ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിലെ ഏറ്റുമുട്ടൽ പിഎം കെയേഴ്സ് ഫണ്ടിനെ വിമർശിക്കാൻ പശ്ചാത്തലമാക്കിയ ടീം ഡോക്ടർ മധു തോട്ടപ്പിള്ളിയെ പുറത്താക്കി ചെന്നൈ സൂപ്പർ കിങ്സ്. സൈനികരുടെ വീരമൃത്യുവിൽ രാജ്യം വേദനിക്കുമ്പോൾ ട്വിറ്ററിലൂടെ രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസം പറയുകയായിരുന്നു മധു. സൈനികരുടെ ശവപ്പെട്ടികളിൽ പി.എം കെയേഴ്സ് സ്റ്റിക്കറുണ്ടോ എന്നായിരുന്നു മധു ട്വിറ്ററിലൂടെ ചോദിച്ചത്. മധുവിനെ സസ്പെൻഡ് ചെയ്ത വിവരം വ്യക്തമാക്കി ട്വീറ്റ് ചെയ്ത ചെന്നൈ അദ്ദേഹത്തിന്റെ അഭിപ്രായത്തെ തള്ളിപ്പറയുകയും ചെയ്തു.

To advertise here,

കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോട് ചേർന്നുള്ള ഗൽവാൻ താഴ്വരയിൽ ചൈനയുമായുള്ള സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യയുടെ തിരിച്ചടിയിൽ നാൽപതിലേറെ ചൈനീസ് സൈനികർ മരിച്ചതായി കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച വാർത്താ ഏജൻസി എ.എൻ.ഐ. റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ടാണ് മധു ട്വീറ്റ് ചെയ്തത്.

'ആ ശവപ്പെട്ടികൾ പി.എം കെയേഴ്സ് സ്റ്റിക്കർ പതിപ്പിച്ചിട്ടാണോ തിരിച്ചുവരിക? വെറുതേ ഒരു ആകാംക്ഷ'- ഇതായിരുന്നു മധുവിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ മധുവിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. ഇതോടെ ഡോക്ടർ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.

എന്നാൽ ടീം ഡോക്ടറെ സസ്പെൻഡ് ചെയ്യുന്ന നടപടിയിലേക്ക് നീങ്ങുകയായിരുന്നു ചെന്നൈയുടെ ടീം മാനേജ്മെന്റ്. 'ഡോ. മധു തോട്ടപ്പിള്ളിലിന്റെ വ്യക്തിപരമായ ട്വീറ്റിനെക്കുറിച്ച് ടീം മാനേജ്മെന്റിന് അറിവുണ്ടായിരുന്നില്ല. ടീം ഡോക്ടർ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഡോക്ടറുടെ ട്വീറ്റിൽ ടീം ഖേദം പ്രകടിപ്പിക്കുന്നു. തീർത്തും മോശമായ ഭാഷയിലുള്ള ആ ട്വീറ്റിനെ കുറിച്ച് ടീം മാനേജ്മെന്റിന് യാതൊരു അറിവുമുണ്ടായിരുന്നില്ല.' -ചെന്നൈ സൂപ്പർ കിങ്സ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഐ.പി.എൽ തുടങ്ങിയ 2008 മുതൽ ചെന്നൈയുടെ ഔദ്യോഗിക ടീം ഡോക്ടറാണ് മധു തോട്ടപ്പിള്ളിൽ. ധോനിയടക്കമുള്ള താരങ്ങളുടെയെല്ലാം ആരോഗ്യസ്ഥിതി പരിശോധിച്ചതും മധു തോട്ടപ്പിള്ളിൽ ആയിരുന്നു.

content hoghlights: Chennai Super Kings Suspends Team Doctor Over Tweet On Ladakh Clash