നഗോയ: 2026 ഏഷ്യൻ ഗെയിംസിന്റെ ഒന്നാം ദിനത്തിൽ വിവിധ ഇനങ്ങളിലായി ഇന്ത്യയുടെ മെഡൽ പോരാട്ടങ്ങൾക്ക് തുടക്കമായി. വുഷു പുരുഷന്മാരുടെ ചാങ്ഖുവാൻ ഫൈനലിൽ മത്സരിച്ച ഇന്ത്യയുടെ സൂരജ് സിങ് മയാങ്ലാംബാം 9.683 ആകെ സ്‌കോറോടെ 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഡിഗ്രി ഓഫ് ഡിഫിക്കൽറ്റി വിഭാഗത്തിൽ 5.000 സ്‌കോറും, ഇന്നൊവേഷൻ വിഭാഗത്തിൽ 2.000 സ്‌കോറും, എക്‌സിക്യൂഷൻ വിഭാഗത്തിൽ 2.683 സ്‌കോറുമാണ് അദ്ദേഹം നേടിയത്.
ടെക്‌ബോൾ വനിതാ സിംഗിൾസ് വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യയുടെ ക്വിംസി ജോക്വിം ഡിസൂസ ജപ്പാന്റെ യുയിന സകാമോട്ടോയോട് ആദ്യ സെറ്റിൽ (11-12) പരാജയപ്പെട്ട് മെഡൽ അവസരം നഷ്ടപ്പെടുത്തി. മിക്‌സഡ് ഡബിൾസിൽ ക്വിംസി ജോക്വിം ഡിസൂസയും മുഹമ്മദ് അനസ് ഇമ്രാൻ ബെഗും വെങ്കലത്തിനായി മത്സരിക്കുന്നുണ്ട്.
ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത, ടീം മത്സരങ്ങളാണ് നടക്കുന്നത്. എളവേണിൽ വാളറിവൻ, മലയാളി താരം വിദർശ വിനോദ്, സോനം മസ്‌കർ എന്നിവരാണ് മത്സരിക്കുന്നത്. ഇന്ത്യ രണ്ടിനങ്ങളിലും മെഡൽ പ്രതീക്ഷിക്കുന്ന ഇനമാണിത്.
സോഫ്റ്റ് ടെന്നീസിൽ ഇന്ത്യൻ പുരുഷ ടീമിന് സെമിഫൈനൽ മത്സരമാണ്. ആതിഥേയരായ ജപ്പാനാണ് എതിരാളി. ഫൈനലിൽക്കടന്നാൽ മെഡൽ ഉറപ്പാക്കാം.
വുഷുവിൽ പുരുഷന്മാരുടെ ചാങ് ക്യൂൻ വിഭാഗത്തിൽ ഇന്ത്യൻ താരം സൂരജ് സിങ് മയാങ്ലാംബാം ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നുണ്ട്.
ഹോക്കിയിൽ സ്വർണം നിലനിർത്താനാണ് പുരുഷ ടീം ഇറങ്ങുന്നത്. വനിതാ ടീമിന് കഴിഞ്ഞ ഗെയിംസിൽ വെങ്കലമാണ് ലഭിച്ചത്. 2022-ൽ ജപ്പാനെ തോൽപ്പിച്ചാണ് ഇന്ത്യ സുവർണനേട്ടം കൈവരിച്ചത്. ഇത്തവണ ജപ്പാനും ദക്ഷിണകൊറിയയുമുള്ള ഗ്രൂപ്പിലാണ് ഇന്ത്യ. ഞായറാഴ്ച ഇൻഡൊനീഷ്യക്കെതിരേയാണ് ആദ്യമത്സരം. ക്രൈഗ് ഫുൾട്ടൻ പരിശീലിപ്പിക്കുന്ന ടീം ലോകകപ്പിലെ മോശം പ്രകടനത്തിനുശേഷമാണ് ഏഷ്യൻ ഗെയിംസിന് എത്തുന്നത്.
ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയാണ് വനിതാ ടീം കളത്തിലിറങ്ങുന്നത്. നാലാം സ്ഥാനത്താണ് ടീമെത്തിയത്. ഉസ്ബെകിസ്താനെതിരേയാണ് ആദ്യ മത്സരം. ഗെയിംസിൽ ചൈനയാണ് ഇന്ത്യക്ക് വലിയ വെല്ലുവിളി.
ബാഡ്മിന്റണിൽ വനിതാ ടീം ഇനത്തിൽ ഇന്ത്യയുടെ പോരാട്ടം ആരംഭിക്കും. കസാഖ്സ്താനാണ് ആദ്യമത്സരത്തിൽ എതിരാളി. പുരുഷ ടീമിന് തിങ്കളാഴ്ചയാണ് ആദ്യമത്സരം. പി.വി. സിന്ധു നയിക്കുന്ന വനിതാ ടീമിൽ ഉന്നതി ഹൂഡ, തൻവി ശർമ, തനിഷ ക്രാസ്റ്റോ, ഇഷാറാണി ബറുവ, മലയാളി താരം ട്രീസാ ജോളി എന്നിവരുണ്ട്. പുരുഷ ടീമിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് കളിക്കുന്നുണ്ട്.
ക്രിക്കറ്റിൽ സെമിഫൈനൽ
വനിതാ ക്രിക്കറ്റിന്റെ സെമിഫൈനലിൽ ബംഗ്ലാദേശാണ് എതിരാളി. രാവിലെ 10.30-ന് മത്സരം ആരംഭിക്കും. ആദ്യകളിയിൽ ജപ്പാനെ അനായാസം തോൽപ്പിച്ചാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. ഷെഫാലി വർമ, സ്മൃതി മന്ഥാന, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവരുടെ ബാറ്റിങ്ങിലും ദീപ്തി ശർമ, ശ്രീചരണി, പ്രേമ റാവത്ത് എന്നിവരുടെ സ്പിൻ ബൗളിങ്ങിലുമാണ് പ്രതീക്ഷവെക്കുന്നത്. ആദ്യമത്സരത്തിൽ കളിക്കാതെയാണ് ബംഗ്ലാദേശ് സെമിയിൽക്കടന്നത്.
Content Highlights: India begins medal campaign at the 2026 Asian Games in Nagoya., Suraj Singh finishes 11th in Wushu Changquan final., Indian men's hockey and cricket teams start their campaign today., Shooting team features top athletes like Elavenil Valarivan and Vidarsha Vinod.
Published: 20 Sept 2026, 07:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented