നഗോയ: ഏഷ്യൻ ഗെയിംസ് കബഡിയിലെ ആധിപത്യം തുടർന്ന് ഇന്ത്യ. വനിതകളുടെ ഫൈനിൽ ഇറാനെ തകർത്ത് ഇന്ത്യ സ്വർണ മെഡൽ സ്വന്തമാക്കി. ഐച്ചി-നഗോയയിലെ ടോക്കായ് സിറ്റിസൺ ജിംനേഷ്യത്തിൽ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഇറാന്റെ കരുത്തുറ്റ വെല്ലുവിളിയെ മറികടന്നാണ് ഇന്ത്യൻ വനിതാ കബഡി ടീം സുവർണ്ണ നേട്ടം കൈവരിച്ചത്. 37-34 എന്ന സ്‌കോറിനായിരുന്നു ഇന്ത്യൻ വിജയം.
ഏഷ്യൻ ഗെയിംസ് വനിതാ കബഡിയിൽ ഇന്ത്യയുടെ നാലാം സ്വർണനേട്ടമാണിത്. കൂടാതെ ഈ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ സ്വർണവും. 2010-ൽ ഏഷ്യൻ ഗെയിംസിൽ വനിതാ കബഡി ഉൾപ്പെടുത്തിയത് മുതൽ ഇതുവരെ നടന്ന എല്ലാ പതിപ്പുകളിലും സ്വർണം നേടി ഇന്ത്യ സ്വന്തം ആധിപത്യം കാത്തുസൂക്ഷിക്കുന്നു. ഈ വിജയത്തോടെ നിലവിലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം മൂന്നായി ഉയർന്നു. ആകെ മെഡലുകളുടെ എണ്ണം 27 ആയി.
ടൂർണമെന്റിലുടനീളം പരാജയമറിയാതെ മുന്നേറിയ ഇന്ത്യൻ ടീം, പൂൾ ഘട്ടത്തിലും സെമിഫൈനലിലും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശ്, ജപ്പാൻ, ഇറാൻ എന്നിവരെയും സെമിഫൈനലിൽ നേപ്പാളിനെയും തകർത്താണ് ഇന്ത്യ ഫൈനലിലെത്തിയത്.
രണ്ട് ഓൾ-ഔട്ടുകളും മൂന്ന് ബോണസ് പോയിന്റുകളും നേടി ആദ്യ പകുതിയിൽ 22-16 എന്ന നിലയിൽ ഇന്ത്യ വ്യക്തമായ മേധാവിത്വം നേടിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ഏഴ് ബോണസ് പോയിന്റുകളും സൂപ്പർ ടാക്കിളുകളിലൂടെ രണ്ട് പോയിന്റുകളും നേടി ഇറാൻ ശക്തമായ പ്രതിരോധം ഉയർത്തി മത്സരത്തിലേക്ക് തിരിച്ചുവന്നു. ഇറാൻ രണ്ട് ഓൾ-ഔട്ട് പോയിന്റുകൾ കൂടി സ്വന്തമാക്കിയെങ്കിലും, സമ്മർദഘട്ടങ്ങളിലും മനസാന്നിധ്യം കൈവിടാതെ കളിയിലെ നിയന്ത്രണം നിലനിർത്തിയ ഇന്ത്യ 37-34 എന്ന സ്‌കോറിന് വിജയം ഉറപ്പിക്കുകയായിരുന്നു.
Content Highlights: Indian women's kabaddi team won the gold medal at the Asian Games by defeating Iran 37-34., This marks India's fourth consecutive gold in women's kabaddi at the Asian Games since its introduction in 2010., The victory raised India's total gold count to three and overall medal count to 27 in the ongoing Asian Games.
Published: 26 Sept 2026, 11:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented