ഇസ്ലാമാബാദ്: പാരീസ് ഒളിമ്പിക്‌സില്‍ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണമണിഞ്ഞതിനു പിന്നാലെ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് പാകിസ്താന്‍ ജാവലിന്‍ താരം അര്‍ഷാദ് നദീം. പാകിസ്താനായി ഒളിമ്പിക് സ്വര്‍ണം നേടുന്ന ആദ്യതാരമെന്ന നേട്ടം സ്വന്തമാക്കി നാട്ടിലെത്തിയ താരത്തിന് ഭാര്യാപിതാവ് പോത്തിനെ സമ്മാനം നല്‍കിയതും പാകിസ്താനിലെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷരീഫ് 10 കോടി പാകിസ്താന്‍ രൂപയും കാറും നല്‍കിയതുമെന്നാം വലിയതോതില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇന്ത്യയും അമേരിക്കയുമടക്കം തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുള്ള ഭീകരന്‍ മുഹമ്മദ് ഹാരിസ് ധറിനൊപ്പമുള്ള നദീമിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

To advertise here,

ഇപ്പോഴിതാ പാകിസ്താന്റെ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസയറിയിച്ചുകൊണ്ട് താരം പങ്കുവെച്ച വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വീട്ടിലെ മുറിയിലിരുന്ന് ചിത്രീകരിച്ചെന്ന് കരുതുന്ന വീഡിയോയില്‍ പാക് ജനത ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചെല്ലാം നദീം വാചാലനാകുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ വൈറലായത് മറ്റൊരു കാരണംകൊണ്ടായിരുന്നു. നദീമിന്റെ വീഡിയോയുടെ പശ്ചാത്തലത്തില്‍ ഒരാള്‍ കൂര്‍ക്കംവലിക്കുന്നത് വ്യക്തമായി കേള്‍ക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു. ഇതോടെ ഈ ആശംസാ വീഡിയോ സോഷ്യല്‍ മീഡിയയിലെങ്ങും ചിരിപടര്‍ത്തി.

വീഡിയോയുടെ പശ്ചാത്തലത്തിലെ കൂര്‍ക്കംവലി കേള്‍ക്കാന്‍ സാധിക്കുന്നുണ്ടെന്ന് മനസിലാക്കിയ നദീം പിന്നീട് ഈ വീഡിയോ നീക്കം ചെയ്‌തെങ്കിലും അപ്പോഴേക്കും ഇത് സോഷ്യല്‍ മീഡിയിയല്‍ വ്യാപകമായി പ്രചരിച്ചുകഴിഞ്ഞിരുന്നു.

പാരീസ് ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്. ഇതോടെ ഒളിമ്പിക് റെക്കോഡും താരം സ്വന്തമാക്കിയിരുന്നു.