
ഇക്കഴിഞ്ഞ പാരീസ് ഒളിമ്പിക്‌സിലെ വനിതകളുടെ 66 കി.ഗ്രാം ബോക്‌സിങ് വെല്‍റ്റര്‍വെയ്റ്റ് മത്സരമാണ് അള്‍ജീരിയന്‍ ബോക്‌സര്‍ ഇമാന്‍ ഖലീഫിനെ പ്രശസ്തയാക്കുന്നത്. ഇറ്റാലിയന്‍ താരം ആഞ്ജല കരിനിയെ കളിയാരംഭിച്ച് 46-ാം സെക്കന്‍ഡില്‍ ഇമാന്‍ മൂക്കിനിടിച്ചു വീഴ്ത്തുകയായിരുന്നു. മൂക്ക് തകര്‍ന്ന് റിങ്ങില്‍ മുട്ടുകുത്തി കരഞ്ഞ ആഞ്ജല, മത്സരത്തില്‍ തുടരാന്‍ താത്പര്യമില്ലെന്ന് അറിയിച്ച് പിന്‍വാങ്ങുകയായിരുന്നു. ഇതോടെ ആ മത്സരത്തോടൊപ്പം ഇമാനും വിവാദങ്ങളില്‍ ഇടംപിടിച്ചു. തന്റെ മൂക്കിടിച്ചുതകര്‍ത്ത ഇമാന് ഹസ്തദാനം നല്‍കാന്‍ തയ്യാറാകാതെയായിരുന്നു ആഞ്ജല അന്ന് റിങ്ങില്‍ നിന്നിറങ്ങിയത്.
മത്സരത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആഞ്ജല അക്ഷരാര്‍ഥത്തില്‍ ആഞ്ഞടിക്കുകയായിരുന്നു. ആഞ്ജലയുടെ ആരോപണങ്ങള്‍ വിവാദത്തെ ചൂടുപിടിപ്പിച്ചു. 2023-ല്‍ നടന്ന രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്റെ (ഐബിഎ) ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇമാന്‍ ലിംഗനിര്‍ണയ പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. പുരുഷന്‍മാര്‍ക്കുള്ള എക്‌സ്, വൈ ക്രോമസോമുകള്‍ ഇമാന്റെ ശരീരത്തിലുണ്ടെന്ന കണ്ടെത്തലായിരുന്നു കാരണം. എന്നാല്‍ അന്ന് ഐബിഎയെ അംഗീകരിക്കാത്ത രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ഇമാന് ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇതോടെ പുരുഷ ക്രോമസോമുകള്‍ ഉണ്ടായിരുന്നിട്ടും ഇമാന് പാരീസ് ഒളിമ്പിക്‌സില്‍ വനിതാ വിഭാഗത്തില്‍ മത്സരിക്കാന്‍ അനുവദിച്ചതിനെ ചൊല്ലി വലിയ വിവാദങ്ങളുയര്‍ന്നു.
എങ്കിലും തുടര്‍ന്ന് മത്സരിച്ച താരം ഒളിമ്പിക് സ്വര്‍ണവും കഴുത്തിലണിഞ്ഞാണ് പാരീസില്‍ നിന്ന് മടങ്ങിയത്. ഫൈനലില്‍ ചൈനയുടെ യാങ് ലിയുവിനെ ഇടിച്ചിട്ട് ഒളിമ്പിക് ബോക്‌സിങ് സ്വര്‍ണം നേടുന്ന ആദ്യ അല്‍ജീരിയന്‍ വനിതയെന്ന നേട്ടവും സ്വന്തമാക്കിയായിരുന്നു മടക്കം.
താന്‍ സ്ത്രീയായി ജനിച്ച് സ്ത്രീയായി ജീവിച്ചയാളാണെന്നായിരുന്നു മത്സര ശേഷം ഇമാന്റെ പ്രതികരണം. ഇറ്റാലിയന്‍ താരം ആഞ്ജലയ്ക്കെതിരായ മത്സരത്തിനു ശേഷം സാമൂഹിക മാ ധ്യമങ്ങളില്‍ രൂക്ഷമായ വേട്ടയാടലുകള്‍ക്ക് വിധേയയായിരുന്നു ഇമാന്‍. എന്നാല്‍ സ്വര്‍ണം നേടിയതോടെ താരം ആഘോഷിക്കപ്പെട്ടു.

ഇതിനിടെ ഇമാന്റെ ലിംഗനിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് മറുപടിയുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ബാക് തന്നെ രംഗത്തെത്തിയിരുന്നു. ഇമാന്‍ സ്ത്രീയായി ജനിച്ച്, സ്ത്രീയായിത്തന്നെ വളര്‍ന്നയാളാണെന്നായിരുന്നു ബാകിന്റെ പ്രസ്താവന. അവരുടെ പാസ്‌പോര്‍ട്ടാണ് ഇക്കാര്യത്തിന് തെളിവെന്നും ബാക് അന്ന് കൂട്ടിച്ചേര്‍ത്തു.
ആരാണ് ഇമാന്‍ ഖലീഫ്
അള്‍ജീരിയയിലെ ടിയാരെറ്റില്‍ നിന്നുള്ള 25-കാരിയായ ഇമാന്‍ ഖലീഫ് നിലവില്‍ യുണിസെഫ് അംബാസഡര്‍കൂടിയാണ്. പെണ്‍കുട്ടികള്‍ ബോക്‌സിങ്ങില്‍ പങ്കെടുക്കുന്നത് താത്പര്യമില്ലാതിരുന്നയാളായിരുന്നു ഇമാന്റെ പിതാവ്. എന്നാല്‍ അവര്‍ ആഗ്രഹിച്ചത് ലോകവേദിയില്‍ ഒരു സ്വര്‍ണ മെഡല്‍ നേടി വരും തലമുറയെ പ്രചോദിപ്പിക്കാനായിരുന്നു.
2018-ലെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ഒരു പ്രൊഫഷണല്‍ ബോക്‌സര്‍ എന്ന നിലയിലെ ഇമാന്റെ അരങ്ങേറ്റം. അന്ന് 17-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. തൊട്ടടുത്ത വര്‍ഷം 19-ാമതായി. പിന്നാലെ ടോക്യോ ഒളിമ്പിക്‌സില്‍ മത്സരിച്ച അവര്‍ ക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡിന്റെ കെല്ലി ഹാരിങ്ടണോട് പരാജയപ്പെടുകയായിരുന്നു. പിന്നാലെ നടന്ന ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആമി ബ്രോഡ്ഹര്‍സ്റ്റിനെ പരാജയപ്പെടുത്തി രണ്ടാം സ്ഥാനവും സ്വന്തമാക്കി. 2022-ല്‍ ആഫ്രിക്കന്‍ ചാമ്പ്യന്‍ഷിപ്പിലും മെഡിറ്ററേനിയന്‍ ഗെയിംസിലും 2023 അറബ് ഗെയിംസിലും ഇമാന്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു.

2023-ലെ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് വിവാദം
2023-ലെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലാണ് താരത്തിന്റെ പേരില്‍ ആദ്യമായി വിവാദമുണ്ടാകുന്നത്. 2023-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇമാനെ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഐബിഎ പ്രസിഡന്റ് ഉമര്‍ ക്രെംലെവ് വിലക്കുകയായിരുന്നു. ചില അത്‌ലറ്റുകള്‍ തങ്ങള്‍ സ്ത്രീകളാണെന്നു പറഞ്ഞ് കബളിപ്പിക്കാറുണ്ടെന്നും ഡിഎന്‍എ ടെസ്റ്റുകളുടെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ കബളിപ്പിക്കാന്‍ ശ്രമിച്ച നിരവധി അത്‌ലറ്റുകളെ തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നുമുള്ള ക്രെംലെവിന്റെ വാക്കുകള്‍ അന്ന് ഏറെ ചര്‍ച്ചയായിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തില്‍ ഇത്തരക്കാരെ മത്സരത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തവെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. അന്ന് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇത്തരത്തില്‍ പുറത്താക്കപ്പെട്ടതായിരുന്നു ഇമാന്‍.
എന്നാല്‍ മെഡിക്കല്‍ കാരണങ്ങളാലാണ് ഇമാനെ അയോഗ്യയാക്കിയതെന്ന നിലപാടാണ് അള്‍ജീരിയന്‍ ഒളിമ്പിക് കമ്മിറ്റി സ്വീകരിച്ചത്. ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണിന്റെ ഉയര്‍ന്ന അളവാണ് അയോഗ്യതയ്ക്ക് കാരണമെന്ന് അന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ എഴുതി.
ഇമാന്‍ ഖലീഫിന്റെ പാസ്‌പോര്‍ട്ടില്‍ സ്ത്രീ എന്നെഴുതിയിരിക്കുന്നതിനാലാണ് വനിതകളുടെ 66 കി.ഗ്രാം വിഭാഗത്തില്‍ അവര്‍ മത്സരിക്കുന്നതെന്നായിരുന്നു പാരീസ് ഒളിമ്പിക്‌സിലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പ്രസ്താവന. താരത്തിന്റെ ഒളിമ്പിക് യോഗ്യതയില്‍ ഐഒസി വക്താവ് മാര്‍ക്ക് ആഡംസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇതിനു പിന്നാലെ മുന്‍ വനിതാ ബോക്‌സിങ് ചാമ്പ്യന്‍മാരായ ക്ലാരസ്സ ഷീല്‍ഡ്സും എബാനി ബ്രിഡ്ജസും ഐഒസിയുടെ വിധിയെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇത്തവണ പാരീസില്‍ ഇമാന്റെ ഓരോ മുന്നേറ്റങ്ങള്‍ക്കൊപ്പവും വിവാദം കൂടെയുണ്ടാകുമെന്ന് ചുരുക്കം.
ഇമാന്‍ പുരുഷനാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
പാരീസ് ഒളിമ്പിക്‌സിനിടെ ചൂടുപിടിച്ച ലിംഗനീതി വിവാദം ഒളിമ്പിക്‌സ് അവസാനിച്ചതോടെ ഒന്ന് കെട്ടടങ്ങിയിരുന്നു. പക്ഷേ ദിവസങ്ങള്‍ക്കു മുമ്പ് പുറത്തുവന്ന ഇമാന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടോടെ വിവാദം വീണ്ടും ആളിക്കത്തുകയാണ്. മെഡിക്കല്‍ റിപ്പോര്‍ട്ട് ചോര്‍ന്നുകിട്ടിയ ഫ്രഞ്ച് മാധ്യമം 'ലെ കറസ്പോണ്ടന്റാ'ണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനായ ദാഫര്‍ അയ്റ്റ് അഡായയാണ്, ഇമാന്‍ ഖലീഫ് ജൈവശാസ്ത്രപരമായി പുരുഷനാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം വാര്‍ത്ത പുറത്തുവിട്ടത്. ഇമാന്‍ വൃഷണവും ചെറിയ പുരുഷലിംഗവുമായാണ് ജനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ജൂണില്‍ പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചോര്‍ന്നത്. ജനിച്ചപ്പോള്‍ തന്നെ തീരെ ചെറിയ ലിംഗം ഉണ്ടായിരുന്നുവെന്നും ശരീരത്തില്‍ ഗര്‍ഭപാത്രമുണ്ടായിരുന്നില്ലെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. താരത്തിന്റെ ഇന്‍ഗ്വിനല്‍ കനാലുകളില്‍ ബീജഗ്രന്ഥിയുണ്ടെന്നും ബ്ലൈന്‍ഡ് വജൈനയും ക്ലിറ്റോറല്‍ ഹൈപ്പര്‍ട്രോഫിയുടെ രൂപത്തില്‍ മൈക്രോ-പെനിസുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പാരീസിലേയും അള്‍ജീരിയയിലേയും ആശുപത്രികള്‍ സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയത്. ഇമാന് 5-ആല്‍ഫ ഡെഫിഷ്യന്‍സി എന്ന അപൂര്‍വ അവസ്ഥയും ഉള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുരുഷന്‍മാരില്‍ കണ്ടുവരുന്ന ജനിതക രോഗാവസ്ഥയാണിത്. ഈ രോഗമുള്ളവരില്‍ പുരുഷ ലൈംഗികാവയവങ്ങളുടെ വളര്‍ച്ച തടസപ്പെടുകയും ലൈംഗികാവയവങ്ങളുടെ വികാസം പൂര്‍ണതോതില്‍ ആകാതിരിക്കുകയും ചെയ്യും.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായി ഡൊണാള്‍ഡ് ട്രംപ്, തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയിലും ഇമാന്‍ ഖലീഫ് വിവാദം ഉയര്‍ത്തിക്കാട്ടിയിരുന്നു.
നിയമനടപടിക്കൊരുങ്ങി ഇമാന്‍
അതേസമയം ലിംഗനീതി വിവാദത്തിലെ വിവാദ കഥാപാത്രം ഇമാന്‍ ഖലീഫ് തന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ടു പുറത്തുവന്ന മാധ്യമ വാര്‍ത്തകളില്‍ നിയമനടപടിക്കൊരുങ്ങുകയാണ്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഇമാന്റെ ഒളിമ്പിക് സ്വര്‍ണം തിരികെ വാങ്ങണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യമുയരുന്നുണ്ട്. താരത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയും (ഐഒസി) പ്രതിസ്ഥാനത്താണ്. മെഡിക്കല്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ഐഒസി, താരത്തിനെതിരേ എന്ത് നടപടിയെടുക്കുമെന്നാണ് കായികലോകം ഉറ്റുനോക്കുന്നത്. ഇമാനില്‍ നിന്ന് പാരിസിലെ സ്വര്‍ണമെഡല്‍ തിരിച്ചുവാങ്ങി അര്‍ഹതപ്പെട്ട 'വനിത'യ്ക്ക് അത് നല്‍കണമെന്നാണ് നാനാകോണില്‍ നിന്നും ഉയരുന്ന ആവശ്യം.
Content Highlights: Algerian boxer Iman Khalif`s Olympic gold win is overshadowed by a gender controversy. Her medical r
Published: 08 Nov 2024, 02:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented