
തിരുവനന്തപുരം: ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്മാനത്തുക ഇതുവരെ വിതരണം ചെയ്തില്ല. ഗെയിംസില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ മറ്റ് സംസ്ഥാനങ്ങളിലെ താരങ്ങള്‍ക്ക് അതത് സര്‍ക്കാരുകള്‍ വന്‍തുക പാരിതോഷികമായി പ്രഖ്യാപിച്ചതിനു പിന്നാലെ മലയാളി താരങ്ങളെ അഭിനന്ദിക്കാന്‍ പോലും തയ്യാറാകാതിരുന്ന സര്‍ക്കാരിന്റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനു പിന്നാലെ ഒക്ടോബര്‍ 18-ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കായിക താരങ്ങള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്.
സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയും വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷവും വെങ്കലമെഡല്‍ ജേതാക്കള്‍ക്ക് 12.5 ലക്ഷം രൂപയുമായിരുന്നു സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പ്രഖ്യാപനം വന്ന് ഒന്നരമാസത്തോളമായിട്ടും താരങ്ങള്‍ക്ക് ഈ തുക ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികം ഒരാഴ്ചയ്ക്കുള്ളില്‍ അവരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാന്‍ ഉറപ്പുനല്‍കിയിരുന്നു. പക്ഷേ ഇതുവരെ തുകയൊന്നും ലഭിച്ചില്ലെന്ന് പുരുഷ ലോങ്ജമ്പില്‍ വെള്ളി നേടിയ എം. ശ്രീശങ്കറിന്റെ പിതാവ് മുരളിയും വനിതാ ലോങ്ജമ്പില്‍ വെള്ളി നേടിയ ആന്‍സി സോജന്റെ പിതാവ് സോജനും മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.
പുരുഷ ഹോക്കിയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷ്, 4400 മീറ്റര്‍ പുരുഷ റിലേയില്‍ സ്വര്‍ണം നേടിയ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, പുരുഷ ലോങ്ജമ്പില്‍ വെള്ളി നേടിയ എം. ശ്രീശങ്കര്‍, വനിതാ ലോങ്ജമ്പില്‍ വെള്ളി നേടിയ ആന്‍സി സോജന്‍, 800 മീറ്ററില്‍ വെള്ളി നേടിയ മുഹമ്മദ് അഫ്‌സല്‍, ബാഡ്മിന്റന്‍ ടീം ഇനത്തില്‍ വെള്ളി നേടിയ എം.ആര്‍ അര്‍ജുന്‍, 1500 മീറ്ററില്‍ വെങ്കലം നേടിയ ജിന്‍സന്‍ ജോണ്‍സണ്‍, വനിതാ ക്രിക്കറ്റില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം മിന്നുമണി, സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം നേടിയ ദീപിക പള്ളിക്കല്‍ എന്നിവരാണ് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍.
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മറ്റ് കായിക താരങ്ങള്‍ക്ക് അവരുടെ സംസ്ഥാന സര്‍ക്കാരുകള്‍ വലിയ വാഗ്ദാനങ്ങളും സമ്മാനങ്ങളുമെല്ലാം പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരങ്ങളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് പി.ആര്‍ ശ്രീജേഷ് പരസ്യമായി പ്രതികരിച്ചത് വിവാദമായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടും കേരള സര്‍ക്കാര്‍ അവഗണിച്ചെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നുമായിരുന്നു ശ്രീജേഷിന്റെ വാക്കുകള്‍. ഒരു പഞ്ചായത്തംഗം പോലും വീട്ടില്‍ വന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെ സംസ്ഥാനത്തു നിന്ന് മതിയായ പ്രോത്സാഹനം കിട്ടുന്നില്ലെന്ന് പറഞ്ഞ് മെഡല്‍ ജേതാക്കളില്‍ പലരും കേരളം വിടുന്നതായും പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ മെഡല്‍ ജേതാക്കള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ചത്.
Content Highlights: A month and a half after the announcement Asian Games medalists not received prize money
Published: 07 Dec 2023, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented