നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ മാരത്തണിൽ ചരിത്രം കുറിച്ച് സാവൻ ബർവാൾ. 44 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ ഇനത്തിൽ ഇന്ത്യ ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്നത്. 42.195 കിലോമീറ്റർ ദൂരം 2 മണിക്കൂർ 11 മിനിറ്റ് 37 സെക്കൻഡിൽ പൂർത്തിയാക്കിയ ഈ 28-കാരൻ, സ്വന്തം പേരിലുണ്ടായിരുന്ന ദേശീയ റെക്കോഡ് തിരുത്തിക്കുറിച്ചാണ് വെള്ളി മെഡൽ കരസ്ഥമാക്കിയത്. മാത്രമല്ല, വിദേശ മണ്ണിൽ ഏഷ്യൻ ഗെയിംസ് മാരത്തൺ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന അപൂർവ നേട്ടവും സാവൻ സ്വന്തമാക്കി.

To advertise here,

1982-ൽ ഡൽഹി ഏഷ്യൻ ഗെയിംസിൽ ഹൊസൂർ കുക്കപ്പ സീതാറാം വെങ്കലം നേടിയ ശേഷം ആദ്യമായാണ് പുരുഷ മാരത്തണിൽ ഇന്ത്യ ഒരു മെഡൽ നേടുന്നത്. 2026 ഏപ്രിലിൽ റോട്ടർഡാം മാരത്തണിൽ സാവൻ സ്ഥാപിച്ച 2:11:58 എന്ന ദേശീയ റെക്കോഡാണ് 21 സെക്കൻഡ് കുറച്ച് അദ്ദേഹം വീണ്ടും മെച്ചപ്പെടുത്തിയത്.

മത്സരത്തിൽ ജപ്പാന്റെ ഇചിതാക യാമാഷിത (2:10:49) സ്വർണവും ചൈനയുടെ പെയ്യു ഫെങ് (2:12:13) വെങ്കലവും നേടി.

ഹിമാചൽ പ്രദേശ് സ്വദേശിയായ സാവൻ ബർവാൾ 2019-ൽ ഇന്ത്യൻ ആർമിയിൽ ചേർന്ന ശേഷമാണ് പ്രൊഫഷണൽ അത്ലറ്റിക്‌സിലേക്ക് കടന്നുവന്നത്. 5,000 മീറ്ററിലും 10,000 മീറ്ററിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ശേഷമാണ് അദ്ദേഹം മാരത്തണിലേക്ക് ചുവടുമാറ്റിയത്.