മുംബൈ: ഐപിഎല്ലിലെ ഏറ്റവും നിർണായകമായ ഒരു താരക്കൈമാറ്റമാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ഈ കൈമാറ്റത്തിലെ താരം. ഹാർദികിനെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്‌സാണ് ശ്രമം തുടങ്ങിയിരിക്കുന്നത്. 20 കോടിയിൽ അധികം മൂല്യമുള്ള ഈ ട്രേഡിൽ രണ്ട് സാധ്യതകളാണ് ഇരുടീമുകളും മുന്നോട്ടുവെച്ചിരിക്കുന്നത്.

To advertise here,

ഹാർദികിന് പകരമായി ഓൾറൗണ്ടർ ശിവം ദുബെയേയും 19-കാരൻ ആയുഷ് മാത്രെയുമാണ് മുംബൈ ആവശ്യപ്പെടുന്നത്. മാത്രയെപ്പോലുള്ള ഒരു യുവതാരം തങ്ങളുടെ ടീമിൽ അനിവാര്യമാണെന്ന് മുംബൈ കരുതുന്നു. എന്നാൽ മാത്രയെ വിട്ടുകൊടുക്കാൻ ചെന്നൈ തയ്യാറല്ല. മറ്റൊരു ഓഫറാണ് അവർ മുന്നോട്ടുവെയ്ക്കുന്നത്.

ശിവം ദുബെയേയും ദക്ഷിണാഫ്രിക്കൻ പവർ ഹിറ്റർ ഡെവാൾഡ് ബ്രെവിസിനേയും തരാമെന്ന് ചെന്നൈ പറയുന്നു. ഇതിനൊപ്പം 10 കോടി രൂപയും നൽകാമെന്നാണ് അവരുടെ ഓഫർ. ഹാർദിക് പാണ്ഡ്യയുടേയും ചെന്നൈ താരങ്ങളുടേയും ഇപ്പോഴത്തെ വിപണിമൂല്യവും കളിക്കാരുടെ പ്രകടനങ്ങളും താരതമ്യം ചെയ്യുമ്പോൾ ഈ ഡീൽ മുംബൈയ്ക്ക് വലിയ ലാഭമായിരിക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

കഴിഞ്ഞ സീസണിൽ ഹാർദിക് മോശം പ്രകടനമാണ് പുറത്തെടുത്തത്. 206 റൺസും നാല് വിക്കറ്റും മാത്രമാണ് അക്കൗണ്ടിലുള്ളത്. ഈ സീസണിൽ 16.35 കോടി രൂപ വാങ്ങിയ ഹാർദിക്കിന്റെ പ്രകടന മികവ് അടിസ്ഥാനപ്പെടുത്തി പണം നിശ്ചയിച്ചാൽ 5.10 കോടിയോളം മാത്രമേ ലഭിക്കൂ. അതേസമയം ചെന്നേയ്ക്കായി ഫിനിഷർ റോളിൽ തിളങ്ങിയ താരമാണ് ദുബെ. വെറും ആറ് ഇന്നിങ്‌സുകളിൽ നിന്ന് മാത്രം 201 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. അടിസ്ഥാന വിലയാകട്ടെ 30 ലക്ഷം മാത്രമാണ്. പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ നിലവിൽ മാത്രെയ്ക്ക് ഏഴ് കോടിയോളം ലഭിക്കും. അതിനാൽ മാത്രെയെ വിട്ടുകൊടുത്താൽ അത് ചെന്നൈയ്ക്ക് നഷ്ടമാകും.