന്‍ഡട്രീസ് മാനേജിങ് ഡയറക്ടര്‍ മുകേഷ് അംബാനിയുടെ ഭാര്യയുമായ നിതാ അംബാനിയാണത്. 2016-ല്‍ കമ്മിറ്റിയിലെത്തിയ നിത എട്ടുവര്‍ഷമായി ആ സ്ഥാനത്ത് തുടരുന്നു.
കഴിഞ്ഞവര്‍ഷം ഐ.ഒ.സി. യുടെ വാര്‍ഷിക യോഗം നടന്നത് മുംബൈയിലായിരുന്നു. സാധാരണയായി വര്‍ഷത്തിലൊരിക്കല്‍, മിക്കവാറും ഐ.ഒ.സി. ആസ്ഥാനമായ സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസെയ്നിലോ അല്ലെങ്കില്‍ ലോകത്തെ പ്രധാന രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങളിലോ നടക്കുന്ന യോഗമാണിത്. അങ്ങനെ നോക്കുമ്പോള്‍ ഡല്‍ഹിയായിരുന്നു ആ യോഗത്തിന് വേദിയാകേണ്ടിയിരുന്നത്. എന്നാല്‍, റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററിലാണ് 2023 ഒക്ടോബര്‍ 15 മുതല്‍ 17 വരെ യോഗം നടന്നത്. ആതിഥേയത്വത്തിനുള്ള ശ്രമം തുടങ്ങിയ സാഹചര്യത്തില്‍ത്തന്നെയാണ് ഇന്ത്യയില്‍ ഐ.ഒ.സി. കൗണ്‍സില്‍ നടന്നത് എന്നതും ശ്രദ്ധേയം. ഐ.ഒ.സി.യില്‍ ഇന്ത്യയുടെയും നിതാ അംബാനിയുടെയും പ്രാതിനിധ്യത്തിന് ലോകം അര്‍ഹമായ പരിഗണനകൊടുക്കുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു ആ യോഗം. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായി സഹകരിച്ച് റിലയന്‍സ് ഒരുക്കിയ ഇന്ത്യാ ഹൗസ് ലോകത്തെ പ്രധാന രാജ്യങ്ങളുടെ പവലിയനിനൊപ്പം സ്ഥാനംപിടിച്ചതും ഇതിനൊപ്പം കൂട്ടിവായിക്കണം.
ബാക്ക് ഒഴിയുമ്പോള്‍
ഐ.ഒ.സി. അധ്യക്ഷനായ തോമസ് ബാക്ക് കാലാവധി പൂര്‍ത്തിയാക്കി അടുത്തവര്‍ഷം സ്ഥാനമൊഴിയും. ജര്‍മന്‍കാരനായ ബാക്ക് 2013-ലാണ് സംഘടനയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. രണ്ടുവട്ടം ഒളിമ്പിക് സ്വര്‍ണജേതാവായ ബ്രിട്ടീഷുകാരന്‍ സെബാസ്റ്റ്യന്‍ കോ, രണ്ട് ഒളിമ്പിക് സ്വര്‍ണത്തിന് ഉടമയായ സിംബാബ്വെയുടെ വനിതാ നീന്തല്‍ താരം ക്രിസ്റ്റി കോവെണ്‍ട്രി, ജോര്‍ദാന്‍ രാജകുമാരന്‍ ഫയ്‌സല്‍ അല്‍ ഹുസൈന്‍, മുന്‍ അധ്യക്ഷനായ അന്റോണിയോ സമരാഞ്ചിന്റെ മകന്‍ യുവാന്‍ അന്റോണിയോ സമരാഞ്ച് ജൂനിയര്‍, ഫ്രഞ്ചുകാരനായ ഡേവിഡ് ലപ്പാര്‍ഷെ, അന്താരാഷ്ട്ര ജിംനാസ്റ്റിക്‌സ് ഫെഡറേഷന്‍ അധ്യക്ഷന്‍ മോറിനറി വാറ്റനബെ, സ്വീഡിഷ്-ബ്രിട്ടീഷ് സംഘാടകന്‍ യൊഹാന്‍ എലിയാസ്‌ക് എന്നിവര്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകഴിഞ്ഞു.
അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ അധ്യക്ഷന്‍കൂടിയായ ബ്രിട്ടീഷുകാരന്‍ സെബാസ്റ്റ്യന്‍ കോ തിരഞ്ഞെടുക്കപ്പെടാന്‍ നല്ല സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്. 2036 ഒളിമ്പിക്‌സിന്റെ വേദി പ്രഖ്യാപിക്കുന്നത് 2027-ലായിരിക്കുമെന്നാണ് അറിയുന്നത്. പുതിയ അധ്യക്ഷന്റെ കീഴിലായിരിക്കും ഈ തീരുമാനം എന്നര്‍ഥം. സ്ഥാനാര്‍തിഥ്വത്തിന് പിന്തണനേടാന്‍കൂടിയാണ് സെബാസ്റ്റ്യന്‍ കോ കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയിലെത്തിയത്. ഇന്ത്യന്‍ ഉന്നതരുമായി കോ കൂടിക്കാഴ്ച നടത്തിയതും അതിനിടയിലെ ഇന്ത്യന്‍ താല്‍പ്പര്യങ്ങളും കൂട്ടിവായിക്കണം.

അഹമ്മദാബാദിലേക്ക്
ഇന്ത്യന്‍ കായിക സ്വപ്നങ്ങളുടെ പ്രധാന കേന്ദ്രമായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം മാറിയത് സമീപകാലത്താണ്. അത് രാഷ്ട്രീയ നീക്കം കൂടിയായിരുന്നു. മുമ്പൊക്കെ ഇന്ത്യയിലെ ക്രിക്കറ്റ് മത്സരങ്ങളുടെ പ്രധാന കേന്ദ്രം മുംബൈയിലെ വാംഖഡെ, ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലാ, ചെന്നൈയിലെ എം.എ. ചിദംബരം, ബെംഗളൂരു ചിന്നസ്വാമി തുടങ്ങിയ സ്റ്റേഡിയങ്ങളായിരുന്നു. 2011-ല്‍ മഹേന്ദ്രസിങ് ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ഏകദിന ലോകകപ്പ് ഉയര്‍ത്തിയതും വാഖഡെ സ്റ്റേഡിയത്തിലാണ്. എന്നാല്‍ 2023-ലെ ഏകദിന ലോകകപ്പ് ഫൈനലിന്റെ വേദി നരേന്ദ്ര മോദി സ്റ്റേഡിയമായിരുന്നു. 1,32,000 പേരെ ഉള്‍ക്കൊള്ളുന്ന, ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിങ്ങളിലൊന്നാണിപ്പോള്‍ ഈ വേദി. 2020-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ വന്നപ്പോള്‍ നമസ്‌തേ ട്രംപ് പരിപാടി നടന്നതും 2022-ലെ ദേശീയ ഗെയിംസിന്റെ പ്രധാനവേദിയും ഇതായിരുന്നു.
ഒളിമ്പിക്‌സ് വേദി അനുവദിച്ചുകിട്ടുകയാണെങ്കില്‍ അതിന്റെ പ്രധാന കേന്ദ്രം അഹമ്മദാബാദ് ആയിരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. നരേന്ദ്ര മോദി സ്റ്റേഡിയത്തിനു സമീപം നിര്‍മാണം തുടങ്ങിയ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌പോര്‍ട്‌സ് എന്‍ക്ലേവ് ആയിരിക്കും ഗെയിംസിന്റെ മറ്റൊരു പ്രധാന കേന്ദ്രം. 300 ഏക്കറില്‍ 6000 കോടി രൂപ ചെലവിലാണ് പട്ടേല്‍ സ്‌പോര്‍ട്‌സ് കോപ്ലക്‌സ് നിര്‍മിക്കുന്നത്. ഒട്ടേറെ മത്സരങ്ങള്‍ ഒന്നിച്ചുനടത്താവുന്നതരത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉള്‍പ്പെടെ പണിയാനാണ് രൂപരേഖ തയ്യാറാക്കിയത്. ഒളിമ്പിക്‌സുകൂടി മുന്നില്‍ക്കണ്ടാണ് നിര്‍ണാണം തുടങ്ങിയതെന്ന് വ്യക്തം. ഇതിനായി ഗുജറാത്ത് ഒളിമ്പിക് പ്ലാനിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന (GOLYMPIC) സ്ഥാപനം രൂപവത്കരിച്ചുകഴിഞ്ഞു. അങ്ങനെയെങ്കില്‍ ഒളിമ്പിക്‌സിനെ മുന്നില്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പദ്ധതിക്കുകൂടിയായിരിക്കും ബി.ജെ.പി. യും എന്‍.ഡി.എ. മുന്നണിയും സര്‍ക്കാരും ചേര്‍ന്ന് നടപ്പാക്കുക. ഇന്ത്യയിലെ പ്രമുഖ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് നടത്തിയ ഒരു പഠനത്തില്‍ ഒളിമ്പിക്സ് നടത്താനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ 10.4 ശതമാനംമാത്രമാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളതെന്ന് പറയുന്നു. ഏഷ്യന്‍ ഗെയിംസും കോമണ്‍വെല്‍ത്ത് ഗെയിംസും നടത്തിയ ഡല്‍ഹിയെ മാറ്റി അഹമ്മദാബാദിനെ ഒളിമ്പിക്സ് വേദിയാക്കി മാറ്റണമെങ്കില്‍ ചെറിയ പ്രയത്നം മതിയാകില്ല.

ചെലവ്
കണക്കുകൂട്ടിയെടുക്കാന്‍ പ്രയാസമുള്ള ബജറ്റാണ് ഒളിമ്പിക്‌സിന്റേത്. 4.38 ബില്യണ്‍ യൂറോ (ഏകദേശം 39,000 കോടിരൂപ)യായിരുന്നു പാരീസ് ഒളിമ്പിക്‌സില്‍ സംഘാടകരുടെ ബജറ്റ്. 95 ശതമാനവും സ്വകാര്യ മൂലധനമായിരുന്നു. ഇതിന്റെ നല്ലൊരു പങ്ക് ഒളിമ്പിക് കമ്മിറ്റി സംഘാടകര്‍ക്കുനല്‍കും. ടി.വി. സംപ്രേഷണാവകാശം വിറ്റും മുന്‍നിര പരസ്യക്കാരില്‍നിന്നുള്ള പാര്‍ട്ണര്‍ഷിപ്പുവഴിയും സ്വരൂപിക്കുന്നതില്‍നിന്നാണ് ഐ.ഒ.സി. ഈ തുക ആതിഥേയ രാജ്യത്തിന് നല്‍കുന്നത്. മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റ് വില്‍പ്പനയിലൂടെയും വലിയ തുക സംഘാടകര്‍ കണ്ടെത്തും. ലോകത്തെ മുന്‍നിര ബ്രാന്‍ഡുകളെയാണ് പ്രായോജകരായി ഐ.ഒ.സി. തിരഞ്ഞെടുക്കുന്നത്. ഇതുകൂടാതെ ഒട്ടേറെ പാര്‍ട്ണര്‍ഷിപ്പുകള്‍ സംഘാകര്‍ സ്വന്തംനിലയ്ക്ക് നേടിയെടുത്ത് വന്‍തുക കണ്ടെത്തണം. ചില സാഹചര്യങ്ങളില്‍ അതതു രാജ്യത്തെ സര്‍ക്കാരുകളുടെ ഫണ്ടിങ്ങുമുണ്ടാകും. ഓരോ ഗെയിംസ് കഴിയുമ്പോഴും ബജറ്റില്‍ 100 ശതമാനത്തിലേറെ വര്‍ധനയുണ്ടാകാറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ 2036-ലെ ചെലവ് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാകും.
2016-ല്‍ ബ്രസീലില്‍ ഒളിമ്പിക്സ് നടക്കുമ്പോള്‍ അവിടുത്തെ ചേരികള്‍ മറച്ചുകെട്ടിയിരിക്കുന്നത് ലോക മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായിരുന്നു. ലോകത്തിന്റെ സാസ്‌കാരിക തലസ്ഥാനമായ പാരീസില്‍പ്പോലും ഒളിമ്പിക്‌സിന്റെ ഭാഗമായി വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കാനും തെരുവു പുസ്തകശാലകള്‍ അടച്ചുപൂട്ടാനും തീരുമാനമുണ്ടായെങ്കിലും വലിയ ചെറുത്തുനില്‍പ്പുണ്ടായതോടെ തീരുമാനം മാറ്റി.
ഇതുപോരാ...
പാരീസ് ഒളിമ്പിക്‌സിലെ മെഡല്‍ പട്ടികയില്‍ 71-ാംസ്ഥാനത്തായിരുന്നു ഇന്ത്യ. അതില്‍ സ്വര്‍ണമില്ല, അഞ്ചു വെങ്കലവും ഒരു വെള്ളിയും മാത്രം. 1.79 ലക്ഷം മാത്രം ജനസംഖ്യയുള്ള സെന്റ് ലൂസിയ സ്വര്‍ണം നേടിയതിനാല്‍ പട്ടികയില്‍ ഇന്ത്യയ്ക്കു മുന്നിലായിരുന്നു. 2020-ലെ ടോക്യോ ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണം ഉള്‍പ്പെടെ ഏഴുമെഡല്‍ നേടിയ ഇന്ത്യ നാലുവര്‍ഷത്തെ കഠിന പ്രയത്നം കഴിഞ്ഞപ്പോള്‍ ആറുമെഡലിലേക്ക് ചുരുങ്ങുന്നതാണ് കണ്ടത്. ഒട്ടേറെ താരങ്ങള്‍ക്ക് വിദഗ്ധ പരിശീലനവും വിദേശത്ത് തുടര്‍ച്ചയായ മത്സരങ്ങളും മുമ്പ് ഇല്ലാതിരുന്ന അത്യാധുനിക സൗകര്യങ്ങളുമെല്ലാമായി പോയതിലെ ഫലമാണിത്. ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കാന്‍ ഇടയായാല്‍, അന്നും ഇങ്ങനെയാണ് മെഡല്‍പ്പട്ടികയിലെ നേട്ടമെങ്കില്‍ അപമാനമാകും ഫലം. അതുകൊണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനേക്കാള്‍ പ്രധാനം ഇന്നത്തെ കൗമാര താരങ്ങളെ ഭാവിയിലെ മെഡല്‍ ജേതാക്കളാക്കി മാറ്റാനുള്ള തയ്യാറെടുപ്പാണ്.
Content Highlights: nations. The article explores the challenges and opportunities.
Published: 29 Nov 2024, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented