വണ്ടൂര്‍: വാണിയമ്പലത്തെ സെവന്‍സിന്റെ ഉത്സവപ്പറമ്പില്‍ കഴിഞ്ഞരാത്രി കേമന്‍മാര്‍ കളിച്ചത് പെരിന്തല്‍മണ്ണയിലെ കളിക്കളത്തില്‍ ജീവന്‍പൊലിഞ്ഞ ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍.

To advertise here,

വ്യത്യസ്ത തലമുറകളില്‍പ്പെട്ട കളിക്കാര്‍ രണ്ടു ടീമുകളായി. ഐ.എം. വിജയനും ജോപോള്‍ അഞ്ചേരിയും എന്‍.പി. പ്രദീപും രാമന്‍ വിജയനും യു. ഷറഫലിയും സി.വി. പാപ്പച്ചനുമെല്ലാം കളിക്കളത്തിലുണ്ടായിരുന്നു.

ആസിഫ് സഹീറും അബ്ദുള്‍ഹക്കീമും എം.പി. സക്കീറും ഫിറോസ് കളത്തിക്കലും അജയനും സച്ചിന്‍ സുരേഷുമെല്ലാം ഇവര്‍ക്കൊപ്പം അണിനിരന്നു.

ധനരാജിന്റെ കുടുംബത്തെ ചേര്‍ത്തുനിര്‍ത്തുന്നതിനും അവര്‍ക്കായുള്ള തുക കണ്ടെത്തുന്നതിനും വേണ്ടിയുള്ള മത്സരം നാട് ഏറ്റെടുക്കുന്നതാണ് കണ്ടത്.

വാശിയേറിയ മത്സരത്തിനൊടുവില്‍ ഐ.എം. വിജയന്‍ നയിച്ച ടീമിനെ മൂന്നിനെതിരേ നാലു ഗോളുകള്‍ക്ക് രാമന്‍ വിജയന്റെ നേതൃത്വത്തിലുള്ള ടീം പരാജയപ്പെടുത്തി.

കളിക്കാരും സംഘാടകരുമെല്ലാം ന പയുടെ ടിക്കറ്റെടുത്താണ് മത്സരത്തിനിറങ്ങിയത്.

ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍കരീം ഉദ്ഘാടനംചെയ്തു.

സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് റോയല്‍ മുസ്തഫ, സംസ്ഥാന സെക്രട്ടറി കെ. സലാഹുദ്ദീന്‍, യാഷിക് മഞ്ചേരി, മജീദ് എടപ്പറ്റ, ജബീബ് സുക്കീര്‍, വി.എം. അസ്‌കര്‍ എന്നിവര്‍ സംസാരിച്ചു.

മത്സരത്തില്‍ സമാഹരിച്ച ഒന്നരലക്ഷം രൂപ ധനരാജിന്റെ കുടുംബത്തിന് കൈമാറി.

സമാഹരിച്ചത് ഒന്നര ലക്ഷം, ധനരാജിന്റെ മകളുടെ പേരില്‍ നാലുലക്ഷം നിക്ഷേപിക്കും

പെരിന്തല്‍മണ്ണ: കളിക്കളത്തില്‍ കുഴഞ്ഞുവീണ് മരിച്ച പ്രിയതാരത്തിന്റെ കുടുംബത്തെ കൈവിടാതെ സ്‌നേഹത്തിന്റെ കരുതല്‍.

കുടുംബത്തെ സഹായിക്കുന്നതിനായി മുന്‍ സന്തോഷ് ട്രോഫി താരങ്ങളുള്‍പ്പെടെ നടത്തിയ സൗഹൃദമത്സരത്തില്‍ വരുമാനമായി ലഭിച്ചത് 3,83,000 രൂപ.

വെള്ളിയാഴ്ച നടത്തിയ മത്സരത്തിന്റെ ഗേറ്റ് കളക്ഷനിലൂടെ മാത്രം 2,03,000 രൂപ ലഭിച്ചു. സ്റ്റേഡിയത്തിന് പുറത്തെ വില്‍പ്പനയിലൂടെ ഒന്നരലക്ഷം രൂപയും ലഭിച്ചു. കൂടാതെ മറ്റൊരു ടൂര്‍ണമെന്റില്‍ രണ്ടാംസ്ഥാനക്കാരായതിന് ലഭിച്ച 20,000 രൂപ കാച്ചിനിക്കാട് ഗ്ലാഡിയേറ്റര്‍ ക്ലബ്ബ് അന്നുതന്നെ നല്‍കിയിരുന്നു. ഒരു വ്യക്തി 10,000 രൂപയും നല്‍കി.

ഇങ്ങനെ ആകെ ലഭിച്ച 3,83,000 രൂപയ്‌ക്കൊപ്പം 17,000 രൂപ കൂടി കാദറലി ടൂര്‍ണമെന്റ് കമ്മിറ്റി നല്‍കി നാലുലക്ഷം രൂപയാക്കും. ഇത് ധനരാജിന്റെ രണ്ടുവയസ്സുകാരിയായ മകള്‍ ശിവാനിയുടെ പേരില്‍ ബാങ്കില്‍ സ്ഥിരനിക്ഷേപമാക്കുമെന്ന് കാദറലി ക്ലബ്ബ് ജനറല്‍സെക്രട്ടറി പച്ചീരി ഫാറൂഖ് അറിയിച്ചു.

Content Highlights: IMVijayan Raman Vijayan Sharaffali Joe Paul Anchery plays for Football Star Dhanraj