ദുബായ്: പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്ക ഇന്ത്യയെ നേരിടും. 131 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ എട്ട് പന്ത് ശേഷിക്കെ വിജയതീരത്തെത്തി.

To advertise here,

അഞ്ചാം വിക്കറ്റിൽ ഹർഷിതയും കവിഷയും ചേർന്ന് പടുത്തുയർത്തിയ 67 റൺസ് കൂട്ടുകെട്ടാണ് ലങ്കയ്ക്ക് വിജയമൊരുക്കിയത്. ചമാരി, ഇമേഷ, സഞ്ജന, ഹാസിനി എന്നിവരുടെ വിക്കറ്റുകൾ നേരത്തെ വീണതോടെ ഒരു ഘട്ടത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 33 റൺസെന്ന നിലയിലായിരുന്നു ശ്രീലങ്ക. പിന്നീടാണ് ഹർഷിതയും കവിഷയും ഒത്തുചേർന്നത്. ഹർഷിത 36 റൺസും കവിഷ 33 റൺസും നേടി. പിന്നീട് അവസാന ഓവറുകളിൽ നിലാക്ഷിയും കൗശാനിയും അവസരത്തിനൊത്തുയർന്നു. നിലാക്ഷി 10 പന്തിൽ 18 റൺസ് അടിച്ചപ്പോൾ കൗശാനി നാല് പന്തിൽ 10 റൺസ് കണ്ടെത്തി. പാകിസ്താനായി ഫാത്തിമ സന നാല് വിക്കറ്റുകൾ വീഴ്ത്തി.

നേരത്തെ പുറത്താകാതെ 47 റൺസ് അടിച്ച ഫാത്തിമ സനയുടെ മികവിലാണ് പാകിസ്താൻ 130 റൺസ് നേടിയത്. 36 പന്തിൽ നാല് ഫോറും രണ്ട് സിക്‌സറുകളും സഹിതമായിരുന്നു ഫാത്തിമ സനയുടെ ഇന്നിങ്‌സ്.